ബഹാദൂർഷാ സഫർ
ഇന്ത്യയിലെ അവസാനത്തെ മുഗൾ രാജാവായിരുന്നു ബഹദൂർഷാ സഫർ എന്നറിയപ്പെടുന്ന മിർസ അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹദൂർ ഷാ സഫർ (ഉർദ്ദു: ابو ظفر سِراجُ الْدین محمد بُہادر شاہ ظفر,) ബഹദൂർഷാ രണ്ടാമൻ എന്നും അറിയപ്പെടുന്നു. (ജീവിതകാലം: 1775 ഒക്ടോബർ 24 - 1862 നവംബർ 7). സഫർ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്. വിജയം എന്നാണ് ഈ പദത്തിനർത്ഥം.[2] അക്ബർ ഷാ രണ്ടാമന് തന്റെ ഭാര്യയായ ലാൽബായിൽ ജനിച്ച മൂത്ത പുത്രനായിരുന്നു ഇദ്ദേഹം. തന്റെ പിതാവിന്റെ മരണശേഷം 1837 സെപ്റ്റംബർ 28-ന് ബഹദൂർഷാ മുഗൾചക്രവർത്തിയായി. കവിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ ഗസലുകൾ പ്രശസ്തങ്ങളാണ്. അവസാനത്തെ മുഗൾ രാജാവ‌്. 1857ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നായകരിലൊരാൾ. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന‌് റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട ചക്രവർത്തി. മൂന്നു നൂറ്റാണ്ടിലേറെക്കാലത്തെ മുഗൾഭരണത്തിന്റെ അസ‌്തമയം ബഹദൂർഷാ സഫറിലൂടെയാണ‌്.
അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹാദുർ ഷാ ابو ظفر سِراجُ الْدین محمد بُہادر شاہ ظفر | |
---|---|
മുഗൾ ചക്രവർത്തി | |
ഭരണകാലം | സെപ്റ്റംബർ 28, 1837 – സെപ്റ്റംബർ 14, 1857 |
അടക്കം ചെയ്തത് | ബഹദൂർ ഷാ, റങ്കൂൺ, ബർമ്മ, നവംബർ 7, 1862 |
മുൻഗാമി | അക്ബർ ഷാ രണ്ടാമൻ |
പിൻഗാമി | മുഗൾ രാജവംശം അവസാനിച്ചു |
രാജ്ഞി | ബീഗം സീനത്ത് മഹൽ |
ഭാര്യമാർ | |
രാജവംശം | മുഗൾ സാമ്രാജ്യം |
പിതാവ് | അക്ബർ ഷാ രണ്ടാമൻ |
മാതാവ് | ലാൽബായ് |
മക്കൾ | കുറഞ്ഞത് 47 പേർ (16 ആണും 31 പെണ്ണും)[1] മിർസ മുഗൾ മിർസ ഖിസർ സുൽത്താൻ ജംഷാദ് ബക്ത് മിർസ ഖ്വായിഷ് മിർസ ഫഖ്രു മിർസ ജവാൻ ബഖ്ത് മിർസ ഷാ അബ്ബാസ് പെണ്മക്കൾ (കൃത്യമായ എണ്ണം അറിയില്ല) റാബയ ബീഗം ബീഗം ഫാത്തിമ സുൽത്താൻ രോനക് സമാനി ബീഗം (Poss. Grand Daughter) കുൽസും സമാനി ബീഗം |
കവി, ഗസൽ രചയിതാവ് എന്നതിനുപുറമേ ഒരു കാലിഗ്രാഫറും സൂഫിയും ദൈവശാസ്ത്രജ്ഞനും ചിത്രമെഴുത്തുകാരുടെയും ശിൽപ്പികളുടെയും പ്രോത്സാഹകനും, പൂന്തോട്ടങ്ങളുണ്ടാക്കുന്നതിൽ തൽപ്പരനും, ഒരു വാസ്തുശിൽപിയുമായിരുന്നു ബഹദൂർഷാ.
ബ്രിട്ടീഷുകാർക്കെതിരെയുള്ള 1857-ലെ ലഹളസമയത്ത് ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയിൽ ലഹളക്കാർ കണക്കാക്കിയിരുന്നത്. ലഹളയെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമർത്തിയതിനെത്തുടർന്ന് ബഹദൂർഷാ സഫറിനെ മ്യാൻമറിലേക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ പുത്രന്മാരെ വെടിവച്ചു കൊല്ലുകയും ചെയ്തു[3].
ചക്രവർത്തി സ്ഥാനത്ത്
തിരുത്തുകസാമ്രാജ്യത്തിന്റെ അധീനപ്രദേശങ്ങൾ മക്കൾക്ക് പങ്കുവച്ചുകൊടുക്കുകയോ ചക്രവർത്തിക്ക് ഇഷ്ടപ്പെട്ട പുത്രനെ പിൻഗാമിയാക്കുകയോ ചെയ്യുക എന്ന രീതിയാണ് മുഗളർ കാലാകാലങ്ങളായി പിന്തുടർന്നുപോന്നിരുന്നത്. ബ്രിട്ടീഷ് സ്വാധീനം ആരംഭിച്ചതോടെ മൂത്ത പുത്രന് അധികാരം കൈമാറുന്ന വ്യവസ്ഥ അവർ അടിച്ചേൽപ്പിച്ചു. സഫർ ചക്രവർത്തിയാകുന്നതിനോട് അദ്ദേഹത്തിന്റെ പിതാവായ അക്ബർഷാ രണ്ടാമന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പകരം സഫറിന്റെ അനുജനായ മിർസ ജഹാംഗീറിനെ രാജാവാക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. സഫറിനെ ചക്രവർത്തിയാക്കാതിരിക്കാൻ അദ്ദേഹം പരിശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാർ അതിനെ വിലവച്ചിരുന്നില്ല.[4] അങ്ങനെ പിതാവിന് താൽപര്യമില്ലാതിരുന്നിട്ടും ബ്രിട്ടീഷുകാരുടെ പിന്തുണയിലാണ് സഫർ ചക്രവർത്തിസ്ഥാനത്തേക്കുയർന്നത്. അക്ബർഷാ, റാം മോഹൻ റോയെ ഇംഗ്ലണ്ടിലേക്കയച്ചത് തന്റെ ഭാവിസ്ഥാനത്തിന് കോട്ടമുണ്ടാക്കുമെന്ന് സഫർ ഭയന്നിരുന്നു.[4]
അക്ബർ ഷാ രണ്ടാമന്റെ മരണത്തെത്തുടർന്ന് 1837 സെപ്റ്റംബർ 28-ന് ചക്രവർത്തിയായി. ഈ സമയത്ത് അദ്ദേഹം 63 വയസിനോടടുക്കുകയായിരുന്നു. മുഗളരുടെ രാഷ്ട്രീയപ്രാധാന്യത്തെ തിരിച്ചുകൊണ്ടുവരാൻ ഒട്ടും സാദ്ധ്യത ഇക്കാലത്തുണ്ടായിരുന്നില്ലെങ്കിലും സാഹിത്യരംഗത്തെ മികച്ച വ്യക്തിത്വങ്ങൾ ഉൾപ്പെട്ട ഒരു മികച്ച രാജസഭയുണ്ടാക്കാൻ സഫറിനായി.[2]
സഫറിന്റെ കാലയളവിൽ മുഗൾ ചക്രവർത്തിയുടെ അധികാരങ്ങൾ ബ്രിട്ടീഷുകാർ പതുക്കെപ്പതുക്കെ കവർന്നെടുത്തുകൊണ്ടിരിക്കുകയായിരുന്നു. സഫറിന്റെ പിതാവിന്റെ അവസാനകാലത്തുതന്നെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയിരുന്ന നാണയങ്ങളിൽനിന്ന് ചക്രവർത്തിയുടെ പേരൊഴിവാക്കി. ദില്ലിയുടെ നിയന്ത്രണം മുഴുവൻ കമ്പനി നേരിട്ടേറ്റെടുത്തു. മുഗൾ ചക്രവർത്തിയുടെ അധികാരം ചെങ്കോട്ടക്കുള്ളിൽ പരിമിതമായി. തീരുമാനങ്ങൾക്കെല്ലാം ചക്രവർത്തിക്ക് ബ്രിട്ടീഷ് റെസിഡന്റിന്റെ അനുമതി വാങ്ങേണ്ട സ്ഥിതിയായി.[2] റെസിഡന്റിന്റെ നിയന്ത്രണങ്ങൾ കാലംചെല്ലുന്തോറും കൂടിക്കൂടിവന്നു. ഇക്കാലത്തെ റെസിഡന്റായിരുന്ന തോമസ് മെറ്റ്കാഫ്, സഫറിനോട് സുഹൃദ്ബന്ധത്തിലായിരുന്നെങ്കിലും സഫറിന്റെ ദൈനംദിനപരിപാടികളിലെല്ലാം കർശനനിയന്ത്രണം ഏർപ്പെടുത്തി ചക്രവർത്തിക്ക് ജനസമ്മതി വർദ്ധിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊണ്ടുപോന്നു. ഡെൽഹിക്ക് പുറത്തുനിന്നുള്ള ഒരു പ്രഭുവിനും റെസിഡന്റിന്റെ അനുമതിയില്ലാതെ ചെങ്കോട്ടക്കകത്ത് കടക്കാൻ അനുവാദമുണ്ടായിരുന്നില്ല. തന്റെ സ്വന്തം ഭൂമി പാട്ടത്തിന് കൊടുക്കാൻ പോലും ബ്രിട്ടീഷുകാരിൽനിന്ന് സഫറിന് അനുവാദം വാങ്ങണമായിരുന്നു. റെസിഡന്റിന്റെ അനുമതിയില്ലാതെ, എന്തെങ്കിലും സമ്മാനങ്ങൾ ഏതെങ്കിലും പ്രഭുക്കൻമാർക്കോ തന്റെ കുടുംബാംഗങ്ങൾക്ക് പോലുമോ നൽകാനുള്ള അനുവാദവും സഫറിനുണ്ടായിരുന്നില്ല. ഇങ്ങനെ ചെയ്തവ പിന്നീട് റെസിഡന്റ് അറിഞ്ഞതിനുശേഷം അത് തിരിച്ചുവാങ്ങേണ്ട സാഹചര്യം പോലും ഉണ്ടായിട്ടു���്ട്.[5] കാലക്രമേണ മുഗളരെ ചെങ്കോട്ടയിൽനിന്നുതന്നെ പുറത്താക്കാനുള്ള നീക്കങ്ങളായിരുന്നു ബ്രിട്ടീഷുകാർ കൈക്കൊണ്ടിരുന്നത്.[2] ഹിന്ദുസ്ഥാനിലെ നാട്ടുകാർ മുഴുവൻ സഫറിനെ ബാദ്ശാ അഥവാ ചക്രവർത്തി എന്നാണ് പരാമർശിച്ചിരുന്നതെങ്കിലും ബ്രിട്ടീഷുകാർക്കിടയിൽ അദ്ദേഹം ഡെൽഹിയിലെ രാജാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.[6]
തന്റെ സ്ഥിതിയെക്കുറിച്ച് ദുഃഖിതനായിരുന്ന സഫർ, മുഗൾ ഭരണാധികാരികൾ യൂറോപ്യൻമാരുടെ തടവറയിലാണ് എന്ന് എഴുതിയിട്ടുണ്ടെങ്കിലും,[7] രാഷ്ട്രീയപ്രശ്നങ്ങളിലൊന്നും കാര്യമായി ഇടപെടാതെ സാഹിത്യ-ആത്മീയരംഗങ്ങളിലായിരുന്നു മുഗൾ സഭ വ്യാപൃതമായിരുന്നത്.[2] അധികാരമൊന്നുമില്ലാതിരുന്നെങ്കിലും മതപരമായ ഖലീഫ എന്ന സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. പൊതുവേ ദില്ലിനിവാസികളെല്ലാം അദ്ദേഹത്തെ രാജാവായി അംഗീകരിക്കുകയും ചെയ്തിരുന്നു.[8] ദില്ലിയിലെ മുസ്ലീംപള്ളികളിലെ പ്രാർത്ഥനകളിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.
സഫറിന്റെ മിക്ക അവകാശങ്ങളും ബ്രിട്ടീഷുകാർ കവർന്നെടുത്തിരുന്നെങ്കിലും ഘോഷയാത്രകൾ നടത്താനുള്ള അവകാശം ബാക്കിയുണ്ടായിരുന്നു. സൂഫി ആശ്രമങ്ങൾ, മെഹ്രോളിയിലെ വേനക്കാലകൊട്ടാരം എന്നിങ്ങനെ വിവിധയിടങ്ങളിലേക്ക് ഘോഷയാത്രകൾ നടത്തി സഫർ ഈ അവകാശം മുതലാക്കി. അന്ത്യസ്ഥിതിയിലായ മുഗൾ രാജകുടുംബത്തിന് തങ്ങളുടെ സ്ഥാനം പ്രദർശിപ്പിക്കാനുള്ള ഏകമാർഗ്ഗമായിരുന്നു ഈ ഘോഷയാത്രകൾ.[9]
ജീവിതരീതി
തിരുത്തുകബ്രിട്ടീഷുകാർ വളരെ പരുഷമായാണ് സഫറിനോട് പെരുമാറിയിരുന്നതെങ്കിലും സഫർ ഒരു നിർദ്ദോഷിയും ദയാലുവുമായ വയസനായിരുന്നു എന്നാണ് ബ്രിട്ടീഷുകാരുടെ റിപ്പോർട്ടുകളിൽപ്പറയുന്നത്. പൂന്തോട്ടത്തിൽ നടക്കുക, നായാട്ട്, കവിസമ്മേളനം നടത്തുക, വൈകുന്നേരങ്ങളിൽ നിലാവ് ആസ്വദിക്കുക, പാട്ടുകൾ കേൾക്കുക, മാങ്ങയും ധാരാളം മസാല ചേർന്ന ഭക്ഷണവും കഴിക്കൽ, പട്ടം പറത്തൽ, മീൻപിടുത്തം, ചതുരംഗം തുടങ്ങിയവായായിരുന്നു അദ്ദേഹത്തിന്റെ വിനോദങ്ങൾ.[10][11][12][13] വയസ് എഴുപതുകളുടെ അവസാനമായപ്പോൾപ്പോലും അദ്ദേഹം നായാട്ടിന് പോകുമായിരുന്നു.[14] അതുപോലെ അദ്ദേഹം കുതിരയോടിക്കുന്നതിലും ആയുധങ്ങളുപയോഗിക്കുന്നതിലും നിപുണനായിരുന്നു.[15] .[10].[16] മുഗൾ സഭയെ അത്ര ബഹുമാനമില്ലാത്ത ബ്രിട്ടീഷുകാർക്കുപോലും സഫറിനോട് വ്യക്തിപരമായ ബഹുമാനം പുലർത്തിയിരുന്നു.[15]
ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ ഭരണാധികാരികൾ ബ്രിട്ടീഷ് സ്വാധീനം മൂലം അവരുടെ ജീവിതരീതികളും വസ്ത്രധാരണരീതികളും വാസ്തുകലാശൈലികളും പരിഷ്കരിച്ചപ്പോൾ ഡെൽഹിയിൽ സഫറടക്കമുള്ള പിൽക്കാല മുഗൾ ചക്രവർത്തിമാർ മുഗൾ തനിമ നിലനിർത്തി. സഫർ പണിതീർത്ത വേനൽക്കാലവസതിയായ സഫർ മഹലിലെ പുതിയ കവാടം, ചെങ്കോട്ടയിലെ ഹയാത് ബക്ഷ് പൂന്തോട്ടത്തിനു നടുവിലുള്ള സഫർ മഹൽ എന്നറിയപ്പെടുന്ന വെള്ളത്തിനു നടുവിലുള്ള മണ്ഡപം എന്നിവയെല്ലാം ഷാജഹാന്റെ കാലത്തെ മുഗൾ ശൈലിയിൽത്തന്നെയാണ് തീർത്തത്. ദില്ലി നഗരത്തിലെ മറ്റു കെട്ടിടങ്ങളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല.[17]
കുടുംബാംഗങ്ങൾ
തിരുത്തുകസഫറിന് നിരവധി ഭാര്യമാരുണ്ടായിരുന്നു. ഇതിനു പുറമേ അനേകം വെപ്പാട്ടിമാരും ചെങ്കോട്ടയിലെ അന്തഃപുരത്തിലുണ്ടായിരുന്നു. സഫർ അദ്ദേഹത്തിന്റെ എൺപതുകളിൽപ്പോലും സ്ത്രീകളുമായി കിടപ്പറ പങ്കിട്ടിരുന്നു. അദ്ദേഹത്തിന് കുറഞ്ഞത് 16 ആൺമക്കളും 31 പെൺമക്കളുമെങ്കിലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ എറ്റവും ഇളയ പുത്രനായിരുന്ന മിർസ ഷാ അബ്ബാസ് 1845-ൽ അതായത് അദ്ദേഹത്തിന് 70 വയസുള്ളപ്പോഴാണ് ഗർഭം ധരിക്കപ്പെട്ടത്.[1]
താജ് മഹൽ, സീനത്ത് മഹൽ എന്നിവർ സഫറിന്റെ ഭാര്യമാരിൽ പ്രധാനപ്പെട്ടവരാണ്. സഫറിന്റെ പ്രിയപത്നിസ്ഥാനത്തിനായി ഇരുവരും പോരടിച്ചിരുന്നു. സഫറിന്റെ കിരീടധാരണസമയത്ത് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യയായിരുന്നു താജ് മഹൽ. എന്നാൽ 1840-ൽ സീനത്ത് മഹലിനെ സഫർ വിവാഹം കഴിച്ചതോടെ ആ സ്ഥാനം സീനത്തിനായി. അവിഹിതബന്ധമാരോപിച്ച് 1857-ൽ താജിനെ തടവിലാക്കാൻ വരെ സീനത്തിനായി.[1] സീനത്ത് മഹലിന്റെ സ്വാധീനം മൂലം, അവരുടെ പുത്രനായ മിർസ ജവാൻ ബഖ്തിനെയാണ് സഫർ തന്റെ പിൻഗാമിയായി കണ്ടുവച്ചിരുന്നത്.
സഫറിന്റെ മുതിർന്ന രാജകുമാരൻമാരുടെ ജീവിതം സുഖലോലുപമായിരുന്നു. അവർക്കിഷ്ടപ്പെട്ട രീതിയിൽ ജീവിക്കാനുള്ള അവകാശവും സാഹചര്യവും അവർക്കുണ്ടായിരുന്നു. എന്നാൽ മറ്റു രാജകുമാരൻമാർക്കും രാജകുമാരിമാർക്കും ഈ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ചക്രവർത്തിയുടെയും മുൻചക്രവർമാരുടെയും പേരക്കുട്ടിപരമ്പരകളുടെ കാര്യം ഏറെ വ്യത്യസ്തമായിരുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിനു പേർ ചെങ്കോട്ടയിലുണ്ടായിരുന്നു. സലാത്തിൻ എന്നായിരുന്നു ഇത്തരക്കാർ അറിയപ്പെട്ടിരുന്നത്. ഇവരിൽ ഭൂരിഭാഗവും കൊട്ടാരത്തിൽ ദരിദ്രരായി കഴിഞ്ഞു. നാണക്കേട് മൂലം, ഇവരെ കോട്ടക്ക് വെളിയിലിറങ്ങാൻ അനുവദിക്കുകയുമില്ലായിരുന്നു. ആരും എത്തിനോക്കാതിരിക്കാനായി, കൊട്ടാരത്തിലെ സലാത്തിനുകളുടെ വാസസ്ഥലത്തിന് ഒരു ഉയരമുള്ള മതിലുമുണ്ടാക്കിയിരുന്നു. ഇവിടെയുള്ള നിരവധി കുടിലുകളിലാണ് ഇവർ വസിച്ചിരുന്നത്. സഫറടക്കമുള്ള കൊട്ടാരത്തിലെ പ്രധാനികൾ ഇവരോട് യാതൊരു അനുകമ്പയും കാണിച്ചിരുന്നില്ല. കൊട്ടാരത്തിലെ പ്രശ്നങ്ങൾക്കും കളവിനും മറ്റു ഇവരാണ് ഉത്തരവാദികൾ എന്ന ആരോപണവുമുണ്ടായിരുന്നു. തങ്ങൾ നേരിടുന്ന കടുത്ത അനീതിയും ദാരിദ്ര്യവും രാജാവിന്റെയും അദ്ദേഹത്തിന്റെ ഇഷ്ടക്കാരുടെയും അവഗണനയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സഫറിന്റെ അധികാരകാലത്ത് ഡെൽഹിയിലെ ബ്രിട്ടീഷ് റെസിഡന്റിനും വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ലെഫ്റ്റനന്റ് ഗവർണർക്കും സലാത്തിനുകൾ കൂട്ടഹർജികൾ നൽകിയിട്ടുണ്ട്.[16]
പിൻഗാമി
തിരുത്തുകതന്റെ പിൻഗാമിയെ നിശ്ചയിക്കുക എന്ന പ്രശ്നം സഫർ അഭിമുഖീകരിക്കാൻ തുടങ്ങിയത് 1849-ൽ അദ്ദേഹത്തിന്റെ ജീവിച്ചിരുന്നതിൽ മൂത്ത മകനായിരുന്ന മിർസ ദാരാ ബഖ്ത് ഒരു പനിവന്ന് മരിച്ചതിനെത്തുടർന്നാണ്. ബാക്കി മക്കളിൽ മൂത്തവനായ മിർസ ഫഖ്രു പിൻഗാമിയാകുമെന്നാണ് ബ്രിട്ടീഷുകാരടക്കമുള്ളവർ കരുതിയിരുന്നത്. എന്നാൽ സീനത്ത് മഹലിന്റെ സ്വാധീനം മൂലം അവരുടെ പുത്രനായ മിർസ ജവാൻ ബഖ്തിനെ പിൻഗാമിയാക്കാൻ സഫർ ശ്രമം നടത്തി. ജവാൻ ബഖ്തിന് അന്ന് 8 വയസു മാത്രമേ പ്രായമുണ്ടായിരുന്നു. തന്റെ നിയമപ്രകാരമുള്ള ഏകഭാര്യയിൽ നിന്നുള്ള മകനാണ് ജവാൻ ബഖ്ത് എന്ന ന്യായീകരണവും, ഈ സമയത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന ജെയിംസ് തോമാസണെഴുതിയ ഒരു കത്തിൽ സഫർ ഈ തീരുമാനത്തിന് നൽകിയിരുന്നു. അതായത്, തനിക്കുനേരെ എങ്ങനെയാണോ തന്റെ പിതാവ് പെരുമാറിയത്, അതുപോലെത്തന്നെയായിരുന്നു മിർസ ഫഖ്രുവിനെതിരെയുള്ള സഫറിന്റെ നിലപാടും.[4]
സഫറിന്റെ അവഗണന മനസ്സിലാക്കിയ മിർസ ഫഖ്രു, തന്റെ ഭാര്യാപിതാവായ മിർസ ഇലാഹി ബക്ഷിനോടൊരുമിച്ച് ബ്രിട്ടീഷുകാരുമായി ഇടപെട്ട് പിൻഗാമിയായുള്ള തന്റെ സ്ഥാനം ഉറപ്പുവരുത്തുകയും 1852 ജനുവരിയിൽ ബ്രിട്ടീഷ് റെസിഡന്റും ലെഫ്റ്റനന്റ് ഗവർണറുമായി ഒരു രഹസ്യധാരണയുണ്ടാക്കുകയും ചെയ്തു. ഇതിലൂടെ തന്റെ ചക്രവർത്തിസ്ഥാനം ഉറപ്പിച്ച മിർസ ഫഖ്രു, മുഗ��ർ ചെങ്കോട്ടയിൽ നിന്ന് ഒഴിഞ്ഞ്, കോട്ട ബ്രിട്ടീഷുകാർക്ക് കൈമാറാമെന്നും, മുഗൾ ചക്രവർത്തിയുടെ ബ്രിട്ടീഷ് ഗവർണർ ജനറലിനേക്കാൾ മുന്തിയ ഔപചാരികസ്ഥാനം വെടിയാമെന്നും അവർക്ക് ഉറപ്പുനൽകി. മുഗളരുടെ സ്വാഭിമാനത്തിന്റെ രണ്ട് ആണിക്കല്ലുകളാണ് മിർസ ഫഖ്രു ബ്രിട്ടീഷുകാർക്ക് പണയംവച്ചതെന്ന് പറഞ്ഞ സഫർ, ഫഖ്രുവിനെ പ്രഖ്യാപിതശത്രുവാക്കുകയും അയാളെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് സഫറിന്റെ മറ്റൊരു പുത്രനും ബ്രിട്ടീഷ് വിരോധിയുമായ മിർസ മുഗളിന് രാജകുടുംബത്തിൽ കൂടുൽ പ്രാമുഖ്യം ലഭിച്ചു.[4]
ഏവരുടേയും മുന്നിൽ മിർസ ജവാൻ ബഖ്തിനെ അനന്തരാവകാശിയായി ഉയർത്തിക്കാട്ടുന്നതിനായി സഫറും സീനത്ത് മഹലും ചേർന്ന് ബഖ്തിന്റെ വിവാഹം കെങ്കേമമായി 1852 ഏപ്രിൽ മാസം തുടക്കത്തിൽ നടത്തി. ബ്രിട്ടീഷ് റെസിഡന്റിന്റെ മനസ് മാറ്റുന്നതിനായുള്ള സഫറിന്റെ ഒരു അവസാനശ്രമമായിരുന്നു ഇത്. സീനത്ത് മഹൽ നേതൃത്വം നൽകിയ ഈ ചടങ്ങ് അതിഗംഭീരമാക്കുന്നതിനായി, ദില്ലിയിലെ പണമിടപാടുകാരിൽനിന്ന് കടമെടുത്തുകൊണ്ടാണ് നടത്തിയത്. ഇതിന് ഒരു ചെറിയ ഫലവും കണ്ടു; ബഖ്ത് ആണ് സഫറിന്റെ പിൻഗാമിയാകുക എന്ന് ബ്രിട്ടീഷ് ആഭിമുഖ്യപത്രമായ ഡെൽഹി ഗസറ്റ് എഴുതി. എന്നാൽ ആത്യന്തികമായി ഈ കല്യാണമാമാങ്കം പരാജയമായിരുന്നു. ഇതിനെ പൂർണ്ണമായി അവഗണിക്കുംവിധത്തിൽ വിവാഹച്ചടങ്ങുകൾ നടന്ന പന്ത്രണ്ടു ദിവസങ്ങളിൽ ഒരിക്കൽപ്പോലും റെസിഡന്റ് തോമസ് മെറ്റ്കാഫ് അവിടെ കടന്നുവന്നില്ല.[18]
മിർസ ഫഖ്രുവിനെത്തന്നെ അവർ പിൻഗാമിയായി നിശ്ചയിച്ചു. സഫറിന്റെ പ്രശ്നങ്ങൾക്കുകാരണം സീനത്ത് മഹലിന്റെയും അവരുടെ അന്തഃപുരകാര്യക്കാരനായ മഹ്ബൂബ് അലി ഖാന്റെയും കുടിലമായ സ്വാധീനമാണെന്നാണ് ബ്രിട്ടീഷുകാർ വിലയിരുത്തിയത്. ബ്രിട്ടീഷുകാർക്ക് ഒരു മനംമാറ്റത്തിനും സാദ്ധ്യതയില്ലെന്ന് മനസ്സിലാക്കിയ സഫർ സ്ഥാനത്യാഗം ചെയ്ത് ഹജ്ജിന് പോകാൻ പോലും തയ്യാറായി. നിലവിൽ മുഗളർക്ക് വെറും പേരുമാത്രമേയുള്ളൂവെന്ന് അദ്ദേഹം ഇക്കാലത്ത് എഴുതുകയും ചെയ്തു.[4]
പിൻഗാമിയെപ്പറ്റി സഫറിന്റെയും ബ്രിട്ടീഷ് റെസിഡന്റിന്റെയും തീരുമാനങ്ങൾ വിഭിന്നമായിരുന്നെങ്കിലും സ്ഥിതിഗതികൾ ശാന്തമായിരുന്നു. എന്നാൽ 1853-ൽ നിരവധിയാളുകളുടെ മരണത്തോടെ കാര്യങ്ങളുടെ താളംതെറ്റി. മിർസ ഫഖ്രുവുമായി ധാരണയിലൊപ്പുവച്ച മൂന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും 1853-ൽ ദുരൂഹസാഹചര്യങ്ങളിൽ മരണണടഞ്ഞു. റെസിഡന്റ് തോമസ് മെറ്റ്കാഫിന്റെ മരണം സാവധാനമുള്ള വിഷപ്രയോഗം കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ വൈദ്യർ സ്ഥിരീകരിക്കുകയും ചെയ്തു.[19] ബ്രിട്ടീഷുകാരുടെ സംശയം സീനത്ത് മഹലിനു നേരെയായിരുന്നു.
1856-ൽ മിർസ ഫഖ്രു കോളറ മൂലം മരിച്ചു. ഈ മരണത്തിന് അടുത്തദിവസം തന്നെ മിർസ ജവാൻ ബഖ്തിനെ പിൻഗാമിയായി അംഗീകരിക്കണമെന്ന് സഫർ ബ്രിട്ടീഷുകാരോട് അഭ്യർത്ഥിച്ചെങ്കിലും ആരെയും പിൻഗാമിയായി അംഗീകരിക്കേണ്ടതില്ലെന്നും, മുഗൾ സാമ്രാജ്യത്തെ സഫറിന്റെ മരണത്തോടെ അവസാനിപ്പിക്കണമെന്നുമായിരുന്നു അവരുടെ തീരുമാനം. റെസിഡന്റ് സൈമൺ ഫ്രേസറുടെ ഈ അഭിപ്രായത്തെ അന്നത്തെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന സി.ബി. തോൺഹില്ലും, ഗവർണർ ജനറലായിരുന്ന ചാൾസ് കാനിങ്ങും അംഗീകരിക്കുകയായിരുന്നു.[20] ഇക്കാലത്ത് നിരവധി യാചനാരൂപത്തിലുള്ള കത്തുകൾ സഫർ, ബ്രിട്ടീഷുകാർക്കയച്ചിരുന്നു. തന്റെ മരണം കഴിഞ്ഞാലും, സീനത്ത് മഹലിന്റെയും അവരുടെ പുത്രൻ ജവാൻ ബഖ്തിന്റെയും ഭാവി സുരക്ഷിതമാക്കുക എന്നതായിരുന്നു ഈ കത്തുകളുടെ ലക്ഷ്യം. എന്നാൽ അവരിൽനിന്ന് അനുകൂലപ്രതികരണം ഒന്നുമുണ്ടായില്ല.[21]
1857-ലെ ലഹളക്കാലം
തിരുത്തുക{ 1857 ഫെബ്രുവരി 26 ന് ആരംഭിച്ച ഒന്നാം സ്വാതന്ത്ര്യസമരം മെയ് 11 ന് ഡൽഹിയിൽ എത്തുംവരെ ഇങ്ങനെയൊരു കാര്യം ബഹദൂർഷാ സഫർ അറിഞ്ഞിട്ടില്ലായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള വികാരം ശക്തമാണെന്ന് കണ്ടപ്പോൾ അദ്ദേഹവും പോരാളികളോടൊപ്പം നിന്നു. ആസൂത്രണത്തിന്റെ കുറവും സൈനികമായ ശേഷിക്കുറവും ആ സമരത്തെ അതിവേഗം പരാജയപ്പെടുത്തി. 1857 സെപ്തംബർ 14ന‌് ബ്രിട്ടീഷ് സൈന്യം ഡൽഹി പിടിച്ചടക്കി. അതോടെ കൊട്ടാരത്തിൽനിന്ന് ഒളിച്ചോടേണ്ടിവന്ന ബഹദൂർഷായും പത്നിമാരും അഞ്ചുദിവസം ഹുമയൂൺ ശവകുടീരത്തിൽ അഗതികളെപ്പോലെ തങ്ങി. സെപ്തംബർ 21ന് അറസ്റ്റിലായി. 1858 ജനുവരി 27 നാണ് വിചാരണ ആരംഭിച്ചത്. എപ്പോൾ വേണമെങ്കിലും വെടിവയ‌്ക്കാൻ തയ്യാറായി നിൽക്കുന്ന ബ്രിട്ടീഷ് പാറാവുകാർക്ക് നടുവിൽ എല്ലാ ആലഭാരങ്ങളും നഷ്ടപ്പെട്ട് ഒരു സാധാരണ തടവുപുള്ളിയെപ്പോലെ അദ്ദേഹം ഈ നാലുമാസം മൗനിയായി കഴിച്ചുകൂട്ടിയെന്ന് ജീവചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് ഒമ്പതുവരെ വിചാരണ തുടർന്നു. ഒടുവിൽ കലാപത്തിന്റെ മുഖ്യസൂത്രധാരകനായി ബ്രിട്ടീഷ് കോടതി ബഹദൂർഷാ സഫറിനെ കൽപ്പിച്ചു. 49 ബ്രിട്ടീഷ് പട്ടാളക്കാരെ ചെങ്കോട്ടയിൽവച്ച് കൂട്ടക്കുരുതി നടത്തിയത് ബഹദൂർഷാ സഫറിന്റെ അറിവോടെയാണെന്നതാണ് പ്രധാന കുറ്റം. വാസ്തവത്തിൽ ആ കൊലപാതകം രാജാവിന്റെ അറിവോടെയായിരുന്നില്ല നടന്നതെന്നതിന് ധാരാളം സാഹചര്യത്തെളിവുകളുണ്ടെന്ന് ജീവചരിത്രകാരൻ പറയുന്നു. രാജാവിനെ തൂക്കിക്കൊല്ലാനാണ് ബ്രിട്ടീഷുകാർ ആഗ്രഹിച്ചത്. അപ്പോഴേക്കും ബഹദൂർഷാ സഫർ ഒരു ധീരവിപ്ലവനായകനായിരുന്നു. അതോടെ ജനരോഷം ഭയന്ന് പിന്തിരിഞ്ഞു. തുടർന്നാണ‌് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും റങ്കൂണിലേക്ക് നാടുകടത്താൻ ഉത്തരവായത്. ആ കുടുംബത്തിലെ എല്ലാവരും ബ്രിട്ടീഷ് തടവറയിൽക്കിടന്ന് മരിച്ചു. 1858 ഒക്ടോബർ 17ന് വൈകിട്ട് നാലിനാണ് റങ്കൂണിലേക്കുള്ള രാജാവിന്റെ ദുരിതപൂർണമായ യാത്രയാരംഭിച്��ത്. 1858 ഡിസംബർ 9ന് അവർ റങ്കൂണിൽ. നാല് വർഷങ്ങൾക്കുശേഷം 1862 നവംബർ ഏഴിന് ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവ് റങ്കൂണിലെ തടവറയിൽ കഥാവശേഷനായി. എന്നാൽ, കവിതയുടെ സാമ്രാജ്യത്തിൽനിന്ന് അദ്ദേഹത്തെ ആട്ടിയിറക്കാൻ ഒരധികാരത്തിനും കഴിഞ്ഞില്ല. മുഗൾഭരണം ഇന്ത്യൻ സംസ്കാരത്തിന്റെ വിവിധ ധാരകളെ കൂട്ടിയിണക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ആ സങ്കരസംസ്കാരത്തിന്റെ സദ‌്ഫലങ്ങളിലൊന്നാണ് ബഹദൂർഷാ സഫറിന്റെ കാവ്യലോകം. സ്വയം പണ്ഡിതനല്ലാതിരുന്നിട്ടും അക്ബർ തന്റെ കൊട്ടാരത്തിൽ സംസ്കൃത കൃതികൾ പേർഷ്യനിലേക്കും ഉർദുവിലേക്കും മൊഴിമാറ്റാൻ ഒരു വകുപ്പുതന്നെ ആരംഭിച്ചത് ചരിത്രം. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ടാൻസെൻ അക്ബറിന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിലൊന്നായിരുന്നു. ബഹദൂർഷാ സഫറിന്റെ മുൻഗാമി ഷാ ആലം രണ്ടാമൻ ഉർദുവിലും ബ്രജ് ഭാഷയിലും പേർഷ്യനിലും കവിതകളെഴുതി.
നഗരത്തിന്റെ നിയന്ത്രണം ശിപായിമാരുടെ കൈയിലായതോടെ ദില്ലിയിലെ ജനങ്ങൾ അവരെക്കൊണ്ട് പൊറുതിമുട്ടി. നിരവധി പരാതികൾ അവരെക്കുറിച്ച് സഫറിന് ലഭിക്കാൻ തുടങ്ങി. അതോടെ ബ്രിട്ടീഷുകാരിൽ നിന്നും ശിപായിമാരിൽ നിന്നും ദില്ലിയിലെ ജനങ്ങളെ സംരക്ഷിക്കുക എന്ന നിലപാടിലേക്ക് സഫർ മാറി.[22]
1857 സെപ്റ്റംബറിൽ ബ്രിട്ടീഷുകാർ കലാപം അടിച്ചമർത്തി.സെപ്തംബർ 21ന് അറസ്റ്റിലായി.1858 ജനുവരി 27 നാണ് വിചാരണ ആരംഭിച്ചത്. എപ്പോൾ വേണമെങ്കിലും വെടിവയ‌്ക്കാൻ തയ്യാറായി നിൽക്കുന്ന ബ്രിട്ടീഷ് പാറാവുകാർക്ക് നടുവിൽ എല്ലാ ആലഭാരങ്ങളും നഷ്ടപ്പെട്ട് ഒരു സാധാരണ തടവുപുള്ളിയെപ്പോലെ അദ്ദേഹം ഈ നാലുമാസം മൗനിയായി കഴിച്ചുകൂട്ടിയെന്ന് ജീവചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നു. Read more: https://www.deshabhimani.com/special/news-27-05-2018/727237 സഫറിന്റെ മക്കളായ മിർസ മുഗൾ, മിർസ അബൂബക്കർ, മിർസ ഖിസർ സുൽത്താൻ എന്നിവരെ ഹോഡ്സൻ വെടിവച്ചുകൊന്നു.[23] സഫറിനെ തടവിലാക്കി കൂട്ടിലിട്ട മൃഗത്തെപ്പോലെ പ്രദർശനം നടത്തി.[24] 1857 ഒക്ടോബറിൽ സഫറിനെ ചെങ്കോട്ടയിൽവച്ച് വിചാരണചെയ്യുകയും നാടുകടത്താൻ വിധിക്കുകയും ചെയ്തു.[25] 1858-ൽ സഫറിനെയും ശേഷിച്ച കുടുംബാംഗങ്ങളെയും ബർമ്മയിലെ റംഗൂണിലേക്ക് നാടുകടത്തി.
മരണം
തിരുത്തുകബർമ്മയിലെ റംഗൂണിൽ തടവിലിരിക്കവേ 1862 നവംബർ 7-ന് രാവിലെ 5 മണിക്കാണ് ബഹാദൂർഷാ സഫർ മരണമടഞ്ഞത്. വാർദ്ധക്യസഹജമായ അസുഖങ്ങളും തൊണ്ട ഭാഗത്തെ പരാലിസിസുമായിരുന്നു മരണകാരണം.[2] രംഗൂൺ നദീതീരത്ത് ജനരോഷം ഭയന്ന് ആ വിപ്ലവകാരിയുടെ ഭൗതീക ശരീരം തീർത്തും രഹസ്യമായും തികച്ചും അപ്രധാനമായ രീതിയിലുമായിരുന്നു സംസ്കരിച്ചത്. അദേഹത്തിന്റെ രണ്ടുമക്കൾ മാത്രമേ സംസ്കാരത്തിന് കൂടെയുണ്ടായിരുന്നുള്ളൂ.ചടങ്ങിനുശേഷം അനുശോചനങ്ങൾക്കോ ഗുണവർണനകൾക്കോ അനുവാദമുണ്ടായിരുന്നില്ല. സംസ്കാരസ്ഥാനത്തിന്റെ അടയാളം പോലും കാണാത്തരീതിയിൽ മണ്ണ് നിരപ്പാക്കി പുല്ല് പിടിപ്പിച്ചു.ജനങ്ങൾക്കിടയിൽ അത്രക്കും സ്വാധീനമുള്ള വിപ്ലവകാരിയായി അപ്പോഴേക്കും സഫർ മാറിയിരുന്നു [26] എന്നാൽ ഇന്ന് ഈ സ്ഥലത്ത് ഒരു ശവകുടീരവും ആശ്രമവും നിലവിലുണ്ട്.[27]
മതവും വിശ്വാസങ്ങളും
തിരുത്തുകതന്റെ മുൻഗാമികളെപ്പോലെത്തന്നെ സഫർ, സൂഫി മാർഗ്ഗത്തിന്റെ വക്താവായിരുന്നു. അദ്ദേഹം പള്ളികളേക്കാൾ സൂഫി ആശ്രമങ്ങളിലെ സന്ദർശനത്തിന് പ്രാധാന്യവും ഇവക്ക് ഉദാരമായ സഹായങ്ങളും നൽകിയിരുന്നു. സ്വയം ഒരു സൂഫി പീർ ആയി അറിയപ്പെട്ട അദ്ദേഹം ശിഷ്യൻമാർ അഥവാ മുറീദുകളെ സ്വീകരിക്കുകയും ചെയ്തുപോന്നു. സഫറിനോട് വിധേയത്വം പുലർത്തിയിരുന്ന പത്രമായ ദെഹ്ലി ഉർദു അക്ബാർ, ഇക്കാലത്തെ മുൻപന്തിയിലുള്ള സന്യാസിമാരിലൊരാൾ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. സഫർ ചെറുപ്പം മുതലേ തന്റെ സഹോദരന്മാരിൽ നിന്നും വ്യത്യസ്തമായി ലളിതമായ വസ്ത്രങ്ങൾ ധരിച്ച് ഒരു സാധുപണ്ഡിതനെപ്പോലെയാണ് ജീവിച്ചിരുന്നത്.
ഇസ്ലാമികവിശ്വാസങ്ങളിലെ അമാനുഷികവും മാന്ത്രികവുമായ ഘടകങ്ങളിലും സഫർ വിശ്വസിച്ചിരുന്നു. ഒരു സൂഫി സന്ന്യാസിയും ചക്രവർത്തിയുമായ തനിക്ക് അത്ഭുതങ്ങൾ കാട്ടാൻ കഴിയുമെന്ന് കരുതിയിരുന്ന അദ്ദേഹം ഈ വഴിയിലുള്ള രോഗചികിൽസകളും നടത്തിയിരുന്നു. രോഗത്തിനും പ്രേതബാധക്കും കണ്ണുപറ്റുന്നതിനും എതിരേ രക്ഷകൾ ഉപയോഗിക്കുന്നതിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു.[28] ഈ പാതയിലുള്ള സൂഫി പീറുകളുമായും ഹിന്ദു ജ്യോതിഷികളുമായും അദ്ദേഹം നിരന്തരം സമ്പർക്കത്തിലായിരുന്നു. അവരുടെ ഉപദേശപ്രകാരം ദാനങ്ങളും, ജന്തുബലികളും, മുട്ടയിൽ കൂടോത്രം നടത്തി കുഴിച്ചിടലും ദുർമന്ത്രവാദികളെ തടവിലാക്കുകയും എല്ലാം അദ്ദേഹം ചെയ്തിരുന്നു. ദഹനക്കേടിനെ ചെറുക്കാൻ അദ്ദേഹം പ്രത്യേകം മോതിരവും ധരിച്ചിരുന്നു.[29]
സൂഫിമാർഗ്ഗത്തിന്റെ വഴി സ്നേഹമാണെന്നിരിക്കെ ദൈവത്തിലേക്ക് മുസ്ലീങ്ങൾക്കെന്ന പോലെ ഹിന്ദുക്കൾക്കും അതുവഴി എത്തിച്ചേരാമെന്ന് സഫറും ഗാലിബും അടക്കമുള്ള ഡെൽഹിയിലെ അക്കാലത്തെ സൂഫി മാർഗ്ഗക്കാരെല്ലാവരും കണക്കാക്കിയിരുന്നു. അതുകൊണ്ട് ഹിന്ദുക്കളോട് സൌഹാർദ്ദത്തിൽ തുടരാൻ മുഗൾ സഭക്കായി. ഇസ്ലാമികപണ്ഡിതരുടെ മൗലികവാദത്തിലൂന്നിയ ആവശ്യങ്ങളെ തിരസ്കരിച്ചുകൊണ്ട് ഹിന്ദു പ്രജകൾക്ക് ഒരു സംരക്ഷകൻ എന്ന നിലയിലായിരുന്നു സഫർ പെരുമാറിയിരുന്നത്.[30] ഹിന്ദുമതവും ഇസ്ലാമും ഒരേ സത്ത തന്നെയാണ് പങ്കുവക്കുന്നതെന്നും സഫർ എഴുതിയിട്ടുണ്ട്. ഈ ഹിന്ദു-മുസ്ലീം സങ്കരരീതി ഡെൽഹിയിലെ സഭയിൽ മുതൽ ജനങ്ങൾക്കിടയിൽ വരെ വ്യാപിച്ചിരുന്നു. ഹിന്ദു സന്യാസിമാരെ ബഹുമാനിച്ചിരുന്ന സഫർ പല ഹിന്ദു ആചാരരീതികളും പിന്തുടർന്നിരുന്നു. അദ്ദേഹം ഗംഗാജലം മാത്രമേ കുടിച്ചിരുന്നുള്ളൂ. നിരവധി ഹിന്ദു ജ്യോതിഷികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹോളിയും ദസറയും ദീപാവലിയും പോലെയുള്ള ഹിന്ദു ആഘോഷങ്ങളെല്ലാം കൊട്ടാരത്തിൽ ഗംഭീരമായി ആഘോഷിച്ചിരുന്നു.[31]
മൗലികവാദികളായ നിരവധി ഡെൽഹി മൌലവിമാർ സഫറിനെ ഒരു മതവിരോധിയായി കണക്കാക്കിയിരുന്നു. സഫർ പ്രാർത്ഥിക്കാൻ പോകുന്നതും അദ്ദേഹത്തെ ആശ്രയിക്കുന്നതുമായ പള്ളികൾ വരെ ബഹിഷ്കരിക്കാൻ അവർ ആഹ്വാനം ചെയ്തിരുന്നു. ഷിയാക്കളുടെ ആഘോഷമായ മുഹറം കൊട്ടാരത്തിൽ നല്ല രീതിയിൽ ആഘോഷിച്ചിരുന്നു. മർസിയ വിലാപഗാനങ്ങൾ കേൾക്കലായിരുന്നു അദ്ദേഹത്തിന് മുഹറം ആഘോഷത്തിലെ പ്രധാനപരിപാടി. സുന്നികൾക്ക് സഫറിന്റെ മുഹറം ആഘോഷത്തിൽ വലിയ അമർഷമുണ്ടായിരുന്നു. സഫർ, ഷിയാ വിശ്വാസത്തിലേക്ക് മാറി എന്നുവരെ പ്രചാരണമുണ്ടായി. ഇതുമൂലം, വെള്ളിയാഴ്ചപ്രാർത്ഥനകളിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുമെന്നുവരെ മതമേലദ്ധ്യക്ഷന്മാർ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയതായും പറയപ്പെടുന്നു.[32]
എന്നാൽ ഇസ്ലാമികപണ്ഡിതരുടെ താക്കീതുകൾക്കോ ആവശ്യങ്ങൾക്കോ സഫർ വഴങ്ങിയിരുന്നില്ല. തന്റെ സ്വകാര്യവൈദ്യനായിരുന്ന ഡോക്റ്റർ ചമൻ ലാൽ ക്രിസ്തുമതത്തിലേക്ക് മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ പിരിച്ചുവിടാൻ ഉലമ ആവശ്യപ്പെട്ടെങ്കിലും ഇത് തന്റെ സ്വകാര്യകാര്യമാണെന്ന് പറഞ്ഞ് അദ്ദേഹം ഈ ആവശ്യം നിരസിച്ചു.
കവിതയും സാഹിത്യവും
തിരുത്തുകകവിയും ഗസൽ രചയിതാവുമായിരുന്നു ബഹാദൂർ ഷാ സഫർ.[2] അദ്ദേഹത്തിന് ഉർദു, അറബി, പേർഷ്യൻ, ബ്രജ്, പഞ്ചാബി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. ആദ്യത്തെ മൂന്നു ഭാഷകളും അദ്ദേഹത്തിന് ഒഴുക്കോടെ സംസാരിക്കാനാവുമായിരുന്നു. അറബിയൊഴികെ ബാക്കി നാലു ഭാഷകളിലും അദ്ദേഹം കവിതകളും എഴുതിയിരുന്നു.[15] സൂഫി ചിന്തകളിലെ മൗലികഘടകമായ സ്നേഹം ആയിരുന്നു അദ്ദേഹത്തിന്റെ രചനകൾക്ക് വിഷയമായത്.[29] സഫറിന് കവിതാരചനയിൽ ശിഷ്യൻമാരുമുണ്ടായിരുന്നു. കവിതകളെഴുതാനും തിരുത്താനുമായി ദിവസേന അനേകം മണിക്കൂറുകൾ അദ്ദേഹം ചെലവിടുമായിരുന്നു.[33] രചനകൾക്ക് സഫർ എന്ന തൂലികാനാമം ഉപയോഗിച്ച അദ്ദേഹം പഞ്ചാബിയിലും ബ്രജ് ഭാഷയിലും എഴുതിയ കൂടുതൽ ലളിതമായ ആയ കവിതകൾക്ക് ഷുവഖ് രംഗ് (വികാരഭരിതൻ) എന്ന തൂലികാനാമമായിരുന്നു ഉപയോഗിച്ചിരുന്നത്.[34]
മുപ്പത്തിമൂന്നാമത്തെ വയസിൽ സഫർ തന്റെ കവിതകളുടെ ഒരു സമാഹാരവും, സാ അദിയുടെ ഗുലിസ്താനെ അധികരിച്ചുള്ള ഒരു വ്യാഖ്യാനവും, ഛന്ദശാസ്ത്രത്തെക്കുറിച്ചുള്ള ഒരു മൂന്നുവാല്യമുള്ള നിഘണ്ടുവും, ഡെക്കാനി ഭാഷയെക്കുറിച്ചുള്ള ഒരു ഉപന്യാസവും തയ്യാറാക്കിയിരുന്നു.[15]
ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ സാഹിത്യനവോത്ഥാനം സഫറിന്റെ പ്രോത്സാഹനത്തിൻകീഴിലാണ് ഉണ്ടായതെന്നുപോലും പറയപ്പെടാറുണ്ട്. പ്രശസ്ത ഉർദ്ദു കവികളായിരുന്ന മിർസ ഗാലിബ്, സൗഖ് എന്നിവർ സഫറിന്റെ സഭാംഗങ്ങളായിരുന്നു. ഇരുവരും രചനാരംഗത്തെ എതിരാളികളായിരുന്നു.[2] ഗാലിബിനെ അപേക്ഷിച്ച് സഫറിന് സൗഖിനോടായിരുന്നു താൽപര്യം. സൗഖിനെയായിരുന്നു അദ്ദേഹം ആസ്ഥാനകവിയാക്കിയിരുന്നത്.[35] കവിതാരചനയിൽ തന്റെ ഗുരുവായി കണക്കാക്കിയ സൗഖിനെ ഉസ്താദ് എന്നാണ് സഫർ അഭിസംബോധന ചെയ്തിരുന്നത്.[33] ആസുർദാ എന്നറിയപ്പെട്ട മുഫ്തി സദ്രുദീൻ ഖാൻ, സഫറിന്റെ സഭയിലെ മറ്റൊരു കവിപ്രമുഖനായിരുന്നു. തന്റെ സഭയിലെ കവികൾക്ക് വളരെ ബുദ്ധിമുട്ടേറിയ രചനാപ്രശ്നങ്ങൾ നൽകി സഫർ അവരുടെ മൽസരം കൊഴുപ്പിച്ചിരുന്നു.[14]
മിർസാ മുഹമ്മദ് റഫി സൗദയുടെയും മിർ തഖി മിറിന്റെയും കാവ്യപാരമ്പര്യങ്ങളെ സമന്വയിപ്പിക്കുന്ന ശൈലിയാണ് ബഹദൂർഷാ സഫറിന്റേതെന്ന് അസ്ലം പർവേസ് പറയുന്നു.
‘പ്രിയപ്പെട്ടവളെ വേർപിരിഞ്ഞ് എരിഞ്ഞുതീരാനാണ് എന്റെ വിധിയെങ്കിൽ എന്നെ മദ്യശാലയിലേക്ക് നയിക്കുന്ന ഒരു മെഴുകുതിരിയാക്കേണമേ’ എന്ന പ്രസിദ്ധമായ വരി ബഹദൂർഷാ സഫറിന്റേതാണ്.
“ഞാനും മെഴുകുതിരിയും ഒരുപോലെ എരിയുന്നു/ എന്നാൽ, വേദനിക്കുന്ന അസ്ഥികൾ എന്റെ ഉള്ളിലാണെരിയുന്നത്” എന്നിങ്ങനെ വേദനയിൽനിന്ന് ഉറവയെടുക്കുന്നതാണ് ആ രാജകവിത.
“തടവിലാക്കപ്പെട്ട കൂട്ടുകാരേ എന്റെ സ്ഥൈര്യത്തിന് ചെവി പാർക്കുക/എന്റെ ചിറകടികൊണ്ട് ഈ കൂട് തകർക്കാൻ എനിക്ക് കഴിയും.” എന്നെഴുതുമ്പോൾ കവിതയ‌്ക്ക് വിപ്ലവകരമായ ഒരു മുഴക്കം കൈവരുന്നുണ്ട്. തന്നെ നിരീക്ഷ���ക്കാനായി ബ്രിട്ടീഷുകാർ നിരത്തിയ ചാരൻമാരെക്കുറിച്ചും ചിലപ്പോഴെല്ലാം ഭീരുവായിപ്പോകുന്ന തന്റെ ആത്മാവിനെക്കുറിച്ചും ബഹദൂർഷാ പാടി.
സഫറിന്റെ കൊട്ടാരത്തിലെ കലാകാരൻമാർ
തിരുത്തുകനിരവധി കലാകാരൻമാരെയും സഫർ പ്രോൽസാഹിപ്പിച്ചിരുന്നു. കൊട്ടാരത്തിലെ പ്രസിദ്ധ കലാകാരൻമാരിൽ ഗസൽ ഗായകനായ തൻറാസ് ഖാൻ, അന്ധനായ സിത്താർ വാദകൻ ഹിമ്മത്ത് ഖാൻ എന്നിവർ ഉൾപ്പെടുന്നു. ധ്രുപദിൽ ഹിമ്മത്ത് ഖാനെ കടത്തിവെട്ടാൻ ആരുമില്ലെന്നാണ് സയിദ് അഹ്മദ് ഖാൻ വിലയിരുത്തുന്നത്.[36] ദില്ലിയിലെത്തുന്ന നിരവധി രാജാക്കന്മാരും പ്രഭുക്കന്മാരും ഹിമ്മത് ഖാന് വൻതുക വാഗ്ദാനം ചെയ്ത് അവർക്കൊപ്പം കൂടാനാവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ദില്ലി വിട്ട് പോകാനിഷ്ടപ്പെട്ടില്ല. 1852-ൽ തൻറാസ് ഖാനുശേഷം, ഖാനം എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു സഫറിന്റെ പാട്ടുകാരി. 1847-ൽ തനിക്ക് 72 വയസുള്ളപ്പോൾ സഫർ ഒരു പാട്ടുകാരിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. മാൻ ബായി എന്നായിരുന്നു ഇവരുടെ പേര്. വിവാഹത്തിനു ശേഷം ഇവർ അഖ്തർ മഹൽ എന്ന പേരിൽ അറിയപ്പെട്ടു.[13]
സഫറിന്റെ കാലത്തെ ഡെൽഹിയിലെ പൊതു-സാംസ്കാരികരംഗം
തിരുത്തുകസഫർ ചക്രവർത്തിയായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം, ഡെൽഹി സാംസ്കാരികമായി ഉന്നതനിലയിലായിരുന്നു. ദില്ലിയിലെ മദ്രസ വിദ്യാഭ്യാസം വളരെ പ്രശസ്തമായിരുന്നു. മുസ്ലീങ്ങളിൽ പാവപ്പെട്ടവർ പോലും അവരുടെ ആൺമക്കളെ വിദ്യാഭ്യാസം ചെയ്യിച്ചിരുന്നു.[37] മുഗൾ രാജകുമാരൻമാർക്കും വിദ്യാഭ്യാസം പരമപ്രധാനമായിരുന്നു.[33] കൊട്ടാരത്തിലെ സ്ത്രീകൾക്കും നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു.[15] ഡെൽഹിയിലെ മദ്രസകൾ നഗരത്തിന് പുറത്തുനിന്നുള്ളവരെയും ആകർഷിച്ചിരുന്നു. അൾതാഫ് ഹുസൈൻ ഹലി എന്ന കവി, പാനിപ്പത്തിൽനിന്ന് ഒളിച്ചോടിയാണ് ഡെൽഹിയിൽ പഠിക്കാനെത്തിയത്. ആറ് പ്രശസ്തമായ മദ്രസകളും ഇതിനു പുറമേ കുറഞ്ഞത് നാല് ചെറിയ മദ്രസകളും ദില്ലിയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലുണ്ടായിരുന്നു. ഉർദുവിലും പേർഷ്യനിലുമായി ഒമ്പത് വർത്തമാനപ്പത്രങ്ങളുണ്ടായിരുന്നു. അഞ്ച് ബൗദ്ധികജേണലുകൾ ഡെൽഹി കേളേജിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടായിരുന്നു. ഇതിനു പുറമേ നിരവധി പ്രിന്റിങ് പ്രെസ്സുകളും പ്രസാധകരും ഇവിടെയുണ്ടായിരുന്നു. കുറഞ്ഞത് 130 യുനാനി ഡോക്റ്റർമാരും അവിടെയുണ്ടായിരുന്നു. ഒട്ടേറെ പാശ്യാത്യരുടെ കണ്ടെത്തലുകളും മറ്റും അറബിയിലേക്കും പേർഷ്യനിലേക്കും പരിഭാഷപ്പെടുത്തിയിരുന്നത് ഡെൽഹിയിൽവച്ചായിരുന്നു. അക്കാലത്തെ മദ്രസകൾ ഇതിനോടൊക്കെ തുറന്ന മനസോടെയാണ് സ്വീകരി��്ചിരുന്നത്.[37]
ഗാലിബ്, സൗഖ്, സാഹ്ബായ്, ആസുർദ എന്നിവരെപ്പോലുള്ള കഴിവുറ്റ കവികളും പണ്ഡിതരുമാണ് ഇക്കാലത്തെ മുഗൾ ഡെൽഹിയുടെ പ്രധാന സംഭാവനകൾ.[37] ഇവരുൾപ്പെട്ട കവിസമ്മേളനങ്ങൾ (മുശൈറകൾ) നഗരത്തിന്റെ ആകർഷണഘടകങ്ങളിലൊന്നായിരുന്നു.[38]അജ്മീരി ഗേറ്റിന് തൊട്ട് പുറത്തുള്ള പഴയ ഡെൽഹി കോളേജിന്റെ മുറ്റം, സദ്രുദ്ദീൻ അസുർദയുടെ മാളിക തുടങ്ങിയവായിരുന്നു ഇത്തരം മുശൈറകളുടെ വേദി. അനേകം കവികളുടെ പങ്കാളിത്തമായിരുന്നു ഇത്തരം മുശൈറകളുടെ പ്രത്യേകത. ഡേവിഡ് ഒക്റ്റർലോണിയുടെ വിധവയായ മുബാരക് ബീഗത്തിന്റെ ഹവേലിയുടെ മുറ്റത്ത് നടന്ന ഒരു വൻ മുശൈറയെക്കുറിച്ചുള്ള വിവരങ്ങൾ ഫർഹത്തുള്ള ബൈഗിന്റെ ദെഹ്ലി കി ആഖ്രി ശമ എന്ന ഗ്രന്ഥത്തിലുണ്ട്. അസുർദ, മോമിൻ, സൌഖ്, ആസാദ്, ദാഗ്, സാബായ്, ശെഫ്ത , മീർ, ഗുസ്തിക്കാരനായിരുന്ന യാൽ, ഗാലിബ് തുടങ്ങിയവരൊക്കെ ഇതിൽ പങ്കെടുത്തിരുന്നു. സ്കിന്നർ കുടുംബത്തിന്റെ ബന്ധുവും ഉർദു കവിയുമായിരുന്ന അലക്സ് ഹെത്തെർലി എന്ന ഒരു ഇംഗ്ലീഷ്-മുഗൾ സങ്കരവംശജനും ഇതിലെ പങ്കാളിയായിരുന്നു.[39] ഇത്തരം മുശൈറകളിൽ ലക്നൌവിൽ നിന്നുള്ളവരും ഡെൽഹിയിൽ നിന്നുള്ളവരും ഇരുവശത്തിരുന്നാണ് മൽസരിച്ചിരുന്നത്.[40]
ഈ കാലഘട്ടത്തിൽ കാവ്യരചന എന്നത് ദില്ലിയിലെമ്പാടും വ്യാപകമായിരുന്നു. വീടുകൾതോറും കവിതകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. 1850-ൽ പ്രസിദ്ധീകരിക്കപ്പെട്ട ദ ഗാർഡൻ ഓഫ് പോയെറ്റ്രി എന്ന ഉർദു കവിതാസമാഹാരം, ഡെൽഹിയിൽനിന്നുള്ള 540-ലധികം കവികളുടെ സൃഷ്ടിയായിരുന്നു. ഇതിൽ ചക്രവർത്തി, കൊട്ടാരത്തിലെ അംഗങ്ങൾ എന്നിവർക്കുപുറമേ വിവിധമേഖലകളിലുള്ള സാധാരണക്കാരുടെ കവിതകളും ഉൾപ്പെടുന്നു. ഈ കവികൾ വിവിധ മതസ്ഥരുമായിരുന്നു.[35]
പ്രശസ്തരായ ഭിക്ഷക്കാരും ഈ കാലഘട്ടത്തിൽ ഡെൽഹിയിലുണ്ടായിരുന്നു. മജ്സൂബ് ദിൻ അലി ഷാ ഇതിനൊരുദാഹരണണായിരുന്നു. ഭൗതികജീവിതത്തെ ഒട്ടും കാര്യമാക്കാതിരുന്ന അദ്ദേഹം, മിക്കപ്പോഴും നഗ്നനായാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ സാധാരണക്കാർക്ക് പിച്ചും പേയുമായാണ് തോന്നിയിരുന്നെങ്കിലും ശ്രദ്ധിക്കുന്നവർക്ക് അവ വളരെ അർത്ഥവത്താണെന്നും തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ���രിഹാരമാണെന്നും മനസ്സിലാക്കാനാകും. ഭിക്ഷുക്കളായ സ്ത്രീകളും ഉണ്ടായിരുന്നു ബായിജി ഇത്തരക്കാരിൽ പ്രശസ്തയായിരുന്നു. ഷാജഹാനാബാദിലെ പഴയ ഈദ്ഗാഹിലെ ഒരു വൈക്കോൽക്കുടിലിലാണ് അവർ ജീവിതം മുഴുവനും ചിലവഴിച്ചത്. അവരുടെ പ്രവചനങ്ങൾ ഫലിക്കുമെന്ന വിശ്വാസം ജനങ്ങൾക്കിടയിലുണ്ടായിരുന്നു.[38]
അന്ന് ഡെൽഹിയിലെ ജൈന-മാർവാഡി പണമിടപാടുകാരും പ്രസിദ്ധരായിരുന്നു. ചക്രവർത്തിക്കുപോലും ഇവർ പണം കടം കൊടുത്തിരുന്നു. ലാല സാലിഗ്രാം, ഭവാനി ശങ്കർ, ലാലാ ചുന്നാമാൽ തുടങ്ങിവർ ഇതിൽ പ്രമുഖരായിരുന്നു. ബ്രിട്ടീഷുകാരനായ ബെറെസ്ഫോഡ് നടത്തിയിരുന്ന ഡെൽഹി ബാങ്ക് ആയിരുന്നു മറ്റൊരു പ്രധാന പണമിടപാടുകേന്ദ്രം.[41]
പേരുകേട്ട വേശ്യകളും അന്നത്തെ ഡെൽഹിയുടെ പ്രശസ്തിക്ക് നിദാനമായിരുന്നു.[13] നഗ്നശരീരത്തിൽ ചിത്രപ്പണി നടത്തി പ്രത്യക്ഷപ്പെടുന്ന ആദ് ബീഗം, അവരുടെ എതിരാളിയായിരുന്ന നൂർബായി തുടങ്ങിയ വേശ്യകളുടെ പ്രശസ്തി ഒരു നൂറ്റാണ്ടിനുശേഷവും നിലനിന്നു.[39]
കുടുംബവും പിൻഗാമികളും
തിരുത്തുകബഹദൂർ ഷാ സഫറിന് നാലു പത്നിമാരും നിരവധി വെപ്പാട്ടികളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്നിമാർ :
- ബീഗം അഷ്റഫ് മഹൽ
- ബീഗം അഖ്താർ മഹൽ
- ബീഗം സീനത്ത് മഹൽ
- ബീഗം താജ് മഹൽ
അദ്ദേഹത്തിന് ഇരുപത്തിരണ്ടു പുത്രന്മാരുണ്ടായിരുന്നു:
- മിർസ ദാര ബക്ത് മീരാൻ ഷാ(1790–1849)
- മിർസ ഷാ രൂഖ്
- മിർസ ഫാത്-ഉൽ-മുൽക് ബഹാദൂർ (അപരനാമം: മിർസ ഫഖ്രു) (1816–1856)
- മിർസ മുഗൾ (1817– 22 September 1857)
- മിർസ കിസ്ർ സുൽത്താൻ (1834– 22 September 1857)
- മിർസ അബൂ ബക്കർ (1837 to 1857)
- മിർസ ജവാൻ ബക്ത് (1841 to 1884)
- മിർസ ഖുവൈഷ്
- മിർസ ഷാ അബ്ബാസ് (1845–1910)
അദ്ദേഹത്തിന് താഴെക്കാണുന്ന പേരുകൾ ഉൾപ്പെടെ കുറഞ്ഞത് മുപ്പത്തിരണ്ട് പുത്രിമാരെങ്കിലും ഉണ്ടായിരുന്നു:
- റബേയ ബീഗം
- ബീഗം ഫാത്തിമ സുൽത്താൻ
- കുൽസും സമാനി ബീഗം
- റൌണാക് സമാനി ബീഗം (ദൗഹിത്രിയായിരിക്കാമെന്നും നിഗമനം, മരണം 30 April 1930)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 ലാസ്റ്റ് മുഗൾ[൧], താൾ: 43
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 ലാസ്റ്റ് മുഗൾ[൧], താൾ:2
- ↑ "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III (PDF). New Delhi: NCERT. p. 9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 4.0 4.1 4.2 4.3 4.4 ലാസ്റ്റ് മുഗൾ[൧], താൾ: 46 - 48
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 37
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 123
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 38
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;LM-20
എന്ന പേരിലെ അവലംബ��്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ലാസ്റ്റ് മുഗൾ[൧], താൾ: 40
- ↑ 10.0 10.1 ലാസ്റ്റ് മുഗൾ[൧], താൾ:3
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 103
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 108
- ↑ 13.0 13.1 13.2 ലാസ്റ്റ് മുഗൾ,[൧] താൾ: 110
- ↑ 14.0 14.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;LM-98
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 15.0 15.1 15.2 15.3 15.4 ലാസ്റ്റ് മുഗൾ,[൧] താൾ: 100
- ↑ 16.0 16.1 ലാസ്റ്റ് മുഗൾ[൧], താൾ: 44 - 45
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 32
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 49
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 113
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 121 - 123
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 128
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 19
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: XXIII
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 4
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 5
- ↑ ലാസ്റ്റ് മുഗൾ[൧], താൾ:1
- ↑ സന്ദീപ് ദീക്ഷിത് (2012 മേയ് 26). "റെസ്റ്റ് ഇൻ പീസ് കിങ്, പ്രീമിയർ വിൽ കം റ്റു യുവർ ഗ്രേവ്". ദ ഹിന്ദു. Retrieved 2013 ജൂലൈ 15.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;LM-78
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 29.0 29.1 ലാസ്റ്റ് മുഗൾ[൧], താൾ: 79
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 80
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 81
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 82
- ↑ 33.0 33.1 33.2 ലാസ്റ്റ് മുഗൾ,[൧] താൾ: 99
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 511
- ↑ 35.0 35.1 ലാസ്റ്റ് മുഗൾ[൧], താൾ: 35
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 109
- ↑ 37.0 37.1 37.2 ലാസ്റ്റ് മുഗൾ[൧], താൾ: 95
- ↑ 38.0 38.1 ലാസ്റ്റ് മുഗൾ,[൧] താൾ: 96
- ↑ 39.0 39.1 ലാസ്റ്റ് മുഗൾ,[൧] താൾ: 111
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 112
- ↑ ലാസ്റ്റ് മുഗൾ,[൧] താൾ: 97
ഗ്രന്ഥങ്ങൾ
തിരുത്തുക- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)