റൗട്ടർ
വ്യത്യസ്ത കംപ്യൂട്ടർ ശൃംഖലകളെ (Computer Networks) തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് റൗട്ടർ. രണ്ട് നെറ്റ്വർക്കുകൾക്കിടയിലൂടെ ഡേറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒന്നിലധികം പാതകളിൽ നിന്ന് ഏറ്റവും എളുപ്പത്തിലുള്ള വഴി നിർണ്ണയിക്കുക എന്നതും റൗട്ടറിന്റെ ചുമതയാണ്. ഉദാഹരണത്തിന് പ്രാദേശിക കംപ്യൂട്ടർ ശൃംഖലയും(LAN) ഇന്റർനെറ്റ് പോലെയുള്ള വിശാല കംപ്യൂട്ടർ ശൃംഖലയും(WAN) തമ്മിൽ ബന്ധിപ്പിക്കാൻ റൗട്ടർ ഉപയോഗിക്കുന്നു. വയർലെസ്സ് റൗട്ടറുകളും വയേർഡ് റൗട്ടറുകളും ലഭ്യമാണ്.[1]
പ്രവർത്തനം
തിരുത്തുകരണ്ട് കംപ്യൂട്ടർ ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണമാണ് റൗട്ടർ. പലതരത്തിലുള്ള റൗട്ടറുകൾ ഇന്ന് ലഭ്യമാണ്. പ്രായോഗികമായി റൗട്ടർ ഒരു കംപ്യൂട്ടർ തന്നെയാണ്. ഇൻപുട്ട്-ഔട്ട്പുട്ട് ഉപകരണങ്ങളില്ലാതെ ഒരു പ്രത്യേക കാര്യം നിർവഹിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന കമ്പ്യൂട്ടർ.[2] റൗട്ടിങ്ങിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സോഫ്റ്റ്വെയറും ഹാർഡ്‌വെയറും ചേർന്ന ഒരു കംപ്യൂട്ടറാണ് റൗട്ടർ എന്നും വേണമെങ്കിൽ പറയാം. ഓപറേറ്റിങ് സിസ്റ്റം, മെമ്മറി (RAM), എൻ.വി. റാം (NVRAM), ഫ്ലാഷ് മെമ്മറി (flash memory) ഒന്നോ അതിൽക്കൂടുതലോ പ്രോസസറുകൾ തുടങ്ങിയവയാണ് ഒരു റൗട്ടറിന്റെ പ്രധാന ഘടകങ്ങൾ. സിസ്കോയുടെ ഐ.ഒ.എസ്. (IOS), ജൂണിപർ നെറ്റ്വർക്സിന്റെ ജുൺ ഒ.എസ്. (JunOS) എക്സ്ട്രീം നെറ്റ്വർക്സിന്റെ എക്സ് ഒ.എസ്. (XOS) തുടങ്ങിയവയാണ് പ്രധാന റൗട്ടർ ഓപറേറ്റിങ് സിസ്റ്റങ്ങൾ. എക്സ്.ഒ.ആർ.പി. (XORP), ക്വാഗ്ഗാ (Quagga) തുടങ്ങിയ സോഫ്റ്റ്വെയറുകൾ വിന്യസിച്ചിട്ടുള്ള കംപ്യൂട്ടറുകൾക്കും റൗട്ടറുകളായി പ്രവർത്തിക്കാൻ സാധിക്കും.[3]
നിയന്ത്രണ തലം (Control Plane), പ്രസരണ തലം (Forwarding Plane) എന്നീ രണ്ട് തലങ്ങളിലാണ് റൗട്ടറുകൾ പ്രവർത്തിക്കുന്നത്. നിയന്ത്രണ തലത്തിൽ ലഭിച്ച ഡേറ്റ പാക്കറ്റുകൾ അവയുടെ നിർദിഷ്ട ലക്ഷ്യത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. അതുപോലെ തന്നെ പ്രസരണ തലത്തിൽ ഒരു ശൃംഖലയിൽ നിന്ന് ലഭിച്ച ഡേറ്റ വേറൊരു ശൃംഖലയിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
റൗട്ടിങ് ഉദാഹരണം
തിരുത്തുകറൗട്ടറിനെ കുറിച്ച് മനസ്സിലാകാൻ ഒരു ചെറിയ ഉദാഹരണം ഇവിടെ കൊടുത്തിരിക്കുന്നു. കേരളത്തിലെ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾ ഒരു വെബ് സൈറ്റ് സന്ദർശിക്കുകയാണ്. ഈ വെബ് സൈറ്റിന്റെ സെർവർ അമേരിക്കയിലാണെന്ന് കരുതുക. ആ സെർവറിൽ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡേറ്റ എത്തിച്ചേരുന്നത് ഇതിനിടയിലെ ഓരോ നെറ്റ്വർക്കിലെയും പ്രധാനപ്പെട്ട റൂട്ടറുകളിൽക്കൂടി മാത്രം സഞ്ചരിച്ചാണ്. അതായത് സെർവറിൽ നിന്ന് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഒരു ഡേറ്റ പാക്കറ്റ് പോരാൻ തുടങ്ങിയന്നു കരുതുക. ആദ്യം ആ ഡേറ്റ പാക്കറ്റ് ആ സെർവർ സ്ഥിതിചെയ്യുന്ന ചെറിയ നെറ്റ്വർക്കിന്റെ റൗട്ടറിലെത്തുന്നു. റൗട്ടർ ഡേറ്റ പാക്കറ്റ് ഏത് അഡ്രസിലേക്കാണ് പോകുന്നതെന്ന് നോക്കും എന്നിട്ട് ആ അഡ്രസ് റൗട്ടിങ് ടേബിളിൽ(routing tables) തിരയും. ഈ അഡ്രസിലേക്ക് പോകേണ്ട ഡേറ്റപാക്കറ്റ് ഇനി ഏത് റൗട്ടറിലേക്കാണ് അയക്കേണ്ടതെന്ന് റൗട്ടിങ് ടേബിളിൽ നിന്ന് റൗട്ടറിന് മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ പല റൗട്ടറുകളിൽക്കൂടിസഞ്ചരിച്ചാണ് ഒരു ഡേറ്റപാക്കറ്റ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇടയിലെ ഈ റൗട്ടറുകൾ കണ്ടുപിടിക്കാൻ ഒരു എളുപ്പമാർഗ്ഗമുണ്ട് അതാണ് ട്രേസ്റൗട്ട്(traceroute) നിർദ്ദേശം.
നിയന്ത്രണ തലം
തിരുത്തുകഡൈനമിക് റൗട്ടിങിനായി ക്രമീകരിച്ചിരിക്കുന്ന റൗട്ടറുകളിൽ നിയന്ത്രണ തലത്തിലെ പ്രവർത്തനങ്ങൾ റൗട്ടിങ് ടേബിൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രാദേശിക കംപ്യൂട്ടർ ശൃംഖലയുടെ ഘടന മനസ്സിലാക്കുന്നതിലൂടെയും അടുത്തുള്ള മറ്റ് റൗട്ടറുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെയും മറ്റുമാണ് റൗട്ടിങ് ടേബിൾ നിർമ്മിക്കപ്പെടുന്നത്. നെറ്റ്വർക്കിനെ കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് റൗട്ടിങ് ടേബിൾ. റൗട്ടിങ് ടേബിളിൽ അടുത്തുള്ള പ്രധാനപ്പെട്ട റൗട്ടറുകൾ, അവയുമായി ബന്ധ��്പെട്ട റൗട്ടിങ് ശൃംഖലകൾ തുടങ്ങിയവ ഉണ്ടായിരിക്കും.
സ്റ്റാറ്റിക് റൗട്ടിങിന് തയ്യാറാക്കിയിരിക്കുന്ന റൗട്ടറുകളിലെ റൗട്ടിങ് ടേബിൾ നേരത്തേ കൂട്ടി നൽകുകയാണ് ചെയ്യുക. എന്നാൽ ഡൈനമിക് റൗട്ടിങിനു തയ്യാറാക്കിയിരിക്കുന്ന റൗട്ടറുകളിലെ റൗട്ടിങ് ടേബിൾ പ്രവർത്തനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.
പ്രസരണ തലം
തിരുത്തുകഇന്റർനെറ്റ് പ്രോട്ടോകോൾ അനുസരിച്ചുള്ള ഡേറ്റ പാക്കറ്റുകളുടെ പ്രസരണത്തിന് റൗട്ടറുകൾ ഒട്ടൊന്നുമല്ല സഹായിച്ചത്. ഓരോ പാക്കറ്റുകളിലും ശേഖരിച്ചു വയ്ക്കേണ്ട ഡേറ്റയുടെ സഞ്ചാരപഥത്തെ കുറിച്ചുള്ള ചില വിവരങ്ങളുണ്ട്. റൗട്ടറുകൾ വന്നതോടെ ഈ വിവരങ്ങളുടെ അളവ് കുറഞ്ഞു. പ്രസരിപ്പിച്ച ഡേറ്റ പാക്കറ്റുകളെ കുറിച്ച് ഒരു വിവരവും റൗട്ടർ രേഖപ്പെടുത്തിവയ്ക്കാറില്ല. പക്ഷേ തകരാറ് സംഭവിച്ച പാക്കറ്റുകളെ കുറിച്ചും നഷ്ടപ്പെട്ടുപോയ ഡേറ്റ പാക്കറ്റുകളെ കുറിച്ചും വിവരങ്ങൾ സൂക്ഷിക്കാറുണ്ട്.
പല തരം റൗട്ടറുകൾ
തിരുത്തുകവ്യവസായ സ്ഥാപനങ്ങൾക്കുള്ളിലെ നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായും, രണ്ട് വ്യവസായ സ്ഥാപനങ്ങളിലെ നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായും, ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനും മറ്റും റൗട്ടറുകൾ ഉപയോഗിക്കാറുണ്ട്. വലിയ റൗട്ടറുകൾ സാധാരണ വലിയ നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. സിസ്കോയുടെ 7600 സീരിസിൽ പെട്ട റൗട്ടറുകൾ, ജൂണിപ്പർ T1600, സിസ്കോ സി.ആർ.എസ് 1 തുടങ്ങിയവ ഈ വിഭാഗത്തിൽ പെട്ടതാണ്. ചെറിയ ഓഫീസുകൾക്കുവേണ്ടിയാണ് ചെറിയ റൗട്ടറുകൾ ഉപയോഗിക്കുന്നത്. ലിങ്ക്സിസ് befsr41 പോലുള്ളവ ഈ വിഭാഗത്തിലുള്ളവയാണ്.
ചരിത്രം
തിരുത്തുകഐ.എം.പി. (Interface Message Processor) അണ് ആദ്യമായി റൗട്ടറായി പ്രവർത്തിച്ച ഉപകരണം. ആദ്യത്തെ ഐ.എം.പി. 1969 ഓഗസ്റ്റ് 30 ന് യു.സി.എൽ.എ.(UCLA) യിൽ സ്ഥാപിച്ചു. അർപാനെറ്റിനു വേണ്ടിയായിരുന്നു ഇത് നിർമിച്ചത്. റൗട്ടറുകളും ഐ.എം.പി.കളുമാണ് ഇന്നത്തെ ഇന്റർനെറ്റിനെ സാധ്യമാക്കിയത്.
പല പ്രോട്ടോകോളുകളും ഉപയോഗിക്കാൻ സാധിക്കുന്ന ആദ്യത്തെ റൗട്ടർ സ്റ്റാൻസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് നിർമിച്ചത്. 1980-ൽ യൂണിവേഴ്സിറ്റിയിലെ ഒരു സ്റ്റാഫ് റിസേർച്ചറായ വില്ല്യം യീഗറായിരുന്നു ഇതിന്റെ നിർമാതാവ്. ഇന്ന് എല്ലാ നെറ്റ്വർക്കുകളിലും ഐ.പി. (IP) ഉപയോഗിക്കുന്നതിനാൽ ഇത്തരം റൗട്ടറുകളുടെ ആവശ്യം ഇല്ലാതായിട്ടുണ്ട്. ഇന്ന് ഐ.പി. വേർഷൻ 6 (IPv6) ഉം ഐ.പി. വേർഷൻ 4 (IPv4) ഉം ഒരേ സമയം ഉപയോഗിക്കുന്ന റൗട്ടറുകളെ മൾട്ടിപ്രോട്ടോകോൾ റൗട്ടറുകളെന്ന് വിളിക്കാമെങ്കിലും അത് അത്ര അർത്ഥവത്തല്ല. ആപ്പിൾ ടോക്ക് (AppleTalk), ഡി.ഇ.സി. നെറ്റ് (DECnet), ക്സീറോക്സ് (Xerox), ഐ.പി. (IP) തുടങ്ങിയ പ്രോട്ടോകോളുകളിലെല്ലാം ഒരേ സമയം പ്രവർത്തിക്കാൻ സാധിക്കുന്നവയാണ് യഥാർത്ഥ മൾട്ടിപ്രോട്ടോകോൾ റൗട്ടറുകൾ.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- റൗട്ടിങ്ങിന്റെ അനിമേഷൻ Archived 2007-08-06 at the Wayback Machine.
- സിസ്കോ
ചിത്രങ്ങൾ
തിരുത്തുക-
സിസ്കോയുടെ CRS-1 കാരിയർ റൗട്ടിങ് സംവിധാനം
-
മെട്രോ ഇഥർനെറ്റ് റൗട്ടിങ് സ്വിച്ച് 8600
-
ASR 9912
അവലംബം
തിരുത്തുക- ↑ "Overview Of Key Routing Protocol Concepts: Architectures, Protocol Types, Algorithms and Metrics". Tcpipguide.com. Archived from the original on 20 December 2010. Retrieved 15 January 2011.
- ↑ "Cisco Networking Academy's Introduction to Routing Dynamically". Cisco. Archived from the original on October 27, 2015. Retrieved August 1, 2015.
- ↑ H. Khosravi & T. Anderson (November 2003). Requirements for Separation of IP Control and Forwarding. doi:10.17487/RFC3654. RFC 3654.