Jump to content

കർണ്ണൻ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കർണ്ണൻ
ഫെബ്രുവരി 2011 എഡിഷൻ
കർത്താവ്ശിവാജി സാവന്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം - പരിഭാഷ
പ്രസാധകർഡി.സി.ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1995
മാധ്യമംPrint(Paperback)
ISBNISBN 81-713-0486-9

മൃത്യുഞ്ജയ എന്ന പ്രശസ്തമായ മറാത്തി നോവലിന്റെ മലയാള പരിഭാഷയാണ് കർണ്ണൻ. ശിവാജി ഗോവിന്ദ് സാവന്ത് ആണ് മൃത്യുഞ്ജയ എഴുതിയത്. മഹാഭാരത കഥാപാത്രമായ കർണ്ണനിലൂടെയുള്ള ഒരു കഥപറച്ചിൽ രീതിയാണ് കഥാകൃത്ത് ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ ജ്ഞാനപീഠത്തിന്റെ 1995 -ലെ മൂർത്തിദേവി പുരസ്കാരം ലഭിച്ച കൃതിയാണ് മൃത്യുഞ്ജയ. ഡോ.പി.കെ.ചന്ദ്രൻ , ഡോ.ടി.ആർ.ജയശ്രീ എന്നിവരാണ്, കർണ്ണൻ എന്ന പേരിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്ത്. കർണ്ണൻ, കുന്തി, ദുര്യോധനൻ, വൃഷാലി, ശോണൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ഒരു രീതിയിലാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. പല ഭാരതീയ ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്തിട്ടുണ്ട്.

കഥാസംഗ്രഹം

[തിരുത്തുക]

ഈ നോവൽ ഉത്തമപുരുഷ കഥാഖ്യാന രീതിയിലാണ് എഴുതിയിരിക്കുന്നത്. മരണത്തെ മുന്നിൽ കാണുന്ന കർണ്ണൻ സത്യസന്ധമായി തന്റെ കഥ പറയാൻ നിർബന്ധിതനാകുന്നു. കർണ്ണൻ തന്റെ വളർത്തച്ഛനായ അധിരഥന്റെകൂടെ ചമ്പാനഗരിയിൽനിന്നും ഹസ്തിനപുരത്തിലെത്തുന്ന മുതൽ കുരുക്ഷേത്രഭൂമിയിൽ മരിച്ചു വീഴുന്നതുവരെയുള്ള സംഭവങ്ങൾ ആറു കഥാപാത്രങ്ങളുടെ ആത്മകഥാകഥനത്തിലൂടെ വരച്ചുകാണിച്ചിരിക്കുന്നു.

അദ്ധ്യായങ്ങൾ

[തിരുത്തുക]

കർണ്ണൻ

[തിരുത്തുക]

തേരാളിയായ അധിരഥന്റെയും രാധയുടെയും പുത്രനായ കർണ്ണൻ ചമ്പാപുരിയിലാണ് വളർന്നത്. എന്നാൽ വിദ്യ അഭ്യസിക്കുന്നതിനും മറ്റുമായി അവർ ഹസ്തിനപുരത്തേക്ക് പോകുന്നു. ഹീനജാതിക്കാരനായി കരുതപ്പെട്ടതുമൂലം കർണ്ണനോടുള്ള അവഗണന അവിടെ തുടങ്ങുന്നു. കുലവും ജാതിയും ചോദിച്ച് ഗുരുജനങ്ങളാലും പാഞ്ചാലിയാലും , പാണ്ഡവരാലും പലയിടങ്ങളിലും വെച്ച് കർണ്ണൻ അപമാനിതനാകുന്നു. എങ്കിലും കഠിനയത്നത്താൽ പല വിശേഷപ്പെട്ട് അസ്ത്രങ്ങളും നേടുന്നു. ഇവയൊന്നും പക്ഷേ യഥാവിധി ഉപയോഗിക്കുവാൻ കഴിയുന്നില്ല. തന്റെ ജീവൻരക്ഷാകവചമായ കവചകുണ്ഡലങ്ങൾ ചതിയിലൂടെ ഇന്ദ്രന് ദാനം ചെയ്യപ്പെടുന്നു. അവസാനം അർജ്ജുനൻ കർണ്ണനെ അമ്പെയ്തു വീഴ്ത്തുന്നു. അവിടെ കിടന്നാണ് കർണ്ണൻ തന്റെ പൂർവ്വകാലം ഓർത്തെടുക്കുന്നത്.

ദുര്യോധനൻ

[തിരുത്തുക]

ജാതിപറഞ്ഞ് കർണ്ണനെ അപമാനിച്ച അവസരത്തിൽ ദുര്യോധനനാണ് ആ ആപത്ഘട്ടത്തിൽ കർണ്ണനെ രക്ഷിക്കുന്നത്. ആ നിമിഷം മുതൽ ഇരുവരും തമ്മിൽ ഒടുങ്ങാത്ത സഖ്യമുണ്ടാകുന്നു. പാണ്ഡവരെ തോൽപിക്കാൻ കർണ്ണനെ കഴിയു എന്നുള്ള തിരിച്ചറിവാണ് എല്ലാത്തിലുമുപരി ഈ സഖ്യമുണ്ടാക്കാൻ ദുര്യോധനനെ പ്രേരിപ്പിക്കുന്നത്. ഒരിക്കൽ കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാനായിരുന്നു , കർണ്ണൻ പിന്നീട് തനിക്കു വെച്ചു നീട്ടിയ ഒന്നാം പാണ്ഡവൻ എന്ന സ്ഥാനവും , ദ്രൗപദിയുടെ ഒന്നാമൂഴവും എല്ലാം കർണ്ണൻ നിരസിക്കുന്നത്.

കുന്തി

[തിരുത്തുക]

അമ്മ എന്ന രീതിയിൽ ഒട്ടും തന്നെ കർണ്ണന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടില്ലാത്ത് വ്യക്തിയാണ് കുന്തി. അതുകൊണ്ട് ഒക്കെ തന്നെയാണ് യുദ്ധത്തിനുമുമ്പ് തന്നെ വന്നുകണ്ട കുന്തിയോട് പാണ്ഡവപക്ഷത്തേക്ക് വരില്ല എന്നു പറയാൻ കർണ്ണനു കഴിഞ്ഞത്. താൻ മൂത്ത പാണ്ഡവനാണെന്നറിഞ്ഞിട്ടും കർണ്ണനു തെല്ലും കുലുക്കമുണ്ടായില്ല. കുന്തീദേവിയുടെ മാനസികസംഘർഷം വരച്ചുകാണിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.

കർണ്ണന്റെ അർദ്ധസഹോദരനാണ് ശോണൻ. മഹാഭാരതകഥയിൽ വളരെ വിദൂരമായിപ്പോലും ഈ കഥാപാത്രത്തെക്കുറിച്ചു പറയുന്നുണ്ടോ എന്നു സംശയം. എന്നാൽ ഇവിടെ കർണ്ണന്റെ വികാര വിചാരങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു വ്യക്തിയാണ് ശോണൻ. കർണ്ണനും തന്റെ സഹോദരനോട് സ്നേഹവും , ലാളനയും ഒക്കെയാണ്.

വൃഷാലി

[തിരുത്തുക]

കർണ്ണന്റെ ഒന്നാം ഭാര്യ ആണ് വൃഷാലി. മഹാഭാരതത്തിൽ വിദൂരനോട്ടത്തിൽ മാത്രം കാണാനാവുന്ന ഒരു കഥാപാത്രം. എന്നാൽ ഈ കൃതിയിൽ സാവന്ത് , വൃഷാലിയുടെ ചിന്തകൾക്കുകൂടി പ്രാധാന്യം കല്പിച്ചിരിക്കുന്നു. കർണ്ണനോടുള്ള തന്റെ അടങ്ങാത്ത സ്നേഹവും , സപത്നി വന്നിട്ടുകൂടി ഒട്ടും കുറയാതെ നില്ക്കുന്ന ആ സ്നേഹവായ്പും കരുതലും എല്ലാം മനോഹരമായി വർണ്ണിച്ചിരിക്കുന്നു.

ശ്രീകൃഷ്ണൻ

[തിരുത്തുക]

ശ്രീകൃഷ്ണൻ ഈ നോവലിൽ ഒരു സുപ്രധാനകഥാപാത്രമായി വന്നു ചേരുന്നു. തുടക്കം മുതൽ കർണ്ണനു ശ്രീകൃഷ്ണനോട് പ്രതിപത്തിതന്നെയുള്ളു. പക്ഷെ ശ്രീകൃഷ്ണനാവട്ടെ കർണ്ണൻ കർണ്ണന്റെ രഹസ്യം അറിയാവുന്നതുകൊണ്ടുതന്നെ ഇഷ്ടക്കേടില്ലാതെ പെരുമാറുന്നു. അവസാനം കർണ്ണനു ഒന്നാം പാണ്ഡവനെന്ന സ്ഥാനവും , ദ്രൗപദിയുടെ ഒന്നാമൂഴവും ശ്രീകൃഷ്ണൻ വെച്ചു നീട്ടുന്നു. ഇതെല്ലാം നിരസിച്ചുകൊണ്ട് അടുത്ത ലോകത്തിൽ കണ്ടുമുട്ടാം എന്നു പറഞ്ഞുകൊണ്ട് യാത്രയാക്കുകയാണ് കർണ്ണൻ ശ്രീകൃഷ്ണനെ.

ബഹുമതികൾ

[തിരുത്തുക]
  1. മഹാരാഷ്ട്ര സർക്കാർ അവാർഡ് (1968-1969) .
  2. എൻ.സി.കേൽക്കർ അവാർഡ്.
  3. ലളിത് മാഗസിൻ അവാർഡ്.
  4. പൂനംചന്ദ് ഭൂടോടിയ അവാർഡ്.
  5. ഗുജറാത്ത് സാഹിത്യ അക്കാദമി പുരസ്ക്കാരം (1992) .
  6. ജ്ഞാനപീഠത്തിന്റെ മൂർത്തിദേവി പുരസ്ക്കാരം.


അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കർണ്ണൻ_(നോവൽ)&oldid=3732453" എന്ന താളിൽനിന്ന് ശേഖരിച്ചത്