മുഹമ്മദ് യൂനിസ് ഖാലിസ്
1980-കളിൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈന്യത്തിനെതിരെയും സോവിയറ്റ് പിന്തുണയോടെ കാബൂളിൽ അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേയും പോരാട്ടം നടത്തിയ ഒരു ഇസ്ലാമികപ്രതിരോധകക്ഷിയായ ഹിസ്ബ് ഇ ഇസ്ലാമിയുടെ നേതാവാണ് മൗലവി മുഹമ്മദ് യൂനിസ് ഖാലിസ് (ജീവിതകാലം:1919- July 19, 2006). 1992-ലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിനു ശേഷം, കിഴക്കൻ അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യ യൂനിസ് ഖാലിസിന്റെ സൈനികനിയന്ത്രണത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിനു ശേഷം നിലവിൽ വന്ന മുജാഹിദീനുകളുടെ ഇടക്കാല സർക്കാരിന്റെ ശുരയി ഖ്വിയാദി എന്ന നേതൃസമിതിയിലും യൂനിസ് ഖാലിസ് അംഗമായിരുന്നു
തുടക്കത്തിൽ ഗുൾബുദ്ദീൻ ഹെക്മത്യാറിന്റെ നേതൃത്വത്തിലുള്ള ഹിസ്ബ് ഇ ഇസ്ലാമി കക്ഷിയിൽ പ്രവർത്തിച്ചിരുന്ന യൂനിസ് ഖാലിസ്, ആ കക്ഷിയിൽ നിന്നും വിഘടിച്ച് സ്വന്തം കക്ഷിയുണ്ടാക്കുകയായിരുന്നു.
ജീവിതരേഖ
തിരുത്തുക1919-ൽ അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യയിൽ ഖോഗ്യാനി ജില്ലയിലാണ് മുഹമ്മദ് യൂനിസ് ഖാലിസ് ജനിച്ചത്. മുഹമ്മദ് ദാവൂദിന്റെ ഭരണകാലത്ത് മറ്റു പല ഇസ്ലാമികനേതാക്കളേയും പോലെ യൂനിസ് ഖാലിസും പാകിസ്താനിലെ പെഷവാറിലേക്ക് പലായനം ചെയ്തു. ഹെക്മത്യാറിന്റെ ഹിസ്ബ് ഇസ്ലാമിയിൽ ചേർന്നു. അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികാധിനിവേശത്തിനു ശേഷം ഹെക്മത്യാറുമായി വഴി പിരിഞ്ഞ യൂനിസ് ഖാലിസ്, 1979-ൽ സ്വന്തമായി കക്ഷിയുണ്ടാക്കി.പുതിയ കക്ഷിക്കും മാതൃകക്ഷിയുടെ അതേ പേര് തന്നെ നൽകുകയും ചെയ്തു. രണ്ടുകക്ഷികളേയും വേർതിരിച്ചറിയുന്നതിന് ഹിസ്ബി ഇസ്ലാമി (ഖാലിസ്) എന്നും ഹിസ്ബി ഇസ്ലാമി (ഗുൾബുദ്ദീൻ) എന്നിങ്ങനെയാണ് പരാമർശിക്കാറുള്ളത്. മാതൃകക്ഷിയെ അപേക്ഷിച്ച്, യൂനിസ് ഖാലിസിന്റെ കക്ഷിയിൽ അംഗബല കുറവായിരുന്നു എന്നു മാത്രമല്ല ഇതിന്റെ സ്വാധീനം പെഷവാർ-കാബൂൾ ഹൈവേയിലെ പഷ്തൂൺ ആവാസപ്രദേശങ്ങളിലും പാക്ത്യയിലും മാത്രമായി ഒതുങ്ങി. അതിന്റെ മാതൃസംഘടനയെപ്പോലെ അത്ര മൂല്യാധിഷ്ഠിത ആശയങ്ങളും യൂനിസ് ഖാലിസിന്റെ വിഭാഗത്തിനുണ്ടായിരുന്നില്ല.[1]
1988-ൽ ഐക്യരാഷ്ട്രസഭയിലേക്കും, അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് റെയ്ഗനുമായി സന്ധിക്കുന്നതിനുമായുള്ള അഫ്ഗാൻ മുജാഹിദീൻ നേതാക്കളുടെ സംയുക്തസംഘത്തെ നയിച്ചത് യൂനിസ് ഖാലിസ് ആയിരുന്നു.[2]
കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിനു ശേഷം മുജാഹിദീനുകളുടെ സർക്കാർ കാബൂളിൽ അധികാരത്തിലെത്തിയെങ്കിലും കാബൂളിലേക്ക് നീങ്ങാതെ യൂനിസ് ഖാലിസ് നംഗർഹാറിൽത്തന്നെ തുടർന്നു. 1996-ൽ താലിബാൻ നംഗർഹാർ നിയന്ത്രണത്തിലാക്കിയതോടെ മറ്റു പ്രധാന മുജാഹിദീൻ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി യൂനിസ് ഖാലിസ് താലിബാന് നിശ്ശബ്ദപിന്തുണനൽകി. താലിബാൻ ഭരണകാലത്ത് ഖാലിസ് പാകിസ്താനിൽ കഴിച്ചുകൂട്ടി. താലിബാന്റെ പരാജയത്തിനു ശേഷം യൂനിസ് ഖാലിസിന്റെ അനുയായികൾ ജലാലാബാദിൽ തങ്ങളുടെ സ്ഥാനം തിരി��്ചുപിടിച്ചു. 2001-ൽ ഒസാമ ബിൻ ലാദന് തോറാ ബോറയിൽ നിന്നും രക്ഷപ്പെടുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തത് യൂനിസ് ഖാലിസ് ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.[3]
2006 ജൂലൈ 19-ന് തന്റെ 87-ആം വയസ്സിൽ യൂനിസ് ഖാലിസ് മരണമടഞ്ഞു.[2]
അവലംബം
തിരുത്തുക- ↑ Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 315. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 2.0 2.1 "Leader of Afghan mujahideen dies", BBC.co.uk, Monday, 24 July 2006.
- ↑ Scehuer, Michael. "Marching Towards Hell", 2008
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Biography at www.khyber.org Archived 2006-09-27 at the Wayback Machine
- Khalis and the Moderate Parties - Library of Congress country studies