Jump to content

ക്യാമറ ലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:33, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2409:40f3:2f:e3a7:572:4eac:a1d1:7ffc (സംവാദം) (പ്രവർത്തന സിദ്ധാന്തം: കണ്ണികൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലെൻസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലെൻസ് (വിവക്ഷകൾ) എന്ന താൾ കാണുക. ലെൻസ് (വിവക്ഷകൾ)
വൈഡ് ആംഗിൾ, ടെലിഫോട്ടോ, സ്പെഷ്യാലിറ്റി എന്നിവയുൾപ്പെടെ വിവിധ തരം ക്യാമറ ലെൻസുകൾ

ഒരു ക്യാമറയിൽ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഒപ്റ്റിക്കൽ ലെൻസ് അല്ലെങ്കിൽ ലെൻസുകളുടെ കൂട്ടം ആണ് ക്യാമറ ലെൻസ് എന്ന് അറിയപ്പെടുന്നത്. ഇവ ഫോട്ടോഗ്രാഫിക് ലെൻസ് അല്ലെങ്കിൽ ഫോട്ടോഗ്രാഫിക് ഒബ്ജക്റ്റ് എന്നും അറിയപ്പെടുന്നു.

സ്റ്റിൽ ക്യാമറ, വീഡിയോ ക്യാമറ, ദൂരദർശിനി, മൈക്രോസ്കോപ്പ് അല്ലെങ്കിൽ അതുപോലുള്ള മറ്റ് ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസുകൾ തമ്മിൽ തത്വത്തിൽ വലിയ വ്യത്യാസമില്ല, എന്നാൽ ഓരോ ഉപകരണത്തിലെയും ലെൻസുകളുടെ രൂപകൽപ്പനയുടെയും നിർമ്മാണത്തിന്റെയും വിശദാംശങ്ങൾ വ്യത്യസ്തമാണ്. ഒരു ലെൻസ് ഒരു ക്യാമറയിലേക്ക് ശാശ്വതമായി ഉറപ്പിച്ചതാവാം, അല്ലെങ്കിൽ വ്യത്യസ്ത ഫോക്കൽ ലെങ്ത്, അപ്പർച്ചറുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയ്ക്കനുസരിച്ച് ലെൻസുകൾ മാറ്റാവുന്നതാകാം.

നിരവധി ഒപ്റ്റിക്കൽ ലെൻസ് ഘടകങ്ങൾ അടങ്ങിയ ഒരു കോമ്പൗണ്ട് ലെൻസിൽ, ലെൻസുകൾക്ക് ഉണ്ടാകുന്ന വിവിധ ഒപ്റ്റിക്കൽ വ്യതിയാനങ്ങൾ ശരിയാക്കാൻ കഴിയുന്ന തരത്തിൽ ആവണം ലെൻസ് ഡിസൈൻ. എന്നാലും ലെൻസ് സിസ്റ്റത്തിൽ ചില അബറേഷനുകൾ അവശേഷിക്കും. ഇവ സമതുലിതമാക്കുകയും, ഫോട്ടോഗ്രാഫിക് ഉപയോഗത്തിനും ഒരുപക്ഷേ വൻതോതിലുള്ള ഉൽ‌പാദനത്തിനും അനുയോജ്യമായ ഒരു ഡിസൈൻ നിർമ്മിക്കുകയും ചെയ്യുന്നത് ലെൻസ് ഡിസൈനറുടെ ജോലിയാണ്.

പ്രവർത്തന സിദ്ധാന്തം

[തിരുത്തുക]

സാധാരണ റെക്റ്റിലീനിയർ ലെൻസുകളെ "മെച്ചപ്പെടുത്തിയ" പിൻഹോൾ "ലെൻസുകൾ" എന്ന് വിശേഷിപ്പിക്കാം. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, പിൻ‌ഹോൾ "ലെൻസ്" എന്നത് ഒരു ചെറിയ അപ്പർച്ചറാണ്, അത് മിക്ക പ്രകാശകിരണങ്ങളെയും തടഞ്ഞ് സെൻസറിലെ ഒരു പോയിന്റിലേക്ക് ഇമേജിൽ നിന്നുള്ള ഒരു കിരണം തിരഞ്ഞെടുക്കുന്നു. പിൻഹോൾ ലെൻസുകൾക്ക് കടുത്ത പരിമിതികളുണ്ട്:

  • വലിയ അപ്പർച്ചർ ഉള്ള ഒരു പിൻഹോൾ ക്യാമറ സൃഷ്ടിക്കുന്ന ചിത്രം മങ്ങിയതാവും. ഇതിന് കാരണം ഓരോ പിക്സലും അടിസ്ഥാനപരമായി അപ്പർച്ചർ സ്റ്റോപ്പിന്റെ (f-stop) നിഴലാണ് എന്നതാണ്, അതിനാൽ അതിന്റെ വലുപ്പം അപ്പേർച്ചറിന്റെ വലുപ്പത്തേക്കാൾ ചെറുതല്ല (മൂന്നാമത്തെ ചിത്രം). ഒബ്ജക്റ്റിലെ ഒരു പോയിന്റിൽ നിന്ന് പ്രകാശിക്കുന്ന ഡിറ്റക്ടറിന്റെ ഏരിയയാണ് ഇവിടെ ഒരു പിക്സൽ.
  • പിൻഹോളിനെ ചെറുതാക്കുന്നത് റെസലൂഷൻ മെച്ചപ്പെടുത്തുന്നു (ഒരു പരിധി വരെ), പക്ഷേ അത് പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നു.
  • ഒരു പ്രത്യേക പരിധിക്കപ്പുറം, ദ്വാരം ചെറുതാക്കുന്നത്, ഡിഫ്രാക്ഷൻ പരിധി കാരണം ചിത്രം മങ്ങിയതും ഇരുണ്ടതുമാക്കുന്നു.

"കൂടുതൽ പ്രകാശം സ്വീകരിക്കുന്നതിനും ചെറിയ സ്പോട്ട് വലുപ്പം നൽകുന്നതിനും ഒരു പിൻഹോൾ ലെൻസ് എങ്ങനെ പരിഷ്കരിക്കാനാകും?" എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് നിലവിലുള്ള ലെൻസുകൾ. ഫിലിം പ്ലെയിനിലേക്കുള്ള ദൂരത്തിന് തുല്യമായ ഫോക്കൽ ലെങ്ത് ഉപയോഗിച്ച് പിൻ‌ഹോളിൽ ലളിതമായ ഒരു കോൺവെക്സ് ലെൻസ് ഇടുക എന്നതാണ് ആദ്യപടി (ക്യാമറ വിദൂര വസ്തുക്കളുടെ ചിത്രമെടുക്കുമെന്ന് കരുതുക). നേർത്ത കോൺവെക്സ് ലെൻസ് പ്രകാശത്തെ ഫോക്കസ് ചെയ്യുന്നതിനാൽ പിൻ‌ഹോളിനെ ഗണ്യമായി തുറക്കാൻ അനുവദിക്കുന്നു (നാലാമത്തെ ചിത്രം). ജ്യാമിതി ഒരു ലളിതമായ പിൻ‌ഹോൾ ലെൻസിനു തുല്യമാണ്, പക്ഷേ ഒരൊറ്റ പ്രകാശകിരണങ്ങളാൽ പ്രകാശിപ്പിക്കപ്പെടുന്നതിനുപകരം, ഓരോ ഇമേജ് പോയിന്റും പ്രകാശകിരണങ്ങളുടെ "പെൻസിൽ" കൊണ്ട് പ്രകാശിപ്പിക്കുന്നു.

ക്യാമറയുടെ മുൻവശത്ത് നിന്ന് നോക്കിയാൽ ചെറിയ ദ്വാരം (അപ്പർച്ചർ) കാണും. അപ്പേർച്ചറിലൂടെ പ്രവേശിക്കുന്ന എല്ലാ പ്രകാശകിരണങ്ങളും ഇമേജ് സെൻസർ/ഫിലിമിലെ (ഒബ്ജക്റ്റ് പോയിന്റ് കാഴ്ചയുടെ മേഖലയിലാണെങ്കിൽ) ഒരേ പോയിന്റിലേക്ക് കേന്ദ്രീകരിക്കും. ഒരാൾ ക്യാമറയ്ക്കുള്ളിലാണെങ്കിൽ, ലെൻസ് ഒരു പ്രൊജക്ടറായി പ്രവർത്തിക്കുന്നത് പോലെയാവും തോന്നുക. പ്രായോഗിക ഫോട്ടോഗ്രാഫിക് ലെൻസുകളിൽ ഒന്നിന് പകരം കൂടുതൽ ലെൻസ് ഘടകങ്ങൾ ഉൾപ്പെടുന്നു. അധിക ഘടകങ്ങൾ ലെൻസ് ഡിസൈനർമാരെ വിവിധ അബറേഷനുകൾ കുറയ്ക്കാൻ അനുവദിക്കുന്നു, പക്ഷേ പ്രവർത്തന തത്വം ഒന്നുതന്നെയാണ്.

നിർമ്മാണം

[തിരുത്തുക]
കാനൻ എൽഫിന്റെ, സൂം ലെൻസ് അസംബ്ലി

ബോക്സ് ബ്രൌണിയുടെ മെനിസ്കസ് ലെൻസിലെന്നപോലെ ഒരു ഘടകത്തിൽ തുടങ്ങി, കൂടുതൽ സങ്കീർണ്ണമായ 20 ൽ അധികം ഘടകങ്ങളുള്ള ലെൻസുകൾ ഉണ്ട്. ഇതിൽ തന്നെ പല ലെൻസുകൾ കൂട്ടിച്ചേർത്ത ഘടനകളും അടങ്ങിയിരിക്കാം.

മുൻവശത്തെ ലെൻസ് ഘടകം മുഴുവൻ ലെൻസിന്റെയും പ്രകടനത്തിൽ നിർണ്ണായകമാണ്. എല്ലാ ആധുനിക ലെൻസുകളിലും ഉരച്ചിൽ, ഫ്ലെയർ, ഉപരിതല പ്രതിഫലനം എന്നിവ കുറയ്ക്കുന്നതിനും കളർ ബാലൻസ് ക്രമീകരിക്കുന്നതിനും സഹായിക്കുന്ന കോട്ടിങ്ങുകൾ ഉപരിതലത്തിൽ പൂശുന്നു. അബറേഷനുകൾ കുറയ്ക്കുന്നതിന്, സാധാരണയായി ഇൻസിഡൻസ് കോണും റിഫ്രാക്ഷൻ കോണും തുല്യമായിരിക്കും. ഒരു പ്രൈം ലെൻസിൽ ഇത് ക്രമീകരിക്കുന്നത് എളുപ്പമാണ്, പക്ഷേ സൂമിൽ എല്ലായ്പോഴും ഒരു വിട്ടുവീഴ്ചയുണ്ട്.

ലെൻസ് അസംബ്ലിയിൽ നിന്ന് ഇമേജ് പ്ലെയിനിലേക്കുള്ള ദൂരം ക്രമീകരിച്ചോ അല്ലെങ്കിൽ ലെൻസ് അസംബ്ലിയുടെ ഘടകങ്ങൾ ചലിപ്പിച്ചോ ആണ് സാധാരണയായി ലെൻസ് ഫോക്കസ് ക്രമീകരിക്കുന്നത്. പ്രകടനം മെച്ചപ്പെടുത്തുന്നതിന്, ചില ലെൻസുകൾക്ക് ഒരു ക്യാം സിസ്റ്റം ഉണ്ട്, അത് ലെൻസ് ഫോക്കസ് ചെയ്യുന്നതിനനുസരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ദൂരം ക്രമീകരിക്കുന്നു. നിർമ്മാതാക്കൾ ഇതിനെ വ്യത്യസ്തമായ പേരിൽ വിളിക്കുന്നു. നിക്കോൺ ഇതിനെ CRC (ക്ലോസ് റേഞ്ച് തിരുത്തൽ) എന്ന് വിളിക്കുന്നു; കാനൺ ഇതിനെ ഒരു ഫ്ലോട്ടിംഗ് സിസ്റ്റം എന്ന് വിളിക്കുന്നു; പിന്നെ ഹസ്സൽബ്ലാഡ്, മാമിയ എന്നീ കമ്പനികൾ ഇതിനെ FLE (ഫ്ലോട്ടിംഗ് ലെൻസ് ഘടകം) എന്ന് വിളിക്കുന്നു.[1]

നല്ല ഒപ്റ്റിക്കൽ ഗുണങ്ങളും ഉരച്ചിലുകളോടുള്ള പ്രതിരോധവും കാരണം ലെൻസ് ഘടകങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ വസ്തുവാണ് ഗ്ലാസ്. ക്വാർട്സ് ഗ്ലാസ്, ഫ്ലൂറൈറ്റ്,[2][3][4][5] അക്രിലിക് (പ്ലെക്സിഗ്ലാസ്) പോലുള്ള പ്ലാസ്റ്റിക്കുകൾ, ജെർമേനിയം, മെറ്റോറിറ്റിക് ഗ്ലാസ് എന്നിവയും ലെൻസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ട്. ഉരച്ചിൽ വീഴാൻ സാധ്യതയുള്ളതിനാൽ ഏറ്റവും പുറത്തെ ലെൻസ് ഘടകം ഉണ്ടാക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കാറില്ല. ഗ്ലാസുകളെ അപേക്ഷിച്ച് അസ്ഫെറിക് ഡിസൈനുകൾ പോലെ അബറേഷൻ കുറയ്ക്കുന്ന ലെൻസുകൾ നിർമ്മിക്കാൻ പ്ലാസ്റ്റിക് ആണ് നല്ലത്. നിരവധി ഉയർന്ന പ്രകടനമുള്ള (ഉയർന്ന വിലയുള്ള) ലെൻസുകളിൽ ആധുനിക, ഹൈബ്രിഡ് ആസ്‌ഫെറിക്കൽ ഘടകങ്ങൾ ഉൾപ്പെടുന്നു, അതിനാൽ പ്ലാസ്റ്റിക് മൂലകങ്ങളുള്ള എല്ലാ ലെൻസുകളും ഫോട്ടോഗ്രാഫിക് ഗുണനിലവാരം കുറഞ്ഞവയാണെന്നത് പറയുന്നത് ശരിയല്ല. ഇന്ന്, മിക്ക ലെൻസുകളും ലെൻസ് ഫ്ലെയറും മറ്റ് അനാവശ്യ ഇഫക്റ്റുകളും കുറയ്ക്കുന്നതിന് വേണ്ടി മൾട്ടി-കോട്ടഡ് ആണ്. അൾട്രാവയലറ്റ് ലൈറ്റ് ഒഴിവാക്കാൻ ചില ലെൻസുകൾക്ക് യുവി കോട്ടിംഗ് ഉണ്ട്. ലെൻസ് ബോണ്ടിംഗിന് ഉപയോഗിക്കുന്ന മിക്ക ആധുനിക ഒപ്റ്റിക്കൽ സിമന്റുകളും യുവി പ്രകാശത്തെ തടയുന്ന തരത്തിലുള്ളവയാണ്, മറ്റൊരു യുവി ഫിൽട്ടറിന്റെ ആവശ്യകതയെ ഇത് നിരാകരിക്കുന്നു.

കടന്നുപോകുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ലെൻസിൽ ഒരു അപ്പർച്ചർ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം (സാധാരണയായി ഐറിസ് ഡയഫ്രം) ഉണ്ട്. ആദ്യകാല ക്യാമറ മോഡലുകളിൽ കറങ്ങുന്ന പ്ലേറ്റ് അല്ലെങ്കിൽ വ്യത്യസ്ത വലുപ്പത്തിലുള്ള ദ്വാരങ്ങളുള്ള സ്ലൈഡർ ഉപയോഗിച്ചിരുന്നു. ആധുനിക, സ്പെഷ്യലൈസ്ഡ് ലെൻസുകളിൽ ഈ വാട്ടർഹൗസ് സ്റ്റോപ്പുകൾ ഇപ്പോഴും കാണാം. പ്രകാശം കടന്നുപോകുന്ന സമയം നിയന്ത്രിക്കുന്നതിനായി ഒരു ഷട്ടർ ക്യാമറയിൽ ഉണ്ടാകും. ലെൻസിൽ ലീഫ് ഷട്ടറുകളുള്ള ചില ക്യാമറകൾ അപ്പർച്ചറിനെ ഒഴിവാക്കുന്നു, അത്തരം ക്യാമറയിൽ ഷട്ടർ ഇരട്ട ഡ്യൂട്ടി ചെയ്യുന്നു.

അപ്പർച്ചറും ഫോക്കൽ ലെങ്തും

[തിരുത്തുക]
ഒരേ ലെൻസിലെ വ്യത്യസ്ത അപ്പർച്ചറുകൾ.
ഫോക്കൽ ലെങ്ത് ഫോട്ടോഗ്രാഫ് കോമ്പോസിഷനെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രം. ഫോക്കൽ ലെങ്ത് മാറ്റുമ്പോൾ, രണ്ട് വസ്തുക്കൾ തമ്മിലുള്ള അകലം, പിന്നിലെ വസ്തുവിന്റെ വലുപ്പം, ഫ്രെയിമിൽ വരുന്ന ആകെ ഏരിയ എന്നിവയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.

ഒപ്റ്റിക്കൽ ലെൻസിന്റെ രണ്ട് അടിസ്ഥാന പാരാമീറ്ററുകൾ ഫോക്കൽ ലെങ്ത്, പരമാവധി അപ്പർച്ചർ എന്നിവയാണ്. ലെൻസിന്റെ ഫോക്കൽ ലെങ്ത് ഇമേജ് പ്ലെയിനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ മാഗ്‌നിഫിക്കേഷനെ നിർണ്ണയിക്കുന്നു, ഒപ്പം അപ്പർച്ചർ ആ ചിത്രത്തിന്റെ പ്രകാശ തീവ്രത നിയന്ത്രിക്കുന്നു. ഒരു ഫോട്ടോഗ്രാഫിക് സിസ്റ്റത്തിന്റെ ഫോക്കൽ ലെങ്ത് കാഴ്ചയുടെ കോണിനെ നിർണ്ണയിക്കുന്നു. അതായത് ഹ്രസ്വ ഫോക്കൽ ലെങ്ത് ദൈർഘ്യമേറിയ ഫോക്കൽ ലെങ്ത് ലെൻസുകളേക്കാൾ വിശാലമായ കാഴ്‌ച നൽകുന്നു. ഒരു ചെറിയ എഫ്-നമ്പർ സൂചിപ്പിക്കുന്നത് വലിയ അപ്പർച്ചർ ആണ്. അപ്പർച്ചർ വ്യത്യാസപ്പെടുത്തിയാലും തെളിച്ചം വ്യത്യാസപ്പെടാതിരിക്കാൻ ഷട്ടർ സ്പീഡിൽ വ്യത്യാസം വരുത്തിയാൽ മതിയാകും.

ഫോക്കൽ ദൈർഘ്യം സാധാരണയായി മില്ലിമീറ്ററിൽ (മില്ലീമീറ്റർ) വ്യക്തമാക്കുന്നു, എന്നാൽ പഴയ ലെൻസു���ളിൽ സെന്റിമീറ്റർ (സെ.മീ) അല്ലെങ്കിൽ ഇഞ്ച് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടേക്കാം. സെൻസർ അല്ലെങ്കിൽ ഫിലിം ഡയഗണൽ ദൈർഘ്യം ലെൻസിന്റെ ഫോക്കൽ ദൂരവുമായി താരമയപ്പെടുത്തി ക്യമറ ലെൻസുകളെ ഇനി പറയുന്ന രീതിയിൽ തരം തിരിക്കാം:

  • നോർമൽ ലെൻസ്:കാഴ്ചയുടെ കോൺ ഏകദേശം 50° യും, ഫോക്കൽ ലെങ്ത് സെൻസർ ഡയഗണലിന് ഏകദേശം തുല്യവുമായ ലെൻസുകളാണ് നോർമൽ ലെൻസ് എന്ന് അറിയപ്പെടുന്നത്.
  • വൈഡ് ആംഗിൾ ലെൻസ്: കാഴ്ചയുടെ കോൺ 60° യിൽ കൂടുതലും, ഫോക്കൽ ലെങ്ത് ലെൻസ് ഡയഗണലിനേക്കാൾ ചെറുതും ആയ ലെൻസുകൾ ആണ് വൈഡ് ആംഗിൾ ആയി അറിയപ്പെടുന്നത്.
  • ലോംഗ്-ഫോക്കസ് ലെൻസ്: ഫിലിം അല്ലെങ്കിൽ സെൻസറിന്റെ ഡയഗണൽ അളവിനേക്കാൾ നീളമുള്ള ഫോക്കൽ ലെങ്ത് ഉള്ള ഏത് ലെൻസും ലോങ് ഫോക്കൽ ലെൻസുകളാണ്.[6] ഇത്തരം ലെൻസിന്റെ കാഴ്ചയുടെ കോൺ ഇടുങ്ങിയതാണ്. ലോംഗ്-ഫോക്കസ് ലെൻസിന്റെ ഏറ്റവും സാധാരണമായ തരം ടെലിഫോട്ടോ ലെൻസാണ്.

വ്യത്യസ്ത ഫോക്കൽ ലെങ്ത് ലെൻസുകൾ ഉപയോഗിച്ചാൽ ഒരു വസ്തുവിനെ ഒരേ വലുപ്പത്തിൽ പകർത്താൻ വ്യത്യസ്ത ദൂരങ്ങൾ ആവശ്യമായി വരും. അതിന്റെ ഫലമായി മറ്റൊരു കാഴ്ചപ്പാട് ആണ് ലഭിക്കുന്നത്. ഒരു വൈഡ് ആംഗിൾ, ഒരു സാധാരണ ലെൻസ്, ഒരു ടെലിഫോട്ടോ എന്നിവ ഉപയോഗിച്ച് കൈ വിടർത്തിപ്പിടിച്ച വ്യക്തിയുടെ ഫോട്ടോഗ്രാഫുകൾ എടുക്കുന്നു വെന്ന് വിചാരിക്കുക, അതിൽ വ്യക്തിയിൽ നിന്നുള്ള നിന്നുള്ള ദൂരം മാറ്റിക്കൊണ്ട് ഒരേ ഇമേജ് വലുപ്പം സാധ്യമാക്കാം. എന്നാൽ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. വൈഡ് ആംഗിൾ ലെൻസിൽ, കൈകൾ തലയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിശയോക്തിപരമായി വലുതായിരിക്കും. ഫോക്കൽ ലെങ്ത് കൂടുന്നതിനനുസരിച്ച്, നീട്ടിയ കൈയും തലയും തമ്മിലുള്ള വ്യത്യാസം കുറയുന്നു. എന്നാൽ, ഒരേ ദൂരത്തിൽ നിന്ന് ചിത്രങ്ങൾ എടുക്കുകയും, ചിത്രം ഒരേ കാഴ്ച കിട്ടുന്ന രീതിയിൽ ക്രോപ്പ് ചെയ്യുകയും ചെയ്താൽ, ചിത്രങ്ങൾക്ക് സമാനമായ കാഴ്ചപ്പാട് ഉണ്ടായിരിക്കും.

ഫോട്ടോഗ്രാഫി ചരിത്രത്തിലെ ഏറ്റവും വിശാലമായ അപ്പർച്ചർ ലെൻസ് കാൾ സീസ് പ്ലാനർ 50 എംഎം എഫ്/0.7,[7] ആണെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് 1966 ൽ നാസ അപ്പോളോ ചാന്ദ്ര പ്രോഗ്രാമിനായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്. ഈ ലെൻസുകളിൽ മൂന്ന് ലെൻസുകൾ ചലച്ചിത്ര നിർമ്മാതാവ് സ്റ്റാൻലി കുബ്രിക് തന്റെ ബാരി ലിൻഡൺ എന്ന സിനിമയിലെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി വാങ്ങിച്ചിരുന്നു. മെഴുകുതിരി ഏക പ്രകാശ സ്രോതസ്സായി ഉപയോചിച്ച് ഷൂട്ട് ചെയ്യേണ്ട സീനുകൾക്ക് വേണ്ടിയാണ് അത് ഉപയോഗിച്ചത്.[8][9][10]

ലെൻസിന്റെ തരങ്ങൾ

[തിരുത്തുക]

ഫോക്കൽ ദൂരം മാറ്റാൻ പറ്റാത്ത തരം ലെൻസുകളെയാണ് പ്രൈം ലെൻസ് എന്ന് വിളിക്കുന്നത്. ഫോക്കൽദൂരം മാറ്റാൻ പറ്റുന്ന തരം ലെൻസുകൾ സൂം ലെൻസ് എന്നാണ് അറിയപ്പെടുന്നത്.

മാക്രോ ലെൻസ്

[തിരുത്തുക]

സാധാരണയായി, വളരെ ചെറിയ വസ്തുക്കളും, പ്രാണികളെപ്പോലുള്ള ജീവജാലങ്ങളെയും ഒക്കെ വളരെ അടുത്ത് നിന്ന് പകർത്തുന്നതിന് സഹായിക്കുന്ന ലെൻസുകൾ ആണ് മാക്രൊ ലെൻസ് എന്ന് അറിയപ്പെടുന്നത്.ഒരു മാക്രോ ലെൻസ് ക്ലാസിക്കലായി കുറഞ്ഞത് 1:1 എന്ന അനുപാതമുള്ള ലെൻസാണ്. ലൈഫ് സൈസ് (1:1) മുതൽ ഉയർന്ന മാഗ്നിഫിക്കേഷൻ ഉള്ള ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രഫി രീതി മാക്രോ ഫോട്ടോഗ്രഫി എന്ന് അറിയപ്പെടുന്നു.

ക്ലോസ്-അപ്പ് ലെൻസ്

[തിരുത്തുക]

മാക്രൊ ഫോട്ടോഗ്രഫിക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള പ്രത്യേക പ്രൈമറി ലെൻസുകളുടെ സഹായം ഇല്ലാതെ തന്നെ മാക്രോ ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്ന ലെൻസുകൾ ആണ് ക്ലോസ്-അപ്പ് ലെൻസുകൾ. അടുത്തുള്ള വസ്തുക്കളിൽ ഫോക്കസ് ചെയ്യാൻ, പ്രാഥമിക ലെൻസിന്റെ പവർ കൂട്ടുകയാണ് ഇത്തരം ലെൻസുകൾ ചെയ്യുന്നത്.[11] ക്ലോസ്-അപ്പ് ലെൻസുകൾ, സാധാരണയായി ക്യാമറയുടെ ഭാഗമായ അല്ലെങ്കിൽ ക്യാമറയിൽ ഘടിപ്പിച്ചിടുള്ള പ്രധാന ലെൻസിന്റെ ഫിൽട്ടർ ത്രെഡിൽ മൌണ്ട് ചെയ്യുകയാണ് ചെയ്യുന്നത്.[12]

വൈഡ്-ആംഗിൾ ലെൻസ്

[തിരുത്തുക]

സാധാരണ ലെൻസ് കൊണ്ട് എടുക്കാവുന്നതിലും കൂടുതൽ വിസ്താരത്തിൽ രംഗങ്ങൾ പകർത്താൻ സഹായിക്കുന്ന തരത്തിലുള്ള ലെൻസ് ആണ് വൈഡ്-ആംഗിൾ ലെൻസ്. സാധാരണ ലെൻസിന്റെ ഫോക്കൽ ലെങ്തിനേക്കാൾ ഗണ്യമായി ചെറുതായിരിക്കും വൈഡ് ആംഗിൾ ലെൻസുകളുടെ ഫോക്കൽ ലെങ്ത്. വൈഡ് ആംഗിൾ ലെൻസുകൾ നിശ്ചിത-ഫോക്കൽ-ലെങ്ത് ഉള്ളവയോ, സൂം ലെൻസുകളോ ആകാം.

അൾട്രാ വൈഡ് ആംഗിൾ ലെൻസ്

[തിരുത്തുക]

സാധാരണ വൈഡ് ആംഗിൾ ലെൻസുകളെക്കാൾ വീക്ഷണ കോൺ കൂടിയ ലെൻസുകൾ ആണ് അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്ന് അറിയപ്പെടുന്നത്. ക്യാമറയിലെ സെൻസറിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്യാമറകൾക്ക് അനുസരിച്ച് ഇത്തരം ലെൻസുകളുടെ ഫോക്കൽ ലെങ്തും മാറും. ഫുൾ-ഫ്രെയിം ക്യാമറയിൽ 24 മില്ലീമീറ്ററിൽ കുറവ് ഫോക്കൽ ദൂരമുള്ള ലെൻസ് ആണ് അൾട്രാ വൈഡ് ആയി കണക്കാക്കുന്നത്.

ഫിഷ്ഐ ലെൻസ്

[തിരുത്തുക]

കർവിലീനിയർ ബാരൽ ഡിസ്റ്റോർഷനോടുകൂടിയ അൾട്രാ വൈഡ് ആംഗിൾ ലെൻസുകൾ ആണ് ഫിഷ്ഐ ലെൻസുകൾ.ഫിഷ്ഐ ലെൻസുകളിൽ, കുറഞ്ഞത് ഒരു ദിശയിലെങ്കിലും 180 ഡിഗ്രിക്ക് അടുത്തോ അതിന് മുകളിലോ ഉള്ള വിഷ്വൽ ആംഗിൾ ഉണ്ടാകും.

റെക്റ്റിലീനിയർ ലെൻസ്

[തിരുത്തുക]

കർവിലീനിയർ ബാരൽ ഡിസ്റ്റോർഷൻ ഇല്ലാത്ത തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസുകൾ ആണ് റെക്റ്റിലീനിയർ ലെൻസുകൾ.

ലോങ്-ഫോക്കസ് ലെൻസ്

[തിരുത്തുക]

ഫോക്കൽ ദൂരം കൂടിയ ലെൻസുകൾ ആണ് ലോങ് ഫോക്കസ് ലെൻസുകൾ. ടെലിഫോട്ടോ, നീൺ-ടെലിഫോട്ടോ ഡിസൈനുകളിൽ ഇത്തരം ലെൻസുകൾ ലഭ്യമാണ്. ഏറ്റവും സാധാരണം ടെലിഫോട്ടോ ലെൻസുകളാണ്.

ടെലിഫോട്ടോ ലെൻസ്

[തിരുത്തുക]

ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെൻസുകളാണ് ടെലിഫോട്ടോ ലെൻസുകൾ. വലിയ ഫോക്കൽ ദൂരമുള്ള ഇത്തരം ലെൻസുകളുടെ വീക്ഷണകോൺ കുറവായിരിക്കും.

പ്രത്യേക ഉദ്ദേശ ലെൻസുകൾ

[തിരുത്തുക]
ഒരു ടിൽറ്റ് / ഷിഫ്റ്റ് ലെൻസ്, ക്യാമറ ബോഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ പരമാവധി ടിൽറ്റിൽ സജ്ജീകരിച്ചിരിക്കുന്നു.
  • അപ്പോക്രോമറ്റ് (അപ്പോ) ലെൻസുകൾ ക്രോമാറ്റിക് വ്യതിയാനം തിരുത്തുന്ന ലെൻസുകളാണ്.
  • പ്രോസസ് ലെൻസുകൾ, ജ്യാമിതീയ വ്യതിയാനങ്ങൾ (പിൻ‌കുഷ്യൻ ഡിസ്ടോർഷൻ, ബാരൽ ഡിസ്ടോർഷൻ) തിരുത്തുന്നവയാണ്. അവ സാധാരണയായി ഒരു പ്രത്യേക ദൂരത്തിലും ചെറിയ അപ്പർച്ചറിലും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
  • എൻലാർജർ ലെൻസുകൾ ഫോട്ടോഗ്രാഫിക് എൻലാർജറിന്റെ (പ്രത്യേക പ്രൊജക്ടറുകൾ) കൂടെ ഉപയോഗിക്കുന്നവയാണ്.
  • ഏരിയൽ ഫോട്ടോഗ്രഫി ലെൻസുകൾ.
  • കാഴ്ചപ്പാടിന്റെ വക്രീകരണം ശരിയാക്കാനും പെരുപ്പിച്ചു കാണിക്കാനും ഷിഫ്റ്റ് ലെൻസ് ഉപയോഗിക്കുന്നു.
  • ത്രിമാന പ്രഭാവം നൽകുന്ന ഒരു ജോഡി ഫോട്ടോഗ്രാഫുകൾ നിർമ്മിക്കുന്നതിനുള്ള ലെൻസുകളാണ് സ്റ്റീരിയോസ്കോപ്പിക് ലെൻസുകൾ .
  • സോഫ്റ്റ്-ഫോക്കസ് ലെൻസുകൾ മൃദുവായതും എന്നാൽ ഫോക്കസ് ചെയ്യാത്തതുമായ ചിത്രം എടുക്കാൻ സഹായിക്കുന്നവയാണ്. പോർട്രെയ്റ്റ്, ഫാഷൻ ഫോട്ടോഗ്രാഫർമാർക്ക് ഇടയിൽ പ്രചാരമുള്ള ലെൻസ് ആണ് ഇത്.
  • ഇൻഫ്രാറെഡ് ലെൻസുകൾ
  • അൾട്രാവയലറ്റ് ലെൻസുകൾ
  • അദ്വിതീയ കാഴ്ചപ്പാടുകളും ക്യാമറ ആംഗിളുകളും നൽകുന്നതിന് ക്യാമറ ബോഡിയിൽ ഘടിപ്പിച്ചതിന് ശേഷം കറക്കാൻ കഴിയുന്ന ലെൻസുകളാണ് സ്വിവൽ ലെൻസുകൾ.
  • ഷിഫ്റ്റ് ലെൻസുകളും ടിൽറ്റ് / ഷിഫ്റ്റ് ലെൻസുകളും (കൂട്ടായി പെർസ്പെക്റ്റീവ് കൺട്രോൾ ലെൻസുകൾ എന്ന് വിശേഷിപ്പിക്കുന്നു) വ്യൂ ക്യാമറ ചലനങ്ങളെ അനുകരിച്ച് എസ്‌എൽ‌ആർ ക്യാമറകളിൽ പ്രത്യേക ചിത്രങ്ങൾ പകർത്താൻ ഉപയോഗിക്കുന്നു.

ഫോട്ടോഗ്രാഫിക് ക്യാമറ ലെൻസുകളുടെ ചരിത്രവും സാങ്കേതിക വികസനവും

[തിരുത്തുക]

ലെൻസ് ഡിസൈനുകൾ

[തിരുത്തുക]

ശ്രദ്ധേയമായ ചില ഫോട്ടോഗ്രാഫിക് ഒപ്റ്റിക്കൽ ലെൻസ് ഡിസൈനുകൾ ഇവയാണ്:

കൊളാപ്സിബിൾ ലൈക റേഞ്ച്ഫൈൻഡർ ലെൻസ്

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. "PhotoNotes.org Dictionary – Floating element". photonotes.org. Archived from the original on 2014-08-10. Retrieved 2014-10-25.
  2. "Ultraviolet Quartz Lenses". Universe Kogaku. Retrieved 2007-11-05.
  3. "Technical Room – Fluorite / UD / Super UD glass Lenses". Canon. Archived from the original on 2009-05-30. Retrieved 2007-11-05.
  4. "Lenses: Fluorite, aspherical and UD lenses". Canon Professional Network. Archived from the original on 2011-08-14. Retrieved 2008-10-04.
  5. Gottermeier, Klaus. "The Macrolens Collection Database". Archived from the original on 2008-01-17. Retrieved 2007-11-05.
  6. Ray, S.F. (2002). Applied Photographic Optics: Lenses and Optical Systems for Photography, Film, Video, Electronic and Digital Imaging. Focal. p. 294. ISBN 9780240515403. Retrieved 2014-12-12.
  7. "Mutable Conclusions: World's fastest lens: Zeiss 50mm f/0.7". web.archive.org. Archived from the original on March 9, 2009. Retrieved 2014-12-12.
  8. Guy, 2012, p 43.
  9. "Hollywood, NASA, and the chip industry put their trust in Carl Zeiss". zeiss.com. Retrieved 2014-12-12.
  10. "Dr. J. Kämmerer «When is it advisable to improve the quality of camera lenses?» Excerpt from a lecture given during the Optics & Photography Symposium, Les Baux, 1979" (PDF). Archived from the original (PDF) on 2003-06-24. Retrieved 2012-10-27.
  11. Meehan, Joseph (2006). The Magic of Digital Close-Up Photography. New York: Lark Books. p. 59. ISBN 978-1-57990-652-8. For real close-up work, some cameras need help—their own version of reading glasses.
  12. Busch, David D. (2009). Digital SLR Cameras & Photography for Dummies (3rd ed.). Wiley. p. 84. A lot of available add-ons can help you focus close, including filter-like close-up attachments that screw onto the front of the lens,...

ഉറവിടങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്യാമറ_ലെൻസ്&oldid=4088781" എന്ന താളിൽനിന്ന് ശേഖരിച്ചത്