ജെയിംസ് തേർബർ
ജെയിംസ് ഗ്രോവർ തേർബർ അമേരിക്കൻ സാഹിത്യകാരനായിരുന്നു. ഒഹൈയോയിലെ കൊളംബസിൽ 1894 ഡിസംബർ 8-ന് ജനിച്ചു.
ജെയിംസ് തേർബർ | |
---|---|
ജനനം | ജെയിംസ് ഗ്രോവർ തേർബർ ഡിസംബർ 8, 1894 Columbus, Ohio, United States |
മരണം | നവംബർ 2, 1961 New York City | (പ്രായം 66)
തൊഴിൽ | Humorist |
ദേശീയത | American |
Period | 1929–1961 |
Genre | short stories, cartoons, essays |
വിഷയം | humor, language |
ശ്രദ്ധേയമായ രചന(കൾ) | My Life and Hard Times, My World and Welcome to It |
ജീവിതരേഖ
തിരുത്തുകമറ്റു കുട്ടികളുമായി കളികളിൽ പങ്കുകൊള്ളാൻ കഴിയാത്തതിനാൽ സ്വപ്നദർശനത്തിന്റെയും ഭാവനാസൃഷ്ടിയുടെയും ലോകത്തിലായിരുന്നു തേർബർ വളർന്നത്. ഇത് ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തി. സെക്കൻഡറി സ്കൂൾ ഘട്ടത്തിൽത്തന്നെ എഴുതാൻ തുടങ്ങി. 1913-18 കാലയളവിൽ ഒഹൈയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നടത്തി. വാഷിങ്ടണിലും പാരിസിലെ യു.എസ്. എംബസിയിലും ക്ലാർക്കായി കുറച്ചുകാലം ജോലി ചെയ്തു. 1920-കളിൽ ജേർണലിസ്റ്റായും ഇദ്ദേഹം ജോലി ചെയ്യുകയുണ്ടായി. 1940-കളിൽ കാഴ്ചശക്തി കുറയാൻ തുടങ്ങുകയും അമ്പതുകളിലെത്തിയപ്പോഴേക്കും അന്ധനായി മാറുകയും ചെയ്തത് തേർബറുടെ ജീവിതത്തിലെ ഒരു ദുരന്തമായിരുന്നു.
കൃതികൾ
തിരുത്തുക- ഇസ് സെക്സ് നെസസറി (1929)
- മൈ ലൈഫ് ആൻഡ് ഹാർഡ് ടൈംസ് (1933)
- ഫേബിൾസ് ഫോർ അവർ ടൈംസ് (1940)
- മെൻ, വിമൻ ആൻഡ് ഡോഗ്സ് (1943)
- ദ് തേർബർ കാർണിവൽ (1945)
- ദ് തേർട്ടീൻ ക്ളോക്സ് (1950)
- ദി ഇയേഴ്സ് വിത്ത് റോസ് (1959)
തുടങ്ങിയ നിരവധി കൃതികളുടെ കർത്താവാണ് ജെയിംസ് ഗ്രോവർ തേർബർ. മനുഷ്യ ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളും ആധുനികമനുഷ്യന്റെ മോഹഭംഗങ്ങളുമായിരുന്നു ഇദ്ദേഹത്തിന്റെ മുഖ്യ വിഷയം. മാർക്ക് ട്വയിനിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഫലിതസാഹിത്യകാരനായി അറിയപ്പെടുന്ന തേർബർ ആധുനിക മനുഷ്യന്റെ വിഡ്ഢിത്തങ്ങളെ ഫലിതത്തിന്റെ വിളനിലമായി കണ്ടു.
ജനപ്രിയ സാഹിത്യകാരൻ
തിരുത്തുകതേർബറുടെ ആദ്യകൃതിയായ ഇസ് സെക്സ് നെസസറി തന്റെ കൂടെ പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന ഇ.ബി. വൈറ്റുമായി ചേർന്നാണു രചിച്ചത്. ഫ്രോയ്ഡ് തുടങ്ങിവയ്ക്കുകയും യൂറോപ്പിൽ വമ്പിച്ച പ്രചാരം നേടുകയും ചെയ്ത മനഃശാസ്ത്ര വിശകലന രീതിയുടെ നേരെ പരിഹാസത്തിന്റെ ശരം തൊടുക്കുകയാണ് ഈ കൃതിയിൽ തേർബർ ചെയ്യുന്നത്. ആത്മകഥാരൂപത്തിലുള്ള മൈ ലൈഫ് ആൻഡ് ഹാർഡ് ടൈംസിൽ മാതാപിതാക്കളോടുള്ള തേർബറുടെ സ്നേഹാദരങ്ങൾ വ്യക്തമായി നിഴലിക്കുന്നു. ന്യൂയോർക്കിൽ പത്രപ്രവർത്തകനായിരുന്ന കാലത്തെ സ്മരണകളാണ് ദി ഇയേഴ്സ് വിത്ത് റോസ്. കുട്ടികൾക്കുവേണ്ടിയു��്ള യക്ഷിക്കഥകളുടെ (fairy tales) സമാഹാരമായ ദ് തേർട്ടീൻ ക്ലോക്സ്, ദ് വണ്ട��ഫുൾ ഒ എന്നിവ വമ്പിച്ച ജനപ്രീതി ആർജിക്കുകയുണ്ടായി.
തേർബറുടെ ഏറ്റവും പ്രസിദ്ധമായ കഥാപാത്രങ്ങൾ വാൾട്ടർ മിറ്റിയും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട നിശ്ശബ്ദരായ ജന്തുക്കളുമാണ്. 1947-ൽ പ്രസിദ്ധീകരിച്ച ദ് സീക്രട്ട് ലൈഫ് ഒഫ് വാൾട്ടർ മിറ്റി എന്ന കൃതി മനഃശാസ്ത്രജ്ഞന്മാരുടെ സവിശേഷശ്രദ്ധ ആകർഷിക്കുകയുണ്ടായി. വാൾട്ടർ മിറ്റി സിൻഡ്രോം എന്നൊരു മനോരോഗസംജ്ഞതന്നെ ഒരു ബ്രിട്ടിഷ് മെഡിക്കൽ ജേർണൽ ആവിഷ്കരിച്ചു. രുഗ്ണവും രൂഢമൂലവുമായ സ്വപ്നദർശനശീലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
1961 നവംബർ 2-ന് ന്യുമോണിയ ബാധിച്ച് ന്യൂയോർക്കിൽ ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- http://www.bookrags.com/biography/james-grover-thurber-dlb2/
- http://www.biography.com/people/james-thurber-9507127 Archived 2013-01-19 at the Wayback Machine.
- http://www.britannica.com/EBchecked/topic/594399/James-Thurber
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തേർബർ, ജെയിംസ് ഗ്രോവർ (1894 - 1961) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |