മാർഷനിസം
സിനോപ്പുകാരനായ മാർഷന്റെ പ്രബോധനങ്ങളെ ആശ്രയിച്ച് പൊതുവർഷം 144-നടുത്തെങ്ങോ രൂപപ്പെട്ട് ആദിമക്രിസ്തീയതയിൽ നിലവിലിരുന്ന ഒരു ദ്വന്ദവാദ വിശ്വാസവ്യവസ്ഥയാണ് മാർഷനിസം[1] യേശുവിനെ ദൈവം അയച്ച രക്ഷകനായും പൗലോസിനെ അപ്പസ്തോലന്മാരിൽ മുഖ്യനായും കണക്കാക്കിയ മാർഷൻ, എബ്രായ ബൈബിളിനേയും, ഇസ്രായേലിന്റെ ദൈവമായ യഹോവയേയും തള്ളിപ്പറഞ്ഞു. യഹൂദസങ്കല്പത്തിലെ ക്രൂദ്ധനായ ദൈവം, പുതിയനിയമത്തിലെ സ്നേഹസ്വരൂപനായ ദൈവപിതാവിൽ നിന്നു വ്യതിരിക്തനായ അധമശക്തിയാണെന്ന് മാർഷൻ പഠിപ്പിച്ചു.
മാർഷനിസവും ജ്ഞാനവാദവും
തിരുത്തുകമാർഷന്റെ പ്രബോധനം ഒരുവിധത്തിൽ ക്രിസ്തീയജ്ഞാനവാദികളുടെ ദൈവവിജ്ഞാനീയത്തിനു സമാനമായിരുന്നു; ജ്ഞാനവാദത്തെപ്പോലെ മാർഷനിസവും വിപരീതസ്വഭാവമുള്ള രണ്ടു ദൈവികശക്തികളുടെ മുഖാമുഖം സങ്കല്പിക്കുന്ന ദ്വന്ദവാദമായിരുന്നു: ആ ശക്തികളിലൊന്ന് ഉദാത്തവും ആത്മീയവുമായ നന്മയായിരിക്കുമ്പോൾ ഇതരശക്തി അധമവും ഭൗതികവും ആയ തിന്മ ആകുന്നു. തിന്മയ്ക്ക് വ്യതിരിക്തമായ സ്വതന്ത്രാസ്തിത്വമില്ലെന്നും നന്മയുടെ കുറവോ അഭാവമോ മാത്രമാണ് അതെന്നുമുള്ള മുഖ്യധാരക്രിസ്തീയതയുടേയും മൈമോനിഡിസിനെപ്പോലുള്ള യഹൂദചിന്തകന്മാരുടേയും നിലപാടിനു വിരുദ്ധമായിരുന്നു ഈ സങ്കല്പം.[2][3][4] ജ്ഞാനവാദവുമായുള്ള സമാനതകൾ പരിഗണിച്ച് മാർഷനിസത്തെ ജ്ഞാനവാദം തന്നെയായി പരിഗണിക്കുന്നവരുണ്ട്. എന്നാൽ മാർഷൻ ജ്ഞാനവാദി ആയിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായസമന്വയമില്ല. മാർഷന്റെ സ്വന്തം രചനകളൊന്നും ലഭ്യമല്ല. എതിരാളികളുടെ വിമർശനങ്ങളിൽ തെളിഞ്ഞുവരുന്ന ചിത്രം വിശ്വസിക്കാമെങ്കിൽ, മാർഷനിസം ജ്ഞാനവാദത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. [5]
ദ്വന്ദവാദം
തിരുത്തുകസ്വർഗ്ഗപിതാവായ ദൈവം അയച്ച രക്ഷകനാണ് യേശുക്രിസ്തുവെന്നും അദ്ദേഹത്തിന്റെ പ്രധാന അപ്പസ്തോലനായിരുന്നു പൗലോസെന്നും മാർഷൻ കരുതി. ക്രിസ്തുമതം, യഹൂദമതത്തിൽ നിന്ന് ഭിന്നവും അതിന് വിരുദ്ധവും ആണെന്നും അദ്ദേഹം വാദിച്ചു. അന്ന് ശൈശവാവസ്ഥയിലായിരുന്ന ക്രിസ്തുമതം, യഹൂദമതത്തിൽ നിന്ന് വ്യതിരിക്തമായ മതം എന്ന നിലയിൽ അതിന്റെ അസ്തിത്വം ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നത് പരിഗണിക്കുമ്പോൾ, വിപ്ലവാത്മകമായ ഒരു നിലപാടായിരുന്നു അത്. എബ്രായ ബൈബിളിനെ ഒന്നായി തിരസ്കരിച്ച മാർഷൻ, അതിലേയും ക്രിസ്തുമതത്തിലേയും ദൈവങ്ങൾ രണ്ടാണെന്നും കരുതി: ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ച പഴയനിയമത്തിലെ യഹോവയും, യേശുവിലൂടെ അവതരിച്ച പുതിയനിയമത്തിലെ സ്വർഗ്ഗസ്ഥനായ പിതാവുമാണ് ആ ദൈവങ്ങൾ. ലോകത്തെ സൃഷ്ടിക്കുകയും, "കണ്ണിനു പകരം കണ്ണ്" എന്ന പ്രാകൃതനീതിയിൽ അധിഷ്ഠിതമായ മോശയുടെ നിയമം പിന്തുടരുകയും ചെയ്യുന്ന യഹോവ, "ഡെമിയർജ്" എന്നു വിളിക്കാവുന്ന തരംതാണ ദൈവമാണ്. യേശു വ്യത്യസ്തനായ മറ്റൊരു ദൈവത്തിന്റെ ജീവിക്കുന്ന അവതാരമാണ്: ചിലപ്പോൾ സ്വർഗ്ഗീയ പിതാവെന്ന് വിളിക്കപ്പെടുന്ന, കരുണയുടേയും സ്നേഹത്തിന്റേയും ഒരു പുതിയ ദൈവം. ഈ രണ്ടു ദൈവങ്ങളുടേയും വ്യക്തിത്വങ്ങൾ വ്യതിരിക്തമാണ്: അല്പനും, ക്രൂരനും, അസൂയാലുവും, യഹൂദരുടെ മാത്രം ഉയർച്ചയിൽ താത്പര്യമുള്ളവനുമായ ഒരു ഗോത്രദൈവവുമാണ് യഹോവ; മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം സ്നേഹിക്കുന്ന സാർവത്രികദൈവമായ സ്വർഗ്ഗീയപിതാവാകട്ടെ, തന്റെ മക്കളെ ദയാവാത്സല്യങ്ങളോടെ വീക്ഷിക്കുന്നു. ഈ ദ്വന്ദസങ്കല്പം, പഴയനിയമവും, യേശുവിന്റെ ജീവിതത്തേയും ദൗത്യത്തേയും സംബന്ധിച്ച കഥകളും തമ്മിലുള്ള വൈരുദ്ധ്യത്തെ വിശദീകരിക്കാൻ മാർഷനെ സഹായിച്ചു.
യഹോവയെ മാർഷൻ നിയമവ്യഗ്രനായ ഒരു ദൈവമായി കണ്ടു. ലോകത്തെയും മനുഷ്യരാശിയേയും സൃഷ്ടിച്ചു കഴിഞ്ഞ്, മനുഷ്യരെ ആ ദൈവം അവരുടെ പാപങ്ങളുടെ പേരിൽ വെറുത്തു. പാപികളായ മനുഷ്യർക്ക് സഹനവും മരണവും വിധിച്ചുകൊടുക്കുന്നതിൽ അവൻ കണ്ടത് നീതി മാത്രമാണ്. നിയമത്തിന്റെ മാത്രം ദൃഷ്ടിയിൽ നോക്കുമ്പോൾ, ഇത് ശരിയായ നടപടിയായിരുന്നു. എന്നാൽ, തന്റെ പുത്രൻ യേശു വഴി സ്വയം മനുഷ്യർക്ക് വെളിപ്പെടുത്തിയ സ്വർഗ്ഗീയപിതാവിന്റെ പ്രവർത്തികൾ നിയമത്തിലെന്നതിനു പകരം ദയയിലൂന്നിയവയായിരുന്നു. രോഗശാന്തികളും അത്ഭുതപ്രവർത്തികളും വഴി ആ ദൈവം തന്റെ കരുണ പ്രകടിപ്പിച്ചു. ഒടുവിൽ അദ്ദേഹം തന്റെ പുത്രനിലൂടെ തന്നെത്തന്നെ കുരിശിൽ ബലിയായി നൽകി. യേശുവിലൂടെ സ്വയം ബലിയായി നൽകുക വഴി, സ്വർഗ്ഗീയ പിതാവ്, മനുഷ്യരാശിയ്ക്ക് പഴയ ദൈവത്തിനോടുണ്ടായിരുന്ന കടപ്പാട് വീട്ടുകയായിരുന്നു. ഈ ബലി, മനുഷ്യവംശത്തിന്റെ പാപക്കറ തുടച്ചു നീക്കി അവരെ നിത്യജീവിതത്തിന് അവകാശികളാക്കി.
മാർഷന്റെ ബൈബിൾ
തിരുത്തുകമാർഷൻ നിർദ്ദേശിച്ച വിശുദ്ധഗ്രന്ഥസംഹിതയിൽ (Canon) ഉണ്ടായിരുന്നത് പൗലോസിന്റെ പത്തു ലേഖനങ്ങളും "മാർഷന്റെ സുവിശേഷം" എന്നറിയപ്പെട്ട ഒരു ഗ്രന്ഥവുമാണ്.[6] എബ്രായ ബൈബിൾ ഒന്നടങ്കം മാർഷൻ തള്ളിക്കളഞ്ഞു. കൂടാതെ പിൽക്കാലത്ത് പുതിയനിയമത്തിന്റെ ഭാഗമായി മാറിയ ഇതരഗ്രന്ഥങ്ങളും മാർഷന്റെ സംഹിതയ്ക്ക് പുറത്തുനിന്നു. പൗലോസ് അപ്പസ്തോലനെ 'സത്യവിശ്വാസത്തിന്റെ' ആശ്രയിക്കാവുന്ന ഉറവിടമായി കണക്കാക്കിയ മാർഷൻ, യഹൂദസിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു വിശ്വാസസംഹിതയ്ക്ക് രൂപം കൊടുത്തു. ക്രിസ്തു കൊണ്ടുവന്ന രക്ഷയുടെ സന്ദേശം മനസ്സിലാക്കിയ ഒരേയൊരു അപ്പസ്തോലൻ പൗലോസായിരുന്നെന്ന് മാർഷൻ കരുതി.[7]
തിരസ്കാരം
തിരുത്തുകവ്യവസ്ഥാപിതസഭ മാർഷനിസത്തെ പാഷണ്ഡതയായി കണക്കാക്കി തള്ളിക്കളഞ്ഞു. രണ്ടാം നൂറ്റാണ്ടിലും തുടർന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, റോം കേന്ദ്രമാക്കി വളർന്നുവന്ന ക്രിസ്തീയമുഖ്യധാരയ്ക്ക് മാർഷനിസം കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ ത്രിത്വാധിഷ്ഠിതവിശ്വാസമായി പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാതിരുന്ന മാർഷനിസത്തെ, ആദ്യകാലസഭാപിതാക്കൾ നിശിതമായി വിമർശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് ക്രിസ്തുമതത്തിൽ മുന്നിട്ടുനിൽക്കുന്നത്. ആദിമക്രിസ്തീയതയിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളിൽ" ഒരാളായ മാർഷൻ, വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ എല്ലാ ശാഖകൾകൾക്കും അസ്വീകാര്യനായിത്തീർന്നു. ആദ്യകാലസഭാ പിതാക്കളിൽ ഒരാളായിരുന്ന സ്മിർനായിലെ പോളിക്കാർപ്പ് മാർഷനെ, "സാത്താന്റെ ആദ്യജാതന്"(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. [8]
അവലംബം
തിരുത്തുക- ↑ "മാർഷനു മറുപടി" എന്ന തെർത്തുല്യന്റെ കൃതിയിലെ, "കുരിശുമരണത്തിന് 115 വർഷവും 6 മാസവും ശേഷം" എന്ന കാലഗണനയെ ആശ്രയിച്ച്
- ↑ തോമസ് അക്വിനാസ്, സുമ്മാ തിയോളജിയേ Prima Pars, Q. 14 A. 10; Q. 49 A. 3.
- ↑ വ്യാജ ദിയൊനുസ്യോസ്, ദൈവനാമങ്ങളെക്കുറിച്ച്, 4; iv. 31
- ↑ മൈമോനിഡിസ്, സന്ദേഹികൾക്കു വഴികാട്ടി 3,10
- ↑ ബ്രിട്ടാനിക്കാ വിജ്ഞാനകോശം: മാർഷൻ Archived 2012-02-06 at the Wayback Machine.: "മാർഷന്റെ തന്നെ വീക്ഷണമനുസരിച്ച്, ക്രിസ്തുവിന്റേയും പൗലോസിന്റേയും സുവിശേഷങ്ങളെ ആധാരമാക്കിയുള്ള ക്രിസ്തുമതത്തിന്റെ നവീകരണമായിരുന്നു അദ്ദേഹം സ്ഥാപിച്ച സഭയുടെ ലക്ഷ്യം; അവയ്ക്കപ്പുറം മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. മാർഷനെ ജ്ഞാനവാദിയായി കരുതുന്നത് തെറ്റായിരിക്കുമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അദ്ദേഹം തീർച്ചയായും ഒരു ദ്വന്ദവാദി ആയിരുന്നു. എന്നാൽ ജ്ഞാനവാദി ആയിരുന്നില്ല."
- ↑ [1], കേസറിയായിലെ യൂസീബിയസ്, സഭാചരിത്രം; ചില മാറ്റങ്ങളോടെ, ലൂക്കായുടെ സുവിശേഷം തന്നെയാണ് മാർഷന്റെ സുവിശേഷമായതെന്ന് കരുതപ്പെടുന്നു; ��േവിഡ് സാൾട്ടർ വില്യംസ്, "മാർഷന്റെ സുവിശേഷത്തിന്റെ പുനർസൃഷ്ടി", ബൈബിൾ സാഹിത്യ പത്രിക 108 (1989), പുറം. 477-96.
- ↑ ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ 1911-ലെ പതിപ്പ് മാർഷനെ സംബന്ധിച്ച ലേഖനം Archived 2012-02-06 at the Wayback Machine.
- ↑ ഐറേനിയസ്, പാഷണ്ഡികൾക്കെതിരെ, III.3.4.).