പ്രായപൂർത്തിയെത്താത്തവരിൽ കാണുന്ന കുറ്റവാസനയാണ്, കൗമാരക്കുറ്റവാസന (ജുവനൈൽ ഡിലിങ്‌ക്വൻസി) എന്നു പറയുന്നത്. അവഗണന എന്നർഥം വരുന്ന 'ഡിലിങ് ക്വയർ' (delinquere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് 'ഡിലിങ്‌ക്വൻസി' എന്ന ആംഗലേയപദത്തിന്റെ ഉത്പത്തി. സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങളെ ചില കൗമാരപ്രായക്കാർ പൂർണമായി അവഗണിക്കുന്നു എന്നു ധ്വനിപ്പിക്കുവാനാണ്y(bad) ഈ വാക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

ഏഴിനും പതിനെട്ടിനും മധ്യേപ്രായമുള്ള കൗമരപ്രായക്കരിൽ കണ്ടു വരുന്നതും സാമൂഹിക വിരുദ്ധവും ശിക്ഷയ്ക്കോ തിരുത്തലുകൾക്കോ അർഹവുമായ കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ളതുമായ സ്വഭാവ പ്രവണതയാണ് ആംഗല ഭാഷയിൽ ജുവനൈൽ ഡെലിംക്വൻസി എന്നു വിളിക്കുക.[1]. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച്, (വകുപ്പ് 82) ഏഴു വയസ്സിൽ താഴെയുള്ള കുട്ടികൾ ചെയ്യുന്ന ഒരു പ്രവൃത്തിയും കുറ്റകൃത്യമായി പരിഗണിച്ചിട്ടില്ല.

കുറ്റവാളിയിൽ ബാല്യകാലത്തുതന്നെയൊ യുവത്വത്തിൻറെ ആരംഭദശയിലോ ആണ് കുറ്റവാസന ജന്മമെടുക്കുന്നത് എന്ന് ചില മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളെ കുറ്റവാളികളാക്കുന്ന ആവേഗങ്ങൾ (impulses) എല്ലാവരിലുമുണ്ട്. പക്ഷേ ഭൂരിപക്ഷം പേർക്കും അവയെ ധാർമ്മിക മൂല്യങ്ങൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതുകൊണ്ട് അവർ കുറ്റവാളികളാകുന്നില്ല എന്നു മാത്രം.[2]

വ്യവസായവത്കൃതങ്ങളായ വികസിതരാഷ്ട്രങ്ങളിലെ കുട്ടികളിൽ കുറ്റവാസന വർദ്ധിച്ചുവരുന്നതായി സൂചനകളുണ്ട്.[3] രണ്ടു ലോകമഹായുദ്ധങ്ങളുടെ കാലയളവുകളിലും ഈ പ്രവണത വർദ്ധിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10 മുതൽ 17 വയസ്സുവരെയുള്ള 80 ഇന്ത്യൻ കുട്ടികളെക്കുറിച്ചുള്ള പഠനപ്രകാരം, മാതാപിതാക്കൾ തമ്മിൽ വളരെ ഐക്യത്തിൽ കഴിയുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളിൽ 25%പേരിൽ മാത്രമാണ് കുറ്റവാസനയുള്ളത്. മാതാപിതാക്കൾ തമ്മിൽ അഭിപ്രായഭിന്നതകളും വഴക്കുകളും ഉണ്ടാകാറുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളിൽ 62.5%പേരിൽ കുറ്റവാസന ഉണ്ട്.[4]ജുവനൈൽ ഡെലിംക്വൻസിയുടെ പിന്നിലുള്ള ഘടകങ്ങൾ വ്യക്തിപരമായവയേക്കാളുപരി സാമൂഹിക ഘടകങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൗമാര പ്രായക്കാരുടെ ശാരീരിക- മാനസിക പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ട് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നൽകപ്പെടുന്ന കൗമാര- ജീവിതനൈപുണീ വിദ്യാഭ്യാസവും, ലിംഗസമത്വത്തിലൂന്നിയ ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസവും, ലഹരി വിമോചന പരിപാടികളും ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പല വികസിത രാജ്യങ്ങളും ഇത്തരം ശാസ്ത്രീയ ബോധവൽക്കരണ പരിപാടികൾ മികച്ച രീതിയിൽ നടത്തി വരുന്നു.

ഡിലിങ് ക്വൻസി ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങളേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഏതെല്ലാം പ്രവൃത്തികളാണ് ഡിലിങ് ക്വൻസി ആയി കണക്കാക്കേണ്ടത് എന്ന കാര്യത്തിലും ഡിലിങ് ക്വൻസി നിർണയിക്കുവാനുള്ള ഉയർന്ന പ്രായപരിധി ഏതായിരിക്കണം എന്നതിലും രാഷ്ട്രങ്ങൾ തമ്മിൽ ഏകാഭിപ്രായം ഇല്ല. ഉത്തരഅമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഡിലിങ് ക്വൻസി നിർണയിക്കുവാനുള്ള ഉയർന്ന പ്രായപരിധി 18 ആണ്. ഇന്ത്യയിൽ ആൺകുട്ടികൾക്ക് 16-ഉം പെൺകുട്ടികൾക്ക് 18-ഉം ആയി നിശ്ചയിച്ചിരിക്കുന്നു. 8 വയസ്സിനു ���ാഴെ പ്രായമുള്ളവരുടെ കുറ്റകൃത്യങ്ങൾ ഡിലിങ് ക്വൻസി ആയി കണക്കാക്കുന്നില്ല. സ്വന്തം പ്രവൃത്തിയുടെ അനന്തരഫലങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നു മുൻകൂട്ടി മനസ്സിലാക്കുവാനുള്ള കഴിവ് ഇവർക്കില്ല എന്നതാണ് ഇതിനുകാരണം.

ഇളംപ്രായക്കാരുടേയും മുതിർന്നവരുടേയും കുറ്റകൃത്യങ്ങളെ വ്യത്യസ്ത രീതികളിൽ വിലയിരുത്തണമെന്ന ആശയത്തിനു പ്രചാരം സിദ്ധിച്ചത് 20-ാം ശ. -ത്തിലാണ്. 1899-ൽ ഇല്ലിനോയിയിലെ (Illinois) കുക്ക് കൗൺടിയിൽ (Cook County) ലോകത്തെ പ്രഥമ ജൂവനൈൽ കോടതി സ്ഥാപിക്കപ്പെട്ടതോടു കൂടിയാണ് ബാലകുറ്റവാളികളേയും മുതിർന്ന കുറ്റവാളികളേയും വേർതിരിച്ചു കാണുന്ന അവസ്ഥ സംജാതമായത്. എന്നാൽ ഇതിനു മുൻപും ബാലകുറ്റവാളികളോട് വ്യത്യസ്തമായ സമീപനം കൈക്കൊള്ളുവാൻ അപൂർവം ചില ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വഭാവവൈകല്യങ്ങളുള്ള കുട്ടികളെ നേർവഴിക്കു നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി 1704-ൽ റോമിൽ പോപ്പ് ക്ലെമന്റ് ​XI (Pope Clement XI) ഒരു പ്രത്യേക കേന്ദ്രം ആരംഭിച്ചു. 1756-ൽ 'ദ് മറൈൻ സൊസൈറ്റി ഒഫ് ഇംഗ്ലണ്ട്' (The Marine Society) ബാലകുറ്റവാളികളുടെ സ്വഭാവപരിഷ്കരണത്തിനായി ഒരു പ്രത്യേകകേന്ദ്രവും ആരംഭിച്ചു. ഇതിനുശേഷം സമാനസ്വഭാവമുള്ള നിരവധി സ്ഥാപനങ്ങൾ ഇംഗ്ലണ്ടിൽ പ്രവർത്തനമാരംഭിക്കാൻ തുടങ്ങി. 1825-ഓടുകൂടി ന്യൂയോർക്ക് നഗരത്തിൽ കുട്ടികൾക്കായുള്ള ഒരു 'അഭയകേന്ദ്രം' (House of refuge) പ്രവർത്തിച്ചു തുടങ്ങി. ഈ സ്ഥാപനമാണ് പില്ക്കാലത്തെ ദുർഗുണപരിഹാര പാഠശാലകൾക്ക് വഴിയൊരുക്കിയത്.

ഡിലിങ്ക്വൻസി ഉണ്ടാകുവാനുള്ള കാരണങ്ങൾ

തിരുത്തുക

കുട്ടികൾ സാമൂഹ്യ വിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം. മനഃശാസ്ത്രജ്ഞർ ഈ കാരണങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

വ്യക്തിത്വ വൈകല്യങ്ങൾ

തിരുത്തുക

മസ്തിഷ്കക്ഷതം, ബുദ്ധിമാന്ദ്യം, നാഡീരോഗം, മനോവിക്ഷിപ്തി, സാമൂഹ്യവൈകൃതവ്യക്തിത്വം, മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം തുടങ്ങിയ വ്യക്തിത്വ വൈകല്യങ്ങൾ ഡിലിങ് ക്വൻസിക്കിടയാക്കാവുന്നതാണ്.

മസ്തിഷ്കത്തിനേൽക്കുന്ന ക്ഷതങ്ങൾ ചില സന്ദർഭങ്ങളിൽ ആന്തരനിരോധങ്ങൾ ഇല്ലാതാക്കുകയും അക്രമാസക്തമായ പെരുമാറ്റത്തിനു കാരണമാകുകയും ചെയ്യുന്നു. സാമൂഹ്യവിരുദ്ധ പ്രവണതകൾ പ്രകടിപ്പിക്കുന്ന കുട്ടികളിൽ ഏകദേശം അഞ്ചു ശതമാനത്തോളം പേർക്കു ബുദ്ധിമാന്ദ്യമുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. തങ്ങളുടെ പ്രവൃത്തിയുടെ ഗുണദോഷഫലങ്ങൾ മനസ്സിലാക്കുവാനുള്ള മാനസികപക്വതയോ കഴിവോ ഇവർക്കില്ല. തന്മൂലം മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുന്ന പല പ്രവൃത്തികളും ഇവർ ചെയ്യാനിടയാകുന്നു.

ഡിലിങ് ക്വന്റുകളിൽ ഉദ്ദേശം പത്തുശതമാനത്തോളം മാനസികരോഗികളാണു. തങ്ങൾക്ക് ഒരു പ്രയോജനവുമില്ലെങ്കിൽ പോലും വസ്തുക്കൾ മോഷ്ടിക്കുക, വീടുകളും മറ്റു കെട്ടിടങ്ങളും അഗ്നിക്കിരയാക്കുക എന്നിങ്ങനെ പല സാമൂഹ്യവിരുദ്ധകൃത്യങ്ങളും ഇവർ ചെയ്യാറുണ്ട്. ഇത്തരം ഹീനപ്രവർത്തനങ്ങളാണ് ഇവരുടെ രോഗലക്ഷണങ്ങൾ. സ്വന്തം ആവേഗങ്ങൾ നിയന്ത്രിക്കുവാൻ ഇവർ വളരെയധികം ശ്രമിക്കുന്നു. ആവേഗങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ കുറ്റകൃത്യങ്ങളിലേർപ്പെടുമെങ്കിലും ഇവർ പിന്നീട് വളരെയധികം പശ്ചാത്തപിക്കുന്നതായി കാണുന്നുണ്ട്.

ഡിലിങ് ക്വിന്റുകളിൽ ഉദ്ദേശം മൂന്നു തൊട്ട് അഞ്ചു ശതമാനത്തോളം പേർക്കു മനോവിക്ഷിപ്തി ഉള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ഇവരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന വൈകാരിക പ്രക്ഷുബ്ധതയുടെ ഒരു പൊട്ടിത്തെറിക്കലായാണ് സാമൂഹ്യവിരുദ്ധ പെരുമാറ്റം പ്രത്യക്ഷപ്പെടുന്നത്. ഇവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ രോഗലക്ഷണങ്ങൾ മാത്രമാണ്. ഇവർക്ക് സഹജമായ കുറ്റവാസന ഉണ്ടെന്ന് പറയുന്നതു ശരിയായിരിക്കില്ല.

പല ഡിലിങ് ക്വന്റുകളും സാമൂഹ്യവൈകൃത വ്യക്തിത്വമുള്ളവരാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവർ വേഗം പ്രകോപിതരാകുന്നവരും ധാർഷ്ട്യം നിറഞ്ഞവരുമായിരിക്കും. മറ്റുള്ളവരുമായി അടുത്ത വൈകാരികബന്ധങ്ങൾ സ്ഥാപിക്കുവാൻ ഇവർക്ക് സാധ്യമല്ല. ഇവർക്ക് കുറ്റബോധമോ പശ്ചാത്താപമോ അനുഭവപ്പെടുന്നില്ല. ഇവർ സദാ ഉത്തേജനം തേടുന്നവരും, സ്വന്തം ആവേഗങ്ങൾ നിയന്ത്രിക്കുവാൻ കഴിവില്ലാത്തവരുമാണ്. ഭാവിയെക്കുറിച്ചുള്ള ചിന്ത ഇവരെ തെല്ലും അലട്ടുന്നില്ല.

ഇന്ന് കൗമാരപ്രായക്കാർക്കിടയിൽ മയക്കുമരുന്നുകളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചിരിക്കുന്നു. മയക്കുമരുന്നുകളോടുള്ള വിധേയത്വം രണ്ടുരീതിയിൽ ഡിലിങ് ക്വൻസിക്കിടയാക്കാം. മയക്കുമരുന്നു വാങ്ങുവാൻ പണമുണ്ടാക്കുന്നതിനായി കുമാരീകുമാരന്മാർ മോഷണം, വേശ്യാവൃത്തി മുതലായ കുറ്റകൃത്യങ്ങളിലേർപ്പെടുവാൻ സാധ്യതയുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം ആന്തരനിരോധങ്ങൾ ഇല്ലാതാക്കുകയും സാമൂഹ്യവിരുദ്ധപ്രവണതകൾക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു.

അനാരോഗ്യകരമായ കുടുംബപശ്ചാത്തലം

തിരുത്തുക

തകർന്ന കുടുംബങ്ങൾ, പിതാവിന്റെ അവഗണനയും മാതാവിന്റെ മേധാവിത്വവും, മാതാപിതാക്കളുടെ സാമൂഹ്യവിരുദ്ധപെരുമാറ്റം തുടങ്ങിയ അനാരോഗ്യകരമായ ചുറ്റുപ്പാടുകൾ ഡിലിങ് ക്വൻസിക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്.

ഡിലിങ് ക്വൻസിയെക്കുറിച്ചു നടത്തിയിട്ടുള്ള എല്ലാ പഠനങ്ങളും, തകർന്ന കുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് കുറ്റകൃത്യങ്ങളിലേർപ്പെടുവാനുള്ള പ്രവണത കൂടുതലാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. വിവാഹമോചനം, ഭാര്യയുടെയോ ഭർത്താവിന്റെയോ മരണം എന്നീ സംഭവങ്ങൾ കുടുംബങ്ങളുടെ തകർച്ചക്കിടയാക്കാം. വിവാഹമോചനം മൂലം തകരുന്ന കുടുംബങ്ങളിലെ കുട്ടികൾ ഡിലിങ് ക്വന്റുകളായിത്തീരാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങളും തുടർന്നുള്ള വിവാഹമോചനവും കുട്ടിയുടെ വ്യക്തിത്വവികസനത്തെ പ്രതികൂലമായി ബാധിക്കുന്നു.

ചില കുടുംബങ്ങളിൽ അച്ഛൻ മകനെ പൂർണമായും അവഗണിക്കുന്നു. ഇവിടെ അമ്മയാണ് കുട്ടിയെ വളർത്തുന്നത്,. ആൺകുട്ടികളുടെ സ്വ���ാവത്തിൽ ഇതു വളരെയധികം മാറ്റം വരുത്തുന്നു. പിതാവുമായുള്ള താദാത്മീകരണം ആൺകുട്ടിയുടെ വ്യക്തിത്വത്തിന്റെ ആരോഗ്യകരമായ വികാസത്തിന് അത്യന്താപേക്ഷിതമാണ്. ഈ കുടുംബങ്ങളിൽ വളരുന്ന ആൺകുട്ടികൾക്ക് അതിനുള്ള അവസരം ലഭിക്കുന്നില്ല. ഇവർ അമ്മയെ ഒരു മാതൃകയായി സ്വീകരിക്കുകയും അമ്മയുടെ ജീവിതശൈലിയുമായി താദാത്മീകരണം പ്രാപിക്കുകയും ചെയ്യുന്നു. പിൽക്കാലത്ത് സ്വന്തം പൗരുഷം തെളിയിക്കാനായി ഇവർ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന സാഹചര്യങ്ങളുളവാകുന്നു.

സാമൂഹ്യവിരുദ്ധ മനോഭാവം വച്ചു പുലർത്തുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് മോശപ്പെട്ട ഒരു മാതൃകയായി മാറുന്നു. മക്കളുടെ സാമൂഹ്യവിരുദ്ധ പെരുമാറ്റത്തെ ഇവർ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സത്യം.

സാമൂഹ്യ-സാംസ്കാരിക ഘടകങ്ങൾ

തിരുത്തുക

സാമ്പത്തികമായും സാങ്കേതികമായും കൂടുതൽ പുരോഗതി നേടിയ രാഷ്ട്രങ്ങളിലാണ് ഡിലിങ് ക്വൻസിയുടെ നിരക്ക് കൂടുതലായി കാണപ്പെടുന്നത്. സാമ്പത്തിക-സാങ്കേതിക മാറ്റങ്ങൾ സാമൂഹ്യഘടനയിലും വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല സമൂഹങ്ങളിലും വളരെക്കാലമായി നിലനിന്നിരുന്ന പെരുമാറ്റച്ചട്ടങ്ങൾ തകരുന്നതോടു കൂടിയാണ് കുട്ടികളിൽ കുറ്റവാസന വർധിക്കുന്നത്. ഘാന, കെനിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ ഡിലിങ്ക്വൻസി വർധിക്കുവാൻ ഉണ്ടായ കാരണം ഇതാകാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് പല രാജ്യങ്ങളിലും ഡിലിങ്ക്വൻസി നിരക്കുകൾ ഉയർന്നു. സാമൂഹ്യവ്യവസ്ഥിതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും ഡിലിങ് ക്വൻസിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്.

ആധുനിക രാഷ്ട്രങ്ങളിൽ സാമ്പത്തിക അഭിവൃദ്ധിയുള്ള കാലഘട്ടങ്ങളിൽ ഡിലിങ് ക്വൻസി നിരക്ക് ഉയരുകയും, സാമ്പത്തികമാന്ദ്യമുള്ളപ്പോൾ ഇത് കുറയുകയും ചെയ്യുന്നു. ദാരിദ്ര്യരേഖയ്ക്കടുപ്പിച്ചുള്ള കുടുംബങ്ങളിലെ കുട്ടികളിലാണ് കുറ്റവാസന കൂടുതൽ പ്രകടമാകുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളിലും നഗരപ്രദേശങ്ങളിലാണ് ഗ്രാമപ്രദേശങ്ങളിൽ ഉള്ളതിനെക്കാൾ കൂടുതൽ ഡിലിങ് ക്വൻസി പ്രകടമായി കാണുന്നത്. നഗരങ്ങളിൽ തന്നെ ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിൽ ഡിലിങ് ക്വൻസി നിരക്കുകൾ കൂടുതലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇവിടെ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കാണുന്നു. കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള പ്രവണത (recidivism)യും ഈ പ്രദേശങ്ങളിലെ കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത്തരം സ്ഥലങ്ങൾക്ക് 'ഡിലിങ് ക്വൻസി പ്രദേശങ്ങൾ' എന്ന പേര് നൽകിയിട്ടുണ്ട്. താമസക്കാർ മാറുന്നുണ്ടെങ്കിലും, ദീർഘകാലം നിലനിൽക്കുന്ന ഉയർന്ന ഡിലിങ് ക്വൻസി നിരക്കുകളുള്ള സ്ഥലങ്ങളെയാണ് 'ഡിലിങ് ക്വൻസി പ്രദേശങ്ങൾ' (delinquency areas) എന്നു പറയുന്നത്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്കു കുടിയേറിപ്പാർക്കുന്ന പലരും ഡിലിങ് ക്വൻസി പ്രദേശങ്ങളിലാണ് താമസമാക്കുന്നത്. ഇവരുടെ മക്കൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കൂടുതലും ആൺ കുട്ടികളാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടുവരുന്നത്. ഈ രംഗത്ത് പെൺകുട്ടികളുടെ എണ്ണവും ഈയിടെ ക്രമേണ വർധിച്ചു വരുന്നുണ്ട്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള സമൂഹങ്ങളിൽ ഡിലിങ് ക്വന്റുകളായ പെൺകുട്ടികളുടെ എണ്ണം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ജപ്പാൻ, തുർക്കി മുതലായ രാഷ്ട്രങ്ങളിൽ രണ്ടാം ലോകയുദ്ധത്തിനുശേഷം സ്ത്രീകൾക്കു പല പുതിയ അവകാശങ്ങളും അനുവദിക്കുകയുണ്ടായി. ഇതിനു ശേഷം ഈ രാഷ്ട്രങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വളരെ വർധിച്ചതായി കാണുന്നു.

ഡിലിങ് ക്വൻസിക്കു നിദാനമാകുന്ന സാമൂഹ്യ-സാംസ്കാരിക ഘടകങ്ങളെ മൂന്നായി തിരിക്കാമെന്നു മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

അന്യഥാത്വ (alienation)വും ചട്ടങ്ങളെ വെല്ലുവിളിക്കാനുള്ള പ്രവണതയും

തിരുത്തുക

ഇന്നത്തെ പല കൗമാരപ്രായക്കാരും അന്യഥാത്വമനുഭവിക്കുന്നവരാണ്. എന്നാൽ ഇവർ എല്ലാവരും ഡിലിങ് ക്വന്റുകളാകുന്നില്ല. സാമൂഹ്യമൂല്യങ്ങളോട് യോജിപ്പില്ലാത്തവരും അതേസമയം സ്വന്തം ലക്ഷ്യമെന്തെന്നോ ആദർശങ്ങളേതൊക്കെയെന്നോ മനസ്സിലാക്കാൻ കഴിവില്ലാത്തവരുമാണ് ഡിലിങ് ക്വന്റുകളാകുന്നത്. മറ്റു മനുഷ്യരോടും, ഈ ലോകത്തോടു തന്നെയും ഇവർക്ക് പുച്ഛമാണ്. ഇവരുടെ കുറ്റകൃത്യങ്ങൾ ഇതിന്റെ ബാഹ്യലക്ഷണമായി കണക്കാക്കാം.

സമൂഹത്തിൽ നിന്നുള്ള നിഷ്കാസനം

തിരുത്തുക

പതിനാറു തൊട്ട് ഇരുപതുവരെ പ്രായമുള്ളവരുടെ ഇടയിൽ ഇന്ന് ഒരു പ്രത്യേക ഉപവിഭാഗം കാണപ്പെടുന്നു. പഠനം തുടരുവാനുള്ള കഴിവോ അർപ്പണബോധമോ ഒരു തൊഴിലാരംഭിക്കുവാനുള്ള ശേഷിയോ ഇവർക്കില്ല. മത്സരബുദ്ധിക്കും വൈദഗ്ദ്ധ്യത്തിനും പ്രാധാന്യം കല്പിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഇവർ ആർക്കും വേണ്ടാത്തവരായിമാറുന്നു. നിരാശയും മടുപ്പും അകറ്റുവാൻ വേണ്ടിയാണ് ഇക്കൂട്ടർ സാമൂഹ്യവിരുദ്ധ പ്രവൃത്തികളിലേക്കു കുതിച്ചു ചാടുന്നത്.

ഡിലിങ് ക്വന്റ് സംഘങ്ങൾ

തിരുത്തുക

പലപ്പോഴും സംഘം ചേർന്നാണ് ഇളംപ്രായക്കാർ കുറ്റകൃത്യങ്ങൾ നടത്താറുള്ളത്. പ്രായപൂർത്തിയാകാത്തവർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ ഉദ്ദേശം 70-90 ശതമാനത്തോളം സംഘം ചേർന്നോ രണ്ടുപേർ ചേർന്നോ ചെയ്യുന്നവയാണ്. സമൂഹവുമായി പൊരുത്തപ്പെടുന്നതിൽ പ്രയാസം നേരിടുന്ന കൗമാരപ്രായക്കാരാണ് പൊതുവേ ഡിലിങ് ക്വന്റ് സംഘങ്ങളിൽ അംഗങ്ങളാകാറുള്ളത്. തങ്ങൾ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരാണ് എന്ന് ഇവർ വിശ്വസിക്കുന്നു. സംഘത്തിലെ അംഗത്വം ഇവരുടെ ഏകാന്തത അകറ്റുവാൻ ഒരു പരിധി വരെ സഹായകമാകുന്നു.

ക്ലോവാർഡ്, ഓഹ് ലിൻ ( Cloward & Ohlin1963) എന്നീ മനശ്ശാസ്ത്രജ്ഞർ ഡിലിങ് ക്വന്റ് സംഘങ്ങളെ ക്രിമിനൽ സംഘങ്ങൾ (Criminal subculture), സംഘട്ടനാത്മക സംഘങ്ങൾ (conflict subculture), പലായനാത്മക സംഘങ്ങൾ (retreatist subculturfe) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ക്രിമിനൽ സംഘങ്ങൾ പണത്തിനുവേണ്ടിയാണ് മോഷണവും മറ്റു കുറ്റകൃത്യങ്ങളും ചെയ്യുന്നത്. സംഘട്ടനാത്മക സംഘങ്ങളിൽ അക്രമവും ദേഹോപദ്രവവുമാണ് ഗ്രൂപ്പിൽ സ്ഥാനം നേടാനുള്ള മാർഗങ്ങൾ. പലായനാത്മക സംഘങ്ങളിൽപ്പെട്ടവർ മദ്യം, മയക്കുമരുന്ന്, അനിയന്ത്രിതമായ ലൈംഗികബന്ധങ്ങൾ എന്നിവയിലൂടെ ജീവിതപ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുവാൻ ശ്രമിക്കുന്നവരാണ്.

അടുത്തകാലം വരെ, ആൺകുട്ടികൾക്ക് മാത്രമാണ് ഇത്തരം സംഘങ്ങളുണ്ടായിരുന്നത്. ഇപ്പോൾ പെൺകുട്ടികൾക്കും ഇത്തരം സംഘങ്ങളുള്ളതായി കാണുന്നു. ഡിലിങ് ക്വന്റ് സംഘങ്ങൾക്ക് സ്ഥിരത കുറവാണ്. ഇവയുടെ നേതൃത്വം പലപ്പോഴും മാറിമാറി വരുന്നു. അംഗങ്ങളുടെ പദവികളും ചുമതലകളും ഇടയ്ക്കിടയ്ക്ക് മാറാറുമുണ്ട്.

തീവ്രമായ വൈകാരികസമ്മർദം ഡിലിങ്ക്വൻസിക്കിടയാക്കാം. ഉദാ. മാതാവിന്റെയോ പിതാവിന്റെയോ മരണം, കുടുംബജീവിതത്തിന്റെ തകർച്ച മുതലായ സംഭവങ്ങൾ ചില സന്ദർഭങ്ങളിൽ ഇളംപ്രായക്കാരെ കുറ്റകൃത്യങ്ങളിലേക്കു നയിക്കാറുണ്ട്. ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിന് ക്ഷതമേല്പിക്കുന്ന ഏതനുഭവവും ഡിലിങ് ക്വൻസിക്കിടയാക്കാം.

സിനിമയിലും മറ്റു മാധ്യമങ്ങളിലുമുള്ള ഹിംസയുടെ അതിപ്രസരവും കൗമാരപ്രായക്കാരെ ഡിലിങ് ക്വന്റുകളാക്കാമെന്നു ചില മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. എന്നാൽ മാധ്യമങ്ങൾ കുറ്റകൃത്യങ്ങൾ ചെയ്യുവാൻ ആരെയും പ്രേരിപ്പിക്കുന്നില്ല എന്നും, കുറ്റവാസനയുള്ളവരുടെ പ്രവർത്തനരീതികൾ തുറന്നു കാട്ടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അഭിപ്രായമുണ്ട്.

ഡിലിങ് ക്വൻസി നിയന്ത്രണം

തിരുത്തുക

വിദഗ്ദ്ധരായ പരിശീലകരും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള പുനരധിവാസ കേന്ദ്രങ്ങളും ഡിലിങ് ക്വന്റുകളുടെ സ്വഭാവപരിഷ്കരണത്തിനും പുനരധിവാസത്തിനും വളരെയധികം ഗുണം ചെയ്യും. പ്രതികൂലമായ ചുറ്റുപ്പാടുകളിൽ നിന്നു മാറിനിൽക്കാനും ലോകത്തേയും, തങ്ങളെത്തന്നേയും കൂടുതൽ മനസ്സിലാക്കാനുമുള്ള അവസരം ഇവർക്ക് പുനരധിവാസകേന്ദ്രങ്ങളിൽ ലഭിക്കുന്നു. ഇവിടെ ഇവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുവാനും, തൊഴിൽ പരിശീലനം നേടുവാനും ഉള്ള സൗകര്യവും ലഭ്യമാണ്. മനഃശാസ്ത്രപരമായ ഉപബോധനം, സംഘചികിത്സ എന്നിങ്ങനെ പല മാർഗങ്ങളും ഇവരുടെ സ്വഭാവപരിഷ്കരണത്തിനായി അവലംബിക്കാൻ സാധിക്കും. ഇവരുടെ മാതാപിതാക്കൾക്കും ഉപബോധനം നൽകുന്നുണ്ട്. കുട്ടികളുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുവാൻ പര്യാപ്തമായ പരിചരണമാണ് പുനരധിവാസകേന്ദ്രങ്ങളിൽ നൽകേണ്ടത്.

ചില രാജ്യങ്ങളിൽ ജൂവനൈൽ കോടതികൾ ബാലകുറ്റവാളികൾക്ക് പ്രൊബേഷൻ (probation) അനുവദിക്കുന്നുണ്ട്. പ്രൊബേഷൻ കാലയളവിൽ, ഒരു പ്രത്യേക ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ബാലകുറ്റവാളിയെ പുനരധിവസിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇന്ത്യയിൽ 1986-ൽ നിലവിൽ വന്ന 'ജൂവനൈൽ ജസ്റ്റിസ് ആക്റ്റ്' (Juvenile Justice Act) ആണ് ബാലകുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗരേഖയായി സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ ഡിലിങ് ക്വന്റുകൾക്കായി 'ഗവൺമെന്റ് സ്പെഷ്യൽ ഹോമു'കൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഇവർക്ക് വ്യത്യസ്ത തൊഴിലുകളിൽ പരിശീലനം നൽകുകയും, സാമൂഹ്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടുവാനുതകുന്ന കർമപരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്തുവരുന്നു.

ഡിലിങ് ക്വൻസി തടയുന്നതിനായി ചേരിനിർമാർജ്ജനം അത്യന്താപേക്ഷിതമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസസൗകര്യങ്ങൾ നൽകുക, ഒരു തൊഴിൽ കണ്ടെത്തുവാൻ അവരെ സഹായിക്കുക എന്നീ നടപടികളും ആവശ്യമാണ്. ഭരണകർത്താക്കളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും സർവോപരി മാതാപിതാക്കളുടെയും സംഘടിതമായ ശ്രമത്തിലൂടെ മാത്രമേ ഡിലിങ് ക്വൻസി ഫലപ്രദമായി നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളൂ.

  1. ഫാ. തോമസ് കുഴിനാപ്പുറത്ത്, ഭാഷാതിലകം, കേരള സർ‌വകലാശാല, 1998, പേജ്, 146
  2. J. C. Marfatia, Indian Journal of Social Work, Vol. XXX, No. 1, 1969, p.1
  3. Time Magazine May 10, 1999
  4. D. Ganguly and A. K. Maitra, Indian Journal of Social Work, Vol. XXVII, No. 2, 1966, p.206


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിലിങ് ക്വൻസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കൗമാരക്കുറ്റവാസന&oldid=4141922" എന്ന താളിൽനിന്ന് ശേഖരിച്ചത്