തിരുവനന്തപുരം ജില്ല

കേരളത്തിലെ ഒരു ജില്ല

കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് തിരുവനന്തപുരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ കളിയ്ക്കവിള 54 കീലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

തിരുവനന്തപുരം ജില്ല
അപരനാമം: അനന്തപുരി

11°15′N 75°46′E / 11.25°N 75.77°E / 11.25; 75.77
Map
തിരുവനന്തപുരം ജില്ല
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്
ജില്ലാ കലക്ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ കലക്ടർ
വി കെ മധു [1]

ANU KUMARI I. A. S.[2]
വിസ്തീർണ്ണം 2192ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
33,07,284
15,84,200
17,23,084
1088 [3]
ജനസാന്ദ്രത 1509[4]/ച.കി.മീ
സാക്ഷരത 92.66 %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695 ---
+0471
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ PADMANABHA SWAMY TEMPLE, AATTUKAL BHAGAVATHI TEMPLE, THIRUVANANTHAPURAM CENTRAL RAILWAY STATION, KOVALAM BEACH

ഭൂപ്രകൃതിയും അപവാഹ വ്യവസ്ഥയും

തിരുത്തുക

കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉൾക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടിൽ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളിൽ സഹ്യപർവതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഇവ തെ.കിഴക്കരികിൽ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടർച്ചയായുള്ള കുന്നിൻ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തിൽ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു. നെയ്യാറ്റിൻകരതാലൂക്കിൽ മലനാട്, ഇടനാട്, തീരമേഖല എന്നീ മൂന്നു ഭൂവിഭാഗങ്ങളേയും അനുക്രമമായ നിലയിൽ കാണാവുന്നതാണ്. നെടുമങ്ങാട് താലൂക്കിന് മൊത്തത്തിൽ നിമ്നോന്നത പ്രകൃതിയാണ്; സഹ്യപർവത ശൃംഗങ്ങളിൽ നിന്നു തെ.പടിഞ്ഞാറേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് കിടപ്പ്. തിരുവനന്തപുരം പൊതുവേ ഉച്ചാവചം കുറഞ്ഞ മേഖലയാണ്. ചിറയിൻകീഴിന്റെ കിഴക്കേപ്പകുതി ഇടനാട്ടിലും പടിഞ്ഞാറേപ്പകുതി തീരമേഖലയിലും ഉൾപ്പെട്ടിരിക്കുന്നു; ഈ താലൂക്കിൽ തീരത്തോടടുത്ത് ചെറുതും വലുതുമായ കായലുകളുടെ നിരയുമുണ്ട്. ഗിരിശൃംഗങ്ങളിൽ നിന്ന് കടലിറമ്പിലേക്കുള്ള ഏറ്റവും കൂടിയ ദൂരം 56 കി.മീ. ആണ്. ജില്ലാതിർത്തിക്കുള്ളിൽ സഹ്യപർവതനിരകളുടെ ശരാശരി ഉയരം 914 മീ. ആണ്. അഗസ്ത്യകൂടം (1,869 മീ.) ആണ് ഏറ്റവും പൊക്കം കൂടിയ കൊടുമുടി. തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല (1,074 മീ.). കടലിലേക്ക് ഉന്തിനിൽക്കുന്ന കോവളം, വർക്കല തുടങ്ങി ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാൽ പൊതുവേ ഋജുവായ കടലോരമാണ് ജില്ലയ്ക്കുള്ളത്.

കേരളത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ള മേഖലയാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ഇക്കാരണത്താൽ ജില്ലയിലെ നദികൾ താരതമ്യേന നീളം കുറഞ്ഞവയാണ്. വാമനപുരം ആറ്, കരമനയാറ്, നെയ്യാറ് ,mamam nadhi എന്നിവയാണ് പ്രധാന നദികൾ. ആറ്റിങ്ങലാറ് എന്നും അറിയപ്പെടുന്ന വാമനപുരം ആറ് പശ്ചിമഘട്ടനിരകളിലെ ചെമ്മുഞ്ചിമൊട്ട (1,860 മീ.)യിൽ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങുകായലിൽ പതിക്കുന്നു. ഈ നദിയുടെ നീളം 80 കി.മീ ആണ്. ചിറ്റാർ കലൈപ്പാറ, പന്നിവടി, പൊൻമുടി എന്നീ ആറുകൾ സംയോജിച്ച് ഒഴുകുന്ന നദിയിൽ പാലോടിന് മൂന്ന് കി.മീ. താഴെ മീൻമുട്ടിയിൽ 13 മീ. പൊക്കത്തിലുള്ള ഒരു ജലപാതമുണ്ട്. നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ നദീതടത്തിന് 687ച.കി.മീ. വിസ്തീർണമാണുള്ളത്. രണ്ടാമത്തെ നദിയായ കരമനയാറിന്റെ പ്രഭവസ്ഥാനവും ചെമ്മുഞ്ചിമൊട്ടയുടെ പാർശ്വത്തിലാണ് (1,605 മീ.). കവിയാർ, അട്ടയാർ, വയ്യാപ്പടിയാർ, തോടയാർ തുടങ്ങിയ ചെറുഅരുവികൾ സംഗമിച്ചാണ് കരമനയാറ് രൂപം കൊള്ളുന്നത്. എടമൺവരെ തെ.പ.ദിശയിൽ ഒഴുകുന്ന നദി, തുടർന്ന് ഏതാണ്ട് പതന സ്ഥാനത്തോളവും തെക്കോട്ടാണ് ഒഴുകുന്നത്. അന്ത്യപാദത്തിൽ തിരുവനന്തപുരത്തെ ��ഴുകിയൊഴുകുന്ന ഈ നദി, പാച്ചല്ലൂരിനു സമീപമുള്ള തോട്ടുമുക്കിൽ വച്ച് കടലിൽച്ചേരുന്നു. തിരുവനന്തപുരത്തെ ആദ്യത്തെ ശുദ്ധജലപദ്ധതി നഗരത്തിന് 13 കി.മീ. വടക്ക് അരുവിക്കരയിൽ കരമനയാറിനു കുറുകെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കൃത്രിമ തടാകത്തെ ആശ്രയിച്ചുള്ളതാണ്. കരമനയാറിന്റെ പ്രധാന പോഷകനദി കിള്ളിയാറ് ആണ്. നെടുമങ്ങാടിനടുത്ത് കുന്നിൻ ചരിവുകളിൽ പിറവിയെടുക്കുന്ന ഈ നദി 24 കി.മീ. ഒഴുകി, തിരുവനന്തപുരം നഗരം മുറിച്ചുകടന്ന് നടുക്കരയിൽ വച്ച് കരമനയാറിൽ ലയിക്കുന്നു. 702 ച.കി.മീ. തടവിസ്തൃതിയുള്ള കരമനയാറിന്റെ നീളം 68 കി.മീ ആണ്. സംസ്ഥാനത്തിലേയും ജില്ലയിലേയും തെക്കേഅറ്റത്തുള്ള നദിയാണ് നെയ്യാറ്; അഗസ്ത്യമല(1,860 മീ.)യിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. മലനിരകൾക്കിടയിൽ ദ്രുതഗതിയായി തെ.പടിഞ്ഞാറേക്കൊഴുകുന്ന ഈ നദി മണിയക്കാണി മുതൽ കള്ളിക്കാടുവരെ പടിഞ്ഞാറോട്ടും തുടർന്ന് ഒറ്റശേഖരമംഗലം വരെ തെക്കോട്ടും വീണ്ടും തെ.പ.ദിശ അവലംബിച്ചും ഒഴുകി പൂവാറിനടുത്തു വച്ച് കടലിൽ പതിക്കുന്നു. ഈ നദിയുടെ നീളം 56 കി.മീ. ആണ്; തടപ്രദേശം നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നീ താലൂക്കുകളിലായി 4,97 ച.കി.മീ. വ്യാപ്തിയിൽ കിടക്കുന്നു. ഈ നദിയിൽ കള്ളിക്കാട്ട് ജലസേചനം ലക്ഷ്യമാക്കി ഒരു അണക്കെട്ട് നിർമിച്ചിട്ടുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന രണ്ട് ചെറുനദികൾ കൂടി ഈ ജില്ലയെ ജലസിക്തമാക്കുന്നു. ഇവയിൽ ആദ്യത്തേതായ മാമംആറ് പന്തലക്കോട്ടുകുന്നുകളിൽ ഉദ്ഭവിച്ച് 27 കി.മീ. ഒഴുകി അഞ്ചുതെങ്ങ്കായലിൽ പതിക്കുന്നു. ഈ നദിയിൽ നിന്ന് കൂന്തളൂർ വച്ചു പിരിയുന്ന ഒരു കൈവഴി വാമനപുരം ആറ്റിലേക്ക് ഒഴുകുന്നുണ്ട്. മാമം ആറിന്റെ തടവിസ്തൃതി 114 ച.കി.മീ. ആണ്. 66 ച.കി.മീ. മാത്രം തടവിസ്തീർണതയുള്ള അയിരൂർആറ് നാവായിക്കുളത്ത് ഉദ്ഭവിച്ചൊഴുകി 17 കി.മീ. താണ്ടി നടയറക്കായലിൽ പതിക്കുന്നു.

കടലോരത്ത് തെക്കു നിന്നു വടക്കോട്ട് വേളികായൽ, കഠിനംകുളംകായൽ, അഞ്ചുതെങ്ങുകായൽ, ഇടവാ-നടയറക്കായൽ എന്നീ ജലാശയങ്ങൾ കാണാം. ഇവ മനുഷ്യ നിർമിത കനാലുകളിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം മുതൽ വടക്ക് തിരൂർ വരെ 365 കി.മീ. ദൂരത്തിൽ നിലവിലുണ്ടായിരുന്ന ജലപാതയുടെ ദക്ഷിണപാദമായിരുന്നു ഈ കായൽ-തോട് ശൃംഖല. വർക്കലയിൽ കുന്നുകൾക്കടിയിലൂടെ നിർമ്മിക്കപ്പെട്ടിരുന്ന യഥാക്രമം 282 മീ., 720 മീ. എന്നീ നീളങ്ങളിലുള്ള രണ്ട് തുരങ്കങ്ങളിലൂടെയാണ് ഈ ജലപാത കടന്നു പോയിരുന്നത്. വർക്കലത്തുരപ്പുകൾ മണ്ണിടിച്ചിൽ മൂലം നിർബാധമായ ജല ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കയാൽ തീരദേശ ജലപാത ഇപ്പോൾ ഉപയോഗത്തിലില്ല. തിരുവനന്തപുരം നഗരത്തിന്റെ ദക്ഷിണപ്രാന്തത്തിലുള്ള വെള്ളായണിക്കായലാണ് ജില്ലയിലെ ഏക ശുദ്ധജലതടാകം. ഭൂജലനിക്ഷേപം സമൃദ്ധമായുള്ള ഒരു മേഖലയിലാണ് തിരുവനന്തപുരം ജില്ലയുടെ കിടപ്പ്. കാർഷികാവശ്യങ്ങൾക്കും ഇതരോപഭോഗങ്ങൾക്കും ഉതകുന്ന ജലസമൃദ്ധങ്ങളായ കുളങ്ങൾ ജില്ലയിലെമ്പാടും സംരക്ഷിക്കപ്പെട്ടുകാണാം. ആറുകളും അവയുടെ വിവിധ കൈവഴികളും അന്യഥായുള്ള ജലസമ്പന്നങ്ങളായ തോടുകളും ജില്ലയെ ജലസിക്തമാക്കുന്നു. നേരിയ തോതിൽ മഴക്കുറവും ജല ദൗർലഭ്യവും അനുഭവിച്ചുപോന്ന ജില്ലയിലെ തെക്കൻ ഭാഗങ്ങളുടെ വികസനത്തിനായി ഇപ്പോൾ ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഭൂവിജ്ഞാനീയം

തിരുത്തുക

ഭൂവിജ്ഞാനപരമായി ഈ ജില്ലയെ നാല് ഉപമേഖലകളായി വിഭജിക്കാം. പരൽശിലകളുടെ അടരുകൾ അട്ടിയിട്ടിട്ടുള്ള മലമടക്കുകൾ, ടെർഷ്യറി നിക്ഷേപങ്ങൾക്കു പ്രാമാണ്യമുള്ള പ്ളീസ്റ്റോസീൻ ശിലാസ്തരങ്ങൾ, ലാറ്ററൈറ്റ് മേഖല, നന്നേ പ്രായം കുറഞ്ഞ അവസാദങ്ങൾക്കു മുൻതൂക്കമുള്ള തീരപ്രദേശം എന്നിവയാണ് ഈ ഉപമേഖലകൾ. മലമ്പ്രദേശത്തെ ശിലകൾ ആൽക്കിയൻ വ്യവസ്ഥയിൽപ്പെട്ടവയാണ്. ലെപ്റ്റിനൈറ്റു (Leptynite)കൾക്കൊപ്പം ചാർണൊക്കൈറ്റ്, ഹോൺബ്ളെൻഡ്, ബയോട്ടൈറ്റ്-നൈസ്, ഷിസ്റ്റ്, ഗ്രാനുലൈറ്റ് തുടങ്ങിയയിനം ശിലകളും സ്ഥാനീയ പ്രാമുഖ്യം നിദർശിപ്പിക്കുന്നവയാണ്. ഉയർന്ന നതി(dip)യോടെ, വടക്കുപടിഞ്ഞാറ്-തെക്കുകിഴക്ക്ദിശയിലോ വടക്ക് വടക്കുപടിഞ്ഞാറ് - തെക്ക് തെക്കുകിഴക്ക് ദിശയിലോ നതിലംബ(strike)മുള്ളവയും ശല്ക്കിത (foliated) ഘടനയുള്ളവയുമാണ് ഇവ. ഗ്രാഫൈറ്റ് ഉൾക്കൊള്ളുന്ന ഗാർണെറ്റ്-സില്ലിമനൈറ്റ് നൈസ്, ഗാർണെറ്റ്-ബയോട്ടൈറ്റ് നൈസ്, കുറഞ്ഞയളവിൽ കാൽക്-ഗ്രാനുലൈറ്റ് എന്നിവ പ്രായം കുറഞ്ഞവയോ നവജാതങ്ങളോ ആയ ഗാർണെറ്റ് കലർന്ന ക്വാർട്ട്സ്, ഫെൽസ്പാർ എന്നിവയുമായി സമ്മിശ്രാവസ്ഥയിൽ വർത്തിക്കുന്ന ശിലാപടലങ്ങളെയാണ് ലെപ്റ്റിനൈറ്റ് എന്നു വിശേഷിപ്പിക്കുന്നത്. നൈസ്ശിലകൾ പുനഃക്രിസ്റ്റലീകരണത്തിനു വിധേയമായി വലിപ്പമേറിയ പരുക്കൻ പരലുകളായി ഉത്പാദിതമാകുന്ന ഫെൽസ്പാത്തിക ഗ്രാനുലൈറ്റുകളാണ് ലെപ്റ്റിനൈറ്റുകൾ; നൈസ് ശിലകൾ ഉൾക്കൊണ്ടിരുന്ന ബയോട്ടൈറ്റ് ഗാർണെറ്റ് ആയി പരിവർത്തിതമാകുന്നു. വ്യത്യസ്ത തോതിൽ ഗ്രാഫൈറ്റും നേരിയ അളവിൽ ക്വാർട്ട്സ്, ഓർതോക്ളേസ് എന്നിവയും അടങ്ങിയിട്ടുള്ള ഗാർണെറ്റ്-സില്ലിമനൈറ്റ് നൈസുകളെ ഖോൺഡലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പേപ്പാറ, കല്ലാർ, പൊന്മുടി തുടങ്ങിയയിടങ്ങളിൽ ഖോൺഡലൈറ്റിന്റെ താരതമ്യേന കനംകുറഞ്ഞ അടരുകർ അവസ്ഥിതമാണ്; ഇവയിൽ കല്ലാറിലേത് ഗ്രാഫൈറ്റ് സമ്പുഷ്ടമാണ്. കീഴായിക്കോണം, വാഴിച്ചൽ, മടത്തറ, അമ്പൂരി എന്നിവിടങ്ങളിലും ഖോൺഡലൈറ്റ് ആധിക്യം ദർശിക്കാം. ഗാർണെറ്റ്-സില്ലിമനൈറ്റ് നൈസുകൾ ജില്ലയിലെ മിക്കഭാഗങ്ങളിലും ചിതറിയ മട്ടിൽ അനാച്ഛാദിതമായിരിക്കുന്നു; ഏതാനും സെ.മീ.മുതൽ അനേകശതം മീറ്ററുകൾ വരെ കനത്തിലുള്ളവയാണ് ഇവ. പൊതുവേ ശല്കിതമായി കാണപ്പെടുന്ന ചാർണൊക്കൈറ്റുകളിലെ പ്രധാന ഘടകങ്ങൾ ക്വാർട്ട്സ്, മൈക്രോക്ളൈൻ, പ്ളേജിയോക്ളേസ്, ഹോൺബ്ളെൻഡ് എന്നിവയാണ്; ബയോട്ടൈറ്റ്, ഗാർണൈറ്റ് എന്നിവയേയും ഉൾക്കൊണ്ടിരിക്കാം. ധാതുസംഘടനത്തെ അടിസ്ഥാനമാക്കി ചാർണൊക്കൈറ്റുകളെ അധിസിലികം , മധ്യതമ-സിലികം, അല്പസിലികംഎന്നിങ്ങനെ തരംതിരിക്കാം. അല്പസിലിക വിഭാഗത്തിൽപ്പെട്ടവ പൈറോക്സിൻ ഗ്രാനുലൈറ്റ്, ഹോൺബ്ളെൻഡ്, നോറൈറ്റ് എന്നിവയെയാണ് ഉൾക്കൊണ്ടിരിക്കുക; സാധാരണയായി അധിസിലിക ചാർണൊക്കൈറ്റിലോ നൈസ്ശിലകളിലോ കടന്നുകയറിയമട്ടിൽ, കനംകുറഞ്ഞ പടലങ്ങളായോ ഡൈക്കുകളായോ അവസ്ഥിതമായിരിക്കും. അഭ്രം, മാഗ്നട്ടൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യത്തോടെ, ക്വാർട്ട്സിന്റേയോ ഫെൽസ്പാറിന്റേയോ വലിയ പരലുകളായി വർത്തിക്കുന്ന പെഗ്മട്ടൈറ്റ്, ലെപ്റ്റിനൈറ്റ് നൈസ് എന്നീയിനം ശിലകളിലേക്ക് പടലങ്ങളായോ സിരാരൂപത്തിലോ തുളഞ്ഞുകയറിയമട്ടിൽ കാണപ്പെടുന്നു. ജില്ലയിലെമ്പാടും സാന്നിധ്യമുള്ള ഇവയ്ക്ക് നിയതമായ ദിശയോ ഗണ്യമായ വലിപ്പമോ ഇല്ല.

വർക്കല ശ്രേണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെർഷ്യറിശിലാസ്തരങ്ങളുടെ മാതൃകാസ്തരങ്ങൾ കടലിറമ്പത്തുള്ള വർക്കലകുന്നുകളിലാണ് കാണപ്പെടുന്നത്. കോഴിത്തോട്ടം, ഇടവ, പള്ളിപ്പുറം, തോന്നയ്ക്കൽ, മംഗലപുരം, കഴക്കൂട്ടം, അരുമാനൂർ, കുളത്തൂർ, അമരവിള, കോവിലൂർ തുടങ്ങിയയിടങ്ങളിലും ഇവ അവസ്ഥിതമാണ്. നിറത്തിലും പ്രകൃതിയിലും വൈവിധ്യമാർന്ന പരുക്കൻ മണൽക്കല്ലുകളുടേയും കളിമണ്ണിന്റേയും ഒന്നിടവിട്ടുള്ള അട്ടികളാണ് വർക്കല ശ്രേണിയിലുള്ളത്. മിക്കപ്പോഴും ലിഗ്നൈറ്റിന്റെ നേരിയ പടലങ്ങളേയും ഉൾക്കൊണ്ടിരിക്കും. വർക്കലയിലുള്ള മാതൃകാസ്തരങ്ങളിൽ ഏറ്റവും താഴത്തെ അടരിലെ ഊതനിറത്തിലുള്ള കളിമണ്ണിനുള്ളിൽ അങ്ങിങ്ങായി പർവർത്തനദശ പൂർണമായും താണ്ടിയിട്ടില്ലാത്ത ലിഗ്നൈറ്റ്-കണ്ടാമരം സഞ്ചയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു; റെസിൻ, മാർക്കസൈറ്റ് എന്നിവയുടെ ചെറുതും വലുതുമായ കഷണങ്ങളുടെ സാന്നിധ്യം മറ്റൊരു പ്രത്യേകതയാണ്.

ജില്ലയിലെ മിക്ക ഭാഗങ്ങളിലും, വിശിഷ്യ സസ്യാവരണം നഷ്ടപ്പെട്ടയിടങ്ങളിൽ ലാറ്റെറൈറ്റ് ശിലാസഞ്ചയങ്ങൾ വ്യാപിച്ചുകാണുന്നു. മാതൃശിലകൾക്ക് അപക്ഷയം സംഭവിച്ച്, ഇരുമ്പിന്റേയോ അലൂമിനിയത്തിന്റേയോ, രണ്ടിന്റേയുമോ ഓക്സൈഡുകളുടെ പ്രാമാണ്യത്തോടെ ഉരുത്തിരിയുന്ന ശിലാപദാർഥമാണ് ലാറ്റെറൈറ്റ്. പ്രീകാമ്പ്രിയൻ മുതൽ ടെർഷ്യറി വരെ വിവിധ യുഗങ്ങളിലേതായ ശിലാസ്തരങ്ങൾക്കുപരി ലാറ്റെറൈറ്റുകൾ വിന്യസിക്കപ്പെട്ടുകാണുന്നതിൽനിന്ന് ഇവയുടെ ഉത്പാദനം ആവർത്തിത പ്രക്രിയകളിലൂടെയായിരുന്നുവെന്ന് അനുമാനിക്കാം. കേരളത്തിലും ഒന്നിലധികം ജിയോളജീയ ഘട്ടങ്ങളിലേതായ ലാറ്റെറൈറ്റ് അവസ്ഥിതമാണ്. തിരുവനന്തപുരം ജില്ലയിലുള്ളവയെ വർക്കല ശ്രേണിക്കു മുൻപുണ്ടായവയെന്നും പിൻപുണ്ടായവയെന്നും തരംതിരിക്കാം. പ്രതലത്തിൽ നിന്ന് നൂറുമീറ്റർ വരെ ആഴത്തിൽ എത്തുന്ന ലാറ്റെറൈറ്റ് പടലങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. പരൽഘടനയുള്ള ശിലകളിൽ നിന്ന് ഉരുത്തിരിഞ്ഞവയാകയാൽ ഇവ ശല്കിതമായും മാതൃശിലകളിലെ ധാതുഘടകങ്ങളെ ഉൾക്കൊണ്ടവയായും കാണപ്പെടുന്നു. പാടലം, ഊത, ചുവപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ ഇവയുടെ സങ്കരവർണങ്ങളിലോ ഇവ രൂപംകൊണ്ടിരിക്കാം. സസ്യാവരണത്തിനടിയിലുള്ള ലാറ്റെറൈറ്റുകൾ രന്ധ്രമയവും ഭൂജലം ഊർന്നിറങ്ങുന്നതിനു നന്നേ അനുയോജ്യങ്ങളുമാണ്. എന്നാൽ സൂര്യതാപം നേരിട്ട് ഏല്ക്കുന്ന ലാറ്റെറൈറ്റുകൾ അവയിലെ രന്ധ്രങ്ങൾ മൂടിപ്പോകാവുന്ന വിധത്തിൽ ഈരടുപ്പമുണ്ടായി കഠിനശിലകളായി മാറുന്നു. തരിശുഭൂമികളിലൊട്ടാകെ കടുപ്പമേറിയ ലാറ്റെറൈറ്റ് ആവരണം വ്യാപിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ പൊതു പ്രതിഭാസമായിത്തീർന്നിരിക്കുന്നു.

തീരമേഖല, കടലിലേക്കിറങ്ങി നില്ക്കുന്ന ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാൽ പൊതുവേ മണൽപ്പരപ്പുകളാണ്. ആവർത്തിച്ചുണ്ടായ കടലേറ്റങ്ങളുടെ പരിണതഫലമായി മാതൃശിലകൾക്കുമേൽ അട്ടിയിട്ടുള്ള സമുദ്രജന്യ നിക്ഷേപങ്ങളാണ് ഇവ. ക്വാർട്ട്സിന്റെ അംശം സാമാന്യത്തിലധികമുള്ള പരുക്കനോ തരിമയമോ ആയ ചൊരിമണലാണ് പൊതുവേയുള്ളത്.

മണ്ണിനങ്ങൾ

തിരുത്തുക

ജില്ലയിൽ വ്യാപകമായി ഉള്ളത് ലാറ്റെറൈറ്റ് ഇനത്തിൽപ്പെട്ട മണ്ണാണ് [5]. ചുവപ്പുകലർന്ന തവിട്ടു മുതൽ മഞ്ഞകലർന്ന ചുവപ്പുവരെ വിവിധനിറങ്ങളിൽ കാണപ്പെടുന്ന ഈ മണ്ണിൽ തെങ്ങ്, റബ്ബർ, കവുങ്ങ്, കുരുമുളക്, മരച്ചീനി, കശുമാവ്[6] തുടങ്ങിയവ സമൃദ്ധമായി വളരുന്നു. മാതൃശിലകളെ ആശ്രയിച്ചുള്ള സ്വഭാവ വ്യതിരേകങ്ങൾ ലാറ്റെറൈറ്റ് ഇനങ്ങളിൽ സഹജമാണ്. ജൈവാംശം, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ കുറവ് ലാറ്റെറൈറ്റുകളുടെ പ്രധാന ന്യൂനതയാണ്. നദീതടങ്ങളിലും നീർച്ചാലുകളുടെ ഇരുപുറങ്ങളിലും പോഷകസമൃദ്ധമായ എക്കൽമണ്ണാണുള്ളത്; മിക്കയിടത്തും ഇവ മതിയായ തോതിൽ ജൈവാംശങ്ങൾ കലർന്ന നിലയിലുമാണ്. ജില്ലയിലെ നെല്പാടങ്ങൾ മൊത്തമായും എക്കൽ നിറഞ്ഞ താഴ്വാരങ്ങളിലാണ്; എല്ലായിനം വിളകൾക്കും അനുയോജ്യമായ മണ്ണാണിത്. കടലോരത്തോടടുത്ത് സമുദ്രനിക്ഷേപിതമായ പരുക്കൻ എക്കൽമണ്ണ് കാണപ്പെടുന്നു; ലവണാംശത്തിന്റെ ആധിക്യം ഈയിനം മണ്ണിന്റെ കാർഷികക്ഷമതയിൽ ഇടിവുണ്ടാക്കുന്നു. കായലോരങ്ങളിലും കായൽ നികത്തിയെടുത്ത ഭാഗങ്ങളിലും നീർവാർച്ച കുറഞ്ഞ ചെളിമണ്ണാണ് ഉള്ളത്. എക്കൽ ഇനത്തിൽപ്പെട്ട ഇവയ്ക്ക് കടും തവിട്ടുനിറമാണ്; കക്ക, ചിപ്പി തുടങ്ങിയ ചുണ്ണാമ്പു പദാർഥങ്ങളെ ധാരാളമായി ഉൾക്കൊണ്ടിരിക്കും. ദിനംപ്രതിയോ ഋതുപരമായോ വേലിയേറ്റത്തിന് അടിപ്പെടുന്ന പ്രദേശങ്ങളിലേതാകയാൽ ഈയിനം മണ്ണിൽ അളവിൽ കവിഞ്ഞ ലവണത ഉണ്ടായിരിക്കുന്നത് സാധാരണമാണ്. കാൽസിയ സമൃദ്ധവും ശരാശരിതോതിൽ ജൈവാംശ സാന്നിധ്യമുള്ളവയുമാണെങ്കിലും മറ്റു പോഷകങ്ങളുടെ കുറവ് ഈയിനം മണ്ണിന്റെ ഉർവരതയെ ശോഷിപ്പിക്കുന്നു.

മലമ്പ്രദേശത്ത് വൃക്ഷമേലാപ്പിനുകീഴിൽ സസ്യാംശങ്ങൾ ജീർണിച്ച് ജൈവാംശ സമൃദ്ധമാക്കിയ, കടുംതവിട്ടുമുതൽ കരിനിറം വരെയുള്ള പശിമരാശിമണ്ണ് കാണപ്പെടുന്നു. മാതൃശിലകൾക്കു നേർമുകളിൽ വ്യത്യസ്തകനങ്ങളിൽ അട്ടിയിടുന്ന ഇവ പൊതുവേ ധാത്വംശങ്ങൾ കുറഞ്ഞവയാണ്. വനനശീകരണത്തെത്തുടർന്ന് സസ്യാവരണം നഷ്ടപ്പെട്ടാൽ ഉടനടി ലാറ്റെറൈറ്റായി പരിവർത്തിതമാവുകയും ചെയ്യും.

സസ്യജാലം

തിരുത്തുക

ഏതാനും ദശകങ്ങൾക്കു മുൻപുവരെ പട്ടണങ്ങൾ പോലും സസ്യസമൃദ്ധങ്ങളായിരുന്ന അവസ്ഥയാണ് ഈ ജില്ലയിൽ ഉണ്ടായിരുന്നത്; തുറന്ന വനമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വൈവിധ്യമാർന്ന വൃക്ഷലതാദികളുടെ ബാഹുല്യമുണ്ടായിരുന്നു. ജനാധിവാസം ശതഗുണീഭവിച്ച പശ്ചാത്തലത്തിൽ നൈസർഗിക സസ്യപ്രകൃതി പാടെ തുടച്ചുമാറ്റപ്പെട്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. നെടുമങ്ങാടു താലൂക്കിലെ മലനിരകളിൽ ഒരു ഭാഗത്തു മാത്രമാണ് വനങ്ങൾ അവശേഷിച്ചിട്ടുള്ളത്; വ്യാപകമായ വന നശീകരണത്തോടൊപ്പം റബ്ബർ, തേയില, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ അതിക്രമണവും ചേർന്ന് വനഭൂമി താലൂക്കിന്റെ മൊത്തം വിസ്തൃതിയുടെ 10% ആയി ചുരുക്കപ്പെട്ടിരിക്കുകയാണ്. മുൻകാലത്ത് ഇടനാടുപ്രദ���ശത്തെ കുന്നിൻ പുറങ്ങളിലുൾപ്പെടെ സമ്പദ് പ്രാധാന്യമുള്ള വൃക്ഷങ്ങൾ സമൃദ്ധമായി വളർന്നിരുന്നു. തേക്ക്, ഈട്ടി, തമ്പകം, മരുത്, ഇലവ്, കുമ്പി, വേങ്ങ, അകിൽ, പൂവം, തേമ്പാവ്, പൂമരുത്, തെള്ളിമരം, ആഞ്ഞിലി, ചന്ദനം, കാഞ്ഞിരം, വാക, മഹാഗണി തുടങ്ങിയ തടിയിനങ്ങൾക്കൊപ്പം പ്ളാവ്, മാവ്, പുന്ന, പുളി, പിണറ്), മരവെട്ടി, ഇലിപ്പ, വേപ്പ്) എന്നിവയും സമൃദ്ധമായി വളർന്നിരുന്നു. മുളവർഗത്തിൽപ്പെട്ട ഇല്ലിമുള, കല്ലൻമുള, ഈറ്റ, ചൂരൽ തുടങ്ങിയവയുടേയും പുൽവർഗങ്ങളിൽ രാമച്ചം, ഇഞ്ചിപ്പുല്ല്, കർപ്പൂരപ്പുല്ല്, ദർഭ, കൈത എന്നിവയുടേയും ഇടതൂർന്ന സഞ്ചയങ്ങൾ ജില്ലയെമ്പാടും ഉണ്ടായിരുന്നു. സർപ്പഗന്ധ, കൊടഗപ്പാല, കച്ചോലം, വയമ്പ്, അശോകം, കുന്നി), ഞെരിഞ്ഞിൽ, കറിവേപ്പ്, നൊച്ചി, ആടലോടകം, കീഴാനെല്ലി, കുറുന്തോട്ടി, കരിങ്ങാലി, കുപ്പമേനി, നീർബ്രഹ്മി, നറുനണ്ടി, തിപ്പലി, ശതാവരി, കരിഞ്ഞോട്ട, വാതംകൊല്ലി, കൊടുവേലി, വേലിപ്പരുത്തി, കടലാടി തുടങ്ങിയ ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു തിരുവനന്തപുരം ജില്ല. തീരപ്രദേശത്തെ കായലോരങ്ങളിൽ കണ്ടൽ സസ്യങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. പുഷ്പ ശബളങ്ങളായ തണൽ മരങ്ങൾ, വേലിച്ചെടികൾ, വിവിധയിനം മുൾച്ചെടികൾ, കിഴങ്ങുവർഗങ്ങൾ, പുഷ്പഫലസസ്യങ്ങൾ എന്നിവയ്ക്കൊക്കെ ഏറെ പ്രാമാണ്യമുണ്ടായിരുന്നു. ഒറ്റത്തടി വൃക്ഷങ്ങളിൽ തെങ്ങിനോടൊപ്പം ബാഹുല്യം പുലർത്തി കവുങ്ങ്, ചൂണ്ടപ്പന, കുടപ്പന എന്നീയിനങ്ങളും നിലകൊണ്ടിരുന്നു. ജലദൗർലഭ്യം അനുഭവപ്പെട്ടിരുന്ന ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ കരിമ്പന സമൃദ്ധമായി വളർന്നിരുന്നു. കാർഷികവിളകളിൽ മുന്തിയ സ്ഥാനം നെല്ലിനായിരുന്നുവെങ്കിലും കൂവരക്, പയറുവർഗങ്ങൾ, എള്ള് തുടങ്ങിയവയും പ്രാമാണ്യം പുലർത്തിപ്പോന്നു. ജനനിബിഡത ഏറുകയും അശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങൾ അവലംബിക്കുകയും ചെയ്തതിനെത്തുടർന്ന് നൈസർഗിക സസ്യജാലം ഏറെക്കുറെ ലുപ്തമായ ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അല്പമാത്രമായി അവശേഷിക്കുന്ന വനമേഖലയിൽപ്പോലും മികച്ച സമ്പദ് പ്രാധാന്യമുള്ള പലയിനങ്ങളും വംശനാശത്തിന് ഇരയായിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതവിളകളായ തെങ്ങും നെല്ലും റബ്ബർ പോലുള്ള നാണ്യവിളകൾക്ക് നിലമൊഴിഞ്ഞുകൊടുക്കുന്ന അവസ്ഥ വിപുലമായിട്ടുണ്ട്. നെല്പാടങ്ങൾ പാടെ നികത്തി ഭവന നിർമ്മാണത്തിനും; കുറഞ്ഞപരിചരണത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാവുന്ന വാഴ, കായ്കറിവർഗങ്ങൾ, മരച്ചീനി തുടങ്ങിയവ കൃഷിചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്ന പ്രവണത അനുദിനം വർധിക്കുന്നു. കാർഷികവൃത്തിക്ക് പ്രാമുഖ്യം നിലനില്ക്കെത്തന്നെ നൈസർഗിക പരിസ്ഥിതി നാശോന്മുഖമാകുന്നതാണ് ജില്ലയിൽ ദൃശ്യമാകുന്നത്.

ജന്തുജാലം

തിരുത്തുക

നിബിഡവനങ്ങളും ഇടതൂർന്ന സസ്യസഞ്ചയങ്ങളും നിലനിന്നിരുന്നകാലത്ത് തിരുവനന്തപുരം ജില്ല ഹിംസ്രജന്തുക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ, പറവക്കൂട്ടങ്ങൾ, ഉരഗങ്ങൾ തുടങ്ങിയവയുടെ ആവാസകേന്ദ്രമായിരുന്നു. വന്യജീവികളിൽ കാട്ടാന (Elephas maximus), കരടി (Melursus ursinus), കടുവ (Panthera tigris), പുള്ളിപ്പുലി (Panthera pardus), കഴുതപ്പുലി (Hayena hayena), കാട്ടുപോത്ത് (Bos gaurus), മ്ളാവ് (Rusa unicolox), കാട്ടുപൂച്ച (Felis chaus), കാട്ടുനായ (Cyon deccanesis), കുറുനരി (Canis indicus), വെരുക് (Moschothera cirettina), മരപ്പട്ടി (Pardox urus), മുള്ളൻപന്നി, കാട്ടുപന്നി (Sus scrofa), പുള്ളിമാൻ (Axis axis), കുരമാൻ (Mantiacus muntijak), തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. വാനരവർഗങ്ങളിൽ വെള്ളക്കു��ങ്ങ് (Macaca radiata), സിംഹവാലൻ (Macaca silenus), കുട്ടിത്തേമാങ്ങ് (Loxis gracilis) എന്നിവയ്ക്കായിരുന്നു അംഗബലം. വിവിധയിനം കീരികൾ ജില്ലയിലെമ്പാടും ഇപ്പോഴും അവശേഷിക്കുന്നു. ധാരാളമായി കണ്ടുപോന്ന മറ്റൊരു ജീവിയാണ് അളുങ്ക് അഥവാ ഉറുമ്പുതീനി (Manis pentadactyla). അണ്ണാൻ, കുഴിപ്പന്നി, പെരുച്ചാഴി, പന്നിയെലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളും എൺപതോളം ഇനം പാമ്പുകളും ബഹുലമായി ഉണ്ടായിരുന്നു. ഇപ്പോൾ ഇവ നന്നെ വിരളമായിട്ടുണ്ടെങ്കിലും എലികളുടെ എണ്ണത്തിൽ സാമാന്യത്തിലേറെ വർധനവാണു കാണുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകൾ പൊന്മുടിയിൽ ഉണ്ടെന്നത് ഒരു സവിശേഷതയാണ്. പക്ഷിവർഗങ്ങളിൽ പ്രാവ്, കാക്ക, കുയിൽ, പൊന്മാൻ, മരംകൊത്തി, കാക്കത്തമ്പുരാട്ടി, തത്ത, മാടത്ത, മൈന, കുരുവി, തൂക്കണംകുരുവി, വാലൻകിളി, പുള്ള്, ചകോരം, മഞ്ഞക്കിളി തുടങ്ങിയവയുടെ സാന്നിധ്യം ജില്ലയിലെമ്പാടും ഉണ്ടായിരുന്നു; ഇരപിടിയന്മാരായ കഴുകൻ, പരുന്ത്, പ്രാപ്പിടിയൻ, എറിമുള്ള് തുടങ്ങിയവയും സാമാന്യമായ തോതിൽ കാണപ്പെട്ടിരുന്നു. കാട, കുളക്കോഴി, കാട്ടുകോഴി, വാത്ത, കൊക്ക്, വേഴാമ്പൽ തുടങ്ങിയവയും ധാരാളമുണ്ടായിരുന്നു. വാവൽ വർഗമായിരുന്നു പ്രാമാണ്യമുണ്ടായിരുന്ന മറ്റൊരിനം വൃക്ഷസഞ്ചയങ്ങളുടേയും കാവുകളുടേയും ഉന്മൂലനത്തെത്തുടർന്ന് പറവകളിൽ നല്ലൊരുപങ്കും അപ്രത്യക്ഷമായി. വനമേഖലകൾ ഇപ്പോഴും ഇവയുടെ വിഹാരകേന്ദ്രമാണ്. കായലോരങ്ങളിലും നദീമുഖങ്ങളിലും സാധാരണമായുണ്ടായിരുന്ന നീർനായ, ചീങ്കണ്ണി, കടൽപ്പന്നി, ആമ, ഞണ്ട് തുടങ്ങിയവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഖനിജസമ്പത്ത്

തിരുത്തുക

ഒന്നാം ലോകയുദ്ധ(1914-18)ത്തിനുമുമ്പ് ബ്രിട്ടിഷ് ഇന്ത്യയിലെ ഉപഭോഗത്തിനുള്ള മൊത്തം ഗ്രാഫൈറ്റ് ഖനനം ചെയ്തിരുന്നത് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പ്രദേശത്തുനിന്നായിരുന്നുവെന്നതിന് രേഖകളുണ്ട്. ജില്ലയിൽ പലഭാഗത്തുമായി ഗ്രാഫൈറ്റ് തുടങ്ങിയ സമ്പദ്പ്രധാന ധാതുക്കളുടെ സാമാന്യമായ നിക്ഷേപങ്ങൾ ഉണ്ടെങ്കിലും ഇവയുടെ ഖനനവും ഉപയോഗവും വേണ്ടവിധത്തിൽ നടന്നിട്ടില്ല. വെള്ളനാട്ടിലേതുകൂടാതെ ചാങ്ങ, പുളിയറക്കോണം, കുറ്റിച്ചൽ, കരുപ്പൂര്, മണ്ണൂർക്കാല, കൊണ്ണി, പ്ളാച്ചിക്കുഴി, വിതുര, കീഴാറ്റിങ്ങൽ, കോരണാംകോട്, ആറ്റിപ്ര, വെങ്ങാനൂർ, ചെങ്ങല്ലൂർ, അമരവിള എന്നിവിടങ്ങളിലും ഗ്രാഫൈറ്റ് നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഖോൺഡലൈറ്റ് ശിലാസഞ്ചയങ്ങൾക്കിടയിലെ പെഗ്മട്ടൈറ്റ് സിരകൾ ക്രിസോബെറിൽ ഇനത്തിൽപെട്ട രണ്ടാംകിട രത്നക്കല്ലുകളുടെ ഉറവിടമാണ്. മടത്തറയ്ക്കടുത്തുനിന്ന് തെക്ക്-തെക്കുകിഴക്കുദിശയിൽ പാറശ്ശാലവരെ നീളുന്ന 50 കി.മീ. മേഖലയിലാണ് ഈ നിക്ഷേപങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന നദികളുടെ ഇരുപുറത്തുമുള്ള ചരലട്ടികൾക്കിടയിൽ അവസാദിത ക്രിസോബെറിലിന്റെ സാന്നിധ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മണലിവിള, ഓലത്താന്നി, വെൺപകൽ, അരുവിക്കര, ഊരൂട്ടമ്പലം, നെട്ടാണി, കല്ലിക്കോട്, ചാങ്ങ, ബോണക്കാട്, വാമനപുരത്തിന്റെ പടിഞ്ഞാറേഭാഗം, പോത്തൻകോടിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെ ക്രിസോബെറിൽ അനധികൃതമായി ഖനനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇത് നിയന്ത്രണവിധേയമാണ്. ജില്ലയിലെ ഖോൺഡലൈറ്റ് നിക്ഷേപങ്ങൾക്ക് നേർമുകളിലായി വിന്യസിക്കപ്പെട്ട നിലയിൽ ബോക്സൈറ്റിന്റേയും വിവിധയിനം കളിമണ്ണിന്റേയും കനത്ത സഞ്ചയങ്ങൾ അവസ്ഥിതമായിരിക്കുന്നു. ഇവയിൽ മിക്കവയും ഖനന വിധേയമായിട്ടുണ്ട്. ബോക്സൈറ്റ് നിക്ഷേപങ്ങൾ മംഗലപുരം, ചിലമ്പിൽ, ശാസ്തവട്ടം, ആറ്റിപ്ര എന്നിവിടങ്ങളിലാണ് അവസ്ഥിതമായിട്ടുള്ളത്. വിപണനപ്രാധാന്യമുള്ള കയോലിൻ പലയിടങ്ങളിലും ലഭ്യമാണ്. ഖോൺഡലൈറ്റ് വ്യൂഹത്തിനു നേർമുകളിലായും ഉപരിതല ലാറ്റെറൈറ്റ് പടലങ്ങൾക്ക് അടിയിലായുമാണ് ഇവ രൂപംകൊണ്ടിരിക്കുന്നത്. വിഴിഞ്ഞത്തിനു മൂന്ന് കി.മീ. തെക്കുകിഴക്ക് കാരിച്ചൽ എന്ന സ്ഥലത്ത് കയോലിന്റെ കനത്ത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. വെയിലൂർ, മേൽതോന്നയ്ക്കൽ, ശാസ്തവട്ടം, ചിലമ്പിൽ, പള്ളിപ്പുറം എന്നിവിടങ്ങളിൽ അവസാദിത കയോലിൻ സാമാന്യമായ തോതിൽ ഖനനം ചെയ്യപ്പെടുന്നു. നടയറയിൽ 50,000 ടൺ വരുന്ന ബാൾക്ളേ നിക്ഷേപം അവസ്ഥിതമാണ്. കെട്ടിട നിർമ്മാണത്തിന് നന്നേ അനുയോജ്യമായ വെട്ടുകല്ല് കഴക്കൂട്ടം, അരുമാനൂർ എന്നിവിടങ്ങളിൽ സുലഭമാണ്; കുമിളിക്കല്ല് എന്നറിയപ്പെടുന്നതും വെളുത്തനിറമുള്ളതുമായ വിശേഷയിനം അരുമാനൂരിൽ ഉത്പാദിപ്പിക്കപ്പെടുന്നു. വാസ്തുനിർമ്മാണത്തിനും മറ്റും അത്യാവശ്യമുള്ള കരിങ്കല്ല് ഖനനം ചെയ്യുന്ന ചെറുതും വലുതുമായ ക്വാറികൾ ജില്ലയിലെമ്പാടും പ്രവർത്തിക്കുന്നുണ്ട്.

ജനവിതരണം

തിരുത്തുക

(2001-ലെ സെൻസസ് പ്രകാരം ജില്ലയിലെ ജനസംഖ്യയിൽ സ്ത്രീകൾക്കാണ് അംഗബലം കൂടുതലുളളത്; 1058 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്ന ലിംഗാനുപാതം (sex ratio) ആണുള്ളത്. ജില്ലയിലെ ശരാശരി ജനസംഖ്യ ച.കി.മീറ്ററിന് 1,476 എന്ന തോതിലാണ്. മൊത്തം ജനങ്ങളിലെ 12.2% പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരാണ്; പട്ടികജാതികളിലെ 3,70,857 പേരും പട്ടികവർഗക്കാരിലെ 20,893 പേരും ഈ ജില്ലയിൽ വസിക്കുന്നു. മലയാളമാണ് പൊതു വ്യവഹാരഭാഷ. ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലും തലസ്ഥാന നഗരിയിലെ തമിഴ് വംശജർക്കിടയിലും തമിഴ് ഭാഷയ്ക്കാണ് പ്രചാരമുള്ളത്. തിരുവനന്തപുരം നഗരം വിവിധ ഭാഷാ വിഭാഗങ്ങളിൽപ്പെട്ടവരുടെ സമ്മേളനകേന്ദ്രമായി മാറിയിരിക്കുന്നു; സധാരണക്കാർപോലും ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകൾ സാമാന്യമായി കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജനങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്; ക്രിസ്ത്യാനികൾ രണ്ടാംസ്ഥാനത്തും മുസ്ളിങ്ങൾ മൂന്നാംസ്ഥാനത്തും നില്ക്കുന്നു. ജാതി-മത-ഭാഷാഭേദങ്ങൾ അവഗണിച്ച് എല്ലാ വിഭാഗക്കാരും സൗഹാർദത്തോടെയും പരസ്പര സഹകരണത്തോടെയും വർത്തിക്കുന്ന രീതിയാണ് ഈ ജില്ലയിൽ പ്രാബല്യത്തിലുള്ളത്.

തിരുവനന്തപുരം ജില്ലയിൽ ഗണ്യമായ അംഗസംഖ്യയുള്ള ഏക ആദിവാസി വിഭാഗമാണ് കാണിക്കാർ. ഇവർ കിഴക്കൻ മലയോരങ്ങളിലാണ് അധിവസിക്കുന്നത്; കൂടുതലായി കാണപ്പെടുന്നത് കോട്ടൂർ, ക്ളാമല, പാലോട് എന്നിവിടങ്ങളിലാണ്. കാട്ടുകനികളും കിഴങ്ങുവർഗങ്ങളും ഭക്ഷിച്ച് വനാന്തരങ്ങളിൽ ജീവിച്ചു പോന്ന ഇവർ വനവിഭവങ്ങളായ തേൻ, കുന്തിരിക്കം, പന്നിനെയ്യ് തുടങ്ങിയവയുടെ വിപണനത്തിന് അപൂർവമായി മാത്രം പുറംലോകവുമായി ബന്ധം പുലർത്തിയിരുന്നു. തമിഴും മലയാളവും കലർന്ന ഒരിനം പ്രാകൃതഭാഷയിലൂടെയാണ് ആശയവിനിമയം നടത്തിപ്പോന്നത്. ആദിവാസി ക്ഷേമ പദ്ധതികളിലൂടെ ഇവരിൽ നല്ലൊരു വിഭാഗത്തെ പരിഷ്കൃത ജനവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സ്ഥിരമായി പാ���പ്പുറപ്പിക്കുന്നതിനു പ്രേരിപ്പിക്കുവാനും ഈറ്റപ്പണി മുതൽ റബ്ബർ ടാപ്പിങ് വരെയുള്ള വിവിധ തൊഴിലുകളിൽ ഏർപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. നാട്ടിലെ ജീവിതശൈലി ഇവർക്ക് പരിചിതമായിത്തീർന്നിരിക്കുന്നു. സാമാന്യ വിദ്യാഭ്യാസം നേടി സർക്കാർ ജോലികളിൽ പ്രവേശിച്ച ഒരു ന്യൂനപക്ഷവും ഇവർക്കിടയിലുണ്ട്. തനതായ ആചാരാനുഷ്ഠാനങ്ങളും കലാനൈപുണ്യങ്ങളും വച്ചുപുലർത്തുന്ന കാണിക്കാരെ പൂർണമായും മുഖ്യധാരയിലെത്തിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.

സമ്പദ്ഘടന

തിരുത്തുക

കൃഷിയും മൃഗസമ്പത്തും

തിരുത്തുക

മൊത്തമായി നോക്കുമ്പോൾ തിരുവനന്തപുരം ജില്ല ഒരു കാർഷിക മേഖലയാണ്: നെല്ല്, മരച്ചീനി, പയറുവർഗങ്ങൾ, കായ്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയും റബ്ബർ, തെങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളും നഗരാതിർത്തിക്കുള്ളിൽപോലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. മുൻകാലത്ത് ഭൂവുടമാവകാശം ചുരുക്കം ജന്മിമാരിൽ ഒതുങ്ങുകയും ഒറ്റി, കുഴിക്കാണം, പാട്ടം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ താത്കാലിക കാർഷികാവകാശം യഥാർഥ കർഷകരിൽ എത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് ജില്ലയെമ്പാടും നിലനിന്നിരുന്നത്. സ്വാതന്ത്യപ്രാപ്തിക്കുശേഷം ജന്മിത്തം അവസാനിപ്പിക്കുകയും ഭൂപരിധി നിയന്ത്രിതമാവുകയും ചെയ്തതിനെത്തുടർന്ന് കൃഷിഭൂമി യഥാർഥ കർഷകരുടെ ഉടമസ്ഥതയിൽ എത്തിച്ചേർന്നിരിക്കുന്നു. ഒപ്പംതന്നെ കൃഷിനിലങ്ങളുടെ വലിപ്പം കുറയുന്നതിനും ചെറുകിട കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ഇടയിൽ ഭാഗികമായ തൊഴിലില്ലായ്മ സംജാതമാക്കുന്നതിനും ഇത് വഴിയൊരുക്കി. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങൾ സ്വീകരിക്കപ്പെടുന്നതിൽ അനാരോഗ്യകരമായ കാലതാമസം നേരിട്ടു. പഠനസൗകര്യങ്ങൾ ഗ്രാമാന്തരങ്ങളിലേക്കു വ്യാപിച്ചതും സാമാന്യവിദ്യാഭ്യാസം നേടിയവർപോലും സ്ഥിരവരുമാനം ഉറപ്പുനല്കുന്ന ജോലികൾക്കു മുൻതൂക്കം നല്കിയതും ജനസാമാന്യം നാഗരികസൗകര്യങ്ങളിൽ ആകൃഷ്ടരായതും ഫലത്തിൽ കാർഷികവൃത്തിയോടും അധ്വാനത്തോടും ആഭിമുഖ്യമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിരിക്കുന്നു. കർഷകത്തൊഴിലാളികളുടെ അംഗസംഖ്യ ദിനംപ്രതി ശോഷിച്ചുവരുന്നു. ചെറുകിട കർഷകർ പോലും പരമ്പരാഗത വിളകളായ നെല്ല്, മരച്ചീനി, പയറുവർഗങ്ങൾ തുടങ്ങിയവയെ ഉപേക്ഷിച്ച് റബ്ബറിനും ഇതര നാണ്യവിളകൾക്കും പ്രാമുഖ്യം നല്കുന്നു. പരക്കെയുള്ള രോഗഭീഷണി തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചതും റബ്ബർകൃഷിയുടെ വൻതോതിലുള്ള വികസനത്തിനു കളമൊരുക്കി. ഭക്ഷ്യധാന്യങ്ങൾക്കും ദൈനംദിനാവശ്യങ്ങൾക്കുള്ള കായ്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയ്ക്കും അയൽ സംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിലുള്ളത്. വളപ്പുകളുൾപ്പെട്ട ഒറ്റപ്പെട്ട പാർപ്പിടങ്ങൾക്ക് പ്രാമുഖ്യമുണ്ടായിരുന്ന മുൻകാലങ്ങളിൽ ഓരോ വീടിന്റേയും അവിഭാജ്യഘടകമായിരുന്ന കാലിത്തൊഴുത്തുകൾ ഇപ്പോൾ ഏറെക്കുറെ അന്യംനിന്നുപോയിരിക്കുന്നു. പാർപ്പിടങ്ങളുടെ ബഹുലതയും ഗ്രാമപരിസ്ഥിതിയുടെ തിരോധാനവും പശുപരിപാലനം, കോഴിവളർത്തൽ തുടങ്ങിയവയെത്തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സ്ഥിതിവിവരക്കണക്കുകൾ (2000) പ്രകാരം ജില്ലയിലെ ജനങ്ങളിൽ 42% ഇപ്പോഴും കാർഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്നു. കൃഷിഭൂമിയെ നീർമയം, ജലസേചിതം, തോട്ടങ്ങൾ/തോപ്പുകൾ എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ചേറ്റുകൃഷിയായ നെല്ലാണ് മുഖ്യവിള. വരണ്ടയിടങ്ങളിൽ മരച്ചീനി, പയറുവർഗങ്ങൾ, കുരുമുളക് എന്നിവയ്ക്കാണ് മുൻതൂക്കം. ജില്ലയിലെ 84,308 ഹെക്റ്റർ പ്രദേശം തെങ്ങിൻതോപ്പുകളാണ്; പ്രതിവർഷവിളവ് 516 ദശലക്ഷം നാളികേരമാണ്. വലുതും ചെറുതുമായ റബ്ബർ തോട്ടങ്ങളുടെ മൊത്തവിസ്തൃതി 26,999 ഹെക്റ്ററായും വാർഷികോത്പാദനം 30,715 ടണ്ണായും കണക്കാക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്ന് വർഷത്തിൽ 1,745 ടൺ കശുവണ്ടിയും 1,824 ടൺ കുരുമുളകും ലഭിക്കുന്നുണ്ട്. നെല്ലിനോടൊപ്പം ഇടവിളകളായി കായ്കറികൾ, ഫലവർഗങ്ങൾ, പയറിനങ്ങൾ തുടങ്ങിയവ കൃഷിചെയ്ത് ഉത്പാദനക്ഷമത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്തു തലത്തിൽ പുരോഗമിപ്പിച്ചുവരുന്നു.

140 ച.കി.മീ. വിസ്തൃതിയുള്ള ആവാഹക്ഷേത്രത്തിൽ ശരാശരി 226 സെ.മീ. വാർഷിക വർഷപാതം ലഭിക്കുന്ന നെയ്യാറിനു കുറുകെ 294.13 മീ. നീളത്തിലും 50.6 മീ. ഉയരത്തിലും ഒരു അണക്കെട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ അവലംബിച്ചുള്ള നെയ്യാർ ജലസേചനപദ്ധതി (1959)യിലൂടെ 11,665 ഹെക്ടർ പ്രദേശം ജലസേചിതമാകുന്നു. 266 കി.മീ. നീളത്തിലുള്ള കനാലുകളാണ് ഈ പദ്ധതിയോടനുബന്ധിച്ചുള്ളത്.

1996-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ 2,55,516 കാലികളും 15,304 മഹിഷങ്ങളും 1,92,395 ആടുകളും 4,683 പന്നികളും വളർത്തപ്പെടുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ കുടികളിൽ ചെറിയ തോതിലും ജില്ലയെമ്പാടുമുള്ള ചെറുകിട ഫാമുകളിൽ സാമാന്യമായ തോതിലും കോഴിക്കൃഷി നടന്നുവരുന്നു. ഈ ജില്ലയിൽ മൃഗപരിപാലനാർഥം 23 മൃഗാശുപത്രികളും 76 ഡിസ്പെൻസറികളും 144 ഔഷധവിതരണകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. സഹകരണമേഖലയിൽ 376, ക്ഷീരകർഷകരുടെ കൂട്ടായ്മയിൽ 294 എന്നിങ്ങനെ 670 ക്ഷീരവിപണന സംഘങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ തലത്തിലുള്ള കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ആൻഡ് മിൽക് മാർക്കറ്റിങ് ബോർഡ്, കേരളാ കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ എന്നിവ പ്രതിദിനം 1,47,000 ലിറ്റർ പാൽ സംഭരിച്ച് വിതരണം ചെയ്യുന്നു.

മത്സ്യസമ്പത്ത്

തിരുത്തുക

ജില്ലയുടെ 59 കി.മീ. നീളത്തിലുള്ള കടലോരമേഖല മത്സ്യസമൃദ്ധമാണ്. വർക്കല, അഞ്ചുതെങ്ങ്, പള്ളിത്തുറ, പൂന്തുറ, വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളാണ് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ. 42 ഗ്രാമങ്ങളിൽ 40,000 ഭവനങ്ങളിലായി പാർക്കുന്ന രണ്ട് ലക്ഷത്തോളം ആളുകളുടെ ഉപജീവനമാർഗ്ഗമാണ് മീൻപിടിത്തം; പ്രതിവർഷ ഉത്പാദനം ശരാശരി 32,000 ടൺ ആണ്. ഔട്ട്ബോർഡ് എൻജിനുകൾ, യന്ത്രവത്കൃത ബോട്ടുകൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളിലൂടെ സമുദ്രോത്പന്നങ്ങളുടെ അളവ് ഇരട്ടിപ്പിക്കുന്നതിനും വിദേശങ്ങളിൽ പ്രിയമുള്ള ഇനങ്ങളെ വലയിലാക്കി കയറ്റുമതി വികസനം നേടുന്നതിനുമുള്ള യത്നങ്ങൾ പുരോഗതിയാർജിച്ചിട്ടുണ്ട്. ജില്ലയെമ്പാടുമുള്ള കുളങ്ങളിൽ മത്സ്യം വളർത്തി ഉൾനാടൻ മത്സ്യവികസനം സാധിച്ചെടുക്കുവാനുള്ള പരിശ്രമം പഞ്ചായത്തുതലത്തിൽ ആരംഭിച്ചു.

വിഴിഞ്ഞം ഇന്നൊരു മത്സ്യബന്ധന തുറമുഖം മാത്രമാണെങ്കിലും അതിനെ വലിയൊരു വ���ണിജ്യ തുറമുഖ നഗരിയാക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

വനസമ്പത്ത്

തിരുത്തുക

കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ മൂന്ന് റേഞ്ചുകളിലായി 4,95,145 ച.കി.മീ. സംരക്ഷിതവനങ്ങളും 3,534 ച.കി.മീ. നിക്ഷിപ്ത വനഭൂമിയുമാണ് തിരുവനന്തപുരം ജില്ലാ അതിർത്തിക്കുള്ളിൽ അവശേഷിച്ചിട്ടുള്ളത്. നിത്യഹരിതം (evergreen), അർധഹരിതം (semi evergreen) ആർദ്രപത്രപാതി (moist deciduous) എന്നീ വിഭാഗങ്ങളിൽപ്പെടുത്താവുന്ന വനങ്ങളാണുള്ളത്. ഇവയെല്ലാം തന്നെ വ്യാപകമായ വനനശീകരണത്തിന് ഇരയായിട്ടുണ്ട്. അവശേഷിക്കുന്ന സമ്പദ് പ്രധാനമായ വൻവൃക്ഷങ്ങളിൽ കൂടുതലായുള്ളത് ഈട്ടി, തേമ്പാവ്, ആഞ്ഞിലി, അകിൽ, വേങ്ങ, വെന്തേക്ക്, മഞ്ഞക്കടമ്പ്, ഇരുൾ, പ്ളാവ് എന്നിവയാണ്. വനസംരക്ഷണം ജനപിന്തുണയോടെ പ്രാവർത്തികമാക്കാനും സാമൂഹിക വനവത്കരണം, ലോകബാങ്കുസഹായം തുടങ്ങിയവയിൽ ഉൾപ്പെടുത്തി വ്യാപകമായി വനവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുവാനുമുള്ള യത്നങ്ങൾ സജീവമാണ്.

വ്യവസായങ്ങൾ

തിരുത്തുക

ജില്ലയിലെ വൻകിട-മധ്യതമ വ്യവസായങ്ങളെ കേന്ദ്ര ഉടമയിലുള്ള രണ്ട്, സംസ്ഥാനതലത്തിലെ 14, സഹകരണ മേഖലയിലെ ഒന്ന്, സ്വകാര്യ ഉടമയിലെ 60, കൂട്ടുടമ (സ്വകാര്യ-പൊതുമേഖല)യിലുള്ള നാല് എന്നിങ്ങനെ സംഗ്രഹിക്കാം. 2002 അന്ത്യം വരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളുടെ എണ്ണം 901 ആയിരുന്നു. 9,262 പേർക്ക് തൊഴിലവസരം ഒരുക്കുന്ന ഇവയിൽ എണ്ണയാട്ടുമില്ല്, കശുവണ്ടി ഫാക്റ്ററി, തുണിമില്ല്, തടിമില്ല്, അച്ചടിശാല, റബ്ബർ ഉത്പന്ന നിർമ്മാണ ശാല, കെമിക്കൽ ഫാക്റ്ററി, തീപ്പെട്ടിക്കമ്പനി, എൻജിനീയറിങ് യൂണിറ്റുകൾ, ഓട്ടോമൊബൈൽ വർക്ഷോപ്പ് തുടങ്ങിയവ ഉൾപ്പെടുന്നു. 2003 അവസാനത്തിൽ 1,15,597 പേർക്ക് തൊഴിൽ നല്കുന്ന 28,918 ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രവർത്തനത്തിലുണ്ടായിരുന്നു; ഈ സംരംഭങ്ങളിൽ 1,323 എണ്ണം പട്ടികജാതി/വർഗ വിഭാഗത്തിന്റേതും 6,065 എണ്ണം വനിതകളുടേതുമായിരുന്നു.

ടെക്നോപാർക്ക്, കഴക്കൂട്ടം; ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാപ്പനംകോട്; ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് സെന്റർ, കൊച്ചുവേളി; കിൻഫ്ര (ഗശിളൃമ: കേരള ഇൻഡസ്റ്റ്രിയിൽ ഇൻഫ്രാസ്റ്റ്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ), കഴക്കൂട്ടം എന്നിവയാണ് തിരുവനന്തപുരം ജില്ലയിലുള്ള വ്യവസായ സഞ്ചയങ്ങൾ. ഇവയിൽ വിവരസാങ്കേതിക വിദ്യാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ടെക്നോപാർക്ക് ബഹുരാഷ്ട്രകമ്പനികളുടേതുൾപ്പെടെ മുന്തിയ സ്ഥാപനങ്ങളുടെ സമുച്ചയമായി മാറിയിരിക്കുന്നു. ഇവിടത്തെ ആധുനിക സജ്ജീകരണങ്ങളുടെ പര്യാപ്തത ഇൻഫോസിസ്, ടാറ്റാഎൽക്സി, ടി സി എസ് തുടങ്ങിയ അതികായന്മാരെപ്പോലും ആകർഷിച്ചുകഴിഞ്ഞു. ഇപ്പോൾ 61 കമ്പനികളിലായി 5,500 വിവര സാങ്കേതികവിദ്യാവിദഗ്ദ്ധർക്ക് തൊഴിലവസരമൊരുക്കിയിട്ടുണ്ട് ഈ സമുച്ചയത്തിൽ.

കേന്ദ്ര ഉടമയിലുള്ള രണ്ട് വ്യവസായസ്ഥാപനങ്ങൾ തലസ്ഥാനനഗരിക്കുള്ളിലാണ് സ്ഥാപിതമായിട്ടുള്ളത്. ഇവയിൽ വിക്രം സാരാഭായി സ്പേസ് സെന്ററും അനുബന്ധസ്ഥാപനങ്ങളും പൂർണമായും പ്രതിരോധം, ശാസ്ത്രസാങ്കേതികം എന്നീ കേന്ദ്രവകുപ്പുകൾക്കുവേണ്ടിയുള്ള ഉത്പാദന-ഗവേഷണ പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്നു. (നോ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) രണ്ടാമത്തെ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റെക്സ് പൊതുജനാരോഗ്യവുമായി (വിശിഷ്യ കുടുംബാസൂത്രണവുമായി) ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തരാവശ്യം പൂർത്തീകരിച്ച്, കയറ്റുമതിരംഗത്ത് കാലുറപ്പിക്കുവാൻ പോന്ന വളർച്ച ഈ സ്ഥാപനം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന ഉടമയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രമുഖങ്ങളായ കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് എന്നിവയും തിരുവനന്തപുരം നഗരത്തിലാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ കാര്യമായ വ്യാവസായിക വളർച്ച ഉണ്ടായിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളായിരുന്ന കയർ, കൈത്തറി തുടങ്ങിയവ ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരുക്കുകയാണ്. വൈദ്യുതി, ഇതര ഊർജവസ്തുക്കൾ എന്നിവയിലെ പര്യാപ്തതയും അസംസ്കൃത വസ്തുക്കളുടെ സുലഭതയും വ്യാവസായിക പുരോഗതിക്ക് നന്നേ അനുകൂലമായ പരിസ്ഥിതി ഈ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്; എന്നാൽ വ്യവസായവത്ക്കരണത്തിലേക്കു നീങ്ങുവാൻ അറച്ചുനില്ക്കുന്ന അവസ്ഥയാണ് തുടരുന്നത്. ബാലരാമപുരം, അമരവിള, കുളത്തൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന കൈത്തറി വസ്ത്രനിർമ്മാണത്തിന്റെ പ്രോത്സാഹനത്തിനായി 20 നെയ്ത്തു തൊഴിലാളി സഹകരണ സംഘങ്ങളും അഞ്ച് കൈത്തറി വസ്ത്ര പ്രദർശന ശാലകളും സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. അഞ്ചുതെങ്ങ്, മുപ്പിരി തുടങ്ങിയ തീരമേഖലാകേന്ദ്രങ്ങളിലേക്ക് ഒതുങ്ങിയിട്ടുള്ള കയർ വ്യവസായത്തിന് മതിയായ ഉത്തേജനം ലഭിക്കുന്നില്ല. അന്യംനിന്നുവരുന്ന ദാരുശില്പനിർമ്മാണം തുടങ്ങിയവയേയും പുനരുദ്ധരിക്കേണ്ടതുണ്ട്.

ഗ്രാമവികസനം

തിരുത്തുക

സാമൂഹ്യക്ഷേമ പദ്ധതികൾ ബ്ളോക്കുതലത്തിൽ നടപ്പിലാക്കുന്ന നയമാണ് നിലവിലുള്ളത്. ഈ ജില്ലയെ പാറശ്ശാല, പെരുങ്കടവിള, അതിയന്നൂർ, നേമം, തിരുവനന്തപുരം റൂറൽ, കഴക്കൂട്ടം, വെള്ളനാട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂർ, ചിറയിൻകീഴ്, വർക്കല എന്നിങ്ങനെ 12 വികസന ബ്ളോക്കുകളായി വിഭജിച്ചിരിക്കുന്നു. അധഃകൃത വർഗങ്ങളുടേയും ദരിദ്രരുടേയും വനിതകളുടേയും ഉന്നമനത്തിന് ഊന്നൽ നല്കികൊണ്ടുള്ള ക്ഷേമപദ്ധതികൾക്കാണു പ്രാമുഖ്യം. സമ്പൂർണ ഗ്രാമ റോസ്ഗാർ യോജന (SGRY), സമ്പൂർണ ശുചീകരണ പദ്ധതി (TSS), റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് ഫണ്ട് (RIDF), ഇന്ദിരാഭവനപദ്ധതി (IAY) തുടങ്ങിയവ സജീവമായി നടപ്പിലാക്കിവരുന്ന വികസന പദ്ധതികളിൽപ്പെടുന്നു.

ഭവനനിർമ്മാണരംഗത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും അഭൂതപൂർവമമായ പുരോഗതിയാണ് ജില്ലയെമ്പാടും ദൃശ്യമാകുന്നത്. ഗവണ്മെന്റുടമയിലുള്ള ഭവനനിർമ്മാണ ബോർഡിന് നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകൾ ഉണ്ടായിരിന്നിട്ടും ബോർഡിന്റെ ഭവനപദ്ധതികൾ പട്ടണങ്ങൾക്കുള്ളിൽ ഒതുങ്ങിപ്പോയിരിക്കുന്ന സ്ഥിതിയാണുള്ളത്. പാർപ്പിടപദ്ധതികൾ ജില്ലയിലെ ജനബഹുലമായ പിന്നോക്ക മേഖലകളിലേക്ക് വികേന്ദ്രീകരിക്കേണ്ടതുണ്ട്.

ആശുപത്രികൾ, ആരോഗ്യം

തിരുത്തുക

ചികിത്സാസൗകര്യങ്ങളുടെ കാര്യത്തിൽ സമ്പന്നമായ സ്ഥാനം വഹിക്കുന്ന നഗരമാണ് തിരുവനന്തപുരം. അടുത്തകാലം വരെ വിദഗ്ദ്ധചികിത്സയ്ക്കും സാധാരണ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കു പോലും തലസ്ഥാനനഗരിയെ ആശ്രയിക്കുന്ന രീതിയാണ് ജില്ലയൊട്ടാകെയുള്ള ജനങ്ങൾ സ്വീകരിച്ചിരുന്നത്. എന്നാൽ നെയ്യാറ്റിൻകര, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട്, വർക്കല, ആറ്റിങ്ങൽ, കഴക്കൂട്ടം തുടങ്ങിയയിടങ്ങളിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള സ്വകാര്യ ആശുപത്രികൾ നിലവിൽ വന്നതിനെത്തുടർന്ന് ഈ പ്രവണതയിൽ വലുതായ മാറ്റം ദൃശ്യമാണ്. ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികൾക്കുപുറമേ വിഴിഞ്ഞം, നേമം, കന്യാകുളങ്ങര തുടങ്ങിയയിടങ്ങളിലും സർക്കാർ ആശുപത്രികളുണ്ട്. ജില്ലയിലെ മിക്ക അധിവാസകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലൂടെ സാമാന്യമായ ചികിത്സാസൗകര്യം ലഭ്യമാണ്. ഗവണ്മെന്റ് ഡിസ്പെൻസറി, പ്രാഥമികാരോഗ്യകേന്ദ്രം, മാതൃശിശുസംരക്ഷണ കേന്ദ്രം എന്നിവയും പര്യാപ്തമായ തോതിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇവയോടൊപ്പം സ്വകാര്യവ്യക്തികളുടേതായ ഡന്റൽ ക്ളിനിക്കുകൾ, വിഷ ചികിത്സാകേന്ദ്രങ്ങൾ, വൈദ്യശാലകൾ എന്നിവയും ഈ ജില്ലയിൽ ധാരാളമാണ്. അഖില ഭാരത പ്രശസ്തിയാർജിച്ച ഒന്നിലേറെ ആയുർവേദ ചികിത്സാലയങ്ങളും ഉണ്ട്. ശുചിത്വപരിപാലന വിഷയത്തിലും ഈ ജില്ല ഉയർന്ന നിലവാരം പുലർത്തുന്നു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസെസ്, റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളജ് ആശുപത്രി, ആയുർവേദ റിസെർച് സെന്റർ എന്നിവ ദേശീയതലത്തിൽ പ്രശസ്തിയാർജിച്ചിട്ടുള്ള സ്ഥാപനങ്ങളാണ്. സ്വകാര്യമേഖലയിൽ എല്ലാ സൗകര്യങ്ങളും തികഞ്ഞ 35 ആശുപത്രികൾ പ്രവർത്തിച്ചുവരുന്നു. നഗരത്തിലെമ്പാടുംതന്നെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഇന്ത്യയുടെ അയൽരാജ്യമായ മാലി ദ്വീപുകളിലെ ആബാലവൃദ്ധം ജനങ്ങളും വിദഗ്ദ്ധചികിത്സ ആവശ്യമുണ്ടാകുമ്പോൾ തിരുവനന്തപുരത്തെയാണ് ആശ്രയിക്കുന്നത്. മാനസികാരോഗ്യ ചികിത്സയ്ക്കായി കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആശുപത്രി തിരുവനന്തപുരം നഗരത്തിൽ ഊളമ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്.

സാമൂഹ്യക്ഷേമം

തിരുത്തുക

വികലാംഗർ, വനിതകൾ, ശിശുക്കൾ എന്നീ പ്രത്യേക വിഭാഗങ്ങളുടെ ക്ഷേമവും ദുർഗുണപരിഹാരം, സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയവയുമാണ് സാമൂഹ്യക്ഷേമത്തിലൂടെ ലക്ഷ്യമിടുന്ന പ്രധാന ധർമങ്ങൾ. ശിശുക്കൾക്കായുള്ള സമഗ്രവികസന പദ്ധതി ചാക്ക, പനവിള, വട്ടിയൂർക്കാവ്, അതിയന്നൂർ, പെരുങ്കടവിള, വാമനപുരം, കഴക്കൂട്ടം, ചിറയിൻകീഴ്, കിളിമാനൂർ, നേമം, വർക്കല എന്നിവിടങ്ങളിലുള്ള പ്രസക്ത കേന്ദ്രങ്ങളിലൂടെ പ്രാവർത്തികമാക്കിവരുന്നു. താലൂക്ക് ആസ്ഥാനങ്ങളായ നാലുപട്ടണങ്ങളിലും പ്രത്യേക പോഷകാഹാര പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയിൽ 2,250-ൽ ഏറെ അംഗൻവാടികൾ പ്രവർത്തിക്കുന്നു. തീരമേഖലയിൽ ഒറ്റൂർ, പൂവാർ, പൂങ്കുളം എന്നിവിടങ്ങളിലെ ഡേ കെയർ സെന്ററുകളും 30 ലേറെ ക്രഷ് (Creche)-കളും ശിശുക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ നഗരവാസികളിലെ 83.86%-വും ഗ്രാമീണരിലെ 68.99%-വും ജലവിതരണ സൗകര്യം അനുഭവിക്കുന്നവരാണ്. നഗരങ്ങളിലും ഇതര മേഖലകളിലുമായി 120 ജലവിതരണ സംവിധാനങ്ങൾ പ്രവർത്തനത്തിലുണ്ട്; നഗരങ്ങൾക്കുള്ളിൽ 12-ഉം പുറത്ത് 71-ഉം പദ്ധതികൾ പൂർത്തിയായിവരുന്നു.

അഭയ, മിത്രനികേതൻ തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സാമൂഹ്യക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ നിർവഹിച്ചു വരുന്നു.

അതിപ്രാചീന കാലത്ത് സമുദ്രം വഴി കരമനയാറിലൂടെ തിരുവല്ലത്തും അവിടെനിന്നും കിള്ളിയാർ വഴി കാന്തളൂർശാല വരെയും ജലഗതാഗതം സുഗമമായിരുന്നു. അതിനാൽ തിരുവനന്തപുരത്തെ ഒരു സമുദ്രതീര നഗരമായി വിദേശികൾ കണ്ടിരുന്നു. പോർച്ചുഗീസുകാർ പട്ടണത്തെ 'റൊട്ടൊറ' എന്നും ഡച്ചുകാർ 'ഉട്ടേറ' എന്നും ഇംഗ്ളീഷുകാർ 'ട്രിവാൻഡ്രം' എന്നും രേഖപ്പെടുത്തി. കരമനയാറിന്റെ മുഖത്തുണ്ടായിരുന്ന പൂന്തുറയായിരുന്നു സമുദ്രത്തിൽനിന്നും പട്ടണത്തിലേക്കുള്ള പ്രവേശന കവാടം. അതിന് 'കണ്ടുകൊണ്ടാൻ തുറ' എന്നാണ് പഴയ പേര്. 19-ാം ശ.-ത്തിന്റെ തുടക്കം വരെ അവിടം തുറമുഖമായി പ്രവർത്തിച്ചിരുന്നു. വലിയതുറയിൽ കടൽപ്പാലം നിർമിച്ചശേഷമാണ് (1825) പൂന്തുറ ഉപേക്ഷിക്കപ്പെട്ടത്.

19-ാം ശ.-ത്തിന്റെ ഉത്തരാർധം വരെയും വാഹനഗതാഗത യോഗ്യമായ പാതകൾ തിരുവനന്തപുരത്തേക്കുണ്ടായിരുന്നില്ല. കാൽനടയും പല്ലക്കും മാത്രമാണ് നടപ്പിലിരുന്നത്. ദിവാൻ മാധവ റാവുവിന്റെ കാലത്താണ് (1858-72) രാജപാതകൾക്കു തുടക്കം കുറിച്ചത്. തിരുവനന്തപുരത്തുനിന്ന് ആരുവാമൊഴിക്കും നെടുമങ്ങാടു വഴി ചെങ്കോട്ടയ്ക്കും കൊട്ടാരക്കര വഴി അങ്കമാലിക്കും പേട്ട, ഉള്ളൂർ വഴി കൊല്ലത്തേക്കും രാജപാതകളുണ്ടായി. 1830-നു ശേഷം ഇംഗ്ളീഷുകാർ തിരുവനന്തപുരത്തു താമസമാക്കിയതാണ് നഗരവികസനത്തിനും പാതകളുടെ നിർമ്മാണത്തിനും കാരണമായത്.

കനാൽ മുഖേന കൊച്ചിയേയും തിരുവനന്തപുരത്തേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റാണി പാർവതീഭായിയുടെ കാലത്ത് കഠിനംകുളം കായൽ മുതൽ തിരുവനന്തപുരത്തെ വള്ളക്കടവുവരെ കനാൽ നിർമിച്ചു(1825). അതിന് പാർവതീ പുത്തനാർ എന്ന് നാമകരണം ചെയ്തു. 1877-ൽ വർക്കല ടണൽ പണി തീർത്തതോടുകൂടി തിരുവനന്തപുരം മുതൽ കൊച്ചി വരെ ജലയാത്ര സുഗമമായി. ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്താണ് അനന്തവിക്ടോറിയൻ മാർത്താണ്ഡൻ കനാൽ എന്ന പേരിൽ തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി വരെ കനാൽ നിർമ്മിക്കാൻ പരിപാടിയിട്ടത്. വള്ളക്കടവു മുതൽ കരമനയാർ വരെയും നെയ്യാർ മുതൽ മണവാളക്കുറിച്ചി വരെയും പൂർത്തിയാക്കി. കരമനയാറിനും നെയ്യാറിനും ഇടയ്ക്കുള്ള ഭാഗം ചെലവേറിയതിനാൽ വേണ്ടെന്നു വച്ചു.തിരുനെൽവേലിയെ തിരുവനന്തപുരത്തെയൂം ബന്തിപ്പിക്കനായി വിതുര വഴി ബോണക്കാട് പണ്ടിപ്പത്ത് റോഡിനെ കുറിച്ചുളള പഢനം ഉടൻ ആരംഭിക്കും അതോടെ tvm. Trnvഅകലം കുറക്കാൻ കഴിയും

1918-ലാണ് കൊല്ലത്തുനിന്ന് റെയിൽ ഗതാഗതം തിരുവനന്തപുരത്തെ ചാക്ക വരെ നീട്ടിയത്. 1931-ൽ അത് തമ്പാനൂർ സെൻട്രൽ സ്റ്റേഷൻ വരെ നീട്ടി. റെയിൽ ഗതാഗതം ഇപ്പോൾ കന്യാകുമാരി വരെ നീട്ടിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഗതാഗത സൗകര്യങ്ങൾ തികച്ചും പര്യാപ്തമാണ്; റോഡ്, റെയിൽ, ജല ഗതാഗത മാർഗങ്ങളാൽ സമ്പുഷ്ടമാണ് എന്നതിനു പുറമേ വ്യോമഗതാഗതസൗകര്യത്തിലും മുന്നിട്ടു നില്ക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 1,864 കി.മീ. ഒന്നാംകിട റോഡുകൾ ഈ ജില്ലയിലുണ്ട്. ഇവയ്ക്കുപുറമേ തദ്ദേശ സ്��യംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള 9,500 കി.മീ. പാതകളുമുണ്ട്. ഇവയിൽ 400 കി.മീ. മാത്രമാണ് ടാർ റോഡുകൾ; 3,000 കി.മീ. ചരലിട്ടുറപ്പിച്ചവയും ശേഷിച്ച 6,100 കി.മീ. ചെമ്മൺ പാതകളുമായി തുടരുന്നു. ജില്ലയിൽ കളിയിക്കാവിള മുതൽ പാരിപ്പള്ളിവരെ 80 കി.മീ. നീളുന്ന നാഷണൽ ഹൈവേ (NH 47) ആണ് പ്രധാന റോഡ്. മെയിൻ സെൻട്രൽ റോഡിന്റെ (MC Road) തിരുവനന്തപുരം മുതൽ കിളിമാനൂർ വരെയുള്ള 55 കി.മീ. ഭാഗം തിരുവനന്തപുരം ജില്ലയിലുണ്ട്. ജില്ലയിലെ റോഡുകളിൽ മാവിലക്കടവ്, അമരവിള, കരമന, ജഗതി, മണ്ഡപത്തിൻ കടവ്, മരുതൂർകടവ്, കുണ്ടമൺ കടവ്, പൂവമ്പാറ, വാമനപുരം, തിരുവല്ലം, അരുവിക്കര എന്നിവിടങ്ങളിലേത് ഉൾപ്പെടെ 124 പാലങ്ങളുണ്ട്. ജില്ലയിലെ ഒൻപത് ഡിപ്പോകൾ, ഏഴ് സബ്ഡിപ്പോകൾ, നാല് ഓപ്പറേറ്റിങ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1,171 ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കുന്നു. സ്വകാര്യ ഉടമയിലുള്ള ശതക്കണക്കിന് ബസ്സുകളും ദിവസേന സർവീസ് നടത്തുന്നുണ്ട്: തെക്കോട്ടും വടക്കോട്ടുമുള്ള ബ്രോഡ്ഗേജ്പാതകളിലൂടെ ഭാരതത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളുമായും റെയിൽ ബന്ധം സാധ്യമാക്കിയിരിക്കുന്നു. കൊച്ചുവേളി കേന്ദ്രീകരിച്ച് രണ്ടാമത്തെ റയിൽവേ ടെർമിനൽ പ്രവർത്തിച്ചു തുടങ്ങി. ജില്ലയിൽ 20 റെയിൽവേ സ്റ്റേഷനുകളുണ്ട്. പ്രധാന സ്റ്റേഷനായ തിരുവനന്തപുരം ആസ്ഥാനമാക്കി അതേപേരിലുള്ള റെയിൽവേ ഡിവിഷനുമുണ്ട്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കുവൈത്ത്, മസ്കറ്റ്, ജിദ്ദ, ദുബായ്, അബുദാബി, ദോഹ, കൊളംബോ, ബഹ്റിൻ, സിംഗപ്പൂർ, മാലി എന്നീ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും കൊച്ചി, ചെന്നൈ, ബാംഗ്ളൂർ, മുംബൈ,. ഡൽഹി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും നേരിട്ട് വ്യോമയാത്രാ സൗകര്യം ലഭ്യമാണ്.

കലാസാംസ്കാരികം

തിരുത്തുക

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം ക്രേന്ദീകരിച്ച് മുൻകാലങ്ങളിലൂടെ തിരുവനന്തപുരം ഒരു പ്രധാന കലാകേന്ദ്രമായി വളർന്നു വന്നു. 1733-ൽ ക്ഷേത്രം പുതുക്കിപ്പണിയിച്ചതിനുശേഷമാണ് പ്രധാനമായും ഈ വളർച്ചയുണ്ടായത്. പത്തു ദിവസത്തെ ഉത്സവകാലത്ത് അറിയപ്പെടുന്ന എല്ലാ ദൃശ്യകലകൾക്കും സംഗീതത്തിനും ക്ഷേത്രത്തിൽ അവസരം ലഭിച്ചിരുന്നു. ധാരാളം കലാകാരന്മാരേയും കലാസ്വാദകരേയും ഉത്സവം ആകർഷിച്ചതുമൂലം ആണ്ടിൽ രണ്ട് പ്രാവശ്യം - തുലാമാസത്തിലും മീനമാസത്തിലും - പത്തുദിവസം വീതമുള്ള ഉത്സവം ഏർപ്പാടാക്കി. ഉണ്ണായിവാര്യർ, കുഞ്ചൻനമ്പ്യാർ, രാമപുരത്തുവാര്യർ എന്നിവർ മാർത്താണ്ഡവർമയുടെ കാലത്ത് തിരുവനന്തപുരത്തേക്ക് ആകർഷിക്കപ്പെട്ടവരായിരുന്നു. കാർത്തികതിരുനാൾ രാമവർമയുടെ കാലത്ത് ദൃശ്യ-ശ്രാവ്യ കലകൾക്ക് ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രധാന കേന്ദ്രമെന്ന ഖ്യാതി ലഭിച്ചു. കവികൾ ധാരാളമായി തിരുവനന്തപുരത്തെ ആശ്രയിച്ചു. കാർത്തികതിരുനാൾ മഹാരാജാവ് അഞ്ച് ആട്ടക്കഥകൾ രചിച്ചതിനു പുറമേ, ബാലരാമഭാരതം എന്ന നൃത്തശാസ്ത്രഗ്രന്ഥവും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗിനേയൻ അശ്വതി തിരുനാൾ ഇളയരാജാവ് ഒന്നാംകിട ആട്ടക്കഥാകൃത്തായിരുന്നു. ബാലരാമവർമയുടേയും സ്വാതിതിരുനാളിന്റേയും സമകാലികനായ ഇരയിമ്മൻ തമ്പി (1783-1856) കേരളത്തിലെ ഒന്നാംകിട ആട്ടക്കഥാകൃത്തും ഗാനരചയിതാവും ആയിരുന്നു. കൊട്ടാരം കഥകളിയോഗം ഇക്കാലത്ത് സംഘടിപ്പിക്കപ്പെട്ടു. സ്വാതിതിരുനാൾ മഹാരാജാവ് (ഭ.കാ.1829-46) ഇന്ത്യയിലെ എണ്ണപ്പെട്ട ഗാനരചയിതാക്കളിലൊരാളും സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രോത്സാഹനം നല്കിയ ആളുമായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ ഉത്രം തിരുനാൾ (ഭ.കാ. 1847-60) കഥകളി പ്രിയനായിരുന്നു. കഥകളി യോഗത്തിന് അദ്ദേഹം പുതുജീവൻ നല്കി. നടന്മാർക്കും പാട്ടുകാർക്കും മേളക്കാർക്കും കൊട്ടാരപരിസരത്തുതന്നെ താമസസൗകര്യം നല്കി.

കേരളത്തിലറിയപ്പെട്ട എല്ലാ ദൃശ്യകലകളും ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു. നൃത്തം, കഥകളി, ഞാണിന്മേൽ കളി, ഓട്ടൻതുള്ളൽ, അമ്മാനആട്ടം, കഴക്കൂത്താട്ടം (സർക്കസ്), ചെപ്പടിവിദ്യ (മാജിക്), പരിശമുട്ട്, വാൾപയറ്റ്, ഗുസ്തി, ചിറവം അടി, ചാക്യാർകൂത്ത്, പാഠകം, ശീതങ്കൻ തുള്ളൽ, തിരുവാതിരകളി, കല്യാണക്കളി, കുറത്തിക്കളി, ചിലമ്പം, വാളേറ്റ്, തീപ്പന്തം വീശൽ, കോൽക്കളി, ഹനുമാൻ പണ്ടാരം കളി, പള്ളിനാടകം, കുറത്തിക്കളി, ഗരുഡൻ പറപ്പ്, പൊയ്ക്കാലാട്ടം, മയിലാട്ടം, പാവക്കൂത്ത്, കയർപിരികളി, തോറ്റം പാട്ട്, മാവാരതപ്പാട്ട് എന്നീ കലകൾക്കെല്ലാം ഇവിടെ പ്രത്യേകം പ്രത്യേകം വേദികൾ ഉണ്ടായിരുന്നു.

കൂടിയാട്ടത്തിൽനിന്ന് മലയാള നാടകങ്ങളിലേക്കുള്ള കാൽവയ്പിനു തുടക്കം കുറിച്ചത് തിരുവനന്തപുരത്താണ്. ഇംഗ്ളീഷിന്റെ സ്വാധീനമായിരിക്കാം കാരണം. ആയില്യം തിരുനാളിന്റെ ഭാഷാ ശാകുന്തളവും കേരളവർമ വലിയ കോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളവും സംസ്കൃത നാടകങ്ങളുടെ വിവർത്തനങ്ങളും അനുകരണങ്ങളും സംസ്കൃത നാടകരീതിയിലുള്ള സാമുദായിക കഥകളും നാടകരംഗത്തുണ്ടായി. അവയിൽ കെ.സി.കേശവപിള്ളയുടെ സദാരാമ എന്ന നാടകം ഏറ്റവും ജനപ്രീതി നേടി. നാടകത്തിലെ പ്രഹസന വിഭാഗത്തിന്റെ തുടക്കക്കാരൻ സി.വി.രാമൻപിള്ളയായിരുന്നു. ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ സ്ഥാപകനായ വായനശാല കേശവപിള്ളയുടെ നേതൃത്വത്തിൽ ആണ്ടുതോറും ചിത്തിര തിരുനാളിന്റെ ജന്മദിനത്തിനു നടന്നുപോന്ന നാടകങ്ങളുടെ തുടക്കം സി.വി.യുടെ പ്രഹസനങ്ങളിലൂടെയായിരുന്നു. പിന്നീട് ഇ.വി.കൃഷ്ണപിള്ള, എൻ.പി.ചെല്ലപ്പൻ നായർ, സി.എൻ. ശ്രീകണ്ഠൻ നായർ, ജഗതി എൻ.കെ. ആചാരി, എം.ജി.കേശവപിള്ള, റ്റി.എൻ.ഗോപിനാഥൻ നായർ തുടങ്ങിയവർ തിരുവനന്തപുരത്തെ അമച്വർ നാടകവേദിയെ സമ്പന്നമാക്കി. എൻ.കൃഷ്ണപിള്ളയായിരുന്നു മറ്റൊരു നാടകാചാര്യൻ. അഭിനേതാക്കളിൽ എൻ.പി.ചെല്ലപ്പൻ നായർ, റ്റി.എൻ.ഗോപിനാഥൻ നായർ, ജഗതി എൻ.കെ.ആചാരി തുടങ്ങിയ കഥാകൃത്തുക്കളും; പി.കെ.വിക്രമൻ നായർ, റ്റി.ആർ.സുകുമാരൻ നായർ, ഓമനക്കുഞ്ഞമ്മ തുടങ്ങിയവരും ഉൾപ്പെടുന്നു. പ്രൊഫഷണൽ നാടകവേദിക്ക് തിരുവനന്തപുരത്തിന്റെ സംഭാവനയാണ് മികച്ച സിനിമാനടൻകൂടിയായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ. ബഹുജനശ്രദ്ധയാകർഷിച്ച 'സ്ഥിരം നാടവേദി'യുടെ കേരളത്തിലെ ഏക പ്രയോക്താവാണ് തിരുവനന്തപുരത്തുകാരനായ കലാനിലയം കൃഷ്ണൻ നായർ. 'കേരള നടനം' എന്ന നൃത്തനാടക രൂപത്തെ ഇന്ത്യയിലാകമാനവും ഇന്ത്യയ്ക്കു വെളിയിലും പ്രശ്സ്തമാക്കിയ ഗുരുഗോപിനാഥ് തിരുവനന്തപുരത്തെ വിശ്വകലാകേന്ദ്രത്തിന്റെ സ്ഥാപകനും ഇംഗ്ളീഷിലും മലയാളത്തിലും നാട്യനടനങ്ങളെപ്പറ്റി ഗ്രന്ഥരചന നടത്തിയ ആളുമാണ്.

സംഗീത-സാഹിത്യ-ശില്പ-കരകൗശല മണ്ഡലങ്ങളിൽ ഈടുറ്റ സംഭാവനകൾ നല്കുവാൻ തിരുവനന്തപുരം ജില്ലയിലെ കടന്നുപോയ തലമുറകൾക്കു കഴിഞ്ഞിട്ടുണ്ട്. രാമകഥപ്പാട്ടിന്റെ രചയിതാവായ ആവാടുതുറ അയ്യിപ്പിള്ള ആശാൻ, ഇരയിമ്മൻ തമ്പി, കേരള വർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ, കുമാരനാശാൻ, സി.വി.രാമൻപിള്ള, ഉള്ളൂർ എസ്.പരമേശ്വരയ്യർ തുടങ്ങി ഒട്ടനവധി സാഹിത്യാചാര്യന്മാരുടെ രചനാശാലയാകാനുള്ള ഭാഗ്യം ഈ ജില്ലയ്ക്കു സിദ്ധിച്ചിട്ടുണ്ട്. യതിവര്യന്മാരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ജന്മം കൊണ്ട് ധന്യമായതും ഈ ജില്ലയാണ്. സംഗീതലോകത്തെ സമ്രാട്ടായി മാറിയ സ്വാതിതിരുനാൾ മഹാ���ാജാവും ചിത്രരചനാവൈഭവം കൊണ്ട് വിശ്വപ്രശസ്തനായിത്തീർന്ന രാജാ രവിവർമയും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. ദാരുശില്പരംഗത്ത് ആഗോളപ്രശസ്തി നേടിത്തന്ന എണ്ണമറ്റ കലാകാരന്മാരുടെ നാടാണിത്. ജില്ലയിലെ വാസ്തുവൈഭവങ്ങളിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രമാണ്. പ്രൌഢവും നിസ്തുലവുമായ ശില്പസൗന്ദര്യത്തിനുപരി, ക്ഷേത്ര ഭിത്തികളെ അലങ്കരിക്കുന്ന ചുമർ ചിത്രങ്ങളാണ് ഈ മഹാമന്ദിരത്തിന്റെ മുഖ്യ ആകർഷണീയത. ഹൈന്ദവ വിശ്വാസങ്ങളേയും വിവക്ഷകളേയും അവലംബിച്ച് ബൗദ്ധശൈലിയിൽ വിരചിതങ്ങളായ ഇവ 18-ാം നൂറ്റാണ്ടിലേതാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു. ആറ്റിങ്ങലിലെ കോയിക്കൽ കൊട്ടാരത്തിലും ഇവയോടു സാദൃശ്യം പുലർത്തുന്ന ചുമർചിത്ര സഞ്ചയം ഉണ്ട്.

തിരുവനന്തപുരത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഇംഗ്ളീഷുകാരും ഇംഗ്ളീഷ് വിദ്യാഭ്യാസവും ആണെന്ന കാര്യത്തിൽ സംശയമില്ല. 1830-ൽ റസിഡൻസി തിരുവനന്തപുരത്തേക്കു മാറ്റിയതു മുതലാണ് അതിന്റെ തുടക്കം. അതിനു മുൻപുതന്നെ രാജകുമാരന്മാരെ ഇംഗ്ളീഷ് പഠിപ്പിക്കുന്നതിലും അവർക്ക് ആധുനിക വിദ്യാഭ്യാസം നല്കുന്നതിലും ഇംഗ്ളീഷുകാർ ശ്രദ്ധിച്ചിരുന്നു. 1834-ൽ തിരുവനന്തപുരത്ത് ഇംഗ്ളീഷ് സ്കൂൾ സ്ഥാപിതമായി. 1866-ൽ ഇംഗ്ളീഷ് സ്കൂളിനെ മഹാരാജാസ് കോളജായി ഉയർത്തിയത് തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാസംഭവമായിരുന്നു. അവിടത്തെ അധ്യാപകന്മാരായിരുന്ന ജോൺ റോസ്, ഹാർവി എന്നീ പണ്ഡിതന്മാർ തിരുവിതാംകൂറിലെ ഒട്ടേറെ ബുദ്ധിജീവികളുടേയും പൊതുപ്രവർത്തകരുടേയും ഗുരുനാഥന്മാരായിരുന്നു.

വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് 19-ാം ശ.-ത്തിന്റെ അന്ത്യത്തിലും 20-ാം ശ.-ത്തിന്റെ ആദ്യപകുതിയിലും തിരുവനന്തപുരത്തുണ്ടായത്. 1867-ൽ തുടങ്ങിയ സെൻട്രൽ വെർണാകുലർ സ്കൂൾ (അട്ടക്കുളങ്ങര) ആണ് തിരുവനന്തപുരത്തെ രണ്ടാമത്തെ സ്കൂൾ. ശ്രീമൂല വിലാസം (S.M.V) ഇംഗ്ളീഷ് ഹൈസ്കൂൾ, കോട്ടയ്ക്കകത്തെ സംസ്കൃത സ്കൂൾ, ഫോർട്ട് ഇംഗ്ളീഷ് സ്കൂൾ എന്നിവയും, കരമനയിലും പേട്ടയിലും കോട്ടൺ ഹില്ലിലും പട്ടത്തും പിന്നീടു തുടങ്ങിയ സ്കൂളുകളും സർക്കാർ വകയാണ്. പല കാലങ്ങളിലായി ക്രൈസ്തവ, ഹൈന്ദവ, മുസ്ളിം സമുദായങ്ങൾ ജില്ലയിലെ വിദ്യാഭ്യാസപുരോഗതിക്കായി ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

1895-ൽ വഴുതക്കാട്ട് പെൺകുട്ടികൾക്കു വേണ്ടി തുടങ്ങിയ ഗവ. ഹൈസ്കൂൾ 1897-ൽ രണ്ടാം ഗ്രേഡ് കോളജും 1920-ൽ ഒന്നാം ഗ്രേഡ് കോളജുമായി. 1919-ൽ കോട്ടയ്ക്കകത്തെ സംസ്കൃത സ്കൂൾ കോളജാക്കി പാൽക്കുളങ്ങരയിലേക്കും പിന്നീട് മഹാരാജാസ് കോളജിന് എതിർവശത്തേക്കും മാറ്റി. 1924-ൽ മഹാരാജാസ് കോളജിനെ വിഭജിച്ച് സയൻസ് കോളജും ആർട്സ് കോളജും ആക്കിയെങ്കിലും 1942-ൽ രണ്ടും യോജിപ്പിച്ച് യൂണിവേഴ്സിറ്റി കോളജാക്കി. വീണ്ടും ആർട്സ് കോളജ് തൈക്കാട്ട് പുനരുജ്ജീവിപ്പിച്ചു. സമീപം ഒരു ട്രെയിനിങ് കോളജും അതിന്റെ കീഴിൽ ഒരു മോഡൽ സ്കൂളും സ്ഥാപിച്ചു. 1937-ൽ ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂറിലെ കോളജുകളെല്ലാം അതിന്റെ നിയന്ത്രണത്തിലാക്കി. തൈക്കാട്ടെ സ്വാതിതിരുനാൾ മ്യൂസിക് അക്കാദമി പില്ക്കാലത്ത് മ്യൂസിക് കോളജ് ആക്കി ഉയർത്തി. ലോ സ്കൂൾ, ലോ കോളജായും സ്കൂൾ ഒഫ് ആർട്സ്, കോളജ് ഒഫ് ഫൈൻ ആർട്സ് ആയും ഉയർത്തി. 1939-ൽ തിരുവനന്തപുരത്ത് എൻജിനീയറിങ് ഡിഗ്രി കോളജ് സ്ഥാപിച്ചു. ഒപ്പം ഒരു ഡിപ്ളോമാ കോഴ്സും ടെക്സ്റ്റൈൽ ടെക്നോളജി കോഴ്സും ആരംഭിച്ചു. അവ രണ്ടും പിന്നീട് സംയോജിപ്പിച്ച് വട്ടിയൂർക്കാവിൽ പോളിടെൿനിക്കിനു കീഴിലാക്കി. എൻജിനീയറിങ് കോളജ് 1957-ൽ കുളത്തൂരിലേക്ക് മാറ്റി. 1948-ൽ പെരുന്താന്നിയിൽ എൻ.എസ്.എസ്. ഹിന്ദു കോളജ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് കേശവദാസപുരത്ത് മഹാത്മാഗാന്ധി കോളജ് ആയത്. മാർ ഇവാനിയോസ് കോളജ് 1949-ലാണ് സ്ഥാപിതമായത്. 1952-ൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സ്ഥാപിക്കപ്പെട്ടു. പിന്നീടാണ് ഡെന്റൽ, നഴ്സിങ് കോളജുകൾ അവിടെ തുടങ്ങിയത്. ശ്രീചിത്രാ മെഡിക്കൽ സെന്റർ, റീജിയണൽ കാൻസർ സെന്റർ എന്നിവയും അതേ ക്യാമ്പസിൽ രൂപംകൊണ്ടു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തേയും കാന്തളൂർശാല എന്ന വിദ്യാപീഠത്തേയും കേന്ദ്രീകരിച്ചു വളർന്ന തിരുവനന്തപുരം ഒരു വിദ്യാകേന്ദ്രമെന്ന നിലയിലുള്ള പ്രശസ്തി സജീവമായി നിലനിർത്തുന്നു. ഇപ്പോൾ വിവര സാങ്കേതികവിദ്യ (Information Technology) കൂടി യഥാർഹമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അക്കാദമിക് വേദിയിൽ വിവിധ വിജ്ഞാന ശാഖകളിലും സാമൂഹിക ശാസ്ത്രങ്ങളിലുമെന്നപോലെ സാഹിത്യം, സംഗീതം, മറ്റു സുകുമാരകലകൾ എന്നിവയിലും മതിയായ തോതിലുള്ള ഉന്നതപഠനസൗകര്യം ലഭ്യമാണ്. 2000-ാമാണ്ടിനുശേഷം എൻജിനീയറിങ്, നഴ്സിങ്, ഫാർമസി, ടീച്ചർ ട്രെയിനിങ് എന്നിവയ്ക്കുള്ള കോളജുകളുടേയും സെക്കൻഡറി വിദ്യാലയങ്ങളുടേയും എണ്ണം ഗണ്യമായി വർധിച്ചു.

പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, ടീച്ചർ ട്രെയിനിങ്, വൊക്കേഷനൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി മൊത്തം 1,129 വിദ്യാലയങ്ങൾ ജില്ലാ അതിർത്തിക്കുള്ളിൽ പ്രവർത്തനത്തിലുണ്ട്. 2001-ലെ സെൻസസ് പ്രകാരം ജില്ലയിലെ സാക്ഷരതാനിരക്ക് 89.36% ആണ്; പുരുഷന്മാരിലെ 92.68%-വും സ്ത്രീകളിലെ 86.26%-വും സാക്ഷരരാണ്. ഗ്രന്ഥശാലാ പ്രസ്ഥാനം രൂഢമായി വേരുറപ്പിച്ചിട്ടുള്ള ഈ ജില്ലയിൽ ഓരോ പഞ്ചായത്ത് വാർഡിലും കുറഞ്ഞത് ഒരു ഗ്രന്ഥശാലയെങ്കിലും ഉണ്ട്. ഉപരിവിദ്യാഭ്യാസരംഗത്ത് അഗ്രിമസ്ഥാനം കേരള സർവകലാശാലയ്ക്കാണ്. ഇതിന്റെ ഭരണ ആസ്ഥാനം തലസ്ഥാന നഗരത്തിനുള്ളിലും, 41 ഗവേഷണ-അധ്യാപന വകുപ്പുകളിലെ ഒട്ടുമുക്കാലുമെണ്ണം നഗരത്തിന് 20 കി.മീ. വടക്കായുള്ള കാര്യവട്ടം ക്യാമ്പസ്സിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഈ സർവകലാശാലയുടെ കീഴിലുള്ള 87 കോളജുകളിൽ 27 എണ്ണം തിരുവനന്തപുരം ജില്ലയ്ക്കുള്ളിലാണു പ്രവർത്തിക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയുടേയും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടേയും പഠനകേന്ദ്രങ്ങൾ തിരുവനന്തപുരത്തുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സൌകര്യങ്ങളിൽ ഈ ജില്ല വളരെ മുന്നാക്കമാണ്. മൂന്ന് അലോപ്പതി മെഡിക്കൽ കോളജുകൾ, മൂന്ന് ആയുർവേദ കോളജുകൾ, രണ്ട് ഹോമിയോ കോളജുകൾ, രണ്ട് നഴ്സിങ് കോളജുകൾ, രണ്ട് ഡെന്റൽ കോളജുകൾ, പതിനൊന്ന് എൻജിനീയറിങ് കോളജുകൾ, രണ്ട് ഐ.ടി. കോളജുകൾ, ഒരു കാർഷിക കോളജ്, അഞ്ച് പോളിടെൿനിക്കുകൾ എന്നിവ ഈ ജില്ലയിൽ പ്രവർത്തിക്കുന്നു. ഇവയെക്കൂടാതെ സംഗീതം (ഒന്ന്), നിയമം (രണ്ട്), ഫൈൻ ആർട്സ് (ഒന്ന്), അധ്യാപക പരിശീലനം (മൂന്ന്), ജേർണലിസം (ഒന്ന്) എന്നിവയ്ക്കുള്ള കോളജുകളും സൗകര്യങ്ങൾക്ക് മികവു കൂട്ടുന്നു.

ഗ്രന്ഥശാലകളാണ് തിരുവനന്തപുരത്തിന്റെ മറ്റൊരു സാംസ്കാരിക സമ്പത്ത്. ഇന്നത്തെ പബ്ളിക് ലൈബ്രറിക്കു തുടക്കം കുറിച്ചത് 1830-ൽ റസിഡന്റായിരുന്ന കേണൽ കഡോഗനാണ്. ആദ്യകാലങ്ങളിൽ ഇംഗ്ളീഷുകാരായിരുന്നു അതിന്റെ തലപ്പത്ത്. തിരുവനന്തപുരം പബ്ളിക് ലൈബ്രറിക്കു പുറമേ സാധാരണക്കാർക്കും വിദ്യാർഥികൾക്കുംവേണ്ടി ഒരു ജനതാലൈബ്രറി തുടങ്ങിയതും ഇംഗ്ളീഷുകാരുടെ ശ്രമഫലമായാണ്. ഇപ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നില്ക്കുന്നിടത്താണ് ലൈബ്രറി കെട്ടിടം പണിയിച്ചത്. റസിഡന്റ് നല്കിയ 500 രൂപ, ഒബ്സർവേറ്ററി ഡയറക്ടർ ആലൻ ബ്രൗൺ നല്കിയ 200 രൂപ, ദിവാൻ മാധവ റാവു നല്കിയ 50 രൂപ ഇത്രയുമായിരുന്നു മൂലധനം. 1865-ൽ പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ ചരിത്രകാരനായ റവ. സാമുവൽ മറ്റിയർ അതിന്റെ ആദ്യകാല സെക്രട്ടറിമാരിൽ ഒരാളായിരുന്നു. സർക്കാർ ഗ്രാന്റ് നിർത്തിവച്ചതു കാരണം 1899-ൽ അത് പബ്ളിക് ലൈബ്രറിയിൽ ലയിച്ചു. ഗണപതി ശാസ്ത്രികൾ, സാംബശിവ ശാസ്ത്രി തുടങ്ങിയ പ്രഗല്ഭന്മാരുടെ ശ്രമഫലമായി തിരുവനന്തപുരത്തെ ഹസ്തലിഖിത ഗ്രന്ഥശാല, അറിയപ്പെടാതെ കിടന്ന അന���കം ഗ്രന്ഥങ്ങൾ, പ്രസിദ്ധീകരിച്ചു. അത് ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലാണ്. യൂണിവേഴ്സിറ്റിക്ക് സ്വന്തമായി 1942-ൽ ഒരു ലൈബ്രറി ആർട്ട്സ് കോളജിൽ പ്രവർത്തനം ആരംഭിച്ചു. 1962-ൽ അത് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. അപ്പോൾ മുതൽ അവിടെ യൂണിവേഴ്സിറ്റിയുടെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ടുമെന്റ് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1914-ൽ വായനശാല കേശവപിള്ള വളരെ ചെറിയ തോതിൽ പാൽക്കുളങ്ങരയിൽ ആരംഭിച്ച സ്ഥാപനമാണ് ഇപ്പോൾ വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല എന്ന സ്ഥാപനം. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന് അത് മാതൃകയായി. 1918 മുതൽ അത് എല്ലാ വർഷവും ശ്രീ ചിത്തിര തിരുനാളിന്റെ ജന്മദിനത്തിൽ പുതിയ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.

1836-ൽ സ്ഥാപിതമായ ഒബ്സർവേറ്ററി പ്രത്യേക പരാമർശം അർഹിക്കുന്നു. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയത്തിന്റെ തുടക്കക്കാരൻ 1855-ൽ ഒബ്സർവേറ്ററി ഡയറക്ടറായിരുന്ന എ.ജെ. ബ്രൗൺ ആയിരുന്നു. 1860-ൽ പണിതീർത്ത മനോഹരമായ കെട്ടിടത്തിന് മദ്രാസ് ഗവർണറായിരുന്ന നേപ്പിയറുടെ പേര് നല്കുകയായിരുന്നു. അതിനോടൊപ്പം വിശാലമായ ഉദ്യാനവും മൃഗശാലയും 1859 മുതൽ പ്രവർത്തനമാരംഭിച്ചു. ഇവയുടെയെല്ലാം മേൽനോട്ടം കുറേക്കാലത്തേക്ക് ഇംഗ്ളീഷുകാരിലായിരുന്നു. കൽക്കട്ടയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ മാതൃകയിൽ തിരുവനന്തപുരത്ത് ഒരു കേരള സൊസൈറ്റി 1927-ൽ സ്ഥാപിതമായത് അന്ന് പൊളിറ്റിക്കൽ ഏജന്റായിരുന്ന സി.ഡബ്ള്യു.ഇ. കോട്ടൺ എന്നയാളിന്റെ പ്രയത്നം മൂലമായിരുന്നു. പണ്ഡിതനായ റ്റി.കെ. ജോസഫ് എഡിറ്ററായി സൊസൈറ്റി പ്രസാധനം ചെയ്ത കേരളാ സൊസൈറ്റി പേപ്പഴ്സ് ചരിത്ര ഗവേഷണത്തിന് നല്കിയ ഉത്തേജനം മഹത്തരമാണ്.

തലസ്ഥാന നഗരമെന്ന നിലയിലും വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിലും തിരുവനന്തപുരം ധാരാളം ബുദ്ധിജീവികളെ ആകർഷിച്ചിട്ടുണ്ട്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അവരിൽ ചിലർ കനത്ത സംഭാവനകൾ നല്കി. തിരുവനന്തപുരത്തു ജനിച്ചു വളർന്നവരും ഇവിടെ വന്നു താമസമാക്കിയവരും അവരിൽപ്പെടും. പണ്ഡിതനും കവിയും ഗദ്യകാരനുമായിരുന്ന കേരളവർമ വലിയ കോയിത്തമ്പുരാൻ (1845-1914) തിരുവനന്തപുരത്തും പുറത്തുമുള്ള അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചയാളാണ്. എ.ആർ.രാജരാജവർമ (1863-1918), മഹാകവി കെ.സി.കേശവപിള്ള (1868-1913), മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ (1877-1949), മഹാകവി കുമാരനാശാൻ (1873-1924), പ്രൊഫ. വി.കൃഷ്ണൻ തമ്പി (1890-1938) എന്നിവർ കേരളവർമയുടെ അനുഗ്രഹം നേടിയവരാണ്. പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി കേശവൻ വൈദ്യൻ എന്നിവർ സാഹിത്യ രംഗത്തു നല്കിയ സംഭാവന ചിരസ്മരണീയമാണ്. കൂടാതെ ചങ്ങമ്പുഴ കൃഷ്ണപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, പാലാ നാരായണൻ നായർ, എം.പി.അപ്പൻ എന്നീ പ്രസിദ്ധ കവികളും തിരുവനന്തപുരത്തു പ്രവർത്തിച്ചിരുന്നവരാണ്. സി.വി.രാമൻപിള്ള (1858-1922), കെ.നാരായണക്കുരുക്കൾ (1861-1948), കെ.ആർ.കൃഷ്ണപിള്ള (1867-1953), സി.വി.കുഞ്ഞുരാമൻ (1871-1949), സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള (1878-1936), കേസരി എ.ബാലകൃഷ്ണപിള്ള (1889-1960) ഭാഷാ സാഹിത്യ ചരിത്ര രചയിതാവായ ആർ.നാരായണപണിക്കർ(1889-1959), കൈനിക്കര പദ്മനാഭപിള്ള (1898-1976), കൈനിക്കര കുമാരപിള്ള, ദാമോദരൻ കെ. മയ്യനാട് (1900-64), പ്രൊഫ. എൻ.കൃഷ്ണപിള്ള (1916-88), ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള (1904-73), ശൂരനാട് പി.എൻ.കുഞ്ഞൻപിള്ള (1911-95), പി.കേശവദേവ് (1905-83), റ്റി.എൻ.ഗോപിനാഥൻ നായർ, കെ.സുരേന്ദ്രൻ (1922-97) ഈ.വി.കൃഷ്ണപിള്ള (1894-1938), എൻ.പി.ചെല്ലപ്പൻ നായർ (1903-72), ജി.വിവേകാനന്ദൻ, പി.കെ.ബാലകൃഷ്ണൻ എന്നിവർ തിരുവനന്തപുരത്തെ മൺമറഞ്ഞ സാഹിത്യകാരന്മാരിൽ പ്രമുഖരാണ്. ശബ്ദതാരാവലി എന്ന മലയാള നിഘണ്ടുവിന്റെ കർത്താവായ ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ള (1864-1946)യോടു മലയാള ഭാഷ ഏറ്റവും കടപ്പെട്ടിരിക്കുന്നു. ചിത്രകലാരംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്ന അബു എബ്രഹാം, വാസ്തുവിദ്യാരംഗത്തെ പ്രമുഖനായ ലാറി ബേക്കർ എന്നിവരും തിരുവനന്തപുരത്തെ പ്രമുഖ സാംസ്കാരിക നായകന്മാരാണ്.

ജില്ലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ. പൊതുമേഖലയിലുള്ള മറ്റൊരു സാംസ്കാരിക-കലാകേന്ദ്രമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവൻ. പരമ്പരാഗത കലാരൂപങ്ങൾക്കായുള്ള 'മാർഗി', മൗലികമായ നാടകാന്വേഷണങ്ങൾ നടത്തുന്ന 'സോപാനം', ബാലനാടകവേദിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വെഞ്ഞാറമൂട് 'രംഗപ്രഭാത്' എന്നിവ തിരുവനന്തപുരത്തെ പ്രമുഖ കലാസംഘങ്ങളാണ്. അന്തർദേശീയ പ്രശസ്തി നേടിയ മറ്റൊരു കലാ-സാംസ്കാരിക സംഘടനയാണ് 'സൂര്യ'.

വിനോദസഞ്ചാരം

തിരുത്തുക

പ്രകൃതിരമണീയതയിൽ മുന്നിട്ടുനില്ക്കുന്ന തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാരികളെ ഹഠാദാകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാർ ഡാം, മീൻമുട്ടി, വിതുര, കൊമ്പൈകാണി ജലപാതങ്ങൾ, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വർക്കല ബീച്ച്, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം തുറമുഖം, ആക്കുളം, മൃഗശാല, നേപ്പിയർ മ്യൂസിയം, പ്രിയദർശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തിൽ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട് പള്ളി, ചിറയിൻകീഴ് ശാർക്കര ദേവിക്ഷേത്രം, വർക്കല ശിവഗിരി, നെയ്യാറ്റിൻകര ചെങ്കൽ ശിവപാർവതി ക്ഷേത്രം, പാളയം ഒറ്റിസി ഹനുമാൻ ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങൾ ജനസഹസ്രങ്ങളെ ആകർഷിക്കുന്നവയാണ്. ചരിത്രമുറങ്ങുന്ന കോയിക്കൽ കൊട്ടാരം, നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രം എന്നിവയും പ്രത്യേക പരാമർശം അർഹിക്കുന്നു.

പത്രപ്രവർത്തനം

തിരുത്തുക

ദിനപത്രങ്ങൾ, വാരികകൾ, മാസികകൾ എന്നീ വകയിൽ ഒട്ടേറെയെണ്ണത്തിന് തിരുവനന്തപുരം ജന്മം നൽകിയിട്ടുണ്ട്. അവയിൽ മിക്കവയും അല്പായുസ്സുകളായിരുന്നു. സി.വി.രാമൻപിള്ളയുടെ ആദ്യസംരംഭമായ പേട്രിയറ്റ് ആണ് ഈ രംഗത്തു തുടക്കം കുറിച്ചത്. അത് പെട്ടെന്നു തന്നെ നിലച്ചു. 1886-ൽ മലയാളി ദിനപത്രം ആരംഭിച്ചപ്പോൾ അന്ന് മലയാളി സമാജത്തിന്റെ സെക്രട്ടറിയായിരുന്ന സി.വി. അതിന്റെ പത്രാധിപരായി. 1900-ൽ കെ.രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ അത് കൊല്ലത്തുനിന്നു പ്രസിദ്ധീകരിച്ചു. 1904-ൽ അദ്ദേഹം അതിൽനിന്നു വിരമിച്ചു. വീണ്ടും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകൃതമായ മലയാളി പിന്നീട് നിന്നുപോയി. മലയാളിയിൽ നിന്നു വിരമിച്ച കെ.രാമകൃഷ്ണപിള്ള 1906-ൽ കേരളൻ എന്ന പേരിൽ ഒരു മാസിക തുടങ്ങി. കെ.നാരായണക്കുരുക്കളുടെ ഉദയഭാനു എന്ന രാഷ്ട്രീയ നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് കോളിളക്കം സൃഷ്ടിച്ചു. സ്വതന്ത്ര പത്രപ്രവർത്തനം സാധ്യമല്ലാതെവന്നപ്പോൾ വക്കം മൗലവിയുടെ സ്വദേശാഭിമാനി വാരികയുടെ പത്രാധിപരായി. വാരികയായി തുടങ്ങിയത് ആഴ്ചയിൽ രണ്ടും മൂന്നുമായി വളർന്നപ്പോൾ നിരന്തരമായ വിമർശനങ്ങൾക്കു ശരവ്യമായ സർക്കാർ 1910-ൽ പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. 1918-ൽ കുന്നത്തു ജനാർദനമേനോൻ സമദർശി എന്ന വാരിക പ്രസിദ്ധീകരിച്ചു. 1922-ൽ അതിന്റെ പത്രാധിപരായ എ.ബാലകൃഷ്ണപിള്ള പത്രസ്വാതന്ത്യം ഉയർത്തിപ്പിടിച്ച് സാമൂഹ്യപരിഷ്കരണ യജ്ഞമാരംഭിച്ചു. ദിവാൻ വാട്സിന്റെ കുപ്രസിദ്ധമായ പത്രമാരണനിയമം വന്നതോടെ ബാലകൃഷ്ണപിള്ള പത്രാധിപത്യം രാജിവച്ച് 1930-ൽ സ്വന്തം നിലയിൽ പ്രബോധൻ എന്ന മാസിക ആരംഭിച്ചു. സർക്കാർ ഇടപെട്ട് മൂന്ന് മാസത്തിനുശേഷം ലൈസൻസ് റദ്ദാക്കി. ഉടൻതന്നെ മറ്റൊരാളുടെ ലൈസൻസ് ഉപയോഗിച്ച് കേസരി എന്ന വാരിക തുടങ്ങി. സർക്കാരിനെതിരായ വിമർശനം ശക്തമായപ്പോൾ വീണ്ടും സർക്കാർ ഇടപെട്ടു. 1935-ൽ കേസരി നിർത്തിവച്ചശേഷം കേസരി ബാലകൃഷ്ണപിള്ള എഴുത്തുകാരുടെ ഗുരുവായി കഴിഞ്ഞു. ശരിയോ തെറ്റോ, വികടൻ, സഹൃദയ, നവയുഗം, തനിനിറം എന്നീ വാരികകളും, നാരദൻ, ചിരിയോ ചിരി എന്നീ വിനോദ വാരികകളും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്നു. 1911-ൽ സി.വി.കുഞ്ഞുരാമൻ മയ്യനാട്ടുനിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ കേരളകൗമുദി വാരിക 1940-ൽ അദ്ദേഹത്തിന്റെ പുത്രനായ കെ.സുകുമാരന്റെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചു. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രങ്ങളിലൊന്നായി അതിപ്പോഴും തുടരുന്നു. കെ.ബാലകൃഷ്ണൻ പത്രാധിപരായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കൗമുദി വാരിക 1949 മുതൽ ഒന്നര ദശാബ്ദം നിലനിന്നു. കേരളകൗമുദി പ്രസിദ്ധീകരണമായ കലാകൗമുദി ഇന്നും തുടരുന്നുണ്ട്. 1974-ൽ തുടങ്ങിയ സതേൺ സ്റ്റാർ എന്ന ദിനപത്രം ഇന്നും നിലനിൽക്കുന്നു. കെ.കാർത്തികേയന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പൊതുജനം എന്ന സായാഹ്നപത്രം പട്ടണത്തിൽ നല്ല പ്രചാരത്തിലിരുന്നു. പ്രസിദ്ധമായ മാതൃഭൂമി ദിനപത്രത്തിന്റെ എഡിഷൻ തിരുവനന്തപുരത്ത് 1980-ൽ ആരംഭിച്ചതു മുതൽ മറ്റു പല പ്രമുഖ ദിനപത്രങ്ങളും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരണമാരംഭിച്ചു. മലയാള മനോരമ (1987), ദേശാഭിമാനി (1989), ജന്മഭൂമി (1995), രാഷ്ട്രദീപിക (1995), മാധ്യമം (1996) എന്നീ മലയാള പത്രങ്ങളും ദ് ഹിന്ദു (1945), ദ് ഇന്ത്യൻ എക്സ്പ്രസ് (1955) എന്നീ ഇംഗ്ളീഷ് പത്രങ്ങളും അതിൽപ്പെടും.

ദൃശ്യശ്രാവ്യ മാധ്യമങ്ങൾ

തിരുത്തുക

1943-ലാണ് പാളയത്തുനിന്ന് തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം പ്രക്ഷേപണം ഉണ്ടായിരുന്നത് 1947 മുതൽ ദിവസവും വൈകിട്ട് പ്രക്ഷേപണം തുടങ്ങി. 1950-ൽ തിരുവനന്തപുരത്തുനിന്നുമുള്ള പ്രക്ഷേപണം ആകാശവാണി ഏറ്റെടുത്ത് ഭക്തിവിലാസം ബംഗ്ളാവിൽ പ്രവർത്തനം തുടങ്ങി.

1982-ൽ ഒരു കിലോവാട്ട് പവർ സ്റ്റേഷനായാണ് തിരുവന്തപുര ത്തെ കുടപ്പനക്കുന്നിൽ നിന്ന് ദൂരദർശൻ പ്രക്ഷേപണമാരംഭിച്ചത്. 1985-ൽ അത് 10 കിലോവാട്ട് കേന്ദ്രമാക്കി. 1993-ൽ സ്വകാര്യചാനലായ ഏഷ്യാനെറ്റ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് സൂര്യ ടി.വി., കൈരളി ടി.വി., അമൃത ടി.വി. എന്നിവ തിരുവനന്തപുരത്തു നിലവിൽവന്നു. ഇന്ത്യാ വിഷൻ, ജീവൻ ടി.വി. എന്നിവയുടെ ആസ്ഥാനം എറണാകുളമാണെങ്കിലും അവയ്ക്ക് തിരുവനന്തപുരത്ത് പ്രവർത്തനകേന്ദ്രങ്ങളുണ്ട്.

ചലച്ചിത്രരംഗത്തു മികവു തെളിയിച്ചിട്ടുള്ള നിരവധി പേർ തിരുവനന്തപുരം നിവാസികളായുണ്ട്. ലോകസിനിമയിൽത്തന്നെ ആരാധ്യപദവി കരസ്ഥമാക്കിയിട്ടുള്ള അടൂർ ഗോപാലകൃഷ്ണൻ അവരിൽ ഒരാളാണ്. ജി.അരവിന്ദൻ, പി.പത്മരാജൻ, ഷാജി എൻ. കരുൺ തുടങ്ങിയ സംവിധായകരും, പ്രേംനസീർ, ഭരത് ഗോപി, മധു, തിക്കുറിശ്ശി തുടങ്ങിയ നടന്മാരും ഒ.എൻ.വി.കുറുപ്പ്, ബിച്ചു തിരുമല തുടങ്ങിയ ഗാനരചയിതാക്കളും, എം.ജി.രാധാകൃഷ്ണൻ, കെ.പി. ഉദയഭാനു, എം.ജി. ശ്രീകുമാർ, കെ.എസ്.ചിത്ര തുടങ്ങിയ സംഗീതപ്രതിഭകളും ഇവിടത്തെ ചലച്ചിത്രവ്യക്തിത്വങ്ങളിൽ പ്രമുഖരാണ്.

കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സ്റ്റുഡിയോ ആയ മെരിലാൻഡ് തിരുവനന്തപുരം നഗരത്തിന് അല്പം തെക്കുമാറി നേമത്ത് സ്ഥിതിചെയ്യുന്നു.

പൊതുമേഖലാസ്ഥാപനമായ ചിത്രാഞ്ജലി സ്റ്റുഡിയോ (തിരുവല്ലം) ആണ് ഇന്ന് മലയാളസിനിമയുടെ കേരളത്തിലെ മുഖ്യ ആസ്ഥാനം. കേരള ചലച്ചിത്രവികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി എന്നിവയുടെ ആസ്ഥാനവും തിരുവനന്തപുരത്താണ്.

ടെലിവിഷൻ-കംപ്യൂട്ടർ മേഖലയിലെ കേരളത്തിലെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ സി-ഡിറ്റ് ചിത്രാഞ്ജലി സ്റ്റുഡിയോക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. 'ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരള'യുടെ സ്ഥിരം വേദി ഇപ്പോൾ തിരുവനന്തപുരമാണ്. സൂര്യ ചലച്ചിത്രോത്സവം, 'ട്രിവാൻഡ്രം ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ' (ചലച്ചിത്ര) എന്നിവ മറ്റു പ്രമുഖ ചലച്ചിത്രോത്സവങ്ങളാണ്.

ക്ളബ്ബുകൾ

തിരുത്തുക

യൂറോപ്യന്മാരാണ് ക്ളബ്ബുകൾക്കു തുടക്കം കുറിച്ചത്. കവടിയാറിലെ കെസ്റ്റൺ ക്ളബ്ബ്, ഇപ്പോൾ തിരുവനന്തപുരം ക്ളബ്ബ് എന്നറിയപ്പെടുന്ന പഴയ യൂറോപ്യൻ ക്ളബ്ബ്, 1890-ൽ സ്ഥാപിതമായ ശ്രീമൂലം രാമവർമ ക്ളബ്ബ് (ശ്രീമൂലം ക്ളബ്ബ്), സെക്രട്ടേറിയറ്റിനു പിൻഭാഗത്തുള്ള നാഷണൽ ക്ളബ്ബ്, കവടിയാറിലുള്ള ഗോൾഫ് ക്ളബ്ബ് എന്നിവയാണ് ആദ്യം സ്ഥാപിതമായത്. വേളിയിലെ ബോട്ട് ക്ളബ്ബ്, കവടിയാറിലെ ടെന്നിസ് ക്ളബ്ബ് എന്നിവ പില്ക്കാലത്തുണ്ടായവയാണ്.

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക

ഹൈന്ദവ ക്ഷേത്രങ്ങൾ

തിരുത്തുക
  • തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
  • ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
  • കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
  • ശ്രീകണ്ഠേശ്വരം മഹാ���േവ ക്ഷേത്രം, തിരുവനന്തപുരം (പഴയതും പുതിയതും)
  • പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കിഴക്കേ കോട്ട
  • തിരുവല്ലം പരശുരാമ ക്ഷേത്രം (കർക്കിടക വാവ് ബലി)
  • അനന്തൻകാട് ശ്രീ നാഗരാജ ക്ഷേത്രം (പദ്മനാഭസ്വാമി ക്ഷേത്രത്തിന് പിറകിൽ), തിരുവനന്തപുരം
  • ഓ ടി സി ഹനുമാൻ ക്ഷേത്രം, പാളയം
  • കുറ്റിയാണി ശ്രീ ധർമ്മശാസ്താ(വനശാസ്താ) ക്ഷേത്രം, വട്ടപ്പാറ നെടുമങ്ങാട്
  • വലിയശാല മഹാദേവ ക്ഷേത്രം
  • എരുത്താവൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രം
  • ചെന്തിട്ട ദേവി ക്ഷേത്രം, തിരുവനന്തപുരം
  • ആര്യശാല ദേവി ക്ഷേത്രം, തിരുവനന്തപുരം
  • ശ്രീ വരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം, തിരുവനന്തപുരം
  • പേട്ട പഞ്ചമി ദേവി ക്ഷേത്രം, കല്ലുമ്മൂട് പാലത്തിനു സമീപം (വരാഹി ക്ഷേത്രം), തിരുവനന്തപുരം
  • മണക്കാട് ധർമശാസ്താ ക്ഷേത്രം, തിരുവനന്തപുരം
  • പാങ്ങോട് ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
  • പാൽക്കുളങ്ങര ദേവീക്ഷേത്രം
  • പെരുന്താന്നി ഇരവിപേരൂർ ക്ഷേത്രം
  • ഉള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രം
  • ഗൌരീശപട്ടം മഹാദേവ ക്ഷേത്രം, തിരുവനന്തപുരം
  • മാങ്കുളം ശ്രീ പരാശക്തി ക്ഷേത്രം , പട്ടം
  • വെളളായണി ദേവിക്ഷേത്രം, നേമം
  • പൂജപ്പുര സരസ്വതി ക്ഷേത്രം, തിരുവനന്തപുരം
  • ജഗതി ശ്രീകൃഷ്ണസ്വാമി ധന്വന്തരി ക്ഷേത്രം
  • കരുമം ശ്രീ ധന്വന്തരി മഹാവിഷ്ണു ക്ഷേത്രം, കൈമനം
  • മലയിൻകീഴ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
  • വെളളനാട് ശ്രീ ഭഗവതി ക്ഷേത്രം
  • ഉദിയന്നൂർ ദേവി ക്ഷേത്രം
  • തൊഴുവൻകോട് ശ്രീ ചാമുണ്ഡി ക്ഷേത്രം
  • നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അരുവിപ്പുറം ശിവ ക്ഷേത്രം, നെയ്യാറ്റിൻകര (ശ്രീ നാരായണ ഗുരു സ്ഥാപിച്ചത്)
  • വരമ്പതി കാളിമല ലോകാംബിക ക്ഷേത്രം
  • പിരപ്പൻകോട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
  • അരുവിക്കര ശ്രീ ഭഗവതി (സപ്തമാതാ) ക്ഷേത്രം
  • കഴക്കൂട്ടം മഹാദേവ ക്ഷേത്രം
  • വർക്കല ജനാർദനസ്വാമി ക്ഷേത്രം
  • വർക്കല ശിവഗിരി ശിവ ക്ഷേത്രം
  • വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം (ശ്രീ നാരായണ ഗുരു സ്ഥാപിച്ചത്)
  • ശാർക്കര ദേവിക്ഷേത്രം, ചിറയിൻകീഴ്
  • മാരായമുട്ടം നീലകേശി ക്ഷേത്രം, നെയ്യാറ്റിൻകര
  • ചെങ്കൽമഹേശ്വരം ശിവപാർവതി ക്ഷേത്രം, നെയ്യാറ്റിൻകര (ഗിന്നസ് ബുക്കിലേക്ക് ഇടം നേടി ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം)
  • അറപ്പുര സരസ്വതി ദേവി ക്ഷേത്രം, വട്ടിയൂർക്കാവ് (നവരാത്രി വിദ്യാരംഭം പ്രധാനം)
  • ശംഖ്‌മുഖം ദേവി ക്ഷേത്രം, തിരുവനന്തപുരം
  • മുട്ടത്തറ കൽക്കി ക്ഷേത്രം, തിരുവനന്തപുരം (ഇന്ത്യയിലെ അപൂർവ കൽക്കി ക്ഷേത്രം)
  • പാറശാല മഹാദേവ ക്ഷേത്രം
  • ഒറ്റശേഖരമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രം

മസ്ജിദുകൾ

തിരുത്തുക

ബീമാപള്ളി

പാളയം ജമാ അത്ത് പള്ളി

എന്നിവ തിരുവനന്തപുരത്തെ പ്രധാന മുസ്ളിം പള്ളികളാണ്.

ക്രിസ്ത്യൻ പള്ളികൾ

തിരുത്തുക

പാളയത്തെ ആംഗ്ളിക്കൻ പള്ളി, എൽ.എം.എസ്. പള്ളി 1830-നുശേഷം ഉണ്ടായവയാണ്.

സെയ്ന്റ് ജോർജ് പള്ളി (സിറിയൻ ഓർത്തഡോക്സ് സഭ)

പാളയം, സെയ്ന്റ് ജോസഫ്സ് പള്ളി

റോമാ സഭയുടെ ഏറ്റവും പഴക്കമുള്ള പള്ളി പേട്ടയിലുള്ളതാണെന്ന് കരുതുന്നു.

പ്രധാനപ്പെട്ട മറ്റൊരു ക്രൈസ്തവ ദേവാലയമാണ് വെട്ടുകാട് പള്ളി.

വി. കൊച്ചുത്രേസ്യ ദൈവാലയം തൂങ്ങാം പാറ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ക്രിസ്ത്യൻ പള്ളികൾ.

പ്രധാന മന്ദിരങ്ങൾ

തിരുത്തുക

ഇപ്പോഴത്തെ മന്ദിരങ്ങളിൽ ഏറ്റവും പഴക്കമുള്ളവ കോയിക്കലുകളും കൊട്ടാരങ്ങളുമാണ്. യൂറോപ്യൻ എൻജിനീയർമാർ രംഗത്തു വരുംമുമ്പുള്ള കൊട്ടാരങ്ങൾ പോലും പ്രൗഢങ്ങളായിരുന്നില്ല. കോയിക്കലുകളിൽ ഏറ്റവും പഴക്കമുള്ളത് (1336) ശ്രീപാദം കൊട്ടാരം എന്ന് ഇപ്പോൾ അറിയപ്പെടുന്ന ശ്രീപാദ തീർഥക്കര കോയിക്കലാണ്. മതിലകത്തിന്റെ വടക്കേ നടയിലുള്ള ഈ കോയിക്കൽ തൃപ്പാപ്പൂർ മൂപ്പന്മാരുടെ ആസ്ഥാനമായിരുന്നു. ഇപ്പോൾ കാണുന്നത് പല തവണ പുതുക്കിപ്പണിയിച്ചതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടു കിഴക്കും തെക്കു കിഴക്കും തെക്കുമായി കൊട്ടാരങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്. മാർത്താണ്ഡവർമ, രാമവർമ, ബാലരാമവർമ, സ്വാതിതിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ എന്നിവർ പണിയിച്ച കൊട്ടാരങ്ങളും അനുബന്ധ മന്ദിരങ്ങളും അവയിൽപ്പെടും. സ്വാതിതിരുനാൾ പണിയിച്ച കുതിരമാളിക എന്ന കൊട്ടാരം അവയിൽ സവിശേഷതയുള്ളതാണ്. പദ്മതീർഥത്തിനു തെക്കു ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനിലമാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടേറിയറ്റ്. അതിലാണ് സ്വാതി തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച 'മേത്തൻ മണി.' നവരാത്രി മണ്ഡപം എന്നും ചൊക്കിട്ടാ മണ്ഡപം എന്നും അറിയപ്പെടുന്ന നൃത്തമണ്ഡപം (നർത്തകികളെ ചൊക്കിട്ടകൾ എന്നു പറയുമായിരുന്നു) കൊട്ടാര സമുച്ചയത്തിലെ മനോഹരമായ എടുപ്പാണ്. കോട്ടയ്ക്കകത്ത്, പടിഞ്ഞാറേ കോട്ടവാതിലിന് വടക്കു ഭാഗത്തായി മൂന്നു കോയിക്കലുകളുണ്ട്. അവയിൽ തെക്കേ അറ്റത്തുള്ള ശംഖുചക്രം അഥവാ സരസ്വതീവിലാസം കോയിക്കലിലാണ് കേരളവർമ വലിയ കോയിത്തമ്പുരാൻ താമസിച്ചിരുന്നത്. പദ്മവിലാസം ദിവാൻ മാധവ റാവുവിന്റെ താമസത്തിനായി പണിയിച്ചതാണ്. വഴുതയ്ക്കാട്ട് ഭക്തിവിലാസം ബംഗ്ളാവ് പണിയിച്ച് ദിവാൻ പി.രാജഗോപാലാചാരി (1908-14) അത് ദിവാന്റെ വാസസ്ഥലമാക്കി. അതിവിശിഷ്ടാതിഥികളെ സ്വീകരിക്കാൻ 1900-ൽ നിർമിച്ചതാണ് കനകക്കുന്നു കൊട്ടാരം. അവർക്കു താമസിക്കാൻ നിർമിച്ചതാണ് വെള്ളയമ്പലം കൊട്ടാരം. ചിത്തിര തിരുനാൾ മഹാരാജാവിനുവേണ്ടി 1934-ൽ നിർമ്മിക്കപ്പെട്ടതാണ് കവടിയാർ കൊട്ടാരം. പട്ടത്തെ കൊട്ടാരവും സമീപത്തുള്ള തുളസീഹിൽ ബംഗ്ളാവും അതിവിശിഷ്ടാതിഥികൾക്കു വേണ്ടി നിർമ്മിക്കപ്പെട്ടതാണ്. പട്ടം കൊട്ടാരം രാജകുടുംബത്തിനും തുളസീഹിൽ ബംഗ്ളാവ് സർക്കാരിനും കവനന്റുപ്രകാരം ലഭിച്ചു. ആദ്യത്തേതിൽ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാളിന്റെ പേരിൽ ആശുപത്രിയും തുളസീഹിൽ ബംഗ്ളാവിൽ പബ്ളിക് സർവീസ് കമ്മീഷനും പ്രവർത്തിക്കുന്നു.

ഉയർന്ന യൂറോപ്യൻ ഉദ്യോഗസ്ഥന്മാർക്കു താമസിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഏതാനും വലിയ ബംഗ്ളാവുകൾ ഇപ്പോൾ ചരിത്ര സ്മാരകങ്ങളായിത്തീർന്നിരിക്കുന്നു. മഹാരാജാസ് കോളജ്, പ്രഥമാധ്യാപകനായിരുന്ന ജോൺ റോസ്സ് താമസിച്ചിരുന്ന റോസ്സ് ഹൗസ്, സി.ഡബ്ള്യു.ഇ. കോ���്ടൺ താമസിച്ചിരുന്ന കോട്ടൺ ഹിൽ ബംഗ്ളാവ്, ഹജൂർ കച്ചേരിയുടെ നിർമാതാവും ചീഫ് എൻജിനീയറും ആയിരുന്ന ബാർട്ടൺ താമസിച്ചിരുന്ന ബാർട്ടൺ ഹിൽ ബംഗ്ളാവ് എന്നിവയ്ക്ക് അവരുടെ പേരുകൾ തന്നെ ലഭിച്ചു. ഇപ്പോൾ മന്ത്രി മന്ദിരങ്ങളായി ഉപയോഗിക്കപ്പെടുന്ന ക്ളിഫ് ഹൗസ്, ലിന്റ് ഹേഴ്സ്റ്റ് ബംഗ്ളാവ്, മൻമോഹൻ പാലസ്, എസ്സൻഡീൻ, സാനഡു, തൈയ്ക്കാട് ഹൗസ് എന്നിവയും, ഇപ്പോൾ രാജ്ഭവൻ പ്രവർത്തിക്കുന്ന പഴയ ഗസ്റ്റ് ഹൗസും, ഇപ്പോൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന നാളന്ദയും (പഴയ റൊഡേഷിയൻ ബംഗ്ളാവ്) ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ പഴയ മന്ദിരവും ഇപ്പോൾ പൊലിസ് കമ്മീഷണർ ആഫീസ് സ്ഥിതിചെയ്യുന്ന മന്ദിരവും ഇപ്രകാരം ഉദ്യോഗസ്ഥന്മാർക്കു താമസിക്കാൻ നിർമിച്ചവയാണ്. സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന കൽപ്പന ബംഗ്ളാവ് സി.പി. രാമസ്വാമി അദ്ദേഹത്തിന്റെ സെക്രട്ടറി ചിദംബരത്തിനുവേണ്ടി പണികഴിപ്പിച്ചതാണ്. 28 ദിവസങ്ങൾകൊണ്ടു നിർമിച്ചു എന്ന സവിശേഷതയും ഈ കെട്ടിടത്തിനുണ്ട്. വഞ്ചിയൂരിൽ എസ്.എം.വി.സ്കൂൾ സ്ഥിതിചെയ്തിരുന്ന കെട്ടിടം കോടതികൾക്കു നല്കിയപ്പോൾ എസ്.എം.വി.സ്കൂൾ പൊലിസ് ഹെഡ്ക്വാർട്ടേഴ്സ് നിന്ന സ്ഥലത്തേക്കു മാറ്റുകയും പൊലിസ് ഹെഡ്ക്വാർട്ടേഴ്സ് വഴുതയ്ക്കാട്ട് വിലയ്ക്കുവാങ്ങിയ ദിൽക്കുഷ് ബംഗ്ളാവിലേക്കു മാറ്റുകയും ചെയ്തു. 19-ാം ശ.-ത്തിൽ പണിയിച്ച റസിഡൻസി ബംഗ്ളാവ് 1948-ൽ ആദ്യത്തെ തിരുവിതാംകൂർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു. പിന്നീടത് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് ആവുകയും കവടിയാറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് 1956-ൽ രാജ്ഭവൻ ആവുകയും ചെയ്തു. എക്സൈസ് കമ്മീഷണറായിരുന്ന വാൻ റോസ് സ്വന്തം നിലയിൽ പണിയിച്ച വാൻറോസ് ബംഗ്ളാവ് റഷ്യൻ സാംസ്കാരിക കേന്ദ്രത്തിന്റെ വകയായി.

മ്യൂസിയം, പബ്ളിക് ലൈബ്രറി, ഫൈൻ ആർട്സ് കോളജ്, വിക്റ്റോറിയാ ജൂബിലി ടൗൺഹാൾ, സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി കോളജ്, വിമൻസ് കോളജ്, ആർട്സ് കോളജ്, നക്ഷത്ര ബംഗ്ളാവ്, തുടങ്ങിയവയാണ് മറ്റു ചില പ്രധാന മന്ദിരങ്ങൾ. കാഴ്ചബംഗ്ളാവിനോടനുബന്ധിച്ച്, സിമന്റുപയോഗിക്കാതെ നിർമ്മിക്കപ്പെട്ടിട്ടുള്ള മുഖപ്പു(gate)കളും ചിത്രാലയവും അനന്യസാധാരണമായ ശില്പവൈഭവം പുലർത്തുന്നു. ഇവയൊക്കെത്തന്നെ വിനോദസഞ്ചാരികളുടെ ആകർഷണങ്ങളായി വിരാജിക്കുന്നു. കേരളപ്പിറവിക്കുശേഷം നിർമ്മിക്കപ്പെട്ട വാസ്തുവൈഭവങ്ങളിൽ മെഡിക്കൽ കോളജ്, ആയുർവേദ കോളജ്, വികാസ് ഭവൻ, കോർപ്പറേഷൻ മന്ദിരം എന്നിവതൊട്ട് നിയമസഭാ കോംപ്ളക്സ് വരെ ഉൾപ്പെടുന്നു; ഇവയ്ക്കൊന്നുംതന്നെ ഈടിലോ ശില്പസൗഷ്ഠവത്തിലോ മുൻകാലമന്ദിരങ്ങളോടു കിടനില്ക്കാനായിട്ടില്ല.

പാർവതീ പുത്തനാർ പണിതീർത്തതു മുതൽ തിരുവനന്തപുരത്തെ വ്യാപാര സൗകര്യം വർധിച്ചു. അതുകൊണ്ട് തിങ്കളാഴ്ച തോറും കൂടുന്ന വലിയൊരു ചന്ത 1817-ൽ തിരുവനന്തപുരത്തു സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ സെക്രട്ടേറിയറ്റും സെൻട്രൽ സ്റ്റേഡിയവും നില്ക്കുന്ന ഭാഗത്തായിരുന്നു അത്. 1866-68-ൽ അവിടെ ഹജൂർ കച്ചേരിയുടെ പണി നടന്നതിനാൽ ചന്ത അവിടെ നിന്നു പാളയത്തേക്കു മാറ്റി. 1890-ൽ അതിന് മദ്രാസ് ഗവർണറുടെ പേര് നല്കി, 'കൊണ്ണിമാറ മാർക്കറ്റ്' ആക്കി. ഒപ്പം ചാക്കയ്ക്കു സമീപം പേട്ടയിലും (തിരുമധുരപ്പേട്ട) തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പേരൂർ (അതിപ്പോൾ പേരൂർക്കട എന്നറിയപ്പെടുന്നു) എന്ന സ്ഥലത്തും മണക്കാട്ടും ഓരോ ചന്തകൾ സ്ഥാപിച്ചു. പുത്തൻചന്തയിലെ കന്നുകാലിച്ചന്ത തിരുവനന്തപുരത്തു വേണ്ടെന്നുവച്ചു. നഗരഹൃദയത്തിലെ ചാലക്കമ്പോളം ഇന്നത്തെ പ്രധാന ചന്തകളിൽ ഒന്നാണ്. കാർഷികോത്പന്നങ്ങൾ ധാരാളമായി വിറ്റഴിക്കപ്പെടുന്ന ഒന്നാണ് ആറാലുംമൂട് ചന്ത. മലഞ്ചരക്കു വ്യാപാരത്തിൽ നെടുമങ്ങാട്, കാട്ടാക്കട, കിളിമാനൂർ ചന്തകൾ മുന്നിട്ടു നില്ക്കുന്നു.

പ്രധാന പട്ടണങ്ങൾ

തിരുത്തുക

വർക്കല, കിളിമാനൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്‌, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല, വെള്ളറട

ഭരണസംവിധാനം

തിരുത്തുക

ഭരണസൌകര്യാർഥം തിരുവനന്തപുരം ജില്ലയെ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, കാട്ടാക്കട, വർക്കല എന്നീ ആറു താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. ഇവയെ 29, 30, 28, 33 എന്ന ക്രമത്തിൽ വില്ലേജുകളായി തിരിച്ചിരിക്കുന്നു. ജില്ലയിലെ മൊത്തമുള്ള 120 വില്ലേജുകളെ ഉൾക്കൊള്ളിച്ച് തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നീ മുനിസിപ്പൽ പട്ടണങ്ങൾ, ഇവയെ ഒഴിവാക്കിയുള്ള 11 വികസന ബ്ളോക്കുകൾ എന്നിവ നിലവിലുണ്ട്. തദ്ദേശസ്വയംഭരണാർഥം 11 ബ്ളോക്കു പഞ്ചായത്തുകളും അവയുടെ ഉപവിഭാഗങ്ങളായ 73 ഗ്രാമ പഞ്ചായത്തുകളും രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് 25 ഡിവിഷനുകളാണുള്ളത്. ജനപ്രാതിനിധ്യപാലനത്തിനായി ജില്ലയെ തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ രണ്ട് ലോകസഭാമണ്ഡലങ്ങളായും വർക്കല, ആറ്റിങ്ങൽ, വാമനപുരം, ചിറയിൻകീഴ്‌, നെടുമങ്ങാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര, കാട്ടാക്കട, കോവളം, പാറശ്ശാല, നെയ്യാറ്റിൻകര എന്നിങ്ങനെ 14 നിയമസഭാമണ്ഡലങ്ങളായും നിർണയിക്കപ്പെട്ടിരിക്കുന്നു. അസംബ്ളിമണ്ഡലങ്ങളിൽപ്പെട്ട ആറ്റിങ്ങൽ, ചിറയിൻകീഴ്‌ സംവരണമണ്ഡലങ്ങളാണ്.

തലസ്ഥാന നഗരം

തിരുത്തുക

ഒരു കാലത്ത് 'അനന്തൻ കാട്' എന്ന പേരിൽ വനമായിക്കിടന്നിരുന്ന പ്രദേശം യോഗിവര്യനായ വില്വമംഗലത്തു സ്വാമിയുടെ ശ്രീപദ്മനാഭ പ്രതിഷ്ഠയ്ക്കുശേഷം തിരുവനന്തപുരം (തിരു+അനന്തപുരം) ആയിത്തീർന്നുവെന്നാണ് ഐതിഹ്യം. നഗരത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗമായ കോട്ടയ്ക്കകത്തു പണിതുയർത്തിട്ടുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണ് തിരുവനന്തപുരത്തിന്റെ മുഖ്യ ആകർഷണകേന്ദ്രം. സ്വാതന്ത്യപ്രാപ്തി (1947) വരെ ഈ നഗരം തിരുവിതാംകൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു; തുടർന്ന് തിരു-കൊച്ചിയുടേയും കേരളത്തിന്റേയും ഭരണകേന്ദ്രമായിത്തീർന്നു. രാജവാഴ്ചക്കാലത്ത് രാജാവിന്റെ ആസ്ഥാനമെന്ന നിലയിൽ കോട്ടയ്ക്കകവും പരിസരപ്രദേശങ്ങളും പട്ടണത്തിലെ ഏറ്റവും ജനനിബിഡമായ ഭാഗമായി മാറിയിരുന്നു. പ്രധാന കമ്പോളങ്ങളും ഈ ഭാഗത്തു കേന്ദ്രീകരിച്ചു. നഗരത്തിന്റെ പിന്നീടുള്ള വളർച്ചയിലും കോട്ടയ്ക്കകം പ്രദേശത്തിന്റെ സ്വാധീനത നിലനിന്നു. പ്രകൃതിയും ദൃശ്യചാരുതയും മനുഷ്യജീവിതവും കലാചൈതന്യവും ഒത്തിണങ്ങിയ അപൂർവം നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം; എല്ലാ ജാതി-മത-ഭാഷാ വിഭാഗങ്ങളുടേയും സംഗമകേന്ദ്രവും ആണ്. നഗര ശുചീകരണത്തിന്റെ വിവിധ വശങ്ങൾ പഠിക്കുവാൻ കേന്ദ്രഗവണ്മെന്റ് നിയോഗിച്ച മൽക്കാനി കമ്മിറ്റി (1961) തിരുവനന്തപുരത്തിനെ ഏറ്റവും വെടിപ്പുള്ള നഗരമായി വിലയിരുത്തുകയുണ്ടായി. വാസ്തുനിർമിതി, ഗതാഗത സൗകര്യം, വ്യാപാരവാണിജ്യവ്യവസ്ഥ, വാർത്താവിനിമയം, ആരോഗ്യ പരിപാലന സംവിധാനം, സാങ്കേതിക പുരോഗതി, തൊഴിലവസര പ്രവൃദ്ധി തുടങ്ങിയ നഗരോപാധികളിലും ഒപ്പം നഗരവിസ്തൃതിയിലും അനുസ്യൂതമായ വളർച്ച നേടിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇന്നു തിരുവനന്തപുരത്തിനുള്ളത്. വിസ്തീർണം: 75.11 ച.കി.മീ.

പുരാഭൂമിശാസ്ത്രം (Paleo Geography) പരിശോധിച്ചാൽ, നഗരത്തിന്റെ കിടപ്പ് മൂന്ന് പ്രക്രമതല (Geomorphic surface)ങ്ങളിലാണെന്നു വ്യക്തമാകും. പ്രധാന നഗരഭാഗത്തിന്റെ മുതുകെല്ലായി വിശേഷിപ്പിക്കാവുന്ന രാജപാതയിൽ ഈ മൂന്നുതലങ്ങളുടേയും പ്രസ്പഷ്ടമായ ലക്ഷണം കാണാം. കേരളത്തിന്റെ തീരമേഖല കഴിഞ്ഞ 8,000 വർഷങ്ങൾക്കുള്ളിൽ സംഭവിച്ച മൂന്ന് കടലേറ്റങ്ങളുടേയും തുടർന്നുള്ള പിൻവാങ്ങലുകളുടേയും പരിണതഫലമായി ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതാണെന്നു സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇവയോരോന്നും ഓരോ പ്രക്രമതലത്തിന് രൂപം നല്കിയിട്ടുണ്ടാകണം. കടലിലേക്കു ചായ്വുള്ള ഉന്നതതടത്തിലേക്ക് കടലേറ്റം ഉണ്ടാകുമ്പോൾ പിൻവാങ്ങലിനെത്തുടർന്ന് കൈപ്പത്തി കമഴ്ത്തിവച്ചതുപോലുള്ള ഭൂപ്രകൃതി അവശേഷിപ്പിക്കുന്നു. വീണ്ടുമുള്ള അതിക്രമണങ്ങൾ ഈ ഭൂപ്രകൃതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലേറെ, താഴ്വാരങ്ങളിൽ മണ്ണട്ടികൾ നിക്ഷേപിക്കുകയാവും ചെയ്യുന്നത്. തിരുവനന്തപുരത്തെ കോട്ടയ്ക്കകം ഉൾപ്പെടെയുള്ള തെക്കും പടിഞ്ഞാറും ഭാഗങ്ങൾക്ക് സമുദ്രജന്യനിക്ഷേപങ്ങൾ അട്ടിയിട്ടുണ്ടായ നിരപ്പായ ഭൂപ്രകൃതി കൈവരുന്നതിന് ഈ പ്രക്രമങ്ങൾ നിദാനമായി. നഗരത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ഉന്നതതടത്തിന്റെ അവശോഷിത ഭൂരൂപങ്ങളായ കുന്നുകളും താഴ്വാരങ്ങളും ഇടകലർന്നുകാണുന്നു. ആവാസപ്രവൃദ്ധിയുടെ ഫലമായി നൈസർഗികപ്രകൃതി അന്യംനിന്നുപോയ അവസ്ഥയാണ് മിക്ക ഭാഗങ്ങളിലുമുള്ളത്. ചെറുതും വലുതുമായ എഴുപതിലേറെ കുന്നുകളും അവയ്ക്കിടയിലെ താഴ്വാരങ്ങളും ഉൾക്കൊണ്ടാണ് നഗരം വികസിച്ചിരിക്കുന്നത്. കരമനയാറ്, അതിന്റെ പോഷകനദിയായ കിള്ളിയാറ്, ആമയിഴഞ്ചാൻ തോട്, ഉള്ളൂർ തോട്, പാർവതീപുത്തനാറ് തുടങ്ങി നഗരത്തെ ജലസിക്തമാക്കുന്ന അനേകം നീരൊഴുക്കുകൾ ഉണ്ടെങ്കിലും അവയുടെ ഉപഭോഗം നാമമാത്രമാണ്. പടിഞ്ഞാറരികിലുള്ള കടൽ കാലാവസ്ഥയിലെന്നപോലെ ജനജീവിതത്തിലും അനല്പമായ സ്വാധീനത പുലർത്തുന്നു. നഗരപ്രാന്തത്തിലുള്ള വേളിക്കായലും വെള്ളായണി ശുദ്ധജലതടാകവും അനുദിനം ശോഷിച്ചുവരുന്നു. കടൽ, കായൽ, ആറുകൾ, തോടുകൾ, കുന്ന്, താഴ്വാരം, കുളം, നീരുറവകൾ, പാടങ്ങൾ, വൃക്ഷസഞ്ചയങ്ങൾ എന്നിവയുടെ സമഞ്ജസമായ വിന്യാസം തിരുവനന്തപുരത്തിന്റെ നൈസർഗിക വരദാനമായിരുന്നു; ഒരു കോൺക്രീറ്റ് വനമായി അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലല്ലാതെ, സമുദ്രസാമീപ്യത്തോടെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ മൺസൂൺ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ശക്തമായ പ്രഭാവം മൂലം ജൂൺ-ജൂല. മാസങ്ങളിൽ കനത്ത മഴ കിട്ടുന്നു (കാലവർഷം). സെപ്.-ഒ. മാസങ്ങളിലെ തുലാവർഷക്കാലത്ത് വടക്കുകിഴക്കൻ മൺസൂണിൽനിന്ന് സാമാന്യമായ മഴ ലഭിക്കുന്നു. അടുത്തകാലത്തായി ഇടിവെട്ടിപ്പെയ്യുന്ന പെരുമഴകളാണ് സാധാരണമായി ഉണ്ടാകുന്നത്; നിന്നു നിരന്നു പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പ്രായേണ അന്യമായിരിക്കുന്നു. വർഷപാതത്തിന്റെ ശരാശരി തോത് 180 സെ.മീ. ആണ്. താപനില 25ബ്ബഇ മുതൽ 35ബ്ബഇ വരെ ഏറിയും ഇറങ്ങിയും നില്ക്കുന്നു. സമുദ്രസാമീപ്യം മൂലം കടൽക്കാറ്റ്, കരക്കാറ്റ് എന്നിവയുടെ പ്രഭാവം അനുഭവസിദ്ധമാണ്. ഡി.-ജനു. മാസങ്ങളിൽ നേരിയ ശൈത്യം ഉണ്ടാവാം. പൊതുവേ സുഖകരമായ കാലാവസ്ഥയാണ്.

നഗരപ്രദേശം ജലലഭ്യതയിൽ മെച്ചപ്പെട്ട സ്ഥിതിയിലാണ്. നഗരാതിർത്തിക്കുള്ളിൽ ധാരാളം കുളങ്ങളും ഊറ്റുറവകളും ഉണ്ടായിരുന്നു. മുൻകാലത്ത് മിക്ക വീടുകളും വെള്ളം നിറഞ്ഞ കിണറുകൾ നിലനിർത്തിയിരുന്നു. ഏറെ ആൾപ്പാർപ്പുള്ള അധിവാസകേന്ദ്രങ്ങൾക്കിടയിൽത്തന്നെ വിസ്തൃതങ്ങളായ പാടശേഖരങ്ങളും ഉണ്ടായിരുന്നു. അടുത്തകാലത്തായി ഈ പരിസ്ഥിതിക്ക് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ജനസംഖ്യാ വർധനവിന് ആനുപാതികമായി ഭവനനിർമ്മാണം വർധിച്ചതോടെ പാടശേഖരങ്ങളും കുളങ്ങളും നികത്തി ഇതരാവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെട്ടു. വീടിനുചുറ്റും വൃക്ഷസഞ്ചിതമായ വളപ്പുകൾ നിലനിർത്തുന്ന പരമ്പരാഗത സംവിധാനം മാറി, തുണ്ടുഭൂമികളിൽ നിറഞ്ഞുനില്ക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ ഉയർന്നുതുടങ്ങിയതോടെ, ഭൂഗർഭത്തിലേക്ക് ജലം ഊർന്നിറങ്ങുന്നതിനുള്ള സാധ്യത ഇല്ലാതായി. അന്തഃസ്രോതസ്സുകളായിരുന്ന കുളങ്ങൾ മുച്ചൂടും നികത്തപ്പെട്ടു. മഴപെയ്തു വീഴുന്ന ജലം അടിഞ്ഞു താഴാനാകാതെ ഒലിച്ചുനീങ്ങി, വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നത് നാനാരീതിയിലുള്ള ദുർഘടങ്ങൾക്കു വഴിവയ്ക്കുന്നു. നഗരവാസികളിൽ ഭൂരിപക്ഷവും പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. കിണറുകൾ ഉപയോഗശൂന്യമായി മൂടപ്പെട്ടു. നഗര വിസ്തൃതി 18 ച.കി.മീ. മാത്രവും ജനസംഖ്യ കേവലം ഒരു ലക്ഷവും ആയിരുന്നപ്പോൾ വിഭാവന ചെയ്യപ്പെട്ട പദ്ധതിയിൽ നിന്നാണ് നഗരത്തിലെ ഏറിയ പങ്ക് ആളുകൾക്ക് കുടിക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള ജലം എത്തുന്നത്. അടുത്തകാലത്തായി ഏതാനും ഉപപദ്ധതികൾ കൂടി പ്രവർത്തനക്ഷമമായിട്ടുണ്ട്. തിരുവനന്തപുരത്തെ ജലവിതരണവ്യവസ്ഥ സാമാന്യം തൃപ്തികരമാണെന്നു പറയാം.

വൈദ്യുതി വിതരണത്തിലും വാർത്താവിനിമയ സൗകര്യങ്ങളിലും തിരുവനന്തപുരം അഭൂതപൂർവമായ പുരോഗതിയാർജിച്ചിട്ടുണ്ട്. നഗരത്തിൽ വൈദ്യുതോപഭോഗമില്ലാത്ത സ്ഥാപനങ്ങളോ ഭവനങ്ങളോ നന്നേ അപൂർവമാണ്. വൈദ്യുതി-ടെലിഫോൺ ലൈനുകൾ ഒട്ടുമുക്കാലും ഭൂമിക്കടിയിലൂടെ പുനഃസംവിധാനം ചെയ്തുകഴിഞ്ഞു. ട്രാഫിക് ജങ്ഷനുകളിൽ ആധുനിക പ്രവിധികളനുസരിച്ചുള്ള സിഗ്നൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 1955-ൽ സ്ഥാപിതമായ ഏകമാത്ര ടെലിഫോൺ എക്സ്ചേഞ്ചിന്റെ സ്ഥാനത്ത് ഇപ്പോൾ 28 എണ്ണമാണു പ്രവർത്തനത്തിലുള്ളത്. ഇന്ത്യയിലെ ഏതുഭാഗത്തുമുള്ള പ്രധാനകേന്ദ്രങ്ങളിലേക്കും 56 വിദേശ രാജ്യങ്ങളിലേക്കും നേരിട്ടുള്ള ടെലിഫോൺ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. വിദേശങ്ങളിലേക്കുൾപ്പെടെ സമ്പർക്കം നടത്താനുതകുന്ന ബൂത്തുകളും ഇന്റർനെറ്റ് കഫേകളും നഗരത്തിലെമ്പാടും പ്രവർത്തനത്തിലുണ്ട്. തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ 59 പോസ്റ്റോഫീസുകൾ, നിരവധി സബ്പോസ്റ്റാഫീസുകൾ എന്നിവയ്ക്കൊപ്പം എയർമെയിൽ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികളെ തരംതിരിച്ച് അതിവേഗം നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കുവാൻ സജ്ജമായ റെയിൽവേ മെയിൽ സർവീസും സേവനമനുഷ്ഠിക്കുന്നു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തപാൽസംബന്ധമായ മുഴുവൻ ഉത്തരവാദിത്തവും വഹിക്കുന്ന കേരളാ പോസ്റ്റൽ സർക്കിളിന്റെ മുഖ്യകാര്യാലയം തിരുവനന്തപുരത്താണ്.

1947-നു മുൻപ് വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജലവിതരണം, വൈദ്യുതി, ശുചീകരണം തുടങ്ങിയ മേഖലകളിൽ നഗരം സ്വായത്തമാക്കിയിരുന്ന പുരോഗതി അതേ തോതിൽ വർധിപ്പിക്കുന്നതിന് കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കഴിഞ്ഞിട്ടില്ല; 1966-86 കാലയളവിൽ പ്രസക്ത മേഖലകളിൽ കൈവരിക്കേണ്ടിയിരുന്ന വികസനത്തിന്റെ 10% മാത്രമാണ് നേടാനായത്. ശില്പതാളലയം കൊണ്ട് ആഗോളനിലവാരം പുലർത്തുന്ന ധാരാളം വാസ്തുശില്പങ്ങൾ ഈ നഗരത്തെ അലങ്കരിക്കുന്നു. പുതുക്കിപ്പണിത ഗാന്ധി പാർക്കും ആകർഷണീയമാണ്.

നഗരത്തിന്റെ ആദ്യകാല വളർച്ച പൂർണമായും ശ്രീപദ്മനാഭ ക്ഷേത്രത്തേയും ക്ഷേത്രത്തിനു ചുറ്റുമുള്ള രാജമന്ദിരങ്ങൾ, കച്ചേരികൾ എന്നിവയേയും ആശ്രയിച്ചായിരുന്നു. ദന്ത ദാരു ശില്പങ്ങൾ, വിളക്കുകൾ, ഓട്ടുപാത്രങ്ങൾ, ലോഹ സാമഗ്രികൾ, പട്ടു-കസവുതരങ്ങളുൾപ്പെടെ അതിനേർമയുള്ള കൈത്തറി വസ്ത്രങ്ങൾ തുടങ്ങിയവയുടെ നിർമ്മാണമായിരുന്നു പരമ്പരാഗത കൈത്തൊഴിലുകളും കുടിൽ വ്യവസായങ്ങളുമായി ഉണ്ടായിരുന്നത്. ഈ ഉത്പന്നങ്ങൾ ഒട്ടുമുക്കാലും വിശ്വപ്രശസ്തങ്ങളുമായിരുന്നു. 1947-നു മുൻപ് തിരുവനന്തപുരം നഗരത്തിലെ വ്യവസായശാലകൾ റബ്ബർവർക്സ്, ടൈറ്റാനിയം ഫാക്റ്ററി, ഷാർക് ലിവർ ഓയിൽ ഫാക്റ്ററി എന്നീ മൂന്നെണ്ണം മാത്രമായിരുന്നു. ഇവയിലെ ആദ്യത്തെ രണ്ടിനോടുമൊപ്പം കെൽട്രോൺ, ഹിന്ദുസ്ഥാൻ ലാറ്റക്സ്. വിജയമോഹിനി മിൽസ്, ഇംഗ്ളീഷ് ഇന്ത്യാ ക്ളേയ്സ് തുടങ്ങി ഏതാനും വ്യവസായങ്ങൾകൂടി ഇപ്പോൾ പ്രവർത്തനത്തിലുണ്ട്. തിരുവനന്തപുരത്തെ പ്രധാന സ്ഥാപനമായ വിക്രം സാരാഭായ് സ്പേയ്സ് സെന്ററിന്റെ ആവിർഭാവത്തെത്തുടർന്ന് പ്രവർത്തനമാരംഭിച്ച അനുബന്ധ വ്യവസായങ്ങളും ഇക്കൂട്ടത്തിൽപ്പെടും. വൻകിട വ്യവസായങ്ങൾ, ചെറുകിട ഫാക്റ്ററികൾ, നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന കുടിൽ വ്യവസായങ്ങൾ എന്നിവയെയൊക്കെ ഉൾക്കൊള്ളുന്ന വ്യവസായ ശൃംഖലയെ ആധാരമാക്കി വികസിക്കുന്ന നിബിഡാധിവാസകേന്ദ്രങ്ങളാണ് ആധുനിക നഗരങ്ങൾ. ഈ പൊതുതത്ത്വത്തിന് അപവാദമായാണ് തിരുവനന്തപുരത്തിന്റെ വളർച്ച. അസംസ്കൃത വസ്തുക്കളാൽ സമ്പന്നമായ പടിഞ്ഞാറൻ പ്രദേശത്തിന്റെ സാന്നിധ്യത്തിലും എടുത്തുപറയാവുന്ന വ്യവസായങ്ങൾ നന്നേ കുറവായിരിക്കുന്നു. നഗരത്തിലെ ഏറ്റവും വലിയ തൊഴിൽ ഉടമ സംസ്ഥാന സർക്കാരാണ്. ഭരണ ആസ്ഥാനം വിദ്യാഭ്യാസകേന്ദ്രം, ആരോഗ്യരക്ഷാസങ്കേതം എന്നീ നിലകളിൽ സേവനമേഖല (service sector) യ്ക്കു വലുതായ മുൻതൂക്കം സിദ്ധിച്ചിരിക്കുന്നു; പണിയെടുക്കുന്നവരിൽ 59% സേവനവൃത്തിയിലാണ്. പൂർണമായും ഭാഗികമായുമുള്ള തൊഴിലില്ലായ്മയ്ക്ക് ഇത് വഴിയൊരുക്കുന്നു. വ്യാവസായിക രംഗത്തെ തളർച്ചയും പിന്നാക്കാവസ്ഥയും നഗരവികസനത്തിന് വിലങ്ങുതടിയായി വർത്തിക്കുന്നു.

നഗരങ്ങളുടെ പൊതുനിലവാരത്തിനു വിപരീതമായി, തിരുവനന്തപുരത്ത് വികസിതഭൂമിയുടെ ഏഴ് ശ.മാ. മാത്രമാണ് പൊതുമേഖലയിലേതായുള്ളത്. ഭരണകാര്യാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഗതാഗത-ആസ്ഥാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വികസനത്തിനും മതിയായ തോതിൽ സ്ഥലം ലഭ്യമല്ല. വ്യവസായശാലകൾ വമിപ്പിക്കുന്ന പുക, വിഷവാതകങ്ങൾ തുടങ്ങിയവയോ, തന്നിമിത്തമുള്ള അന്തരീക്ഷ മലിനീകരണമോ ഈ നഗരത്തെ അലട്ടുന്നില്ല. എന്നിരിക്കിലും മോട്ടാർവാഹനങ്ങളുടെ പെരുപ്പവും തജ്ജന്യമായ ഇന്ധനവിസർജ്യങ്ങളും വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതുമൂലമുള്ള പൊടിപടലങ്ങളും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തോതിലുള്ള വായുമലിനീകരണം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്; ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും കുറവല്ല.

മാലിന്യനിർമാർജ്ജന സംവിധാനത്തിലെ അപര്യാപ്തത ഇന്ത്യൻ നഗരങ്ങളുടെ ശാപമായി തുടരുന്നു; തിരുവനന്തപുരത്തിന്റെ കാര്യവും വിഭിന്നമല്ല. നഗരവികസനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ശുദ്ധജലവിതരണപദ്ധതിയും മാലിന്യനിർമാർജ്ജന വ്യവസ്ഥയും നിലവിൽ വന്നിരുന്നു. 18 ച.കി.മീ. പ്രദേശത്തെ 1,35,000 ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇവ ആസൂത്രണം ചെയ്യപ്പെട്ടത്. 1933-ൽ പ്രവർത്തനം തുടങ്ങിയ ജലവിതരണ പദ്ധതി, അല്പമാത്രമായ പുനഃസജ്ജീകരണങ്ങളിലൂടെ, നഗരവാസികളുടെ സർവമാന ആവശ്യത്തിനുമുള്ള വെള്ളം തടസ്സമില്ലാതെ നാളിതുവരെ നല്കിപ്പോരുന്നു. ജനസംഖ്യ ലക്ഷ്യമിട്ടതിന്റെ മൂന്നിരട്ടിയായും, വിസ്തീർണം നാലിലേറെ മടങ്ങുകളായും വർധിച്ചിരിക്കുന്നു. നഗരാതിർത്തിക്കുള്ളിലെ നാലിലൊന്നുഭാഗത്തു മാത്രമേ ഡ്രെയിനേജ് സംവിധാനം നിലവിലുള്ളൂ. അധിവാസ പ്രവൃദ്ധി പരിഗണിച്ച് ശുദ്ധജല വിതരണത്തിലും മാലിന്യനിർമാർജ്ജന വ്യവസ്ഥയിലും ആനുപാതികമായ വികസനം അത്യന്താപേക്ഷിതമായിരിക്കുന്നു.

തിരുവനന്തപുരം നഗരത്തിൽ ജനപ്പെരുപ്പം ഏറ്റവും കൂടുതൽ നേരിടേണ്ടിവന്നത് 61-71 ദശകത്തിലാണ്; 1961-ലെ 2,39,815 1971-ൽ 4,09,627 ആയി ഉയർന്നു. തുടർന്നുള്ള ദശകങ്ങളിൽ ക്രമമായ തോതിലുള്ള വളർച്ചയാണ് കാണുന്നത്. 1966-ലെ കണക്കനുസരിച്ച് നഗരത്തിൽ മൊത്തമുള്ള 18,000 ഏക്കർ ഭൂമിയിൽ 12,000 ഏക്കറും പാർപ്പിട നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. കെട്ടിടങ്ങളിൽ 70% ത്തിനും അഞ്ച് സെന്റിലേറെ സ്ഥലമുണ്ടായിരുന്നു; മൊത്തം ഭവനങ്ങളിൽ പകുതിയിലേറെയും അഞ്ച് മുതൽ 20 വരെ സെന്റ് വിസ്തൃതിയുള്ള വളപ്പുകളിൽ അവസ്ഥിതമായിരുന്നു. കുടിപാർപ്പിനോടൊപ്പം ഓരോ വളപ്പും തെങ്ങിൻതോപ്പുകളെന്നു വിശേഷിപ്പിക്കാവുന്ന തോതിൽ നാളികേരം ഉത്പാദിപ്പിച്ചുപോന്നു. നഗരത്തിലെ മൊത്തം വിസ്തൃതിയുടെ 11%-ത്തോളം ചെളിയും വെള്ളവും നിറഞ്ഞ നെല്പാടങ്ങളായിരുന്നു. കടലിറമ്പത്തെ ആയിരത്തോളം ഏക്കർ ഉപഭോഗയോഗ്യമല്ലാത്ത മണൽപ്പരപ്പായിരുന്നു. വെളിമ്പുറങ്ങളും ഉദ്യാനങ്ങളുമായി ശേഷിച്ചിരുന്നത് കേവലം 140 ഏക്കറായിരുന്നു. ആയിരം ആളുകൾക്ക് രണ്ടേക്കർ എന്ന തോതിൽ വെളിമ്പുറങ്ങൾ നിലനിർത്തേണ്ടതുണ്ട്; എന്നാൽ നിലവിലുള്ളത് ആയിരം പേർക്ക് 0.4 ഏക്കർ എന്ന തുച്ഛമായ തോതിലാണ്.

1961-ൽ വിസ്തീർണം 27.5 ച.കി.മീറ്ററും ജനസംഖ്യ 2.4 ലക്ഷവും ആയിരുന്നപ്പോൾ നഗരത്തിലെ പാർപ്പിടങ്ങളുടെ എണ്ണം 37,500 ആയിരുന്നു. 1961-66 കാലത്ത് ജനസംഖ്യയിൽ 41.1% വർധനവുണ്ടായി; പാർപ്പിട സൗകര്യത്തിന്റെ പെരുപ്പം 40.1% മാത്രമായിരുന്നു. ഭവനങ്ങളിൽ 43.5% മതിയായ നിലവാരമുള്ളവയായിരുന്നില്ല. പാർപ്പിട ലഭ്യതയിലെ ന്യൂനത ഇനിയും നികത്താനായിട്ടില്ല. അടുത്തകാലത്ത് ബഹുനില മന്ദിരങ്ങളുടെ ക്രമരഹിതമായ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വ്യവസായ മേഖലയിലുള്ളതിന്റെ രണ്ടരമടങ്ങ് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യത്തക്കവണ്ണം കെട്ടിടനിർമ്മാണ പ്രവർത്തനം വിപുലപ്പെട്ടിരിക്കുന്നു. എന്നിരിക്കിലും 2001-ലെ കണക്കനുസരിച്ച് നഗരത്തിൽ 46,600 പാർപ്പിടങ്ങളുടെ കുറവുണ്ടായിരുന്നു. റോഡുകളുടെ ബാഹുല്യം നഗരവികസനത്തിന് തടസ്സം നില്ക്കുന്ന അവസ്ഥയുമുണ്ട്. നിലവിലുള്ള റോഡുകളിൽ മിക്കവയും മെച്ചപ്പെട്ട നിലവാരം പുലർത്തുന്നവയല്ല. പ്രധാന വീഥികളുടെ ഇരുവശങ്ങളിലുമായി പൊതുസ്ഥാപനങ്ങളും കടകമ്പോളങ്ങളും തിങ്ങിഞെരുങ്ങി നിലകൊള്ളുന്നത് നഗരസൌകര്യങ്ങളിൽ അപര്യാപ്തത സൃഷ്ടിക്കുന്നു. മുഖ്യനിരത്തുകളിൽനിന്ന് ഇരുവശത്തേക്കും പിരിയുന്ന റോഡുകളിലേക്ക് വ്യാപാരകേന്ദ്രങ്ങൾ മാറ്റി സ്ഥാ���ിക്കേണ്ടതുണ്ട്. ഭാവിയിൽ നിർമിതമാകാവുന്ന ഓഫീസ് സമുച്ചയങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, വിദ്യാകേന്ദ്രങ്ങൾ തുടങ്ങിയവ നഗരഹൃദയത്തിനു പുറത്ത് വികേന്ദ്രീകൃതമായ നിലയിൽ പടുത്തുയർത്തേണ്ടതും ആവശ്യമാണ്.

കുന്നുകളും താഴ്വാരങ്ങളും ഇടകലർന്ന, തിട്ടുകളും നീർച്ചാലുകളും നിറഞ്ഞ, തെങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും പുൽമേടുകളും കൊണ്ടു പച്ചപ്പു പുതച്ച, രമണീയമായ നൈസർഗികപ്രകൃതിയാണ് തിരുവനന്തപുരത്തിന് ഉണ്ടായിരുന്നത്. കോൺക്രീറ്റ് സൗധങ്ങളുടേയും തലങ്ങും വിലങ്ങുമായി നീളുന്ന റോഡുകളുടേയും പ്രവൃദ്ധിക്കിടയിലും ഈ പ്രകൃതി രമണീയതയുടെ പരിച്ഛേദങ്ങൾ നിലനിന്നുപോരുന്നുവെന്നത് നഗരത്തിന്റെ പ്രത്യേകതയാണ്. ശരാശരിയിൽ കവിഞ്ഞ ജനപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിലും ഞെരുക്കമേറിയ അധിവാസകേന്ദ്രങ്ങളോ ചേരികളോ പുതുതായി ഉണ്ടാകുന്നില്ല; മറിച്ച് നഗരം അതിന്റെ പാർശ്വ പ്രദേശങ്ങളിലേക്ക് തിരശ്ചീനദിശയിൽ സംക്രമിക്കുകയാണ്. തിരുവനന്തപുരം വികസന അതോറിറ്റി (TRIDA) നഗരവികസനത്തിനായി വകയിരുത്തിയിട്ടുള്ളത്, വ.അക്ഷാംശം 8º22'30 മുതൽ 8º37' വരെയും കി.രേഖാംശം 76º15' 15 മുതൽ 77º04' വരെയും വ്യാപിച്ചു കിടക്കുന്ന 364 ച.കി.മീ. പ്രദേശത്തെയാണ്. പര്യാപ്തമായ വികസന പദ്ധതി ആവിഷ്കരിച്ചിട്ടുമുണ്ട്.

ജീവിതകാലം ചെലവഴിക്കുവാൻ തികച്ചും അനുയോജ്യമായി ആഗോളതലത്തിലുള്ള കേന്ദ്രങ്ങളിൽ ഏറ്റവും മുന്തിയവയായി നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി തിരഞ്ഞെടുത്തിട്ടുള്ള 50 എണ്ണത്തിൽ തിരുവനന്തപുരം നഗരം ഉൾപ്പെട്ടിരിക്കുന്നു.

ചരിത്രം

തിരുത്തുക

ഇപ്പോൾ തിരുവനന്തപുരം ജില്ലയായി പരിഗണിക്കപ്പെടുന്ന പ്രദേശത്തിന്റെ മുൻകാല സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതി കേരളത്തിനു പൊതുവായി കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന വ്യവസ്ഥിതികൾക്ക് ഏറെക്കുറെ സമാനമാണ്. പ്രാചീന മനുഷ്യർ ഇവിടെ നിവസിച്ചിരുന്നു എന്നതിന് വിശ്വസിക്കത്തക്ക തെളിവുകൾ ജില്ലയുടെ ചില ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. വേണാട് ശക്തിപ്രാപിക്കുന്നതിനുമുമ്പ് തിരുവനന്തപുരം ആയ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് വേണാടിന്റെ ഭാഗമായി. വേണാട് പിന്നീട് തിരുവിതാംകൂർ രാജ്യമായി. തിരുവിതാംകൂറിന്റേയും ഇന്ത്യയുടെ സ്വാതന്ത്യാനന്തരം ഉണ്ടായ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിന്റേയും തലസ്ഥാനമായിരുന്നു തിരുവനന്തപുരം. ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളിൽ തിരുവനന്തപുരം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായതത്രെ. ശ്രീപദ്മനാഭനെ ആനന്ദൻ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതിൽനിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകൾ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുള്ള ദിവ്യനാഗമായ അനന്തനിൽ നിന്നാണ് ഈ പേരുവന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപദ്മനാഭക്ഷേത്രത്തിൽ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അനന്തപുരം എന്ന പേര് വന്നതത്രെ. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാനസൂചകപദം ചേർന്നപ്പോൾ തിരുവനന്തപുരം ആയതാകാം.

ആധുനിക തിരുവിതാംകൂർ വരെ

തിരുത്തുക

ഇന്നത്തെ തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂഭാഗങ്ങൾ എ.ഡി. 10-ാം ശ. വരെ സാംസ്കാരികമായി പ്രാക്കാല തമിഴകത്തിന്റെ ഭാഗമായിരുന്നു. വേങ്കടം (തിരുപ്പതി) മുതൽ കുമരി വരെ, രണ്ട് കടലിനും ഇടയ്ക്കുള്ള രാജ്യമായാണ് തമിഴകം വിവക്ഷിക്കപ്പെട്ടിട്ടുള്ളത് (നോ: ചിലപ്പതികാരം). തമിഴോ അനുബന്ധഭാഷകളോ വ്യവഹാരത്തിലുണ്ടായിരുന്ന ഈ ഭൂഭാഗത്തെ ജനസഞ്ചയം ആദ്യകാലങ്ങളിൽ ജാതികളോ സമുദായങ്ങളോ ആയി വേർതിരിക്കപ്പെട്ടിരുന്നില്ല. സ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹികഘടനയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. അധ്വാനത്തിന്റെ അന്തസ്സ് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തിൽ പാണൻ, പറയൻ, ചാന്നാൻ, വില്ലവൻ, ഉഴവൻ, പരതവൻ, ആയൻ എന്നിങ്ങനെ വിഭജനക്രമം നിലനിന്നിരുന്നുവെങ്കിലും ഇവർക്കിടയിൽ ഉച്ചനീചത്വമോ പ്രകടമായ ജാതിവ്യത്യാസമോ ഉണ്ടായിരുന്നില്ല. തീണ്ടൽ, തൊടീൽ തുടങ്ങിയ സാമൂഹിക അനാചാരങ്ങൾ തീരെ ഇല്ലായിരുന്നു.

ഈ കാലഘട്ടത്തിൽ തമിഴകത്ത് ഭാഗികമായി അധീശത്വം പുലർത്തി നിലനിന്നിരുന്നത് ചേര-ചോള-പാണ്ഡ്യ രാജവംശങ്ങളാണ്. തമിഴകത്തെ രാഷ്ട്രീയചരിത്രം ഈ വംശങ്ങളിലെ രാജാക്കന്മാർക്കിടയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളുടെ ചരിത്രമായിരുന്നു. ഭൂപരമായ ആധിപത്യത്തെ അപേക്ഷിച്ച്, ധനാർജനവും ജംഗമസമ്പത്തുകൾ പിടിച്ചെടുക്കുന്നതും ഉദ്ദേശിച്ചുള്ള ആക്രമണങ്ങളാണ് ചേര-ചോള-പാണ്ഡ്യന്മാർ തമ്മിൽ നടത്തിപ്പോന്നത്. ഉദ്ദേശം പതിനേഴു നൂറ്റാണ്ടുകളോളം രാജാക്കന്മാരുടെ വീരചരമങ്ങളും കീഴടങ്ങലുകളും അടിക്കടി ആവർത്തിക്കപ്പെട്ടപ്പോഴും ഇവയിൽ ഏതെങ്കിലുമൊരു രാജ്യം മറ്റൊന്നിന് പൂർണമായും അടിമപ്പെട്ടുകാണുന്നില്ല; മറിച്ച് താന്താങ്ങളുടെ സ്വതന്ത്രപദവി അഭംഗുരം നിലനിർത്തുകയും ചെയ്തു. മൂവേന്തർ എന്നറിയപ്പെട്ടിരുന്ന ചേര-ചോള-പാണ്ഡ്യന്മാരുടെ സാമ്രാജ്യങ്ങൾക്ക് ഭൂപരമായ അവിച്ഛിന്നതയോ നിയതമായ രാജ്യാതിർത്തികളോ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഈ പ്രദേശങ്ങളിലുണ്ടായിരുന്ന പ്രായേണ ഒറ്റപ്പെട്ട അധിവാസ സമുച്ചയങ്ങൾ തനതായ സാമൂഹിക ക്രമങ്ങളും സ്വാതന്ത്യവും പുലർത്തി വളർന്നിരുന്നു. സാമൂഹിക സുരക്ഷയ്ക്കായി ആയുധ പരിശീലനം നേടേണ്ടതും ആയോധനപാടവമാർജിച്ച സംഘങ്ങളായി വർത്തിക്കേണ്ടതും ഇക്കൂട്ടർക്ക് ഒഴിവാക്കാനാകുമായിരുന്നില്ല. ഇങ്ങനെ തൊഴിലടിസ്ഥാനത്തിൽ വില്ലവർ (വിൽവല്ലവർ) എന്ന വിഭാഗം ഓരോ അധിവാസകേന്ദ്രത്തിലും ഉണ്ടായി. മൂവേന്തന്മാരുടെ വിവിധങ്ങളായ പടയോട്ടങ്ങളിൽ അവസരോചിതമായി കൂട്ടുചേർന്ന് അവരുടെ സൈനികശക്തി വർധിപ്പിക്കുവാനും അങ്ങനെ സ്വന്തം സമ്പദ് വ്യവസ്ഥയും നിലനില്പും ഭദ്രമാക്കുവാനും ഈ 'സംഘങ്ങൾ' ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ അവസരവാദപരമായ നിലപാടുകളിലൂടെ മൂവേന്തന്മാരുടെ ഭാഗധേയം നിർണയിക്കാനാകുന്നവിധം ഇവർ ശക്തിയാർജിച്ചിരുന്നു. ക്രമേണ ഈദൃശ സംഘങ്ങളുടെ കൂട്ടായ്മകൾ രൂപംകൊണ്ടു; ഇവർക്ക് പ്രബലന്മാരായ നേതാക്കളും ഉണ്ടായി. ഇങ്ങനെ രാജാക്കന്മാരുടെ അധീശത്വത്തിനു വഴിപ്പെടാതെ ഗണാധിപത്യത്തിനും രാജവാഴ്ചയ്ക്കും ഇടയ്ക്ക് അധികാരപദവി നേടിയെടുത്ത കുലമുഖ്യന്മാർ ഉണ്ടായി. ഭൂമിശാസ്ത്രപരമായി പ്രത്യേക പ്രദേശങ്ങളുടെ ആധിപത്യം കയ്യാളിയ ഈദൃശ ചിറ്റരചന്മാർ 'വേൾ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇക്കൂട്ടത്തിൽ പൊതിയൻമല (അഗസ്ത്യമല) ആസ്ഥാനമാക്കി വിശാലമായ ഭൂപ്രദേശങ്ങളുടെ മേൽ ആധിപത്യം പുലർത്തിയ വേൾമാരാണ് ആയ് വംശജർ. ഇവർ ആയർ കുലത്തിന്റെ തലവന്മാരായിരുന്നു. എ.ഡി. 2-ാം ശ.-ത്തിൽ കന്യാകുമാരിയോടടുത്ത പ്രദേശങ്ങളുടെ അധിപൻ 'ആയ്' ആയിരുന്നു വെന്ന് ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. ആയ് വേൾമാർ രാജപദവിയിൽ എത്തുന്നതിനുമുമ്പ് പാണ്ഡ്യന്മാർ അവരെ കീഴ്പ്പെടുത്തി. വേൾമുഖ്യന്മാരെ തങ്ങളുടെ സാമന്തരാക്കി മാറ്റുവാൻ മൂവേന്തരിൽ ഓരോരുത്തരും യത്നിച്ചിരുന്നു. നാഞ്ചിൽമലയും അതിന്റെ താഴ്വാരത്തിലുള്ള നാഞ്ചിനാടും ഭരിച്ചിരുന്ന 'നാഞ്ചിൽവള്ളുവനും' ആയ് വേൾമാരിൽപ്പെട്ട എയിനനും ചേര രാജാവിന്റെ സാമന്തരായിരുന്നു. ഇന്നത്തെ തിരുവനന്തപുരം ജില്ലയിൽ കടലോരത്തെ വിഴിഞ്ഞം തുറമുഖത്തോളമുള്ള പ്രദേശങ്ങൾ ചേരസാമ്രാജ്യത്തിന്റെ ഭാഗമായി വർത്തിച്ചിട്ടുണ്ട്; 'കാന്തളൂർ ശാല'യെ സംബന്ധിച്ച പ്രസ്താവങ്ങൾ ഈ ചരിത്രസത്യത്തിലേക്കു വെളിച്ചം വീശുന്നു. ശേഷിച്ച ഭാഗങ്ങളൊക്കെത്തന്നെ കുലമുഖ്യന്മാരായ വേൾമാരുടെ അധീനതയിലായിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ടിരുന്ന ഈ വേൾമാർ സഖ്യങ്ങളിലൂടെയും പരസ്പര ബാന്ധവങ്ങളിലൂടെയും തങ്ങളുടെ കൂട്ടായ്മയും ശക്തിയും വർധിപ്പിച്ചുപോന്നു. ഇതിന്റെ പരിണതഫലമായി കൊല്ലം ആസ്ഥാനമാക്കി വേൾനാടുകളുടെ കൂട്ടായ്മയിലൂടെ ഉണ്ടായ രാജ്യമാകണം വേണാട്. ഒരുപക്ഷേ, ചേരരാജവംശവുമായുള്ള സൗഹൃദവും ഇതരബന്ധങ്ങളും ഇതിന് സഹായകമായി വർത്തിച്ചിട്ടുണ്ടാകാം; സാമന്ത പദവി സ്വയം രാജാവായി പ്രഖ്യാപിക്കുന്നതിന് പ്രാപ്തി നല്കിയിട്ടുമുണ്ടാകാം.

ഉഴവർ, മീനവർ, വില്ലവർ, ആയർ, ചേരലർ, കുശവർ തുടങ്ങി വ്യത്യസ്ത കുലക്കാരായ വേൾമുഖ്യന്മാർ ഉണ്ടായിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള വിവാഹബന്ധങ്ങൾ സാധാരണമായിരുന്നു. സാമാന്യജനങ്ങളുടെ ഇടയിലും കുലവ്യത്യാസം വിഗണിച്ചുള്ള ബാന്ധവങ്ങൾ നടന്നിരുന്നു. സംഘകാലാന്ത്യം (എ.ഡി. 3-ാം ശ.) വരെ സജാതീയ വിവാഹം നിർബന്ധമായിരുന്നില്ല. ജാതിവ്യവസ്ഥ പ്രവൃത്തിവിഭജനത്തിൽനിന്ന് സ്വയമേവ ഉരുത്തിരിഞ്ഞതല്ലാ എന്നാണ് തിരുവനന്തപുരം ജില്ലയുടെ പ്രാക്കാലചരിത്രം തെളിയിക്കുന്നത്.

ക്രിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങൾ തെക്കൻ കേരളത്തിൽ സാമ്പത്തികമുന്നേറ്റത്തിന്റെ കാലഘട്ടമായിരുന്നു. കാലിവളർത്തലിലും താത്കാലികവിളവെടുപ്പിലും ഏർപ്പെട്ട് മന്റങ്ങളായി കഴിഞ്ഞിരുന്ന പ്രാകൃത ഗോത്ര സമൂഹങ്ങൾ കാർഷിക സമ്പദ്വ്യവസ്ഥയിലേക്കു കാൽവച്ചു. ക്രമേണ ഭൂഉടമാ സമ്പ്രദായവും കുടുംബവാഴ്ചയും പുഷ്ടിപ്പെട്ടു. കൃഷിയും കന്നുകാലിവളർത്തലും തമ്മിൽ അഭേദ്യമായ ബന്ധം കൈവന്നു. കൃഷി അഭിവൃദ്ധിപ്പെട്ടതോടെ ഗോത്രത്തിന്റെ പൊതു ഉടമയിലായിരുന്ന നിലങ്ങൾ പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ പൂർണനിയന്ത്രണത്തിലായിത്തീർന്നു. കാർഷികോപകരണങ്ങളും ഉരുക്കളും സ്വകാര്യ സ്വത്തായിമാറി. ഇങ്ങനെ കൃഷിപ്രധാനമായ സമ്പദ്വ്യവസ്ഥ രൂപംകൊണ്ടപ്പോഴും എല്ലാ ജനങ്ങളും കാർഷികവൃത്തിയിലേക്കു തിരിഞ്ഞില്ല.

മൂവേന്തരുടെ പടയോട്ടങ്ങളിൽ പങ്കുകൊണ്ടിരുന്ന വില്ലവർക്കാണ് മധ്യകേരളത്തിലും പാണ്ഡിനാട്ടിലും നിന്ന് പരിവർത്തിത കൃഷി സമ്പ്രദായങ്ങളെക്കുറിച്ച് ആദ്യമായി അറിവ് നേടാനായത്. ഇക്കൂട്ടർ മികവുറ്റ ഉരുക്കളെ സ്വന്തമാക്കി കാർഷികവൃത്തിയിലും ഭൂവുടമാവകാശത്തിലും മേൽക്കോയ്മ നേടി. പടയാളികളുടെ ക്ളേശപൂർണമായ ജീവിതത്തെ ഉപേക്ഷിച്ച് അധ്വാന നിരതമെങ്കിലും സമാധാനപൂർണവും സമ്പദ്സമൃദ്ധവുമായ കാർഷികവൃത്തി സ്വീകരിക്കുവാൻ ഇവർ തത്പരരായിരുന്നു. പുൽമേടുകളും കുറ്റിക്കാടുകളും നിറഞ്ഞ മുല്ലൈത്തിണകളിലെ ഇടയർ, ആയർ തുടങ്ങിയ ഗണങ്ങൾ ആടുമാടുകളെ പരിപാലിച്ചും ചെറുകിട കൃഷികൾ ചെയ്തും കഴിഞ്ഞുപോന്നു. മലകളും കാടുകളും ഉൾപ്പെട്ടിരുന്ന കുറിഞ്ഞിത്തിണയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗം വേട്ടയാടലും വനവിഭവങ്ങളുടെ സംഭരണവുമായിരുന്നു. കടൽത്തീരമേഖലയായ നെയ്തൽത്തിണയിൽ മത്സ്യബന്ധനവും ഉപ്പുണ്ടാക്കലും മുഖ്യതൊഴിലുകളായി തുടർന്നു. ഇക്കൂട്ടരൊക്കെത്തന്നെ ഭക്ഷ്യധാന്യങ്ങൾക്കും അനുസാരികൾക്കും കൃഷിക്കാരെ ആശ്രയിക്കുന്ന സ്ഥിതി എത്തിച്ചേർന്നതോടെ ഭൂവുടമകളായി മാറിയ കർഷകരുടെ പ്രാമാണിത്തവും പ്രാബല്യവും പ്രവൃദ്ധമായിത്തീർന്നു. തങ്ങളുടെ ഉത്പന്നങ്ങൾക്കും അതിലൂടെ ഇതര വിഭാഗങ്ങളുടെ പ്രയത്നഫലങ്ങൾക്കും വില നിർണയിക്കുവാനുള്ള പൂർണമായ അധികാരം കർഷകരിൽ നിക്ഷിപ്തമായത് അവർക്കും മറ്റുള്ളവർക്കുമിടയിൽ സാമ്പത്തികമായ വിടവ് വർധിപ്പിക്കുന്നതിനും തുടർന്ന് സമ്പന്ന വിഭാഗത്തിന്റെ മേൽക്കോയ്മയ്ക്കും വഴിയൊരുക്കി.

കർഷകരോടൊപ്പം മാന്യത കല്പിക്കപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു മദ്യഹാരകന്മാരായ ചാന്നാർമാർ. പനങ്കള്ളാണ് അന്ന് ഉത്പാദിപ്പിച്ചുപോന്നത്. എ.ഡി. 3-ാം ശ.-ത്തോടെ ചേരരാജ്യത്ത് തെങ്ങുകൃഷിയും തെങ്ങിൽനിന്ന് കള്ളുചെത്തലും പ്രചാരത്തിലായി.

വണിക്കുകൾ, വിശിഷ്യ ദേശാന്തര വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന കച്ചവടക്കാർ പൊതുവേ സമ്പന്നരായിരുന്നു. ഇങ്ങനെ ഒരു വിഭാഗം ജനങ്ങൾ സമ്പൽസമൃദ്ധിയിലും നല്ല ഭവനങ്ങളിലും ഐശ്വര്യപൂർണമായ ജീവിതം നയിച്ചപ്പോൾ, ഭൂരിപക്ഷം ജനങ്ങളും കഷ്ടതയിലും ദാരിദ്യത്തിലും കഴിയേണ്ടുന്ന ഒരവസ്ഥ സംജാതമായി. സമൂഹം ധനികരും ദരിദ്രരുമായി വിഭജിക്കപ്പെട്ടത് മേലാളർ, കീഴാളർ വിഭാഗങ്ങളുടെ സൃഷ്ടിക്കു വഴിയൊരുക്കി. മേൽപ്പറഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളൊഴികെ മറ്റെല്ലാവരും കീഴോർ വിഭാഗത്തിൽ ഉൾപ്പെട്ടു. ഭൂമിയോ ഉപകരണങ്ങളോ സ്വന്തമായി ഇല്ലാതെ അധ്വാനശക്തിമാത്രം കൈമുതലാക്കി കഴിഞ്ഞുപോന്ന ഇവരുടെ സ്ഥിതി കാലം ചെല്ലുന്തോറും കൂടുതൽകൂടുതൽ മോശമായിത്തീർന്നു. കുറേക്കൂടി കിഴിഞ്ഞ ജോലി ചെയ്തിരുന്ന 'അടിയോർ', അടിമകൾ തുടങ്ങിയവർക്കൊപ്പം കീഴോർ വിഭാഗക്കാരെ ചവിട്ടിത്താഴ്ത്തുവാനുള്ള വ്യഗ്രതയാണ് സമ്പന്നവിഭാഗത്തിന്റെ ഭാഗത്ത് ദൃശ്യമായത്.

സംഘകാലത്ത് ദക്ഷിണകേരളത്തിൽ ബ്രാഹ്മണാധിനിവേശം വ്യാപിച്ചിരുന്നില്ല; ജനജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ ചുരുക്കം ബ്രാഹ്മണർ ഈ ഭൂഭാഗങ്ങളിൽ താമസിച്ചിരുന്നു. ഈ കാലത്ത് ജൈനമതത്തിനാണ് പൊതുവേ പ്രാബല്യമുണ്ടായിരുന്നത്. ആദിദ്രാവിഡരുടെ ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിച്ചിരുന്നവരും ധാരാളമുണ്ടായിരുന്നു. 'ബൗദ്ധ പ്രഭാവ കാല'മായി വിശേഷിപ്പിക്കപ്പെടുന്ന നൂറ്റാണ്ടുകളിലും ബ്രാഹ്മണർക്ക് കേരളീയ സമൂഹത്തിൽ സ്വാധീനത ചെലുത്തുവാനായില്ല. ആര്യാധിനിവേശത്തിന്റെ ഭാഗമെന്ന നിലയിൽ ബ്രാഹ്മണരും വർത്തകരും വൈശ്യരും ഉത്തരേന്ത്യയിൽ നിന്നുപോലും കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലേക്ക് എ.ഡി. 4-ാം ശ.-ത്തിൽത്തന്നെ കൂടിയേറിയിരുന്നു. ഈ ശതകത്തിൽത്തന്നെ സിലോണിൽ (ഇപ്പോഴത്തെ ശ്രീലങ്ക) നിന്ന് ഒരു സംഘം മഹായാന ബുദ്ധഭിഷുക്കൾ കേരളത്തിലെത്തി ബുദ്ധമതം ശക്തിപ്പെടുത്തുകയുണ്ടായി. ജൈനമതത്തിന്റെ പ്രാബല്യവും നിലനിന്നിരുന്നു.

സ്ത്രീകളും പുരുഷന്മാരും തുല്യരായി കരുതപ്പെട്ടുപോന്ന സംഘകാലാന്തരീക്ഷത്തിനു മാറ്റമുണ്ടായി. സ്വകാര്യസ്വത്തിന്റെ വർദ്ധനവ് പുരുഷമേധാവിത്വത്തിന് ആക്കം കൂട്ടി. ഭൂവുടമകളും ഭൂരഹിതരും ആയുള്ള സാമൂഹിക വിഭജനത്തിന്റെ ഫലമായി സമ്പന്നരായ മേലാളരും അവരുടെ അധികാരശക്തിയിൽ പുലരുന്ന കീഴാളരും എന്നിങ്ങനെ വർഗവ്യത്യാസം നിലവിൽ വന്നു. ഭൂസ്വത്തിനോടൊപ്പം ഭൂമിയിൽ പണിയെടുക്കുന്ന അടിയാളരേയും കൈമാറ്റം ചെയ്യുന്ന രീതി സംഘകാലാരംഭത്തിൽ തന്നെ ആരംഭിച്ചിരുന്നു. നാലും അഞ്ചും നൂറ്റാണ്ടുകളിൽ ഈ സമ്പ്രദായം വ്യാപകമായി. അടിയാളരെ വിൽക്കുന്ന ഏർപ്പാടും നിലവിൽവന്നിരിക്കാം. അടിമക്കച്ചവടം വിലക്കിക്കൊണ്ടും അടിമകളോട് ആർദ്രമായ പെരുമാറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ടുമുള��ള ബൗദ്ധസന്ദേശങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലുതായ പ്രചാരമുണ്ടായിരുന്നു; എന്നാൽ അടിമവ്യവസ്ഥയിൽ മൗലികമായ മാറ്റം വരുത്താൻ ബുദ്ധമതത്തിനു കഴിഞ്ഞില്ല. കീഴാളരുടെ ധർമബോധവും തദനുസൃത ആചാരമര്യാദകളും അവർക്കുനേരെ മേലാളർ പ്രയോഗത്തിൽ കൊണ്ടുവന്ന നിഷ്ഠൂരമായ നിയന്ത്രണങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കും താങ്ങായി വർത്തിച്ചിട്ടുണ്ടാകാം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

8-ാം ശ.-ത്തിനുമുമ്പ് തിരുവനന്തപുരത്ത് നല്ലൊരു വിദ്യാപീഠം പ്രവർത്തിച്ചിരുന്നു എന്നും അതൊരു ജൈന സർവകലാശാല ആയിരുന്നുവെന്നും കരുതപ്പെടുന്നു. 8-ാം ശ.-ത്തിൽ ഉദ്യോതനസൂരി എന്ന ജൈനകവി രചിച്ച കുവലയമാല എന്ന ചമ്പുപ്രബന്ധത്തിൽ വിവരിച്ചിരിക്കുന്ന 'സർവചട്ടാനം മഠം' എന്ന സർവകലാശാല തിരുവനന്തപുരത്ത് പിൽക്കാലത്ത് 'കാന്തളൂർ ശാല' എന്നറിയപ്പെട്ട വിദ്യാപീഠമാണെന്ന് കരുതപ്പെടുന്നു. കിള്ളിയാറിന്റെ വടക്കേ കരയിൽ ഇപ്പോഴത്തെ ആര്യശാല, വലിയശാല എന്നീ ക്ഷേത്രങ്ങൾക്കിടയിലായാണ് കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്നതെന്ന് അനന്തപുര വർണനത്തിൽ നിന്ന് മനസ്സിലാക്കാം.

ഏഴു മുതൽ 11 വരെ ശ.-ങ്ങൾ ഹിന്ദുമതത്തിന്റെ പ്രഭാവകാലമായിരുന്നു. 7-ാം ശ.-ത്തിന്റെ ആരംഭത്തിൽ ബുദ്ധമതത്തിനായിരുന്നു കൂടുതൽ പ്രചാരം. ഭാഗികമായി ജൈനമത സ്വാധീനതയും നിലനിന്നിരുന്നു. ഇക്കാലത്ത് ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങൾ തമിഴകത്ത് വേരുറപ്പിച്ചു. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരൻ, മാണിക്യവാചകർ തുടങ്ങിയ ശൈവ-നായനാർമാരും തിരുമഴിശൈ, തിരുമങ്കൈ, കുലശേഖര ആഴ്വാർ, നമ്മാഴ്വാർ, പെരിയാഴ്വാർ തുടങ്ങിയ വൈഷ്ണവ-ആഴ്വാർമാരും തങ്ങളുടെ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിക്കുകയും അവരുടെ വിശ്വാസപ്രമാണങ്ങളെ മാറ്റിമറിക്കുകയും ചെയ്തു. തമിഴകമൊട്ടാകെ പടർന്നു വീശിയ ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ താരതമ്യേന കുറഞ്ഞ സ്വാധീനതയാണുണ്ടായിരുന്നത്; പക്ഷേ തെക്കുകിഴക്കു ഭാഗങ്ങളിൽ കാര്യമായ തോതിൽ മതപരിവർത്തനം നടപ്പിലായി. വൈഷ്ണവരുടെ 108 'തിരുപ്പതി'കളിൽ 13 എണ്ണം കേരളത്തിലാണ് സ്ഥാപിതമായത്. ഇവയിൽ തിരുവനന്തപുരം, തിരുവട്ടാർ എന്നീ 'പാടൽപെറ്റ' ക്ഷേത്രങ്ങൾ പരാമൃഷ്ട മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. താരതമ്യേന വലിപ്പം കുറഞ്ഞ നിരവധി വിഷ്ണുക്ഷേത്രങ്ങളും എണ്ണമറ്റ 'ശിവാലയ'ങ്ങളും ഈ പ്രദേശങ്ങളിൽ നിർമിതമായി. ശൈവ, വൈഷ്ണവ മതങ്ങളുടെ പ്രചാരണത്തിനും ഒപ്പം ജൈന-ബൌദ്ധ മതങ്ങളുടെ ഹനനത്തിനും പ്രബലരായ രാജാക്കന്മാരും വേൾമാരും തങ്ങളുടെ അധികാരശക്തി ലോപമില്ലാതെ ഉപയോഗിച്ചു. എന്നിരിക്കിലും ജൈന-ബൌദ്ധ മതങ്ങളുടെ ശക്തി ക്ഷയിപ്പിക്കുവാനല്ലാതെ അവയെ ഉന്മൂലനം ചെയ്യുവാൻ കഴിഞ്ഞില്ല. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുടെ കാലത്തുതന്നെ ക്ഷേത്രങ്ങളുടെ സംഖ്യയിൽ ഗണ്യമായ വർധനവുണ്ടായിരുന്നു. ബുദ്ധമതം ക്ഷയോന്മുഖമായതോടൊപ്പം മിക്ക ബൌദ്ധ ക്ഷേത്രങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. ഇക്കാലത്ത് ഭരണം കയ്യാളിയിരുന്ന രാജാക്കന്മാരും വേൾമാരും ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അവയ്ക്ക് വസ്തുവകകൾ ദാനം ചെയ്യുകയുമുണ്ടായി. ക്രമേണ ക്ഷേത്രങ്ങൾ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പരിണമിച്ചു. ഓരോ അധിവാസകേന്ദ്ര (ഗ്രാമം)ത്തിന്റേയും സാമൂഹികാനുഷ്ഠാനങ്ങളും കലാസാംസ്കാരിക ചര്യകളും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായി.

ഏഴു മുതൽ 11 വരെയുള്ള ശ.-ങ്ങളിൽ ത്വരിതവും അനുക്രമവുമായ സാമൂഹിക മാറ്റങ്ങളിലൂടെ കേരളമൊട്ടാകെ ഫ്യൂഡലിസം വേരുറപ്പിച്ചു. ആദ്യകാല മേലാളന്മാർ അടിയാന്മാരുടെ അധ്വാനം ചൂഷണം ചെയ്തിരുന്നതോടൊപ്പം സ്വയം കൃഷിയിടങ്ങളിൽ പണിയെടുക്കുകയും ചെയ്തുപോന്നു. കാലക്രമത്തിൽ സ്വയം അധ്വാനിക്കാതെതന്നെ ഭൂമിയിൽ നിന്നുള്ള ആദായം കൈപ്പറ്റുന്ന ജന്മി-നാടുവാഴി വിഭാഗത്തിന് മേധാവിത്വം കൈവന്നു. തിരുവനന്തപുരം ജില്ലയുൾപ്പെടുന്ന തെക്കു കിഴക്കൻ കേരളത്തിൽ ജന്മിത്തം നിലവിൽവന്നുവെങ്കിലും നല്ലൊരു വിഭാഗം കർഷകർ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നിലനിർത്തുകയും മേലാളരായി തുടരുകയും ചെയ്തു.

ബൗദ്ധപ്രാഭവകാലം അവസാനിക്കുന്നതുവരെയും കേരളത്തിൽ ജാതി ഉണ്ടായിരുന്നില്ല. കുടിയേറിയെത്തിയ ബ്രാഹ്മണരും വൈശ്യരും പ്രത്യേക വിഭാഗങ്ങളായി ജീവിച്ചിരുന്നുവെങ്കിലും സമൂഹമധ്യത്തിൽ അയിത്തമോ ഉച്ചനീചത്വമോ ഉണ്ടായിരുന്നില്ല. ഏഴും എട്ടും ശതകങ്ങളിലെ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളും ജാതിപരമായ വേർതിരിവിന് വളംവച്ചില്ല. 9-ാം ശ.-ത്തിന്റെ ആരംഭത്തോടെ സംഘടിതരായ ബ്രാഹ്മണ സമൂഹത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം സ്വായത്തമായി. ബ്രാഹ്മണരും അവരോട് അടുപ്പം പുലർത്തിയിരുന്നവരും ഒരു ഭാഗത്തും ബ്രാഹ്മണമതത്തെ അംഗീകരിക്കാത്ത ജൈന-ബുദ്ധ മതക്കാർ മറുഭാഗത്തുമായി കേരളീയ സമുദായം വിഭജിക്കപ്പെട്ടു. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളിൽപെട്ടവർ ബ്രാഹ്മണരുടെ ഭാഗത്താണ് നിലയുറപ്പിച്ചത്. ഇങ്ങനെ ഹിന്ദുമതത്തിന് പ്രാമാണ്യം കൈവന്നതോടെ ഭരണാധികാരം കയ്യാളിയിരുന്നവർക്ക് തങ്ങൾക്കു തൊട്ടുതാഴെ ക്ഷത്രിയപദവി നല്കിയും ശേഷിച്ചവരെ ശൂദ്രവിഭാഗത്തിൽപെടുത്തിയും ജാതിവ്യവസ്ഥയ്ക്ക് തുടക്കം കുറിച്ചു. ബുദ്ധമതം ക്ഷയിച്ചതോടെ ഹിന്ദുമതത്തിന് സാർവത്രികമായ അംഗീകാരം ലഭിച്ചു. ഇതോടെ ബൗദ്ധ-ജൈന വിശ്വാസികളായി തുടർന്നുപോന്ന കീഴാളർ ഹിന്ദുമതം സ്വീകരിക്കുവാൻ നിർബന്ധിതരായി. പക്ഷേ ഇവരെ വർണവ്യവസ്ഥയ്ക്കു വെളിയിൽ പതിതരും തീണ്ടിക്കൂടാത്തവരുമായി മാറ്റി നിർത്തുകയാണ് ഉണ്ടായത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തൊഴിലിനെ അടിസ്ഥാനമാക്കിയോ മറ്റു വിധത്തിലോ ഉച്ചനീചത്വം കല്പിച്ചുകൊണ്ടുള്ള സവർണാവർണമാനങ്ങളും അയിത്തവും തീണ്ടലും കർശനമായി പാലിക്കുന്ന ജാതിവ്യവസ്ഥ കേരളത്തിലെമ്പാടും നിലവിൽ വന്നു. തെക്കു കിഴക്കൻ കേരളത്തിലും ജാതി വിഭജനം പാലിക്കപ്പെട്ടു. ഇതിലൂടെ ഏറ്റവും കൂടുതൽ ക്ളേശം നേരിട്ട ഒരു വിഭാഗമാണ് 'ചാന്നാൻ'മാർ. മതശാസനങ്ങളുടെ മറപിടിച്ചാണ് സാമൂഹിക അനാചാരങ്ങളും അവർണപീഡനവും ഏർപ്പെടുത്തിയത്. മേൽജാതിക്കാരുടെ പാർപ്പിടങ്ങളിൽനിന്നും മേലാളരിൽപ്പെട്ട ആബാലവൃദ്ധം വ്യക്തികളിൽ നിന്നും നിശ്ചിത ദൂരം അകലത്തിൽ മാത്രമേ കീഴാളർക്ക് നില്ക്കാനോ നടക്കാനോ സാധ്യമായിരുന്നുള്ളൂ. ആരാധനാലയങ്ങളിലോ വിദ്യാലയങ്ങളിലോ പ്രവേശനം അനുവദിച്ചിരുന്നില്ല. വിജ്ഞാനസമ്പാദനത്തിനുള്ള ശ്രമം അപരാധമായി ഗണിക്കപ്പെട്ടിരുന്നു. ഭൂമിയിൽ സ്ഥിരമായ കൈവശാവകാശത്തിന് അർഹതയില്ലായിരുന്നു. മാറുമറയ്ക്കാനും വഴി നടക്കാനുമടക്കം സകല മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്നു. തൊഴിലടിസ്ഥാനത്തിൽ ഭാരിച്ച നികുതികൾ ഈടാക്കിപ്പോന്നു. സവർണർക്ക് ഭൂനികുതിയിൽ ഇളവുണ്ടായിരുന്നപ്പോഴാണ് അവർണ വിഭാഗം നികുതി ചുമത്തലിലൂടെ സാമ്പത്തിക ചൂഷണത്തിനു വിധേയരായിരുന്നത്.

തിരുവനന്തപുരം ജില്ലയിലുൾപ്പെട്ട ഭൂഭാഗങ്ങളിൽ ജാതി വ്യത്യാസം നിലവിലില്ലായിരുന്നുവെന്നതിന് ഉത്തമ നിദർശനമാണ് വേളികായലിന്റെ പരിസരപ്രദേശങ്ങൾ കേന്ദ്ര���കരിച്ച് ഭരണം നടത്തിയിരുന്ന പുലയരാജവംശം. കൊല്ലവർഷാരംഭത്തിൽ ശ്രീപദ്മനാഭക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന 'കണ്ടങ്ങൾ' (ഇന്നത്തെ പുത്തരിക്കണ്ടം ഉൾപ്പെടെ) കരമൊഴിവായി 'പെരുമാട്ടി' എന്ന പുലയ വനിതയ്ക്കു നല്കപ്പെട്ടുവെന്നും ക്ഷേത്രത്തിലേക്കും രാജകൊട്ടാരങ്ങളിലേക്കും ആവശ്യാനുസരണം കുത്തരി എത്തിക്കുന്നതിനുള്ള ചുമതല ഇവർക്കായിരുന്നുവെന്നും ഇവരുടെ വംശജർ പുലയനാർകോട്ട ആസ്ഥാനമാക്കി ഭരണം ആരംഭിച്ചുവെന്നും കാണുന്നു. ഈ രാജവംശത്തിന്റെ അധികാരപരിധി എത്രത്തോളമുണ്ടായിരുന്നുവെന്ന് നിർണയിക്കപ്പെട്ടിട്ടില്ല. എങ്കിലും സവർണമേധാവിത്വത്തെ ചെറുത്തുകൊണ്ട് 16-ാം ശ.-ത്തിന്റെ മധ്യകാലത്തോളമെങ്കിലും ഈ രാജവംശം നിലനിന്നിരിക്കണമെന്ന് അനുമാനിക്കാൻ പോന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ വംശത്തിൽപ്പെട്ട വേറൊരു പുലയരാജവംശം കൊക്കോതമംഗലം (നെടുമങ്ങാട്) കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നുവെന്നും ആറ്റിങ്ങൽ തമ്പുരാന്റെ ആക്രമണത്തിൽ ഈ വംശത്തിലെ അവസാനത്തെ രാജ്ഞിക്കും മകൾക്കും ജീവാപായം നേരിട്ടതോടെ രാജകുടുംബം അന്യംനിന്നു പോയെന്നും ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു.

ആയ് രാജവംശത്തിന്റെ ഭരണകാലശേഷം ഇന്നത്തെ തിരുവനന്തപുരം ജില്ലയിൽപ്പെടുന്ന പ്രദേശങ്ങളിൽ വേണാട്ടു രാജാക്കന്മാരായിരുന്നു ഭരണകർത്താക്കൾ. നോ: വേണാട്. 10-ാം ശ.-ത്തോടടുപ്പിച്ചാണ് ഈ മാറ്റമുണ്ടായതെന്നു കരുതപ്പെടുന്നു.

ഇക്കാലത്തോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് ഒരു പുണ്യസ്ഥലമായി തിരുവനന്തപുരം വളർന്നു. ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. വില്വമംഗലം സ്വാമിയാരേയും ദിവാകരമുനിയേയും കേന്ദ്രീകരിച്ചുള്ള വിവരണങ്ങളുണ്ടെങ്കിലും അവയ്ക്ക് ചരിത്രപരമായ വിശ്വാസ്യതയില്ല. 13-ാം ശ.-ത്തിൽ ജീവിച്ചിരുന്ന വില്വമംഗലം സ്വാമിയാരല്ല ആദ്യപ്രതിഷ്ഠ നടത്തിയതെന്നു തീർത്തു പറയാം. ദിവാകര നിഘണ്ടുവിന്റെ കർത്താവായ ദിവാകര മുനി ഒരു ജൈനമതാനുയായി ആയിരുന്നു. പ്രതിഷ്ഠാമൂർത്തിയായ ആനന്ദൻ ജൈനരുടെ 63 ശലാക പുരുഷന്മാരിലൊരാളും ഒൻപത് നാരായണന്മാരിലൊരാളും ആയിരുന്നതുകൊണ്ട് ആനന്ദനെ പ്രതിഷ്ഠിച്ചത് ദിവാകരമുനിയായിരുന്നു എന്നു വരാം. വിഷ്ണുവിന് ആനന്ദൻ എന്നൊരു പേരില്ലാതിരുന്നതുകൊണ്ട് ജൈനരുടെ ആനന്ദനെയാണ് വൈഷ്ണവർ വിഷ്ണുവായി ആരാധിച്ചു തുടങ്ങിയത് എന്നും വരാം. ഈ മാറ്റമുണ്ടായത് 8-ാം ശ.-ത്തിന്റെ അന്ത്യത്തിലോ അല്ലെങ്കിൽ 9-ാം ശ.-ത്തിന്റെ തുടക്കത്തിലോ ആയിരിക്കണം. എന്തെന്നാൽ പ്രതാപശാലിയായിരുന്ന നെടുംചടയൻ എന്ന പാണ്ഡ്യരാജാവ് (765-815) ആയിരുന്നു തമിഴകത്ത് വൈഷ്ണവ മതത്തിനു പ്രചാരം നല്കിയത്. നെടുംചടയൻ 781-ൽ വിഴിഞ്ഞം ആക്രമിച്ചു എന്നും യുദ്ധത്തിൽ വേണാടു രാജാവിനെ വധിച്ചു എന്നും അദ്ദേഹത്തിന്റെ ഒരു ശാസനത്തിൽ പറയുന്നുണ്ട്. അക്കാലത്താവാം വിഷ്ണുക്ഷേത്രം സ്ഥാപിച്ചത്. മലയാളത്തിലെ 13 വൈഷ്ണവ തീർഥാടന കേന്ദ്രങ്ങളിൽ (തിരുപ്പതികൾ) ഒന്നായിരുന്ന അനന്തപുരത്തെ മായനെപ്പറ്റി പത്ത് വാഴ്ത്തുപാട്ടുകൾ നമ്മാൾവാർ രചിച്ചത് തിരുവായ്മൊഴിയിലുണ്ട്. 12-ാം ശ. ആയപ്പോഴേക്കും തിരുവനന്തപുരം തമിഴകത്തെ ഏറ്റവും മികച്ച വൈഷ്ണവ തീർഥാടന കേന്ദ്രമായിക്കഴിഞ്ഞു എന്ന് സ്യാനന്ദൂര പുരാണസമുച്ചയത്തിൽ നിന്നു മനസ്സിലാക്കാം. 12 പുണ്യ തീർഥങ്ങളുണ്ടായിരുന്ന അവിടെ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്ന് തീർഥാടകരെത്തി ജീവിതാന്ത്യം ചെലവഴിച്ചു. ആദിത്യവർമ വേണാടു രാജാവായി കൊല്ലത്തും അനുജൻ ഉദയമാർത്താണ്ഡവർമ തൃപ്പാപ്പൂർ മൂപ്പു വഹിച്ച് തിരുവനന്തപുരത്തും അക്കാലത്ത് താമസമാക്കിയിരുന്നു. തുളുനാട്ടിൽ നിന്നു വന്ന് തൃപ്പാപ്പൂർ മൂപ്പന്റെ ആശ്രിതനായി താമസമുറപ്പിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു സ്യാനന്ദൂരപുരാണസമുച്ചയത്തിന്റെ രചയിതാവ്. ആദിത്യവർമയുടെ ജ്യേഷ്ഠനും മുൻഗാമിയുമായിരുന്ന വീരകേളവർമ ക്ഷേത്രം പുതുക്കിപ്പണിയിച്ചു എന്ന് കാവ്യത്തിൽ പറയുന്നു.

14-ാം ശ.-ത്തിൽ രചിക്കപ്പെട്ട അനന്തപുരവർണനം തിരുവനന്തപുരത്തെപ്പറ്റിയുള്ള സമഗ്രമായ വിവരണം നല്കുന്നു. 12 പുണ്യ തീർഥങ്ങൾ അപ്പോഴുമുണ്ട്. പദ്മതീർഥം, ശ്രീവരാഹം ക്ഷേത്രക്കുളം, ഋഷിമംഗലം കുളം എന്നിവ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. 11-ാം ശ.-ത്തിൽ ചോളന്മാരുടെ നിരോധനത്തിനു വിധേയമായെങ്കിലും കാന്തളൂർശാല അപ്പോഴും നിലനില്ക്കുകയായിരുന്നു. ക്ഷേത്രത്തിനും കാന്തളൂർശാലയ്ക്കും ഇടയ്ക്കുണ്ടായിരുന്ന അങ്ങാടിയുടെ വിവരണവുമുണ്ട്. തീർഥാടന കേന്ദ്രമെന്ന നിലയിലായിരിക്കണം തിരുവനന്തപുരം വലിയൊരു വ്യാപാരകേന്ദ്രം കൂടിയായത്.

16-ാം ശ.-ത്തോടെ മലയാളികളും തമിഴരുമായ ആയിരക്കണ ക്കിനു ബ്രാഹ്മണരുടെ വിഹാരരംഗമായിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും തിരുവനന്തപുരം പട്ടണവും. അവർക്കും നൂറുകണക്കിനുള്ള ക്ഷേത്രോപജീവികൾക്കും ദിവസവും ഭക്ഷണം നല്കാനുള്ള നെല്ല് ലഭിച്ചിരുന്നത് പ്രധാനമായും നാഞ്ചിനാട്ടുനിന്നും സഹ്യനു കിഴക്കുണ്ടായിരുന്ന കളക്കാടു സ്വരൂപത്തിൽ നിന്നുമായിരുന്നു. 1543-ലെ കോട്ടാർ യുദ്ധത്തിനുശേഷം കളക്കാടു സ്വരൂപത്തിന്റെ നിയന്ത്രണം വേണാടിനു നഷ്ടപ്പെട്ടതുമൂലം അവിടെനിന്നുള്ള നെല്ലുവരവ് നിലയ്ക്കാനിടയായി. കൂടാതെ നാഞ്ചിനാട്ടിനുമേൽ കൂടെക്കൂടെ ഉണ്ടായ വടുകപ്പടയുടെ അക്രമണങ്ങൾ കാരണം അവിടെ നിന്നുള്ള നെല്ലുവരവും അനിശ്ചിതത്വത്തിലായി. തിരുവനന്തപുരത്തിന്റെ സമൃദ്ധിയെ ഇതു പ്രതികൂലമായി ബാധിച്ചു. രവിവർമ കുലശേഖരൻ എന്ന തിരുവിതാംകോടു രാജാവ് പദ്മനാഭപുരം കോട്ട പണിയിച്ച് തലസ്ഥാനം അങ്ങോട്ടു മാറ്റുകയും ഒരു സൈന്യത്തെ സംഘടിപ്പിച്ച് ക്ഷേത്രവസ്തുക്കൾ സംരക്ഷിക്കാൻ നടപടിയെടുക്കുകയും (1601) ചെയ്തുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. സാമ്പത്തികമായ വിഷമതകൾ ആഭ്യന്തര കലഹങ്ങൾക്കു കാരണമായി. നാടുവാഴിമാരും യഥാർഥ ഭരണാധികാരികളായിരുന്ന മാടമ്പിമാരും ക്ഷേത്രസഭയും തമ്മിലുണ്ടായ പിണക്കങ്ങൾ സാധാരണമായി. 1677-ൽ ഭരണമേറ്റിരുന്ന അശ്വതി തിരുനാൾ ഉമയമ്മ റാണി ശക്തയായിരുന്നെങ്കിലും, നാടുവാഴികളുടെമേലും മാടമ്പിമാരുടെമേലും പൂർണമായ നിയന്ത്രണം സ്ഥാപിക്കാൻ അവർക്കും കഴിഞ്ഞില്ല.

1672-ൽ കൊച്ചിയിൽ നിന്നു ദത്തെടുത്ത രവിവർമയെ 1677-ൽ തിരുവിതാംകൂർ രാജാവായി വാഴിക്കാൻ അന്ന് ഇളയ റാണിയായിരുന്ന ഉമയമ്മറാണി ശ്രമിച്ചത് ഒരു വിഭാഗം മാടമ്പിമാരുടേയും നെടുമങ്ങാട്, കൊട്ടാരക്കര എന്നിവിടങ്ങളിലെ നാടുവാഴികളുടേയും എതിർപ്പുമൂലം ഫലിച്ചില്ല. അടുത്ത വർഷം അതിനു സാധിച്ചുവെങ്കിലും 1684-ൽ രവിവർമയെ തൃപ്പാപ്പൂർ മൂത്ത തിരുവടിയായി വാഴിക്കാൻ നടത്തിയ ശ്രമം എട്ടരയോഗം (നോ: എട്ടരയോഗം) അംഗീകരിച്ചില്ല. യോഗവും റാണിയും തമ്മിൽ മാത്രമല്ല യോഗക്കാർ തമ്മിലും യോഗക്കാരും ക്ഷേത്രജീവനക്കാരും തമ്മിലും പിണക്കങ്ങളുണ്ടായതു കാരണം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യശ്രീബലിയും മറ്റു പൂജകളും നിറുത്തിവയ്ക്കേണ്ടി വന്നു. ക്ഷേത്ര ഗോപുരവാതിലുകൾ നാലും പൂട്ടിയിട്ട് നായന്മാരെ കാവലിടേണ്ട ഗതി വരെ എത്തി. വിദേശികൾ മാത്രമല്ല, നാട്ടുകാർ പോലും തിരുവനന്തപുരത്തേക്കു വരാതായി. ക്ഷേത്രത്തിലെ നിത്യപൂജകളെങ്കിലും പുനരാരംഭിക്കാനുള്ള ഉമയമ്മറാണിയുടെ എല്ലാ ശ്രമങ്ങളും പാഴാക്കിക്കൊണ്ട് 1684-ൽ ക്ഷേത്രമാകെ അഗ്നിബാധയിൽ വെന്തുവെണ്ണീറായി. റാണിക്കെതിരെ നടന്ന പ്രതികാരമായിരുന്നു അഗ്നിബാധയ്ക്കു കാരണം എന്നു വ്യക്തമായിരുന്നു. അതോടെ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള തീർഥാടനകേന്ദ്രങ്ങളിലൊന്നായിരുന്ന തിരുവനന്തപുരം പട്ടണം ഒരു അധഃപതിച്ച നഗരമായി മാറി. നഗരത്തിലെ പന്ത്രണ്ട് പുണ്യ തീർഥങ്ങളും അവയോടനുബന്ധിച്ചുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളും നാശോന്മുഖമായി. ഐശ്വര്യപൂർണമായിരുന്ന തിരുവനന്തപുരത്തെ അങ്ങാടിയും അപ്രകാരം തന്നെ.

തിരുവനന്തപുരത്തിനു സംഭവിച്ച നാശം വേണാടിനെ ആകമാനം ബാധിച്ചു. ആഭ്യന്തര കലഹങ്ങൾ രൂക്ഷമായി. അവയെ നേരിടാൻ വടക്കൻ കോട്ടയത്തുനിന്ന് വീരകേരളവർമ എന്ന കരുത്തനായ ഭരണാധികാരിയെ ഉമയമ്മറാണി 1684-ൽ തിരുവിതാംകൂർ രാജാവായി വാഴിച്ചു. എങ്കിലും നാട്ടിലെ കലാപങ്ങൾക്കു പൂർണമായും തടയിടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1696-ൽ തിരുവനന്തപുരത്തു വച്ച് ഉമയമ്മറാണിയുമായി രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയ അദ്ദേഹത്തെ അന്നു രാത്രി കൊട്ടാരവാതുക്കൽ വച്ച് 16 മാടമ്പിമാർ ചേർന്ന് കൊലപ്പെടുത്തി. കോലത്തുനാട്ടിൽനിന്നു ദത്തു വന്ന ആദിത്യവർമ, രാമവർമ എന്നീ തിരുവിതാംകൂർ രാജാക്കന്മാർക്കോ അവരുടെ സഹോദരിയായ ആറ്റിങ്ങൽ റാണിക്കോ ആഭ്യന്തര കലാപങ്ങൾ മൂലം ക്ഷേത്ര പുനരുദ്ധാരണത്തിനുവേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല. അതുമൂലം 1729-വരെ ക്ഷേത്രം അവഗണിക്കപ്പെട്ടു കിടന്നു.

ആധുനിക തിരുവിതാംകൂറും തുടർന്നുള്ള ചരിത്രവും

തിരുത്തുക

ഇപ്പോൾ തിരുവനന്തപുരം ജില്ലയായി പരിണമിച്ചിരിക്കുന്ന ഭൂഭാഗങ്ങളിൽ ഏകോപിത ഭരണം നടപ്പിലായത് തിരുവിതാംകൂർ സംസ്ഥാനം രൂപംപ്രാപിച്ചതു മുതലാണ്. 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലത്താണ് വേണാട് തിരുവിതാംകൂർ ആയി വികാസം പ്രാപിച്ചത്. ഇദ്ദേഹം എ.ഡി. 1749-ൽ രാജ്യത്തെ ശ്രീപദ്മനാഭനു സമർപ്പിച്ചുകൊണ്ട് താനും അനന്തര തലമുറകളും 'പദ്മനാഭ ദാസൻ' എന്ന പദവിയിൽ ഭരണം നടത്തുമെന്നു പ്രതിജ്ഞയെടുത്തു (നോ: തൃപ്പടിദാനം). ഏകോപിതവും സുരക്ഷിതവുമായ ഒരു രാജ്യം ലക്ഷ്യമിട്ട് ഭരണമാരംഭിച്ച മാർത്താണ്ഡവർമ തന്റെ ദളവയായ രാമയ്യന്റെ സഹായത്തോടെ സുശക്തമായ ഒരു ഭരണകൂടം സംഘടിപ്പിച്ചു. സമാധാനവും ക്ഷേമവും കൈവരിക്കുന്നതിനായി ഫ്യൂഡൽ പ്രഭുക്കന്മാരെ ഉന്മൂലനം ചെയ്യുകയോ അടിച്ചമർത്തി സ്വന്തം വരുതിയിൽ കൊണ്ടുവരികയോ ചെയ്യുന്നതിന് മാർത്താണ്ഡവർമ മുൻകൈ എടുത്തു. ഇക്കാര്യത്തിൽ വിജയം കൈവരിച്ചതോടെ രാജ്യത്തിന്റെ ഭൂപരമായ ഏകോപനം സാധ്യമായി. ഭരണയന്ത്രത്തേയും പട്ടാളത്തേയും നവീനരീതിയിൽ സജ്ജീകരിച്ചു. റവന്യൂ സമ്പ്രദായത്തിൽ ജനക്ഷേമം ഉദ്ദേശിച്ചുള്ള പരിഷ്കാരങ്ങൾ വരുത്തി. ഭൂവുടമകൾക്ക് നികുതി അടിസ്ഥാനമാക്കി പട്ടയങ്ങൾ നല്കി. 1751-ൽ രാമയ്യൻദളവ പൂർത്തിയാക്കിയ റവന്യൂസെറ്റിൽമെന്റിനെ ആധാരമാക്കിയാണ് പട്ടയം നൽകപ്പെട്ടത്. കുരുമുളക്, ചുക്ക്, അടയ്ക്ക തുടങ്ങിയ നാണ്യവിളകളുടെ വിപണനം സർക്കാരിന്റെ കുത്തകയാക്കിയും ചൌക്കികൾ സ്ഥാപിച്ച് ചുങ്കപ്പിരിവ് ഊർജ്ജിതപ്പെടുത്തിയും വാണിജ്യരംഗം വികസിപ്പിച്ചു. ഭരണ യന്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങൾ വില്ലേജു(പകുതി)കളായി നിർണയിക്കുകയും ഓരോ വില്ലേജിന്റേയും ഭരണച്ചുമതല പ്രവൃത്തിയാരന്മാരെ ഏല്പിക്കുകയും ചെയ്തു. ദേവസ്വങ്ങളുടെ മേൽനോട്ടം പ്രവൃത്തിയാരുടെ അധികാരപരിധിയിലാക്കി. ഭരണത്തിൽ 'പതിവുകണക്ക്' എന്നപേരിൽ ആദ്യമായി ബജറ്റ് സംവിധാനം ആവിഷ്കരിച്ചു. മൊത്തത്തിൽ ഭരണത്തിന് ആധുനികത കൈവരുത്തി. ഇതോടൊപ്പം ജനക്ഷേമകരങ്ങളായ ധാരാളം നടപടികൾ കൈക്കൊണ്ടു. തെക്കൻതിരുവിതാംകൂറിൽ ജലസേചന പദ്ധതികൾ ആവിഷ്കരിച്ച് കാർഷിക പുരോഗതിക്കായി യത്നിച്ചു. സാംസ്കാരികവും മതപരവുമായ നവോത്ഥാനത്തിന്റെ കാലഘട്ടം കൂടിയായിരുന്നു മാർത്താണ്ഡവർമയുടെ ഭരണകാലം. എന്നാൽ ബ്രാഹ്മണരോട് അത്യുദാരമായ ഒരു സമീപനം സ്വീകരിച്ചതിലൂടെ ബ്രാഹ്മണാധിപത്യത്തിന് ആക്കം കൂട്ടിയത് വലിയ പോരായ്മയായി അവശേഷിച്ചു.

നെടുമങ്ങാട്, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, കായംകുളം, പുറക്കാട്, തെക്കുംകൂർ, വടക്കുംകൂർ, കരപ്പുറം എന്നീ സ്വരൂപങ്ങൾ തിരുവിതാംകൂറിൽ ലയിച്ചുചേർന്നതിനാൽ അവിടങ്ങളിൽ നാടുവാഴിമാരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കവികളും കലാകാരന്മാരും തിരുവനന്തപുരത്തേക്കു ചേക്കേറി. ഉണ്ണായി വാര്യർ, കുഞ്ചൻ നമ്പ്യാർ, രാമപുരത്തു വാര്യർ മുതൽ പേർ ഇപ്രകാരമാണ് തിരുവനന്തപുരത്തെത്തിയത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവമാണ് അവരെ ഏറെ ആകർഷിച്ചത്. അതുകാരണം മീനമാസത്തിലും പത്ത് ദിവസത്തെ ഉത്സവവും ആറാട്ടും മാർത്താണ്ഡവർമ ഏർപ്പെടുത്തി. ദക്ഷിണേന്ത്യയിലെ സംഗീതജ്ഞരുടേയും കവികളുടേയും നർത്തക സംഘങ്ങളുടേയും പ്രവാഹം തന്നെ തിരുവനന്തപുരത്തേക്കുണ്ടായി. മാർത്താണ്ഡവർമയുടെ പിൻഗാമിയായ രാമവർമ (1758-98) നല്ലൊരു പണ്ഡിതനും കലാരസികനുമായിരുന്നതിനാൽ കേരളത്തിലെ കലാകാരന്മാരുടെ പ്രധാന ആശാകേന്ദ്രം തിരുവനന്തപുരമായി. ആട്ടക്കഥകൾക്കും കഥകളി നടന്മാർക്കും കേരളത്തിൽ അംഗീകാരം ലഭിക്കണമെങ്കിൽ അത് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അഭിനയിച്ചു തെളിയിക്കണമെന്ന അവസ്ഥയായി.

മാർത്താണ്ഡവർമയുടെ പിൻഗാമി ധർമരാജാ എന്ന പേരിൽ വിഖ്യാതനായ രാമവർമ ബ്രിട്ടീഷുകാരോട് ഉദാരമായ നയമാണ് സ്വീകരിച്ചത്. ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ അഞ്ചുതെങ്ങിൽ ആസ്ഥാനമുറപ്പിച്ച ഈസ്റ്റിന്ത്യാ കമ്പനി ഉമയമ്മറാണിയുടെ കാലത്ത് വേണാട്ടിൽ കരുമുളകു വ്യാപാരത്തിനു വേണ്ടുന്ന ആനുകൂല്യങ്ങൾ സമ്പാദിച്ചിരുന്നു. അഞ്ചുതെങ്ങുകോട്ടയുടെ പണിപൂർത്തിയാക്കുകയും ചെയ്തു. മാർത്താണ്ഡവർമയെ ബ്രിട്ടീഷുകാർ ആയുധങ്ങളും പടക്കോപ്പുകളും നല്കി സഹായിച്ചിരുന്നു. ഇതിന്റെ പ്രതിഫലമെന്നോണം ഈസ്റ്റിന്ത്യാകമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് കുരുമുളക് നല്കാനും വിഴിഞ്ഞത്ത് ബ്രിട്ടിഷ് കൊടി ഉയർത്തി ആസ്ഥാനമുറപ്പിക്കാനും രാമവർമ സമ്മതം നല്കി. തന്റെ ഭരണകാലാന്ത്യത്തിൽ (1795) ബ്രിട്ടീഷുകാരുമായി സന്ധിയിൽ ഏർപ്പെടുകയും ചെയ്തു.

ധർമരാജായുടെ കാലശേഷം തിരുവിതാംകൂർ രാജ്യചരിത്രത്തിലുണ്ടായ പ്രധാനസംഭവം വേലുത്തമ്പിയുടെ ഉയർച്ചയും പതനവുമാണ്. രാമവർമയുടെ ദുർബലനായ പിൻഗാമി ബാലരാമവർമയുടെ ഭരണകാലത്ത്, ദളവയായിരുന്ന ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ദുഷ്ചെയ്തികൾക്കെതിരെ ദക്ഷിണ കേരളത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭം നയിച്ചതിലൂടെയാണ് വേലുത്തമ്പി ശ്രദ്ധേയനായത്. ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ നിഷ്കാസനത്തെ തുടർന്ന് വേലുത്തമ്പി മുളകു മടിശ്ശീല കാര്യക്കാരായും പിന്നീട് ദളവ ആയും നിയമിതനായി. ഇദ്ദേഹം പ്രാപ്തനും ഒപ്പം നിർദയനുമായ ഭരണാധികാരിയായിരുന്നു; വിട്ടുവീഴ്ചയില്ലാത്ത പരിഷ്കരണ നടപടികളിലൂടെ ധാരാളം ശത്രുക്കളെ സമ്പാദിച്ച വേലുത്തമ്പിക്ക് ഒടുവിൽ പട്ടാളലഹളയെത്തന്നെ (1804) നേരിടേണ്ടിവന്നു. ബ്രിട്ടിഷ് റസിഡന്റായിരുന്ന മെക്കാളേയുടെ സഹായത്താൽ ബ്രിട്ടിഷ് സൈന്യത്തെ ഉപയോഗിച്ച് ലഹള അടിച്ചമർത്താനായെങ്കിലും 1805-ൽ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി പുതിയൊരു ഉടമ്പടിയിൽ ഒപ്പുവയ്ക്കേണ്ടിവന്നു. ഈ ഉടമ്പടി പ്രകാരം തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടുവാൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അധികാരം ലഭിച്ചു; ഫലത്തിൽ കമ്പനിയുടെ സാമന്തപദവിയിലേക്ക് തിരുവിതാംകൂർ അധഃപതിക്കുകയും ചെയ്തു. വർഷംതോറും കമ്പനിക്ക് 80,000 രൂപാ കപ്പം നല്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഉട���്പടിയുടെ തിക്താനുഭവങ്ങളിൽ അമർഷം പൂണ്ട വേലുത്തമ്പി മെക്കാളേയുമായി തെറ്റിപ്പിരിയുകയും കമ്പനിക്കെതിരായി കലാപത്തിനൊരുങ്ങുകയും ചെയ്തു. 1809 ജനു.യിൽ കുണ്ടറ വച്ച് ബ്രിട്ടിഷ് രാജിനെതിരെ വേലുത്തമ്പി നടത്തിയ വിളംബരത്തെ തുടർന്ന് തിരുവിതാംകൂറും ബ്രിട്ടീഷുകാരുമായി തുറന്ന യുദ്ധങ്ങൾ ഉണ്ടായി. വേലുത്തമ്പിയുടെ പരാജയത്തിലും ആത്മത്യാഗത്തിലും കലാശിച്ച ഈ കലാപത്തിന്റെ ഫലമായി തിരുവിതാംകൂറിന് സ്വതന്ത്രരാജ്യമെന്ന പദവി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടർന്ന് ബ്രിട്ടിഷ് ഹിതമാണ് ഭരണകാര്യങ്ങളിലുടനീളം പുലർന്നിരുന്നത്. പിന്നീട് തിരുവിതാംകൂർ ഭരിച്ച രാജാക്കന്മാരും രാജ്ഞിമാരും തനതായ സ്വാതന്ത്യ്രം നഷ്ടപ്പെട്ട് സാമന്തഭരണമാണ് നിർവഹിച്ചത്. എങ്കിൽ പോലും ഇവരിൽ ചിലർ ജനക്ഷേമകരമായ നടപടികളിലൂടെ ലബ്ധപ്രതിഷ്ഠ നേടി. സാമൂഹിക അനാചാരങ്ങൾ വിലക്കിക്കൊണ്ടുള്ള ആദ്യത്തെ നടപടിയുണ്ടായത് ധർമരാജായ്ക്കു ശേഷം റീജന്റായി തിരുവിതാംകൂർ ഭരിച്ച റാണി പാർവതീഭായിയിൽ നിന്നാണ്. അക്കാലത്ത് ശൂദ്രർക്കും കീഴ്ജാതിക്കാർക്കും പൊന്നോ വെള്ളിയോ കൊണ്ടുള്ള ആഭരണം ധരിക്കണമെങ്കിൽ പ്രത്യേക നികുതിയൊടുക്കി അനുവാദം വാങ്ങേണ്ടിയിരുന്നു. ആഭരണം അണിയാൻ ഭണ്ഡാരത്തിൽ ഒടുക്കിയിരുന്ന കരമാണ് 'മേനിപ്പൊന്ന്' അഥവാ 'അടിയറ'. ആഭരണം അണിയുന്ന കാര്യത്തിലെന്നപോലെ കല്യാണാഘോഷങ്ങൾ നടത്തുന്നതിനും 'രാജഭോഗം' നല്കി സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നു. വിവാഹത്തിനുള്ള അടിയറയാണ് 'പൊലിപ്പൊന്ന്'. ശൂദ്രവിഭാഗത്തിലെ താഴെയുള്ളവർ മേൽമീശ വയ്ക്കുവാനും മോതിരം ഇടുവാനും തലയിൽ ഉറുമാൽ കെട്ടുവാനും വെവ്വേറെ കാഴ്ചവച്ച് രാജാനുമതി നേടണമായിരുന്നു. 1819-ൽ പുറപ്പെടുവിച്ച വിളംബരത്തിലൂടെ റാണി പാർവതീഭായി ഈ വക അനാചാരങ്ങൾക്ക് അന്ത്യം കുറിച്ചു.

പാർവതീഭായിക്കുശേഷം സ്വാതിതിരുനാൾ രാമവർമ ഭരണമേറ്റു. രാജാവും റസിഡന്റും (മെക്കാളേക്കുശേഷം കേണൽ മൺറോ) ദിവാനും ഉൾപ്പെട്ട ത്രികക്ഷി ഭരണമാണ് നിലവിൽ വന്നത്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഇദ്ദേഹം സംഗീത ചക്രവർത്തി എന്ന നിലയിലാണ് അനശ്വരനായിരിക്കുന്നത്. കർണാടക സംഗീതത്തിലെ മഹാചാര്യന്മാരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിനു സ്ഥാനമുണ്ട്. സംസ്കൃതം, തെലുഗു, മറാഠി, ഹിന്ദുസ്ഥാനി തുടങ്ങിയ ഭാഷകളിലായി നിരവധി കീർത്തനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇംഗ്ളീഷ്ഭാഷാഭ്യസനത്തിനും നീതിന്യായ പരിഷ്കരണത്തിനും മരാമത്തു പണികൾക്കും പ്രോത്സാഹനം നല്കിയ ദീർഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു. ബ്രിട്ടിഷ് റസിഡന്റായിരുന്ന ജനറൽ കല്ലൻ തന്റെ സ്വജനപക്ഷപാതപരമായ ഇടപെടലുകളിലൂടെ മഹാരാജാവിന്റെ നീരസം സമ്പാദിക്കുകയും തുടർന്ന് ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു. ഭരണകാര്യങ്ങളിൽ റസിഡന്റ് നടത്തിയ ദുഃസഹമായ കൈകടത്തലുകൾക്കെതിരായി ഇംഗ്ളീഷ് പണ്ഡിതൻ കൂടിയായിരുന്ന രാജാവ് നല്കിയ അപ്പീലുകൾക്ക് മദിരാശി ഗവർണർ അനുകൂലമായ തീർപ്പുകല്പിക്കാത്തതിൽ അദ്ദേഹം അതീവ ദുഃഖിതനായിത്തീർന്നു. ഭരണകാര്യങ്ങളിൽ വിരക്തിപൂണ്ട സ്വാതിതിരുനാൾ ഒരു യോഗിയെപ്പോലെ ജീവിതശിഷ്ടം കഴിക്കേണ്ടിവന്നു.. ദിവാനായി നിയമിക്കപ്പെട്ട റ്റി. മാധവറാവു(1858-72)വിന്റെ കാലത്തു നടപ്പിലായ പരിഷ്കാരങ്ങളിൽ വിദ്യാഭ്യാസത്തിനു നല്കിയ മുൻതൂക്കം എടുത്തുപറയേണ്ടതാണ്. 1834-ൽ തിരുവനന്തപുരത്ത് ആരംഭിച്ച ഇംഗ്ളീഷ് സ്കൂളിനെ 1866-ൽ കോളജാക്കി ഉയർത്തിയതും വിദ്യാഭ്യാസ വിചക്ഷണന്മാരായ ജോൺ റോസ്, റോബർട്ട് ഹാർവി എന്നിവരെ അവിടെ നിയമിച്ചതും പില്ക്കാലത്ത് തിരുവനന്തപുരത്തെ ഒരു സാംസ്കാരിക കേന്ദ്രമാക്കി ഉയർത്താൻ സഹായകമായി. നാടുനീളെ ഇംഗ്ളീഷ്, മലയാളം, തമിഴ് സ്കൂളുകൾ മാധവ റാവുവിന്റെ കാലത്ത് സ്ഥാപിതമായത് രാഷ്ട്രീയ പ്രബുദ്ധതയും പൗരാവകാശബോധവും വളർത്താൻ ഇടയാക്കി. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിലെ വിദ്യാർഥികളായ ജി.പി.പിള്ള മുതൽപേർ സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങൾ മദ്രാസിലെ മെയിൽ, സ്റ്റാൻഡേർഡ് തുടങ്ങിയ പത്രങ്ങളിലൂടെ പ്രകാശിപ്പിച്ചു. മലയാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ 'മലയാളിസഭ' എന്ന പേരിൽ ഒരു സംഘടന തിരുവനന്തപുരത്തു രൂപംകൊണ്ടു. സർക്കാരിന്റെ ദുർന്നടപടികളെ തുറന്നെതിർക്കാൻ സ്വദേശാഭിമാനി പത്രത്തിനും അതിന്റെ പത്രാധിപരായ കെ.രാമകൃഷ്ണപിള്ളയ്ക്കും കഴിഞ്ഞത് ഈ ആവേശത്തിന്റെ ഫലമായാണ്.

അടിമത്തവും അടിമവ്യാപാരവും നിറുത്തലാക്കുന്നതിന് ബ്രിട്ടിഷ് ഭരണകൂടം ഉറച്ച നിലപാടുകളാണു കൈക്കൊണ്ടത്; 1843-ൽ ബ്രിട്ടിഷ് ഇന്ത്യയിലാകമാനം അടിമവ്യാപാരം പാടേ നിരോധിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ബ്രിട്ടിഷ് മലബാറിൽ 1792-ൽ തന്നെ അടിമകളെ വാങ്ങുന്നതും വില്ക്കുന്നതും കുറ്റകരമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് 1812-ൽ റാണിലക്ഷ്മീഭായി അടിമവ്യാപാരത്തിനെതിരായ ആദ്യത്തെ വിളംബരം പുറപ്പെടുവിച്ചു. ഇതിലൂടെ കുറവർ, പറയർ, പുലയർ, പള്ളൻ, മലയൻ, വേടർ എന്നീ അടിയാർ വിഭാഗങ്ങളൊഴിച്ചുള്ള എല്ലാ ജാതിക്കാരും അടിമത്തത്തിൽ നിന്നു രക്ഷപ്പെട്ടു. അടിമത്ത സമ്പ്രദായത്തിനെതിരെ സംസ്ഥാനത്തു പ്രവർത്തിച്ചിരുന്ന മിഷനറിമാർ നിരന്തരമായി നിവേദനങ്ങൾ നൽകിയിരുന്നു. ഇവയോടു പ്രതികരിച്ച് ഉത്രംതിരുനാൾ മാർത്താണ്ഡവർമ തന്റെ 1853-ലെ സർക്കാർ വിളംബരത്തിലൂടെ അടിമകൾക്കുണ്ടാകുന്ന സന്തതികൾക്ക് അടിമത്തത്തിൽ നിന്നു മോചനം നല്കുകയും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് 1855-ൽ പുറപ്പെടുവിച്ച രണ്ടാം വിളംബരത്തിലൂടെ അടിമത്തം പാടേ നിരോധിക്കപ്പെട്ടു. 1869-ലെ പ്രഖ്യാപനത്തിലൂടെ അടിയൻ, അടിയങ്ങൾ എന്നീ പദങ്ങൾ പ്രമാണങ്ങളിൽ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി. അടിമകൾക്ക് കോടതികളിൽ പ്രവേശനം അനുവദിക്കുകയും പേരിനു മാത്രമെങ്കിലും പൊതുനിരത്തുകൾ തുറന്നുകൊടുക്കുകയും ചെയ്തു. ചില സ്കൂളുകളിൽ പ്രവേശനവും അനുവദിച്ചു. 1865-ൽ 110 അനാവശ്യനികുതികൾ നിർത്തലാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിളംബരവും സ്തുത്യർഹമാണ്.

ദലിതരെ ക്രൂരമായി പീഡിപ്പിക്കുകയും മുഖ്യധാരയിൽ നിന്ന് മനഃപൂർവം അകറ്റിനിർത്തുകയും ചെയ്ത സവർണർ, പരിവർത്തിതർ ഉൾപ്പെടെയുളള മുസ്ളിങ്ങളോടും ക്രിസ്ത്യാനികളോടും അതിരില്ലാത്ത അടുപ്പം പുലർത്തിപ്പോന്നു. ഇത് വ്യാപകമായ മതംമാറ്റത്തിന് പ്രചോദനം നല്കി. തെക്കൻ കേരളത്തിൽ മതപരിവർത്തനം നടന്നത് ഏറെയും ക്രിസ്തുമതത്തിലേക്കാണ്. ചാന്നാർ വർഗക്കാർക്കിടയിൽ ക്രിസ്തുമതത്തിന് എളുപ്പം പടർന്നു കയറാനായി. തീരദേശത്തെ മീൻപിടിത്തക്കാർക്കിടയിലും വ്യാപകമായ മതംമാറ്റം ഉണ്ടായി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ജനസംഖ്യയിൽ എട്ടിലൊന്ന് ക്രിസ്ത്യാനികളായിരുന്നു. സാമൂഹികമാന്യത, സഞ്ചാര സ്വാതന്ത്യ്രം, തീണ്ടലില്ലായ്മ തുടങ്ങിയ അനുകൂല സാഹചര്യങ്ങൾ ഉപയോഗിച്ച് ക്രിസ്ത്യൻ വിഭാഗക്കാർ സാമ്പത്തിക വളർച്ചയിലേക്കു നീങ്ങിയത് പുതിയൊരു സമ്പന്നവർഗം ഉണ്ടാകുന്നതിന് വഴിയൊരുക്കി. മിഷനറിമാരുടെ സഹായസഹകരണങ്ങൾ ഇവർക്ക് താങ്ങായി വർത്തിക്കുകയും ചെയ്തു. മിഷനറി സംഘങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂർ രാജാക്കന്മാർ ഗണ്യമായ സഹായങ്ങൾ നൽകി. 'സാൽവേഷൻ ആർമി'യുടെ പ്രവർത്തനങ്ങൾക്ക് റാണി പാർവതീഭായി നാഗർകോവിലിൽ വലിയൊരു കെട്ടിടവും 5000 രൂപയും ഇനാമായി കൊടുത്തു. ചർച്ച് മിഷൻ സൊസൈറ്റിക്ക് 21,200 രൂപ സംഭാവന നൽകി. നാടിന്റെ നാനാഭാഗങ്ങളിലായി മിഷനറി സംഘങ്ങൾ ഇംഗ്ളീഷ് സ്കൂളുകൾ സ്ഥാപിച്ചതോടെ ഈ വിഷയത്തിൽ ഗവണ്മെന്റ് താത്പര്യമെടുത്തു. ജാതിഭേദം വിഗണ���ച്ച് സാർവത്രിക വിദ്യാഭ്യാസം ഏർപ്പെടുത്തുവാനുള്ള മിഷനറിമാരുടെ യത്നവും താഴ്ത്തപ്പെട്ടവരോടുള്ള സൌഹൃദപൂർണമായ പെരുമാറ്റവും നല്ലൊരു വിഭാഗം അധഃസ്ഥിതരെ അവരിലേക്കാകർഷിച്ചു. ജനതാമധ്യത്തിൽ സ്വാതന്ത്യ്രബോധം അലയടിക്കുവാനാരംഭിച്ചു. 1910 മാർച്ച് 1-നാണ് അയിത്ത ജാതിക്കാർക്ക് സ്കൂൾ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. എങ്കിലും അക്ഷരാഭ്യാസം നേടുന്നതിന്, സവർണരുടെ വ്യാപകമായ പ്രതിഷേധങ്ങൾ സൃഷ്ടിച്ച പ്രതിബന്ധങ്ങൾമൂലം അധഃകൃതജനത ഏറെനാൾ കാത്തിരിക്കേണ്ടിവന്നു.

എ.ഡി. 7-ാം നൂറ്റാണ്ടു മുതൽ ഇവിടെ വേരുറയ്ക്കുവാനാരംഭിച്ച ബ്രാഹ്മണ പൗരോഹിത്യത്തെ അതിന്റെ നാരായവേരോടെ അറത്തു കളയുവാൻ ലക്ഷ്യമിട്ട ഒരു നിശ്ശബ്ദ വിപ്ളവത്തിന് 1888-ൽ തുടക്കംകുറിച്ചു. അവർണരിൽപെട്ട ഈഴവനായ നാണുഗുരു എന്ന സന്ന്യാസി ആഢ്യബ്രാഹ്മണർക്കുമാത്രം വിധിച്ചിരുന്ന ക്ഷേത്ര പ്രതിഷ്ഠാകർമം നിർവഹിച്ചുകൊണ്ട് ബ്രാഹ്മണപൗരോഹിത്യത്തിനു നേരെ വെല്ലുവിളി ഉയർത്തി. നെയ്യാറ്റിൻകരയ്ക്കടുത്ത് അരുവിപ്പുറത്ത് താൻ നടത്തിയ ശിവപ്രതിഷ്ഠയെ 'ഈഴവശിവൻ' ആയി വ്യാഖ്യാനിച്ചതിലൂടെ ബ്രാഹ്മണസമൂഹത്തിന്റെ വായടപ്പിക്കുകയാണ് നാണുഗുരു ചെയ്തത്. ഇതോടെ ശ്രീനാരായണഗുരുവെന്ന പേരിൽ കേരളത്തിലെ അധഃസ്ഥിതരുടെ ആരാധ്യാചാര്യനായി അദ്ദേഹം വളർന്നു. പ്രതിഷ്ഠാകർമം ഉൾപ്പെടെ ബ്രാഹ്മണ പൌരോഹിത്യം തനതാക്കി വച്ചിരുന്ന എല്ലാ അവകാശങ്ങളും അവർണർക്കും പ്രാപ്തമാക്കുവാൻ ശ്രീനാരായണഗുരുവിനു കഴിഞ്ഞു. പ്രത്യേക ഉണർവോടെ മുന്നിട്ടിറങ്ങിയ അവശസമുദായങ്ങൾ തങ്ങളുടേതായി സംഘടനകൾ, സ്കൂളുകൾ, ഗ്രന്ഥശാലകൾ, ക്ഷേത്രങ്ങൾ, വ്യവസായ സംരംഭങ്ങൾ എന്നിവയൊക്കെ ആരംഭിക്കുകയും തനതായ ആചാര പരിഷ്കാരങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്ത നവോത്ഥാന പ്രക്രിയയാണ് സംസ്ഥാനത്തുടനീളം ദൃശ്യമായത്. തിരുവനന്തപുരം പ്രാന്തങ്ങളിൽ മാറ്റത്തിന്റെ അലയൊലി ശക്തമായി അനുഭവപ്പെട്ടിരുന്നു. 1903-ൽ ശ്രീനാരായണ ധർമപരിപാലന യോഗം (എസ്.എൻ.ഡി.പി.) രൂപീകൃതമായി. 1905-ൽ അയ്യൻകാളി 'സാധുജന പരിപാലന സംഘം' സംഘടിപ്പിച്ചു. ഈ സംഘടനകളുടെ പ്രവർത്തനഫലമായി 1914-18 കാലത്ത് വിദ്യാഭ്യാസം നേടുന്ന ഈഴവക്കുട്ടികളുടെയും പുലയക്കുട്ടികളുടെയും സംഖ്യ വർധിച്ചു.

നിരന്തരമായ പീഡനത്തിനും അവഗണനയ്ക്കും വിധേയരായി നിതാന്ത ദാരിദ്യവും ക്ളേശങ്ങളും അനുഭവിച്ച് മൃഗതുല്യരായി കഴിഞ്ഞിരുന്ന അധഃകൃതരുടെ മൊത്തത്തിലുള്ള ഉന്നമനമായിരുന്നു ശ്രീനാരായണഗുരുവിന്റെ ലക്ഷ്യം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്ന് ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന സൂക്തമായി വിരാജിക്കുന്നു. സ്വാഭാവികമായും തന്നെ ആദരിക്കാനും അംഗീകരിക്കാനും തയ്യാറായ സ്വന്തം സമുദായത്തിലാണ് ശ്രീനാരായണഗുരു പ്രവർത്തനമാരംഭിച്ചത്. നായർ സമുദായത്തിലെ ചിന്താശീലരും ഉത്പതിഷ്ണുക്കളുമായ വളരെയേറെ വ്യക്തികൾ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്കി. ഇക്കൂട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നത് ചട്ടമ്പിസ്വാമികളാണ്. പണ്ഡിതവരേണ്യനായ ഇദ്ദേഹം ജാതിവ്യത്യാസത്തിലെ നിരർത്ഥകതയെക്കുറിച്ച് നായർ സമുദായാംഗങ്ങൾക്കിടയിൽ വ്യാപകമായ പ്രചരണം നടത്തിപ്പോന്നു. നാരായണഗുരുവിന്റെ പ്രവർത്തനത്തിൽ ഊന്നൽ നല്കിയിരുന്നത് ജാതി അടിസ്ഥാനത്തിലുള്ള ചവിട്ടിത്താഴ്ത്തലിനേയും പീഡനങ്ങളേയും എതിർക്കുന്നതിലായിരുന്നു. ഒപ്പംതന്നെ അധഃകൃതർ തുടർന്നുപോന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും ആചാരാഭാസങ്ങൾക്കും അറുതിവരുത്തുന്നതിനും ഗുരു യത്നിച്ചു. വിദ്യാഭ്യാസം കൂടാതെ ഒരു സമൂഹത്തിനും പുരോഗതി നേടാനാവില്ലെന്നും അവർണരിലെ സ്ത്രീകളടക്കമുള്ള എല്ലാവരും വിദ്യാസമ്പന്നരാകുവാൻ പരിശ്രമിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു. സംസ്കൃതപഠനം നിർവഹിക്കുവാൻ ആഹ്വാനം ചെയ്തപ്പോഴും ഇംഗ്ളീഷിന്റെ പ്രാധാന്യം അവഗണിക്കാതെ വർക്കല, ആലുവാ തുടങ്ങിയ സ്ഥലങ്ങളിൽ ഇംഗ്ളീഷ് സ്കൂളുകൾ സ്ഥാപിക്കുവാൻ പ്രേരണ നല്കി. ഒരു ഘട്ടത്തിൽ 'ക്ഷേത്രങ്ങളല്ല ഇനി അധികം ഉണ്ടാകേണ്ടത്, വിദ്യാലയങ്ങളാണ്' എന്ന് ഉദ്ഘോഷിക്കുവാനും അദ്ദേഹം തയ്യാറായി. ശ്രീനാരായണന്റെ 'സംഘടിച്ചു ശക്തരാകുവിൻ' എന്ന ആഹ്വാനമാണ് പില്ക്കാലത്തുണ്ടായ ജനകീയമുന്നേറ്റങ്ങൾക്കു പ്രചോദനം നല്കിയതെന്നു പറയാം.

1891-ൽ ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവിനു സമർപ്പിച്ച നിവേദനം (മലയാളി മെമ്മോറിയൽ) 5 രൂപയെങ്കിലും വേതനം പറ്റുന്ന ഒറ്റ അവർണൻപോലും തിരുവിതാംകൂർ സർവീസിൽ ഇല്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയിരുന്നു. 1905-ൽ പല സർക്കാർ സ്കൂളുകളിലും അവർണർക്ക് പ്രവേശനം അനുവദിച്ചു. ഗവൺമെന്റ് നിർദ്ദേശങ്ങളെ വിഗണിച്ച്, അവർണരുടെ വിദ്യാലയപ്രവേശനം ബലപ്രയോഗത്തിലൂടെ തടയുവാൻ യാഥാസ്ഥിതികരായ സവർണർ മുന്നിട്ടിറങ്ങിയത് നായരീഴവ സംഘർഷത്തിനും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾക്കും ഇടവരുത്തി. 1910-ൽ സർക്കാർ വക പെൺപള്ളിക്കൂടങ്ങൾ ഈഴവർക്കും ക്രിസ്ത്യാനികൾക്കും തുറന്നുകൊടുത്തു. വിദ്യാലയങ്ങളിലും സർക്കാർ സർവീസിലും പ്രവേശനം നേടിയെടുക്കുകയെന്നത് എസ്.എൻ.ഡി.പി.യുടെ പ്രക്ഷോഭപരിപാടികളിൽ പ്രധാനയിനമായി. അവർണരുടെ പരക്കെയുള്ള വിദ്യാലയ പ്രവേശനം സാധിച്ചെടുക്കുവാൻ പിന്നെയും പ്രക്ഷോഭങ്ങൾ വേണ്ടിവന്നു. വിദ്യാഭ്യാസപുരോഗതിക്കൊപ്പം വ്യാവസായിക അഭിവൃദ്ധിക്കുവേണ്ട യത്നങ്ങളും നവോത്ഥാന പ്രവർത്തകരുടെ ലക്ഷ്യമായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ട പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നല്കിയിരുന്നു.

സംഘടിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അവർണർക്കൊപ്പം സവർണർക്കും ബോധ്യമായതിന്റെ പ്രതിഫലനമെന്നോണം 1907-ൽ നമ്പൂതിരിമാരുടെ 'യോഗക്ഷേമസഭ' രൂപം കൊണ്ടു. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലേക്കു നമ്പൂതിരി യുവാക്കളെ ആകർഷിക്കുക, കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുക, കുടുംബഭാഗം അനുവദിക്കുക, സമുദായം പുലർത്തിപ്പോന്ന പഴഞ്ചൻ ആചാരവൈകൃതങ്ങൾക്ക് അറുതിവരുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് യോഗക്ഷേമസഭ പ്രവർത്തനമാരംഭിച്ചത്. ഇതേവർഷം തന്നെ 'നായർ സമാജ'വും രൂപംകൊണ്ടു. കുടുംബഭാഗം, വിവാഹം നിയമാനുസൃതമാക്കൽ, പുരുഷന്റെ സ്വത്തിന്മേൽ ഭാര്യയ്ക്ക് അവകാശം ഉറപ്പുവരുത്തൽ, പുരുഷന്റെ തനതു സമ്പാദ്യം ഭാര്യയ്ക്കും കുട്ടികൾക്കും അവകാശപ്പെട്ടതായി വ്യവസ്ഥ ചെയ്യൽ തുടങ്ങിയവയാണ് നായർ സമാജം ആവശ്യപ്പെട്ട പരിഷ്ക്കാരങ്ങൾ. നായന്മാർക്ക് സ്വന്തം ദേവാലയങ്ങൾ നിർമ്മിക്കണമെന്ന അഭിപ്രായവും ഉന്നയിക്കപ്പെട്ടിരുന്നു. ദൈവസന്നിധിയിൽ പോലും ഉച്ചനീചത്വങ്ങൾ പാലിക്കപ്പെടുന്നതിനെതിരെ കനത്ത അമർഷം പ്രകടമായി. നായർസമാജം പില്ക്കാലത്ത് നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.) ആയിമാറി.

നവോത്ഥാന സന്ദേശങ്ങളുടെ അലകൾ മുസ്ളിങ്ങളുടെ ഇടയിലും എത്തിച്ചേർന്നിരുന്നു. വക്കം അബ്ദുൾഖാദർ മൗലവിയാണ് ഇതിനു മുൻകൈയെടുത്തത്. സമുദായാംഗങ്ങൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുവാൻ 'ഇസ്ലാം ധർമപരിപാലനസംഘം', 'ജമാഅത് ഉൽ ഇർഷാദ്' എന്നിങ്ങനെ രണ്ട് സംഘടനകൾക്ക് മൗലവി ജന്മം നല്കി. മുസ്ളിങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. ഭരണമണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ളിങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാക്കുവാൻ മൗലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ മുസ്ളിം എജ്യൂക്കേഷൻ ഇൻസ്പെക്ടർ, ഖുർ ആൻ അധ്യാപകൻ, അറബി മുൻഷി എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. അറബിപ്പരീക്ഷകളുടെ നടത്തിപ്പിനു മേൽനോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങൾ സംശോധിച്ചു നിർദ്ദേശിക്കുക, 'അൽ ഇസ്ലാം' എന്ന അറബി മലയാള മാസികയും മുസ്ളിം എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവർത്തനങ്ങൾ മൌലവി തുടർന്നുപോന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകൻ വക്കം മൌലവി ആയിരുന്നു.

ജാതിവ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട്, ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ദലിതരെ സ്വത്വബോധവും ഐക്യവുമുള്ള ഒരു ജനതയാക്കി വളർത്തിയെടുക്കുവാൻ ഉദ്ദേശിച്ചാണ് അവർണ നേതാവായ അയ്യൻകാളി 'സാധുജന പരിപാലന സംഘം' എന്ന സംഘടനയ്ക്ക് ജന്മം നല്കിയത്. തിരുവനന്തപുരം ജില്ലയിൽപെട്ട വെങ്ങാനൂർ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ഈ ദലിത സംഘടനയ്ക്ക് ഏറെത്താമസിയാതെ സംസ്ഥാനമെമ്പാടുമായി ആയിരത്തിലേറെ ശാഖകളുണ്ടായി. വസ്തുവകകൾ, കെട്ടിടങ്ങൾ, സ്കൂൾ, ഗ്രന്ഥശാല തുടങ്ങിയവയ്ക്കൊപ്പം ഈ സംഘടനയക്ക് സ്വന്തമായി ഒരു വൃത്താന്തപത്രവും ഉണ്ടായിരുന്നു. സാധുജനപരിപാലിനി എന്ന ഈ പ്രസിദ്ധീകരണമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ദലിത് പത്രം. തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ അംഗത്വം നേടാനും അയ്യാൻകാളിക്കു കഴിഞ്ഞു. അടിമത്തത്തിൽനിന്ന് അടിയാളത്തത്തിലേക്ക് പരിവർത്തിതരായ ജനസഹസ്രങ്ങളെ അയിത്തത്തിന്റേയും തത്തുല്യമായ വിലക്കുകളുടേയും മുള്ളുവേലികൾ താണ്ടിച്ച് ക്ഷേത്രപ്രവേശനാനുവാദത്തിന് സമരം ചെയ്യാൻ പോന്ന അവസ്ഥയിലേക്ക് വളർത്തിയെടുക്കുവാൻ അയ്യൻകാളിക്കു കഴിഞ്ഞു.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അനുഷ്ഠാനപരമായ പാരമ്പര്യത്തിന്റെ നിഷേധമായിരുന്നു. അവർണർക്ക് ഹൈന്ദവ ക്ഷേത്രങ്ങളിൽ ആരാധനാസൌകര്യമോ പ്രവേശനം പോലുമോ അനുവദിച്ചിരുന്നില്ല. സർക്കാർ വക ക്ഷേത്രങ്ങളിൽ പോലും സവർണർക്കുമാത്രം പ്രവേശനവും ആരാധനാ സ്വാതന്ത്യ്രവും ഉറപ്പുവരുത്തിയിരുന്ന സാമൂഹിക സംവിധാനമാണ് അന്ന് നിലനിന്നിരുന്നത്. ജാതിഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധത്തെ വിഗണിച്ച് ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠാപരമ്പരയും പുതിയ ക്ഷേത്രങ്ങളിൽ ജാതിമതഭേദമെന്യേ സകലർക്കും പ്രവേശനം ഉറപ്പുവരുത്തിയതും സാമൂഹിക പരിവർത്തനത്തിലെ ഒരു സുപ്രധാനഘട്ടമായിരുന്നു. ഒപ്പം ആരാധനാസ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ഒരു സമരപരമ്പരയ്ക്ക് ആരംഭമാവുകയും ചെയ്തു. തിരുവിതാംകൂർ ഹൈക്കോടതിയിൽ നിന്ന് ജഡ്ജിയായി വിരമിച്ച സി. രാമൻ തമ്പി 1917-ൽ കൊല്ലത്തു ചേർന്ന ഒരു പൊതുയോഗത്തിൽ വച്ച് അവർണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന് അവർണർക്ക് ക്ഷേത്ര പ്രവേശന സ്വാതന്ത്യ്രം ആവശ്യപ്പെട്ടുകൊണ്ട് സി.വി.കുഞ്ഞുരാമൻ ദേശാഭിമാനിയിൽ ലേഖനമെഴുതി. പ്രമുഖ സാമൂഹിക പരിഷ്കർത്താവും തിരുവിതാംകൂറിലെ പ്രജാസഭയിൽ അംഗവുമായിരുന്ന ടി.കെ. മാധവൻ തുറന്ന പ്രക്ഷോഭത്തിലൂടെ ജനശ്രദ്ധ ആകർഷിച്ചതോടെ ക്ഷേത്ര പ്രവേശന സമരത്തിന് പുതിയ മാനം കൈവന്നു. എസ്.എൻ.ഡി.പി. യോഗം നിരന്തരം പ്രമേയങ്ങൾ പാസ്സാക്കിയും നാടൊട്ടുക്ക് പ്രചരണയോഗങ്ങൾ സംഘടിപ്പിച്ചും പ്രക്ഷോഭങ്ങൾക്ക് ആക്കംകൂട്ടി. കേരളഹിന്ദുസഭ, നായർ സർവീസ് സൊസൈറ്റി, യോഗക്ഷേമസഭ, ക്ഷത്രിയമഹാസഭ തുടങ്ങിയ സംഘടനകളും പരിഷ്കൃതാശയരായ സവർണനേതാക്കളും ശക്തമായ പിന്തുണ നല്കി. സവർണർക്കൊപ്പം അവർണർക്കും സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാനും ആരാധന നടത്തുവാനും അവകാശം ഉറപ്പുവരുത്തിക്കൊണ്ട് 1936 ന. 12-ന് അന്നത്തെ തിരുവിതാംകൂർ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ വിളംബരം പുറപ്പെടുവിച്ചു. ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരു വ്യക്തിക്കും ഗവൺമെന്റുടമയിലോ രാജകൊട്ടാരംവകയോ ആയ ഏതു ക്ഷേത്രത്തിലും പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ വിളംബരത്തീയതി മുതൽ യാതൊരു നിരോധനവും പാടില്ലെന്നായിരുന്നു രാജകല്പന. യാഥാസ്ഥിതികരുടെ കഠിനമായ എതിർപ്പിനെ അവഗണിച്ചു കൈക്കൊണ്ട സുധീരമായ ഒരു സാമൂഹികപരിഷ്കരണത്തിന്റെ കർത്താവായി ശ്രീചിത്തിര തിരുനാൾ ബാലരാമവർമയെ ചരിത്രം ആദരിക്കുന്നു.

കേരളത്തിലെ ജനതയെ ജാത്യാതീതരും മതാതീതരുമായി മാറ്റിയെടുക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് 19-ാം ശ.-ത്തിൽ ശ്രീനാരായണഗുരു തുടങ്ങിയുള്ള നവോത്ഥാന പ്രവർത്തകർ നടത്തിയത്.

തിരുവിതാംകൂർ ഭരണാധികാരികൾ പ്രത്യേക വിഭാഗങ്ങൾക്കുമാത്രം പ്രോത്സാഹനം നല്കാതെ പൊതുവിൽ ജനക്ഷേമകരമായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിപ്പോന്നു. ബ്രിട്ടിഷ് റസിഡന്റുമാരുടെ കൈകടത്തൽമൂലം രാജാക്കന്മാർക്ക് ഹിതാനുസരണം ക്ഷേമനടപടികൾ കൈക്കൊള്ളാനാകാതെ വന്ന ഭരണകാലങ്ങളും ഉണ്ടായിരുന്നു.

1911-ൽ ദിവാനെ വ്യക്തിപരമായി വിമർശിച്ചതിന് സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു ശാഖ തിരുവനന്തപുരത്ത് സ്ഥാപിതമായി. 1922-ൽ സ്കൂളുകളിലും കോളജിലും ഫീസ് വർധനവിനെതിരെ സമരം ചെയ്യാൻ വിദ്യാർഥികൾക്ക് കോൺഗ്രസ് നേതൃത്വം നല്കി. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് തിരുവനന്തപുരം കേന്ദ്രമായി സ്ഥാപിക്കപ്പെട്ടു. ഉത്തരവാദ ഭരണത്തിനുവേണ്ടി കോൺഗ്രസ് പ്രക്ഷോഭം നടത്തി. പ്രക്ഷോഭം അടിച്ചമർത്താൻ അന്നു ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ എല്ലാ മാർഗങ്ങളും അവലംബിച്ചു. 1947 ജൂൺ മാസത്തിൽ ദിവാൻ സ്വതന്ത്ര തിരുവിതാംകൂർ വാദം ഉന്നയിച്ചതും തുടർന്ന് പേട്ട മൈതാനത്തു വച്ചു നടന്ന പൊലീസ് വെടിവയ്പും സ്ഥിതിഗതികൾ ഏറെ വഷളാക്കി. ജൂല. 25-ാം തീയതി സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ വച്ച് ദിവാനുനേരെ നടന്ന ആക്രമണത്തിൽ അദ്ദേഹത്തിനു ഗുരുതരമായ മുറിവേറ്റു. 1947 സെപ്റ്റംബറിൽ ഉത്തരവാദഭരണം പ്രഖ്യാപിക്കപ്പെടുകയും 1948 മാർച്ചുമാസത്തിൽ പട്ടംതാണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഉണ്ടാവുകയും ചെയ്തു.

തിരുവിതാംകൂറിന്റേയും തിരു-കൊച്ചിയുടേയും കേരളത്തിന്റേയും തലസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിന്റെ വളർച്ച ദ്രുതഗതിയിലുള്ളതായിരുന്നു. ഏതാനും സ്ഥാപനങ്ങളുടെ വളർച്ച പ്രത്യേക പരാമർശം അർഹിക്കുന്നു.

പട്ടാളം

തിരുത്തുക

വേലുത്തമ്പിയുടെ സമരത്തിനുശേഷം തിരുവിതാംകൂർ പട്ടാളം പിരിച്ചുവിടപ്പെട്ടുവെങ്കിലും 700 പേരുള്ള ഒരു ചെറിയ യൂണിറ്റ് തിരുവനന്തപുരത്ത് നിലനിറുത്തി. 1817-ൽ മൺറോയുടെ ശുപാർശപ്രകാരം അതിനെ 2000 ഭടന്മാരുള്ള യൂണിറ്റാക്കി ഉയർത്തി. ബ്രിട്ടിഷ് ഓഫീസർമാർ തന്നെയായിരുന്നു കമാൻഡർമാർ. രണ്ട് ബറ്റാലിയനുകളും ഒരു ആർട്ടിലറി യൂണിറ്റും അതിലുണ്ടായിരുന്നു. 1830-ൽ അതിന് നായർ ബ്രിഗേഡ് എന്നു പേരിട്ടു. 1834-35-ൽ നായർ ബ്രിഗേഡിനെ പുനഃസംഘടിപ്പിച്ച് തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് രൂപവത്കരിച്ചു. അതിൽ മഹാരാജാവിന്റെ ബോഡിഗാർഡ്, ആർട്ടിലറി, മൂന്ന് നായർ ഇൻഫൻട്രികൾ, ബാൻഡ് വിഭാഗം, ആർമി മെഡിക്കൽ സർവീസ്, മിലിട്ടറി ക്ളാർക്കുമാർ എന്നിവർ ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുനിന്നു വികസിപ്പിച്ച നായർ ബ്രിഗേഡിനെ പാളയം മൈതാനത്തേക്കു മാറ്റി. ബോഡിഗാർഡ്, മിലിട്ടറി ആശുപത്രി എന്നിവ ഒഴികെ ബാക്കി വിഭാഗങ്ങൾ പാങ്ങോട്ടേക്കു മാറ്റിയത് 20-ാം ശ.-ത്തിന്റെ തുടക്കത്തിലാണ്. 1949-ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടുകൂടി തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് ഇന്ത്യൻ ആർമിയുടെ ഭാഗമായി. 1956-ൽ രാജപ്രമുഖൻ സ്ഥാനം നിറുത്തല��ക്കിയതു മുതൽ ബോഡിഗാർഡ് വിഭാഗം നിറുത്തലാക്കപ്പെട്ടു.

മൈസൂർ കഴിഞ്ഞാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യത്തെ നിയമസഭ ഉണ്ടാകുന്നത് തിരുവിതാംകൂറിലാണ്; 1888-ൽ. അഞ്ച് ഉദ്യോഗസ്ഥന്മാരും മൂന്ന് അനുദ്യോഗസ്ഥന്മാരുമുണ്ടായിരുന്ന എട്ടംഗ സഭയുടെ അധ്യക്ഷൻ ദിവാനായിരുന്നു. 'തിരുവിതാംകൂർ ലജിസ്ളേറ്റീവ് കൌൺസിൽ' എന്ന ആ സ്ഥാപനം 1904-ലും 14-ലും വികസിപ്പിച്ചുവെങ്കിലും അതൊരു ചർച്ചാവേദി മാത്രമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവരാരും അനുദ്യോഗസ്ഥാംഗങ്ങളിലുണ്ടായിരുന്നില്ല. മഹാരാജാവിന്റെ ജന്മനാളിന് എല്ലാവർക്കും തിരുവനന്തപുരത്തു വരാനും ആവശ്യങ്ങളും പരാതികളും ബോധിപ്പിക്കാനും മാത്രമുള്ള ഒരു ഉപാധി മാത്രമായിരുന്നു അത്. തിരുവനന്തപുരത്ത് വിക്റ്റോറിയാ ജൂബിലി ടൗൺ ഹാളിൽ വച്ചാണ് ആദ്യ സമ്മേളനം നടന്നത്. മഹാരാജാവിന്റെ ഭരണഘടനാ ഉപദേഷ്ടാവായ സർ സി.പി.രാമസ്വാമി അയ്യരുടെ ഉപദേശപ്രകാരം കൊ.വ.1108-ലെ രണ്ടാം റഗുലേഷൻ നിലവിൽ വരികയും അതിൻപ്രകാരം ഒരു ദ്വിമണ്ഡലസഭ സ്ഥാപിതമാവുകയും ചെയ്തു; ശ്രീചിത്രാ സ്റ്റേറ്റ് കൌൺസിലും ശ്രീമൂലം പ്രജാസഭയും. ഉപദേശകസമിതി മാത്രമായിരുന്ന രണ്ട് സമിതികളും അതോടെ ഭരണഘടനാപരമായ സമിതികളായി. 37 പേരുള്ള കൗൺസിലിൽ 22 പേരും 72 അംഗങ്ങളുള്ള അസംബ്ളിയിൽ 48 പേരും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ദിവാനായിരുന്നു ഇരുസഭകളുടേയും പ്രസിഡന്റ്. ഡെപ്യൂട്ടി പ്രസിഡന്റിനെ അതതു സഭകൾക്ക് തെരഞ്ഞെടുക്കാം. രണ്ട് സഭകളുടേയും ആദ്യ യോഗം വി.ജെ.റ്റി. ഹാളിൽ 1933 ജൂല.യിൽ കൂടി. 1939-ൽ ഹജൂർ കച്ചേരിക്കനുബന്ധമായി സ്ഥാപിച്ച നിയമസഭാ മന്ദിരത്തിലാണ് പിന്നീടു യോഗം ചേർന്നത്. 1946 ആഗ.-ലാണ് ഇരു സഭകളുടേയും അവസാന യോഗം നടന്നത്. 1949-ൽ തിരു-കൊച്ചി സംയോജനത്തെത്തുടർന്ന് രണ്ട് രാജ്യങ്ങളിലേയും നിലവിലുണ്ടായിരുന്ന അസംബ്ളികൾ സംയോജിച്ച് തിരു-കൊച്ചി ലജിസ്ളേറ്റീവ് അസംബ്ളി നിലവിൽ വന്നു. തിരു-കൊച്ചി അസംബ്ളിയും 1957-ൽ നിലവിൽ വന്ന കേരളാ അസംബ്ളിയും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനനുബന്ധമായുള്ള നിയമസഭാമന്ദിരത്തിലാണ് സമ്മേളിച്ചത്.1999-ലാണ് കേരള നിയമസഭ തിരുവനന്തപുരത്ത് പാളയത്തുള്ള മന്ദിരത്തിലേക്കുമാറ്റിയത്.

ഭരണകേന്ദ്രം

തിരുത്തുക

വികേന്ദ്രീകൃതമായിരുന്ന ഭരണാധികാരങ്ങൾ ദിവാനിൽകേന്ദ്രീകരിച്ചത് മൺറോയുടെ കാലത്തായിരുന്നു.ഹജൂർകച്ചേരി എന്ന സ്ഥാപനംനിലവിൽ വന്നത് അതുമുതലാണ്.തിരുവിതാംകൂറിലെ മൂന്ന് വലിയ സർവാധികാര്യക്കാരും ഒന്നിച്ചിരുന്ന് ദിവാനെ സഹായിക്കുക എന്ന സംവിധാനമായിരുന്നു അത്.1830 മുതലാണ് അത് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തു പ്രവർത്തിച്ചുതുടങ്ങിയത്.എല്ലാവകുപ്പുകളുടെയും തലവൻമാർ ഹജൂർ കച്ചേരിയിലാണ് പ്രവർത്തിച്ചിരുന്നത്.വകുപ്പുകൾ വർദ്ധിച്ചു വന്നപ്പോൾ കോട്ടയ്ക്കകത്തെ കെട്ടിടങ്ങളിൽ സ്ഥലം തികയാതെ വന്നതുമൂലം ഇപ്പോഴത്തെ സെക്രട്ടറിയേ റ്റിന്റെ പ്രധാന കെട്ടിടത്തിന്റെ മുൻഭാഗം 1868-ൽ പൂർത്തിയാക്കി കച്ചേരി അങ്ങോട്ടുമാറ്റി.റാണിപാർവ്വതിഭായുടെ കാലത്ത് 1817-ൽ സ്ഥാപിച്ച പുത്തൻചന്ത നിലവിലിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം സ്ഥാപിച്ചത്.1839-ൽ അതിന്റെ വ.കിഴക്കായി നിയമസഭാമന്ദിരം പണികഴിപ്പിച്ചു.1950-ൽ അതുപോലൊരു കൂട്ടിച്ചേർക്കൽ തെ.കിഴക്കു ഭാഗത്തും ഉണ്ടായി.പണ്ട് ക്ളാർക്ക്,സൂപ്രണ്ട്,സെക്രട്ടറി.ഡപ്യൂട്ടി സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,അഡീഷണൽ സെക്രട്ടറി,സ്പെഷ്യൽ സെക്രട്ടറി തുടങ്ങിയ തസ്തികകളും ഉണ്ടായി.അതിനോടൊപ്പം കെട്ടിടങ്ങളു ടെ എണ്ണവും പെരുകി.

അതിരുകൾ

തിരുത്തുക
  1. https://web.lsgkerala.gov.in/reports/lbMembers.php?lbid=153[പ്രവർത്തിക്കാത്ത കണ്ണി]
  2. https://trivandrum.gov.in/profile-of-district-collector
  3. http://www.mapsofindia.com/census2011/kerala-sex-ratio.html
  4. സെൻസസ് ഇന്ത്യ വെബ്സൈറ്റ് 2011 സെൻസസ് വിവരങ്ങൾ
  5. http://www.keralaagriculture.gov.in/htmle/soils/SOILTYPESDW.htm Archived 2017-01-20 at the Wayback Machine. കേരള അഗ്രിക്കൽചർ
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-05. Retrieved 2013-06-04.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
നഗരസഭകൾ
ആറ്റിങ്ങൽ
വർക്കല
നെടുമങ്ങാട്‌
നെയ്യാറ്റിൻകര
താലൂക്കുകൾ
തിരുവനന്തപുരം
ചിറയിൻകീഴ്
നെടുമങ്ങാട്‌
നെയ്യാറ്റിൻകര
തിരുവനന്തപുരത്തെ സംബന്ധിച്ച ഇതര വിഷയങ്ങൾ

edit

ചരിത്രം തിരുവനന്തപുരത്തിന്റെ ചരിത്രം, തിരുവിതാംകൂർ, തിരുവനന്തപുരത്തെ തിരുമ്മൽ, കേരള ചരിത്രം, തിരുവിതാംകൂർ ‍-കൊച്ചി
പ്രധാന സ്ഥലങ്ങൾ ആറ്റിങ്ങൽ, ആക്കുളം, ആറ്റുകാൽ, കൊച്ചുവേളി, വേളി, വെട്ടുകാട്, പൂന്തുറ, തിരുവല്ലം, പൂവാർ, കാട്ടാക്കട, നെയ്യാറ്റിൻകര, പാലോട്,പാറശ്ശാല, കിഴക്കേ കോട്ട, പടിഞ്ഞാറെ കോട്ട, ഹാൽസ്യൻ കൊട്ടാരം, ശംഖുമുഖം ബീച്ച്, നെയ്യാർ ഡാം, കരമന, കഴക്കൂട്ടം, കോവളം, പൊന്മുടി, ശ്രീകാര്യം, ഉള്ളൂർ, വർക്കല, വിഴിഞ്ഞം
ഭരണസ്ഥാപനങ്ങൾ തിരുവനന്തപുരം നഗരസഭ
മുഖമുദ്രകൾ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കിഴക്കേ കോട്ട, കേരള സർവ്വകലാശാല,കേരള നിയമസഭ, തിരുവനന്തപുരം സെൻട്രൽ
വിദ്യാഭ്യാസം ട്രിവാൻഡ്രം ഇന്റർ നാഷണൽ സ്കൂൾ, സൈനിക് സ്ക്കൂൾ, സെന്റ്.ജോസഫ് ഹൈസ്കൂൾ, ലൊയോള ഇംഗ്ലീഷ് സ്കൂൾ, മന്നം സ്മാരക റെസിഡൻഷ്യൽ സ്കൂൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഭാരതീയ വിദ്യാ ഭവൻ, ചിന്മയ വിദ്യാലയം, ഹോളി ഏഞ്ചൽസ് മഠം, ക്രൈസ്റ്റ് നഗർ സ്കൂൾ, സെന്റ് തോമസ് വിദ്യാലയം, സർവ്വോദയ വിദ്യാലയം, ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ,കോട്ടൺ ഹിൽ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ,
ഉപരി വിദ്യാഭ്യാസം കോളേജ് ഓഫ് എഞ്ചിനീയറിംഗ് - സി.ഈ.ടി, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്,തിരുവനന്തപുരം,ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാപ്പനംകോട്,കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആറ്റിങ്ങൽ,കോളേജ് ഓഫ് ഫൈൻ ആർട്സ്, കാർഷിക കോളേജ് ,വെള്ളായണി ,സി-ഡിറ്റ്,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി
പോളിടെക്നിക്ക് സെൻ‌ട്രൽ പോളിടെക്നിക് തിരുവനന്തപുരം, ഗവ. വനിതാ പോളിടെക്നിക്ക്, കരമന, ഗവ. പോളിടെക്നിക്ക് നെടുമങ്ങാട്, ഗവ. പോളിടെക്നിക്ക് ആറ്റിങ്ങൽ, ഗവ. പോളിടെക്നിക്ക് നെയ്യാറ്റിൻ‌കര
ഗവേഷണ സ്ഥാപനങ്ങൾ ലിക്ക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ,വലിയമല, വിക്രംസാരാഭായ് സ്‌പേസ് സെന്റർ,ടി.ബി.ജി.ആർ.ഐ, പാലോട്, റീജിയണൽ റിസർച്ച് ലബോറട്ടറി, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ദി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി, കിഴങ്ങുഗവേഷണകേന്ദ്രം, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്
വ്യവസായം ടെക്നോ പാർക്ക്, കെൽട്രോൺ, ഇൻഫോസിസ്, ടി.സി.എസ്, ടാറ്റാ എൽക്സി, യു.എസ്.ടി ഗ്ലോബൽ,ഐ.ബി.എസ്., ട്രാവൻകൂർ ടൈറ്റാനിയം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ‌യ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ലാറ്റക്സ്
ഗതാഗതം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം സെൻട്രൽ, ആട്ടോ റിക്ഷ, കെ.എസ്.ആർ.ടി.സി
സംസ്കാരം തിരുവനന്തപുരത്തെ മാദ്ധ്യമങ്ങൾ, കേരള സംസ്കാരം, കേരളീയ ഭക്ഷണം, മലയാളം, ഓണം, വിഷു, മിലദി ഷരിഫ്
ആരാധനാലയങ്ങൾ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ജൂമ മസ്ജിദ്, പാളയം, സെൻറ് ജോസഫ് കത്തീഡ്രൽ ചർച്ച്, പാളയം, വെട്ടുകാട് മാദ്ര്-ദെ-ദേവൂസ് ചർച്ച്, ബീമാപള്ളി
മറ്റു വിഷയങ്ങൾ പത്മനാഭപുരം, കുളച്ചൽ യുദ്ധം, പ്രശസ്ത വ്യക്തികൾ, തിരുവനന്തപുരം ജില്ല
'



തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലങ്ങൾ‍

വർക്കലആറ്റിങ്ങൽവാമനപുരംചിറയിൻകീഴ്‌നെടുമങ്ങാട്കഴക്കൂട്ടംതിരുവനന്തപുരംവട്ടിയൂർക്കാവ്നേമംഅരുവിക്കരകാട്ടാക്കടകോവളംപാറശ്ശാലനെയ്യാറ്റിൻകര

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുവനന്തപുരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുവനന്തപുരം_ജില്ല&oldid=4133181" എന്ന താളിൽനിന്ന് ശേഖരിച്ചത്