രാജൻ പി. ദേവ്
മലയാള സിനിമയിലെ നർമബോധമുള്ള വില്ലനായി അറിയപ്പെടുന്ന സ്വഭാവ നടനായിരുന്നു ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയായ രാജൻ പി.ദേവ്.(1954-2009) പ്രൊഫഷണൽ നാടക നടനായും പിന്നീട് തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായും ഒരേപോലെ തിളങ്ങിയ കലാകാരനായിരുന്നു. കാട്ടുകുതിര എന്ന നാടകത്തിലെ ഏറെ പ്രശസ്തനായ കൊച്ചുബാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ് അദ്ദേഹം മലയാള സിനിമയിലെത്തിയത്. 1990-ൽ റിലീസായ ഇന്ദ്രജാലം സിനിമയിലെ കാർലോസ് എന്ന വില്ലൻ വേഷത്തോടെ മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ സജീവ സാന്നിധ്യമായി.[1][2][3]
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ നാടക നടനായിരുന്ന എസ്.ജെ.ദേവിൻ്റെയും കുട്ടിയമ്മയുടേയും മകനായി 1954 മെയ് 20ന് ജനനം. ചേർത്തല ഗവ.ബോയ്സ് ഹൈസ്കൂൾ, സെൻറ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പിതാവിൻ്റെ നാടക അഭിനയത്തിൽ താത്പര്യം തോന്നി കോളേജ് പഠനം ഉപേക്ഷിച്ച് വിശ്വകേരള കലാസമിതിയുടെ നാടക ട്രൂപ്പിലെത്തി നാടകാംഗമായി പ്രവർത്തിച്ചു. പിന്നീട് ചേർത്തല ജൂബിലി തീയേറ്റേഴ്സ് എന്ന പേരിൽ നാടക സമിതി രൂപീകരിച്ചു.
രഥം എന്ന നാടകം രചിച്ച് വേദിയിലഭിനയിച്ചു. നാടകത്തിലെ രാജൻ്റെ പ്രകടനം നേരിട്ട് കണ്ട എസ്.എൽ.പുരം സദാനന്ദൻ സൂര്യസോമയുടെ കാട്ടുകുതിര എന്ന നാടകത്തിലേക്ക് രാജനെ ക്ഷണിച്ചു. കാട്ടുകുതിരയിലെ കൊച്ചു ബാവയായി അരങ്ങിൽ എത്തിയതോടെ മലയാള നാടകവേദിയുടെ അനിഷേധ്യ താരമായി രാജൻ പി.ദേവ് വളർന്നു. പിന്നീട് കാട്ടുകുതിര സിനിമയാക്കിയപ്പോൾ ആ റോൾ തിലകനാണ് ചെയ്തത്. ഇതിൽ രാജൻ പി.ദേവ് ഏറെ നിരാശനായിരുന്നു.
ഈ കാലഘട്ടത്തിൽ തന്നെ സിനിമ രംഗത്തേക്ക് എത്തിയിരുന്നു. 1983-ൽ റിലീസായ എൻ്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയിലാണ് രാജൻ ആദ്യമായി അഭിനയിച്ചത്. രാജൻ പി.ദേവ് പ്രേക്ഷകമനസിൽ ഇടംനേടിയത് തിരക്കഥാകൃത്തായിരുന്ന ഡെന്നീസ് ജോസഫിൻ്റെ ഇന്ദ്രജാലം എന്ന സിനിമയിലെ പാലാക്കാരനായ മുംബൈ അധോലോകനേതാവ് കാർലോസ് എന്ന വില്ലൻ കഥാപാത്രമായാണ്.[4]
ഒരുപാട് മാനറിസങ്ങളുള്ള വില്ലനെ അന്വേഷിച്ച് നടന്ന ഡെന്നീസ് ജോസഫ് രാജൻ പി.ദേവിനെ കാണുകയും ഈ വേഷം നൽകുകയുമായിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1990-ൽ റിലീസായ ഇന്ദ്രജാലം എന്ന സിനിമയിലെ കാർലോസ് എന്ന വില്ലൻ്റെ കഥാപാത്രം അഭിനയിച്ച് പ്രശസ്തനായ രാജൻ പി.ദേവിന് ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിലും വേഷം കിട്ടി. അതോടെ ഒരേസമയം മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമായി രാജൻ പി.ദേവ് മാറി.
ഇന്ദ്രജാലത്തിലെ കാർലോസ് രാജൻ പി.ദേവിൻ്റെ അഭിനയ ജീവിതത്തിൽ വൻ വഴിത്തിരിവായി മാറി. പരുക്കൻ മുഖഭാവവും ശബ്ദവുമുള്ള ഒരു പ്രതിനായകനെ ഇന്ദ്രജാലത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിക്കുകയായിരുന്നു. അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ച വില്ലൻ വേഷങ്ങൾ വെറും വ���ല്ലൻ വേഷമാകാതെ അൽപ്പം നർമ്മ ബോധം കലർന്നവയായിരുന്നു.
ഒരു വില്ലനും ഇങ്ങനെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ടാകില്ല എന്ന് അദ്ദേഹത്തിൻ്റെ ഓരോ കഥാപാത്രങ്ങളും അടയാളപ്പെടുത്തുന്നു. ഏതു വേഷങ്ങളും ചെയ്യാനുള്ള അനായാസമായ അഭിനയശൈലിയാണ് രാജൻ പി.ദേവിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. മുഖം നിറയെ പുഞ്ചിരിയും ഡയലോഗുകളിൽ തമാശയുമായി വരുന്ന രാജൻ പി.ദേവ് എന്ന വില്ലനെ പ്രേക്ഷകർ ഇഷ്ടപ്പെടാനുള്ള ഒരു ഘടകം അദ്ദേഹത്തിൻ്റെ വില്ലൻ വേഷങ്ങളിലുള്ള നർമബോധമാണ്.
1995-ൽ രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയും വൻ വിജയമായി. ചേട്ടൻ ബാവയായി നരേന്ദ്രപ്രസാദും അനിയൻ ബാവയായി രാജൻ പി.ദേവും ഈ സിനിമയിൽ അഭിനയത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു.
1995-ലെ സ്ഫടികം, 2005-ലെ തൊമ്മനും മക്കളും, 2007-ലെ ഛോട്ടാ മുംബൈ എന്നീ സിനിമകളിലെ രാജൻ പി.ദേവിൻ്റെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ ചിത്��ങ്ങളുടെ വിജയത്തോടെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ രാജൻ പി.ദേവ് അഭിനയിച്ച് തുടങ്ങി.
ശങ്കർ സംവിധാനം ചെയ്ത് രാജൻ പി.ദേവ് അഭിനയിച്ച ജെൻറിൽമാൻ തമിഴിൽ വൻ വിജയമായി. മലയാളം കൂടാതെ മറ്റ് ഭാഷകളിൽ 50-ഓളം ചിത്രങ്ങളിൽ രാജൻ പി.ദേവ് അഭിനയിച്ചിട്ടുണ്ട്. വസന്തകാല പറെവെ എന്ന തമിഴ് ചിത്രത്തിലും ആദി എന്ന തെലുങ്ക് ചിത്രത്തിലും പ്രതിനായകൻ്റെ പുതിയ മുഖം നൽകാൻ കഴിഞ്ഞതോടെയാണ് അന്യഭാഷ ചിത്രങ്ങളിലും രാജൻ പി.ദേവ് ശ്രദ്ധേയനായത്.
തമ്പി കണ്ണന്താനത്തിൻ്റെ ഇന്ദ്രജാലത്തിലൂടെ രാജൻ പി.ദേവ് തൻ്റെതായ ഇരിപ്പിടം മലയാള സിനിമയിൽ ഉറപ്പിച്ചു. വില്ലനായും ഹാസ്യതാരമായും മലയാള സിനിമയ്ക്ക് ഓർത്തിരിക്കാനാവുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മലയാളത്തിൽ ഏകദേശം 200-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ക്രൂരനായ വില്ലനും സ്നേഹനിധിയായ അപ്പനും നിഷ്കളങ്കനായ ഹാസ്യതാരവും രാജൻ പി.ദേവിൻ്റെ കയ്യിൽ ഭദ്രമായിരുന്നു. മോഹൻലാലിനൊപ്പമുള്ള സ്ഫടികവും മമ്മൂട്ടിയുടെ അപ്പനായി അഭിനയിച്ച തൊമ്മനും മക്കളും രാജൻ പി.ദേവിൻ്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്. 2007-ൽ റിലീസായ ഛോട്ടാ മുംബൈ എന്ന സിനിമയിലെ പാമ്പ് ജോസ് എന്ന കഥാപാത്രവും മലയാളത്തിൽ വൻ ഹിറ്റായി മാറി.
അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ 1998-ൽ അച്ചാമ്മക്കുട്ടിയുടെ അച്ചായൻ എന്ന ചിത്രം സംവിധാനം ചെയ്തു. 2003-ൽ അച്ഛൻ്റെ കൊച്ചുമോൾ എന്ന രണ്ടാമത്തെ ചിത്രവും രാജൻ പി.ദേവിൻ്റെ സംവിധാനത്തിൽ റിലീസായി.
സ്വകാര്യ ജീവിതം
തിരുത്തുക- ഭാര്യ : ശാന്തമ്മ
- മക്കൾ :
- ആശ
- ജൂബിൾ രാജ്
- ഉണ്ണി രാജ്
മരണം
തിരുത്തുകഅവസാന നാളുകളിൽ പ്രമേഹവും കരൾ രോഗവുമടക്കം വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന രാജൻ തന്മൂലം പല തവണ ആശുപത്രിയിലാകുകയും ചെയ്തു. അമിതമായ മദ്യപാനമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യം തകർത്ത പ്രധാന ഘടകം. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായി. സിനിമ ഷൂട്ടിങ്ങിനും മറ്റും ക്യാമറ കാണാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടുക വരെ ചെയ്തിരുന്നു. 2009 ജൂലൈ 26-ന് രാവിലെ അങ്കമാലിയിലെ വീട്ടിൽ രക്തം ചർദ്ദിച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടനെ അടുത്തുള്ള ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്ക് കൊച്ചി ലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലൊന്നും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും കണ്ടില്ല. ഒടുവിൽ, ജൂലൈ 29-ന് രാവിലെ 6:30-ന് അദ്ദേഹം അന്തരിച്ചു. മൃതദേഹം പിറ്റേന്ന് രാവിലെ 11 മണിയോടെ കരുക്കുറ്റി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ സംസ്കരിച്ചു. [5].
അവലംബം
തിരുത്തുക- ↑ രാജൻ പി.ദേവ്, സ്മരാണഞ്ജലി
- ↑ വില്ലന്മാരുടെ പ്രതിഛായ മാറ്റിയ വില്ലൻ
- ↑ രാജൻ പി.ദേവ് ജീവിതരേഖ, അഭിനയിച്ച സിനിമകൾ
- ↑ രാജൻ പി.ദേവിനെ കണ്ടെത്തിയ ഡെന്നീസ് ജോസഫ്
- ↑ "രാജൻ.പി ദേവ് അന്തരിച്ചു". മാതൃഭൂമി. Archived from the original on 2009-08-01. Retrieved 2009-07-29.