Jump to content

മലമുഴക്കി വേഴാമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
02:09, 29 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesan.vn (സംവാദം | സംഭാവനകൾ) (തിരുത്ത്)

മലമുഴക്കി വേഴാമ്പൽ
തമിഴ്നാട്ടിലെ വാൽപ്പാറയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
B. bicornis
Binomial name
Buceros bicornis
Linnaeus, 1758
Synonyms

Buceros homrai[2]
Dichoceros bicornis
Buceros cavatus
Homraius bicornis

വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ അഥവാ മരവിത്തലച്ചി. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ്. ( Buceros bicornis) .കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും [3] സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.

വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. കേരളത്തിലെ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ചെറിയ ഒരനക്കം മതി, വേഴാമ്പൽ ചിറകടിച്ച് പറന്നുപോകും. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും തീറ്റതേടി അലഞ്ഞ് അവ പകർന്നുകൊടുക്കുകയാണ് ആണിന്റെ ജോലി. പരിസരത്ത് അപരിചിതർ ഉണ്ടെന്നുകണ്ട് ഭയന്നാൽ ആൺപക്ഷി മണിക്കൂറുകൾക്കുശേഷമേ തിരിച്ചെത്തൂ. ��തീവ ജാഗ്രതയാണ് വേഴാമ്പലിന് അപ്പോൾ. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകൾ. 2003-ൽ വാഴച്ചാലിൽ ഡി.എഫ്.ഒ. ആയിരുന്ന ഡോ. എൻ.സി. ഇന്ദുചൂഡൻ ആദിവാസികളുടെ പങ്കാളിത്തത്തോടെ വേഴാമ്പൽ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. പല വൃക്ഷങ്ങളുടേയും വിത്തുകൾ വിതരണം ചെയ്യുന്നതുകൊണ്ട് ''' കാട്ടിലെ കർഷകൻ''' എന്ന പേരുണ്ട്

ശരീരപ്രകൃതി

ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലിപ്പമേറിയ വേഴാമ്പലാണിത്. പൂർണവളർച്ചയെത്തിയ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ടു മുതൽ നാലു കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തലയിലായി കറുപ്പുമഞ്ഞയും കലർന്ന ഒരു തൊപ്പി ഉണ്ട് എന്നതാണ്. കൊക്കുകൾ വളരെ വലിയതും ശക്തിയേറിയതുമാണ്. പെൺ വേഴാമ്പലുകൾ ആൺ വേഴാമ്പലുകളേക്കാളും വലിപ്പം കുറവാണ്. ആൺ വേഴാമ്പലുകൾക്ക് ചുവന്ന കണ്ണും പെൺവേഴാമ്പലുകൾക്ക് നീല കലർന്ന വെളുത്ത കണ്ണുമാണുള്ളത്.

ഭക്ഷണം

പഴങ്ങൾ, പുഴുക്കൾ, പ്രാണികൾ, ചിലതരം ഇലകൾ എന്നിവയാണ് പൊതുവെയുള്ള ഭക്ഷണം. ചിലപ്പോൾ ഇവ ചെറിയ സസ്തനികളെയും പാമ്പുകളെയും പക്ഷികളെയും പല്ലികളെയും പിടിച്ച് തിന്നാറുണ്ട്.

പ്രത്യുൽപാദനം

പെൺ വേഴാമ്പലുകൾ മരങ്ങളുടെ പൊത്തുകളിലുള്ള കൂടുകളിൽ മുട്ടയിടുന്ന കാലത്ത്, പെൺപക്ഷി കൂട്ടിൽ കടന്ന ശേഷം മരത്തിന്റെ തൊലിയും ചെളിയും വിസർജ്ജ്യവും കൊണ്ട് കൊക്കുകൾ മാത്രം പുറത്തു കാണത്തക്ക വിധം ബാക്കി ഭാഗങ്ങൾ അടക്കുന്നു. പെൺപക്ഷി തൂവലുകൾ കൊഴിച്ച് കുഞ്ഞുങ്ങൾക്ക് പതുപതുത്ത കൂടൊരുക്കും. ഒന്നോ രണ്ടോ മുട്ടയിടും.കൂടിയാൽ മൂന്ന്.വെള്ള മുട്ടകളാണ് ഇടുന്നത്. കുറച്ചു സമയത്തിനു ശേഷംമുട്ടകളുടെ നിറം മാറും.[4] മുട്ടകൾ വിരിയുന്നതുവരെ അവ പൊത്തിനുള്ളിൽ നിന്ന് പുറത്ത് വരാതെ അടയിരിക്കും. ആ സമയത്ത് ആൺ വേഴാമ്പൽ ആണ് പെൺ വേഴാമ്പലുകൾക്ക് ഭക്ഷണം തേടിക്കൊണ്ടുകൊടുക്കുന്നത്. 38-40 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് കുട്ടികൾ പുറത്തുവരുന്നു. മുട്ടവിരിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കൂടിന്റെ അടച്ച ഭാഗം പൊളിച്ച് പെൺകിളി പുറത്തു വരും. കുഞ്ഞുങ്ങൾ കൂടിന്റെ ദ്വാരം ചെറുതാക്കും. പിന്നീട് ആൺപക്ഷിയും പെൺപക്ഷിയും കുട്ടികൾക്ക് തീറ്റ കൊടുക്കും. പൊതുവെ കൂട്ടമായിട്ടാണ് വേഴാമ്പലുകൾ കഴിയുക. ഒരുകൂട്ടത്തിൽ 20ൽ താഴെ വേഴാമ്പലുകൾ ഉണ്ടാകും.

ഒറ്റ ഇണയെ മാത്രമെ സ്വീകരിക്കുകയുള്ളു. ഒറ്റ കൂടു തന്നെ വർഷങ്ങളോളം ഉപയോഗിക്കും. 20-22 ആഴചവരെയാണ് പ്രജനനകാലം. അതിൽ 15-19 ആഴചകളോളം പെൺപക്ഷി അടച്ചകൂട്ടിൽ തന്നെ കഴിയും. [5]..നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്...അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയതെന്നു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല..എന്നാൽ കാര്യങ്ങൾ വിശദീകരീച്ചപ്പോൾ ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നു്..ഒട്ടേറെ നൊമ്പരത്തോടെയും.......

സാധാരണ പക്ഷികളും മ്യഗങ്ങളും പോളിഗാമിയാണ്..അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ...എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ ,അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ.. വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു..പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽനിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും..കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക തേടിനടന്ന് ഭക്ഷണം കൊണ്ടുവന്ന് പെൺപക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും..മുട്ട വിരിഞ്ഞ് കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും..ഉടൻ തന്നെ ആൺപക്ഷി വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മയേയും മക്കളെയും സ്വതന്തരാക്കുകയും ചെയ്യും..ഒരുപക്ഷേ ഇരതേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരീച്ചു പോയാൽ അമ്മക്കിളി യും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും...

വഴിക്കണ്ണുമായി അച്ചനെ കാത്തിരിക്കുന്ന ഒരമ്മയും വിശന്ന് കരഞ്ഞ് തളർന്ന ആ കുഞ്ഞുങ്ങളും .

കുഞ്ഞുങ്ങൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് വേഴാമ്പൽ എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കൽപ്പം നമുക്ക് കാട്ടി തരുന്നത്..ഇവരുടെ സ്നേഹം നമ്മെ പഠിപ്പിക്കുന്നത് എത്രയോ വലിയ പാഠമാണ്..

നാം നിസ്സാരമെന്നും ചെറുതെന്നും കരുതി ഒഴിവാക്കുന്ന പലതിലും പാഠങ്ങളുണ്ട്..ആരും ഒന്നൂം ചെറുതല്ല.

അവയിലെ നന്മയേയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞ് മാതൃകയാക്കുന്നതല്ലേ മാനവികത...നെഞ്ചിലേറ്റി നടക്കാൻ ഇഷ്ടപ്പെടുന്ന ചില അസ്വസ്ഥതകൾ എല്ലാവരിലുമുണ്ട്...അതിലൊന്നാകട്ടേ ഈ വേഴാമ്പലും..

ചിത്രശാല

അവലംബം

  1. "Buceros bicornis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 3 Oct 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Hodgson,BH (1833). "Description of the Buceros Homrai of the Himalaya". Asiat. Res. 18 (2): 169–188.
  3. സർക്കാർ വെബ്
  4. http://www.kerenvis.nic.in/Database/KeralaBirds_1090.aspx.
  5. മലമുഴക്കി വേഴാമ്പൽ- ജെ.പ്രവീൺ, കൂട് മാസിക, ഒക്ടോബർ 2013
  • 26 ഫെബ്രുവരി 2011-ലെ ഹിന്ദു ദിനപത്രം- കൊച്ചി പതിപ്പ്.
"https://ml.wikipedia.org/w/index.php?title=മലമുഴക്കി_വേഴാമ്പൽ&oldid=2597501" എന്ന താളിൽനിന്ന് ശേഖരിച്ചത്