വിശുദ്ധ ഡൊമിനിക്

(Saint Dominic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിമൂന്നാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയുടെ പുനരുദ്ധാരണത്തിനു നേതൃത്വം കൊടുത്ത സ്പാനിഷ് വൈദികനും താപസനുമായിരുന്നു വിശുദ്ധ ഡൊമിനിക്ക് (1170- 1221 ആഗസ്റ്റ് 6). ഡൊമിനിക്കൻ സന്ന്യാസസംഘത്തിന്റെ സ്ഥാപകൻ എന്ന നിലയിലാണ് അദ്ദേഹം പ്രത്യേകം സ്മരിക്കപ്പെടുന്നത്. സമകാലീനനും മറ്റൊരു സന്യാസസഭയുടെ സ്ഥാപകനുമായ അസ്സീസിയിലെ ഫ്രാൻസിസിനൊപ്പം, പതിമൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവലോകത്തെ ഏറെ സ്വാധീനിച്ച രണ്ടു വിശുദ്ധപുരുഷന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ലോകത്തിൽ നിന്നു വിട്ടു നിൽക്കാതെ അതിന്റെ ഭാഗമായിരുന്ന് അതിനെ വിശുദ്ധീകരിക്കാൻ ശ്രമിക്കുന്ന സന്യാസിമാർ ചേർന്ന അദ്ദേഹത്തിന്റെ സന്യാസസഭ, ഫ്രാൻസിസ്കൻ സഹോദരന്മാരുടെ സമൂഹത്തെപ്പോലെ ക്രൈസ്തവസന്യാസത്തിന്റെ പുതിയ മാതൃകയായി[3]

വിശുദ്ധ ഡൊമിനിക്
ഫ്രാ എൻജലികോ രചിച്ച വിശുദ്ധ ഡൊമിനിക്കിന്റെ ചുമർചിത്രം.
സന്യാസസഭാസ്ഥാപകൻ
ജനനം1170
കളറോഗ, ബർഗോസ് പ്രവിശ്യ, കസ്റ്റീൽ
മരണം1221 ആഗസ്റ്റ് 6
ബൊളോണ്യ, ഇറ്റലി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ ആംഗ്ലിക്കൻ സഭ ലൂഥറൻ സഭ
നാമകരണം1234
പ്രധാന തീർത്ഥാടനകേന്ദ്രംബൊളോണ്യയിലെ വിശുദ്ധ ഡൊമിനിക്കിന്റെ ദേവാലയം
ഓർമ്മത്തിരുന്നാൾആഗസ്റ്റ് 8
ആഗസ്റ്റ് 4 (1970-നു മുൻപ് (പൊതു പഞ്ചാംഗം)[1]
പ്രതീകം/ചിഹ്നംകൊന്ത, നായ, നക്ഷത്രം, ലില്ലി, ഡൊമിനിക്കൻ സഭാവസ്ത്രം, പുസ്തകവും പുഷ്പവടിയും, മുണ്ഡനം ചെയ്ത ശിരസ്സ്[2]
മദ്ധ്യസ്ഥംജ്യോതിശാസ്ത്രജ്ഞർ;
ജ്യോതിശാസ്ത്രം;
ഡൊമിനിക്കൻ റിപ്പബ്ലിക്;
അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തപ്പെടുന്നവർ;
വലേറ്റ, ബിർഗു (മാൾട്ട)

തുടക്കം

തിരുത്തുക

സ്പെയിനിലെ കസ്റ്റീൽ പ്രവിശ്യയിലെ കലാറോഗയിൽ ഡോൺ ഫെലിക്സ് ഗുസ്മന്റേയും അസായിലെ ഹുവാനയുടേയും ഡൊമിനിക് പുത്രനായി ജനിച്ചു. ഡൊമിനിഗോ ഡി ഗുസ്മാൻ എന്നായിരുന്നു ആദ്യനാമം. 7 മുതൽ 14 വയസ്സു വരെ, അമ്മയുടെ സഹോദരനായിരുന്ന ഗുമീൽ ഡിസാൻ എന്ന പുരോഹിതന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. 1184-ൽ പലെൻഷ്യ സർവകലാശാലയിൽ ചേർന്ന ഡൊമിനിക് പത്തുവർഷത്തെ പഠനത്തിനിടെ ദൈവശാസ്ത്രത്തിലും ലളിതകലകളിലും അവഗാഹം സമ്പാദിച്ചു. അഗസ്തീനിയൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം 1194-ൽ വൈദികപദവിയിലെത്തി.[4]

അൽബിജൻഷ്യന്മാർ

തിരുത്തുക

���സ്മായിലെ ഭദ്രാസനപ്പള്ളിയായിൽ അവിടത്തെ മെത്രാന്റെ കീഴിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1203-ലും 1204-ലും ഡൊമിനിക് തന്റെ മേലധികാരിയായ മെത്രാൻ, ഡോൺ ഡിയഗോ ഡി അസെവെഡോയോടൊപ്പം ഡെൻമാർക്ക് സന്ദർശിച്ചു. കസ്റ്റൈലിലെ ഫെർഡിനൻഡ് എട്ടാമനു വേണ്ടിയുള്ള നയതന്ത്ര പര്യടനങ്ങളായിരുന്നു അവ. യാത്രക്കിടയിൽ ഒരിക്കൽ തെക്കൻ ഫ്രാൻസ് സന്ദർശിച്ച ഡൊമിനിക്കിന് ലാംഗ്വഡോക് പ്രവിശ്യയിലൂടെ കടന്നുപോകേണ്ടിവന്നു. ഇക്കാലത്ത്, 'അൽബിജഷ്യന്മാർ' (കാത്താറുകൾ) എന്നറിയപ്പെട്ടിരുന്ന ദ്വന്ദവാദികളായ വിമതക്രിസ്തീയ വിഭാഗം ആ പ്രദേശത്താകെ പ്രചരിച്ചിരുന്നു. വ്യവസ്ഥാപിത വിശ്വാസത്തിൽ വ്യാപകമായിരുന്ന അനീതികളും അധാർമ്മികതയും അഴിമതിയും ഈ പുത്തൻ വിശ്വാസധാരയുടെ പ്രാചാരത്തെ സഹായിച്ചു.

ലാംഗ്വേഡോക്കിൽ

തിരുത്തുക

ഈ പര്യടനത്തിനുശേഷം ഡൊമിനിക്കും ഡിയഗോ ഡി അസെവെഡൊ മെത്രാനും റോമിലെത്തിയെങ്കിലും ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പ അൽബിജൻഷ്യന്മാരെ നേരിടുന്നതിൽ സിസ്റ്റേർഷ്യൻ സന്ന്യാസിമാരെ സഹായിക്കുവാനായി അവരെ ലാംഗ്വഡോക്കിലേക്ക് മടക്കി അയച്ചു. സന്യാസികളുടെ ലളിതജീവിതമാണ് അവർ അവിടെ നയിച്ചത്. രണ്ടു പേർ വീതം ഓരോ പ്രദേശത്തിലേക്ക് കാൽനടയായി ചെല്ലുകയും മത പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. അവർ പണം ഉപയോഗിച്ചിരുന്നില്ല. ആഹാരം ഭിക്ഷയായി സ്വീകരിച്ചു പോന്നു. ഈ കാലഘട്ടത്തിൽ ഡൊമിനിക്കിന് കന്യാമറിയത്തിന്റെ ദർശനമുണ്ടായതായി പറയപ്പെടുന്നു. മരിയഭക്തിയുടെ ഉപകരണമായ കൊന്തയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ ഡൊമിനിക്കിന് പ്രചോദനം ലഭിച്ചത് ഈ ദിവ്യദർശനത്തിൽ നിന്നാണ് എന്ന വിശ്വാസവും നിലവിലുണ്ട്. തന്റെ രൂപതയിലേക്കു മടങ്ങിപ്പോയ ഡിയഗോ ഡി അസെവെഡൊ മെത്രാൻ 1207-ലെ മരിച്ചു. തുടർന്ന് ഡൊമിനിക്കിന്റെ നേതൃത്വത്തിൽ ലാംഗ്വേഡോക്കിലെ പ്രവർത്തനങ്ങൾ തുടർന്നു.

ഡൊമിനിക്കൻ സഭ

തിരുത്തുക
 
അക്കാലത്തു വികസിച്ചു വന്നുകൊണ്ടിരുന്ന നഗരങ്ങളിലെ വിശ്വാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ, പുതിയൊരിനം മതസംഘം ആവശ്യമാണെന്നു ഡൊമിനിക് തിരിച്ചറിഞ്ഞു

അൽബിജൻഷ്യൻ വിശ്വാസത്തിൽ എത്തിയിരുന്നവരെ കത്തോലിക്കാസഭയിൽ തിരികെയെത്തിക്കാൻ മത പ്രഭാഷണങ്ങളും ധർമോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കാൻ ഡൊമിനിക് ആഗ്രഹിച്ചിരുന്നു. 1214-ൽ ലാംഗ്വേഡോക്കിലെ പ്രമുഖ്യവ്യക്തികളിൽ ഒരാൾ നൽകിയ വീട്ടിൽ അദ്ദേഹവും ഏതാനും അനുയായികളും ഒരു സമൂഹമായി ജീവിച്ചു. 1215-ൽ മൂന്നാം ലാറ്ററൻ സൂനഹദോസിൽ പങ്കെടുക്കാൻ റോമിലെത്തിയ ഡൊമിനിക് തന്റെ സമൂഹത്തെ ഒരു പുതിയ സന്യാസ സഭയായി മാറ്റാൻ ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ അനുമതി തേടി. പുത്തൻ സന്യാസസഭകൾ ചിട്ടയില്ലാതെ പെരുകുന്നത് ഇഷ്ടപ്പെടാതിരുന്ന സഭാനേതൃത്വം അനുമതി നൽകാൻ മടിച്ചു. ഒടുവിൽ പുതിയ സമൂഹം, നിലവിലുള്ള ഏതെങ്കിലും ഒരു സന്യാസസമൂഹത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന വ്യവസ്ഥയിൽ അനുമതി നൽകി. അഗസ്റ്റീനിയൻ സമൂഹത്തിന്റെ സന്യാസ നിയമമനുസരിച്ച് ഡൊമിനിക് തന്റെ സഭ രൂപപ്പെടുത്തി. സ്ത്രീകൾക്കായി പ്രൗലിൽ ഒരു മഠവും ഇദ്ദേഹം സ്ഥാപിച്ചു.[5]

പട്ടണപ്രദേശങ്ങളിലും വിദ്യാസമ്പന്നരുടെ ഇടയിലും മതപ്രഭാഷണം നടത്താൻ പ്രാപ്തരായിരിക്കണം തന്റെ സംഘാംഗങ്ങൾ എന്ന് ഡൊമിനിക്കിന് നിർബന്ധമുണ്ടായിരുന്നു. ധർമോപദേശം നൽകുക, സർവകലാശാലകളിൽ ചേർന്ന് അധ്യയനം നടത്തുക എന്നിവയെല്ലാം സന്ന്യാസിമാരുടെ ദിനചര്യകളിൽപ്പെട്ടിരുന്നു. സഭയ്ക്ക് അംഗീകാരം ലഭിച്ചതിനുശേഷം ഡൊമിനിക് ലോകമെമ്പാടും സന്ന്യാസമഠങ്ങൾ സ്ഥാപിക്കുവാൻ സന്ന്യാസിമാരെ അയച്ചു. സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, കിഴക്കൻ യൂറോപ്പ്, ഗ്രീസ്, പലസ്തീൻ മുതലായ പ്രദേശങ്ങളിലെല്ലാം ഡൊമിനിക്കൻ സന്ന്യാസിമാർ എത്തിച്ചേരുകയും ക്രിസ്തീയതത്ത്വങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ സന്ന്യാസിമാർ സാമാന്യ-സാമൂഹിക ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്നില്ല. സാമൂഹിക മേഖലയാണ് അവരുടെ മുഖ്യ പ്രവർത്തനരംഗം. അവർ ധർമോപദേശവും അധ്യാപനവും ഒരുമിച്ച് നടത്തിയിരുന്നു. ഇറ്റലിയിലെ ബൊളൊണ്യയിലാണ് ഡൊമിനിക് തന്റെ മുഖ്യ ആശ്രമം സ്ഥാപിച്ചത്.

1221 മേയ് മാസത്തിൽ ബൊളോണ്യയിൽ തന്റെ സന്യാസസഭയുടെ രണ്ടാം പൊതുസമ്മേളനത്തിൽ ഡൊമിനിക് അദ്ധ്യക്ഷം വഹിച്ചു. സമ്മേളനം അവസാനിച്ചപ്പോൾ തന്റെ സുഹൃത്ത് ഉഗോളിനോ കർദ്ദിനാളിനെ സന്ദർശിക്കാൻ അദ്ദേഹം വെനീസിലേക്കു പോയി. അവിടെ ഗുരുതരമായി രോഗബാധിതനായ അദ്ദേഹം താൻ ആസന്നമരണനെന്നറിഞ്ഞ് ബൊളോണ്യയിലെ സന്യാസഭവനത്തിൽ മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചു. മടങ്ങിയെത്തിയ ഡൊമിനിക് മൂന്നാഴ്ചക്കാലം ദീർഘിച്ച രോഗപീഡ ക്ഷമയോടെ സഹിച്ച ശേഷം, 1221 ആഗസ്റ്റ് 6-ന് അന്തരിച്ചു.[3] 1234-ൽ ഡൊമിനിക്കിനെ ഒൻപതാം ഗ്രിഗോരിയോസ് മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.[4] ഡൊമിനിക്കിന്റെ തിരുനാൾ ആഗസ്റ്റ് എട്ടിന് ആചരിച്ചുവരുന്നു.

വ്യക്തിത്വം, സ്വാധീനം

തിരുത്തുക
 
ഡൊമിനിക്കിന്റെ മറ്റൊരു ചിത്രം

തന്റെ സമകാലീനനായിരുന്ന അസ്സീസിയിലെ ഫ്രാൻസിസിന്റെ വ്യക്തിത്വത്തിൽ പ്രകടമായ നിറപ്പകിട്ട് ഡൊമിനിക്കിന് ഉണ്ടായിരുന്നില്ലെങ്കിലും സ്വന്തം പേരിൽ അറിയപ്പെടുന്ന സന്യാസസഭയെ തന്റെ തനിപ്പകർപ്പായി രൂപപ്പെടുത്തുന്നതിൽ കൂടുതൽ വിജയിച്ചത് ഡൊമിനിക്കാണ്. അതേസമയം, രണ്ടു വട്ടം വച്ചുനീട്ടപ്പെട്ട മെത്രാൻ പദവി തിരസ്കരിക്കാൻ മാത്രം വിനീതനുമായിരുന്നു അദ്ദേഹം. ജീവിതാവസാനത്തോടടുത്ത്, ഡൊമിനിക്കൻ സഭാധിപന്റെ സ്ഥാനം ഒഴിയാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പ്രായത്തിൽ തന്നേക്കാൾ 12 വയസ്സ് ഇളപ്പമുണ്ടായിരുന്ന ഫ്രാൻസിസിനെ അദ്ദേഹം വിശുദ്ധിയിൽ തനിക്കു മേലുള്ളവനായി ബഹുമാനിച്ചു.[൧] ക്രിസ്തീയാദർശമനുസരിച്ചുള്ള സഹോദരപ്രേമം അദ്ദേഹത്തിൽ പ്രകൃതത്തിന്റെ ഭാഗം തന്നെയായിരുന്നു. പാലെൻഷ്യായിൽ വിദ്യാർത്ഥിയായിരിക്കെ അവിടെ ക്ഷാമമുണ്ടായപ്പോൾ ദരിദ്രർക്കു ഭക്ഷണം നൽകാനായി, താൻ വായിച്ച് അടിവരയിട്ട പുസ്തകങ്ങൾ ഉൾപ്പെടെ തനിക്കുണ്ടായിരുന്നതെല്ലാം അദ്ദേഹം വിറ്റതായി പറയപ്പെടുന്നു. അടിമകളുടെ മോചനത്തിനായി സ്വയം വിൽക്കാൻ ഡൊമിനിക് രണ്ടു വട്ടം ഒരുങ്ങിയതായി സമകാലീനനും ജീവചരിത്രകാരനുമായ ബെർത്തലോമ്യോ ട്രെന്റും പറയുന്നു.[4][3]

സ്വന്തം കാര്യത്തിൽ തികഞ്ഞ കാർക്കശ്യം പുലർത്തിയ താപസനായിരുന്നിട്ടും അദ്ദേഹം എപ്പോഴും ഉല്ലാസപ്രകൃതിയായിരുന്നു.[5] അതേസമയം, ആഡംബരങ്ങളേയും ധൂർത്തിനേയും വിമർശിക്കുന്നതിൽ ഡൊമിനിക് ഒരിക്കലും മടികാട്ടിയില്ല. ലാംഗ്വേഡൊക്കിലെ അൽബിജൻഷ്യൻ 'ഭീഷണി' നേരിടാൻ മാർപ്പാപ്പ അയച്ച ദൂതന്മാർ ആർഭാടപൂർവം പരിവാരസമേതം എത്തിയപ്പോൾ അവരെ അദ്ദേഹം ഒരു പ്രവാചകന്റെ ധർമ്മരോഷത്തോടെ ശകാരിച്ചു. ലജ്ജിതരായ ദൂതന്മാർ അതോടെ ആർഭാടമെല്ലാം ഉപേക്ഷിച്ചതായി പറയപ്പെടുന്നു.[6]

തന്റെ ബോദ്ധ്യങ്ങൾക്കനുസരിച്ച് മനുഷ്യവ്യക്തികളുടെ മോക്ഷത്തിനായി പ്രവർത്തിച്ച ഡൊമിനിക്കിന്റെ പൈതൃകം ലോകമെമ്പാടും ഇന്നും സജീവമാണ്. ക്രിസ്തീയചിന്തയിൽ പിൽക്കലത്തു ജീവിച്ചിരുന്ന അതികായന്മാരിൽ പലരും ഡൊമിനിക്കന്മാരായിരുന്നു. സ്കൊളാസ്റ്റിക് ദൈവശാസ്ത്രപാരമ്പര്യത്തിലെ മഹാരഥികളായിരുന്ന വലിയ അൽബർത്തോസ്, തോമസ് അക്വീനാസ്, ക്രിസ്തീയ മിസ്റ്റിക്കുകളായ മെയ്സ്റ്റർ എക്കാർട്ട്, ജൊഹാനസ് ടാവ്ലർ, പരിഷ്കർത്താവും ക്രിസ്തീയവിമതനും ആയിരുന്ന സവനരോള എന്നിവർ അതിൽപ്പെടുന്നു.[7]

വിമർശനം

തിരുത്തുക
 
മതദ്രോഹവിചാരണയിൽ ഡൊമിനിക് അദ്ധ്യക്ഷം വഹിക്കുന്നതായുള്ള പെദ്രോ ബെരുഗ്വേറ്റേയുടെ ഈ ചിത്രീകരണം 1475-ലേതാണ്.

യാഥാസ്ഥിതികതയോടുള്ള ഭ്രാന്തമായ ആഭിമുഖ്യത്തിന്റെ പേരിൽ ഡൊമിനിക് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഡൊമിനിക്കിന്റേയും അനുയായികളുടേയും പ്രഘോഷണങ്ങൾക്കൊപ്പം, മതദ്രോഹവിചാരണകളും ഒട്ടേറെ പാതകങ്ങൾക്ക് അവസരം കൊടുത്ത ഒരു കുരിശുയുദ്ധവും ഉപയോഗിച്ചാണ് വ്യവസ്ഥാപിതക്രിസ്തീയത അൽബിജൻഷ്യൻ വിശ്വാസത്തെ ഒടുവിൽ നിർമ്മാർജ്ജനം ചെയ്തത്. ഭീഷണമായ ആ യുദ്ധത്തിലെ ക്രൂരതകളിൽ ചിലതിനെ ഡൊമിനിക് എതിർത്തതായി പറയപ്പെടുന്നെങ്കിലും ആ സംരംഭത്തിലെ ഏറ്റവും പ്രധാന പങ്കാളികളിൽ ഒരാളായിരുന്നു അദ്ദേഹം.[8] വേദവ്യതിചലനങ്ങളെ നേരിടാൻ കത്തോലിക്കാ രാജ്യങ്ങളിൽ പിന്നീടു വ്യാപിച്ച് കുപ്രസിദ്ധി നേടിയ മതദ്രോഹവിചാരണക്കോടതികൾ (Inquisition) തുടങ്ങിയത് ഡൊമിനിക്കാണെന്ന ധാരണ പരന്നിട്ടുണ്ട്. ഡൊമിനിക്കിന്റെ അനുയായികൾ അദ്ദേഹത്തെ "വേദവിപരീതരുടെ പീഡകൻ" (Persecutor Haereticorum) എന്നു വിളിച്ചു. പിൽക്കാലങ്ങളിൽ ഡൊമിനിക്കന്മാർ മതദ്രോഹവിചാരണകളുടെ സ്ഥാപനത്തിലും നടത്തിപ്പിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.[9]

എന്നാൽ, ലാംഗ്വേഡോക്കിൽ ഡൊമിനിക് കഴിഞ്ഞ പത്തു വർഷക്കാലത്തിന്റെ കഥയിൽ മതവിശ്വാസസംബന്ധിയായ ശാരീരികപീഡനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നത് ഒരു സന്ദർഭത്തിൽ മാത്രമാണെന്നും അത് വേദവൈപരീത്യത്തിന്റെ പേരിൽ എരിച്ചുകൊല്ലപ്പെടുകയായിരുന്ന ഒരാളെ തീയിൽ നിന്നു രക്ഷപെടുത്തിയതുമ���യി ബന്ധപ്പെട്ടാണെന്നും ചരിത്രകാരനായ വിൽ ഡുറാന്റ് ചൂണ്ടിക്കാട്ടുന്നു.[6]

തീവ്രവിരക്തിയുടേയും[൨] മതേതരമായ അറിവുകളോടുള്ള എതിർപ്പിന്റേയും പേരിലും ഡൊമിനിക് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഡൊമിനിക്കന്മാർ, പ്രത്യേകാനുമതി നേടാതെ മതേതരശാസ്ത്രങ്ങളും സുകുമാരകലകളും അഭ്യസിച്ചുകൂടാ എന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. 1259-ൽ സ്ഥാപകന്റെ മരണശേഷം ഡൊമിനിക്കൻ സഭ ഈ നിഷ്കർഷ പിൻവലിച്ചതു കൊണ്ടാണ് ഡൊമിനിക്കന്മാർക്ക് വൈജ്ഞാനികരംഗത്തെ സംരംഭങ്ങളിൽ പങ്കുപറ്റാനും നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞത്.[8]

കുറിപ്പുകൾ

തിരുത്തുക

^ "He was of sterner stuff than Francis, but revered him as a saintlier Saint."[6]

^ വൃദ്ധകളോടെന്നതിനേക്കാൾ യുവതികളോടു സംസാരിക്കാനാണു തനിക്കിഷ്ടമെന്നു ഡോമിനിക് ഏറ്റുപറഞ്ഞതായി അദ്ദേഹത്തിന്റെ ആദ്യത്തെ ജീവചരിത്രമെഴുതിയ ഡൊമിനിക്കൻ സന്യാസി സാക്സണിയിലെ ജോർദ്ദാൻ പറയുന്നു. ഡോമിനിക് മനുഷ്യഭാവം പ്രകടിപ്പിച്ചതായി തനിക്കറിയാവുന്ന ഒരേയൊരവസരം ഈ കുമ്പസാരമാണെന്നു ബെർട്രാൻഡ് റസ്സൽ ഫലിതം പറഞ്ഞിട്ടുണ്ട്. ഈ ഏറ്റുപറയൽ ഡൊമിനിക്കിന്റെ ജീവചരിത്രത്തിൽ നിന്നു നീക്കാൻ 1242-ൽ ഡൊമിനിക്കൻ സഭ തീരുമാനിച്ച കാര്യവും റസ്സൽ പറയുന്നു.[8]

  1. Calendarium Romanum (Libreria Editrice Vaticana 1969), p. 100
  2. "St. Dominic – Iconography". Retrieved 2009-04-19.
  3. 3.0 3.1 3.2 Dominic, Brockhampton Reference Dictionary of Saints (പുറങ്ങൾ 65-66)
  4. 4.0 4.1 4.2 കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം വിശുദ്ധ ഡൊമിനിക്
  5. 5.0 5.1 കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 437-39‌)
  6. 6.0 6.1 6.2 "വിശ്വാസത്തിന്റെ യുഗം" വിൽ ഡുറാന്റ്, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 802-804)
  7. John A. Hutchison "Paths of Faith" (പുറം 504)
  8. 8.0 8.1 8.2 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 450-51)
  9. "......the fiercely orthodox order of the Dominicans, founded by Saint Dominic was strongly supported by Innocent-III who with its assistance set up an organization, the Inquisition, for the hunting of heresy, and the affliction of free thought." എച്ച്.ജി.വെൽസ്, "എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ്", അദ്ധ്യായം 46, "The Crusades and the Age of Papal Dominion"(പുറം 190)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വിശുദ്ധ ഡൊമിനിക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാക���ം.
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_ഡൊമിനിക്&oldid=2926107" എന്ന താളിൽനിന്ന് ശേഖരിച്ചത്