ഫ്രാൻസിലെ അവിഞ്ഞോൺ നഗരത്തിൽ മാർപ്പാപ്പാമാർ ചെലവഴിച്ച 67 വർഷക്കാലത്തെ "ബാബിലോൺ പ്രവാസത്തിന്റെ" സമാപ്തിയെ തുടർന്ന് 1378 മുതൽ 39 വർഷക്കാലം റോമൻ കത്തോലിക്കാസഭയിൽ നിലനിന്നിരുന്ന പിളർപ്പിന് അറുതിവരുത്താൻ തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ കോൺസ്റ്റൻസ് നഗരത്തിൽ 1414 മുതൽ 1418 വരെ ചേർന്ന സാർവത്രികസഭാസമ്മേളനമാണ് കോൺസ്റ്റൻസ് സൂനഹദോസ് എന്നറിയപ്പെടുന്നത്. മാർപ്പാപ്പാ സ്ഥാനത്തിന് അന്നുണ്ടായിരുന്ന മൂന്ന് അവകാശവാദികളേയും സ്ഥാനഭ്രഷ്ടരാക്കിയ സൂനഹദോസ് മാർട്ടിൻ അഞ്ചാമനെ മാർപ്പാപ്പയായി തെരഞ്ഞെടുത്തു.

Council of Constance
Date1414–1418
Accepted byCatholic Church
Previous council
Vienne
Next council
Convoked byAntipope John XXIII, confirmed by Pope Gregory XII
Attendance600
TopicsWestern Schism
Documents and statements
Deposition of John XXIII and Benedict XIII, condemnation of Jan Hus, election of Martin V
Chronological list of ecumenical councils

ഒട്ടേറെ ധാർമ്മിക, രാഷ്ട്രീയ, സാമൂഹ്യസമസ്യകളിൽ തീരുമാനം കല്പിച്ച സൂനഹദോസ്, സഭയിൽ വിശ്വാസിസമൂഹത്തിനും മാർപ്പാപ്പായ്ക്കുമിടയിലുള്ള അധികാരസന്തുലനത്തെ നിർവചിക്കാൻ നടത്തിയ ശ്രമത്തിന്റെ പേരിലും അറിയപ്പെടുന്നു. വിശ്വാസിസമൂഹത്തിന്റെ പ്രതിനിധിയോഗങ്ങളായ സൂനഹദോസുകളുടെ അധികാരം മാർപ്പാപ്പാമാർക്കു മേലാണെന്ന 'കൺസിലിയർ' പക്ഷമാണ് ഈ സമ്മേളനത്തിന്റെ നടപടികളിൽ മുന്നിട്ടുനിന്നത്. ഇംഗ്ലീഷ് നവീകരണവാദി ജോൺ വിക്ലിഫിന്റെ ആശയങ്ങൾ ബൊഹീമിയയിൽ പ്രചരിപ്പിച്ചിരുന്ന ജോൺ ഹസിനെ വേദവിപരീതക്കാരനായി വിധിച്ചു വധശിക്ഷ നൽകിയതും ഈ സൂനഹദോസിന്റെ നടപടികളിൽ പെടുന്നു.[1]

പശ്ചാത്തലം

തിരുത്തുക

പാശ്ചാത്യശീശ്മ എന്നറിയപ്പെടുന്ന പിളർപ്പിന്റെ കാലത്ത്, റോമിലും ഫ്രാൻസിന്റെ സ്വാധീനമേഖലയിലുള്ള അവിഞ്ഞോണിലുമായി രണ്ടു മാർപ്പാപ്പാമാർ വാണിരുന്നു. റോമിലെ ഗ്രിഗോരിയോസ് പന്ത്രണ്ടാമനേയും അവിഞ്ഞോണിലെ ബെനഡിക്ട് പതിമൂന്നാമനേയും ഒരേസമയം സ്ഥാനത്യാഗം ചെയ്യിച്ചു പ്രശ്നം പരിഹരിക്കാൻ നടന്ന ശ്രമങ്ങൾ വിജയിക്കാതിരുന്നതിനെ തുടർന്ന് ഇരുപക്ഷത്തേയും കർദ്ദിനാളന്മാരിൽ ചിലർ സംയുക്തമായി, 1409-ൽ ഇറ്റലിയിലെ പിസാ നഗരത്തിൽ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടി. പരമാദ്ധ്യക്ഷതലത്തിൽ സഭക്ക് നഷ്ടപ്പെട്ടിരുന്ന ദിശാബോധം പുനഃസ്ഥാപിക്കാനുള്ള അധികാരവും ചുമതലയും സഭാസമൂഹത്തിനാണെന്ന വാദമായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത്. സഭാസമൂഹത്തിന്റെ അധികാരം മാർപ്പാപ്പാമാർക്കു മേലാണെന്നു കരുതിയ 'കൺസിലിയർ' മുന്നേറ്റത്തിന്റെ സ്വാധീനവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു.

പിസായിലെ സമ്മേളനം അലക്സാണ്ടർ അഞ്ചാമനെ പുതിയ മാർപ്പാപ്പ ആയി തെരഞ്ഞെടുത്തെങ്കിലും ഗ്രിഗോരിയോസ് പന്ത്രണ്ടാമനും ബെനഡിക്ട് പതിമൂന്നാമനും സ്ഥാനമൊഴിയാൻ വിസമ്മതിച്ചതിനാൽ മൂന്നു മാർപ്പാപ്പാമാർ എന്ന നിലയിൽ ഭിന്നത കൂടുതൽ സങ്കീർണ്ണമായതേയുള്ളു. പ്രശ്നത്തിന്റെ ശാശ്വതപരിഹാരത്തിനായി ഉടൻ ഒരു സാർവത്രികസൂനഹദോസ് വിളിച്ചുകൂട്ടാനും പിസായിലെ സമ്മേളനം അവിടെ തെരഞ്ഞെടുക്കപ്പെട്ട മാർപ്പാപ്പയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലക്സാണ്ടർ അഞ്ചാമൻ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായിത്തീർന്ന ജോൺ ഇരുപത്തിമൂന്നാമൻ, പുരോഹിതനായിരുന്നെങ്കിലും രാജനൈതിക, സൈനികപശ്ചാത്തലമുള്ളവനും ദുഷ്പേരുള്ളവനും[൧] കൗശലക്കാരനുമായിരുന്നു. സൂനഹദോസിന്റെ തുടക്കം താമസിപ്പിക്കാൻ അദ്ദേഹം കഴിയുന്നത്ര ശ്രമിച്ചു. ഒടുവിൽ വിശുദ്ധറോമാ സാമ്രാട്ട് സിഗിസ്മണ്ടിന്റെ സമ്മർദ്ദം മൂലം പുതിയ സൂനഹദോസ് വിളിച്ചുകൂട്ടാൻ ജോൺ ഇരുപത്തിമൂന്നാമൻ നിർബ്ബന്ധിതനായി.

സമ്മേളനം

തിരുത്തുക

സിഗിസ്മണ്ടിന്റെ ഭരണസീമയിൽ തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ കോൺസ്റ്റൻസ് നഗരമാണ് സൂനഹദോസിന്റെ വേദിയായത്. 1414 നവംബർ 5-ന് ജോൺ ഇരുപത്തിമൂന്നാമൻ, സൂനഹദോസ് ഔപചാരികമായി തുറന്നു. എന്നാൽ സമ്മേളനം തനിക്കെതിരെ തിരിയുമെന്നുറപ്പായപ്പോൾ അദ്ദേഹം കോൺസ്റ്റൻസിൽ നിന്ന് ഒളിച്ചോടി. സൂനഹദോസിനു താൻ നേരത്തേ നൽകിയ സഹകരണം നിർബ്ബന്ധത്തിനു വഴങ്ങി ആയിരുന്നെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാർപ്പാപ്പായുടെ തിരോധാനത്തെ തുടർന്ന് അദ്ദേഹത്തിന്റെ അഭാവത്തിൽ സൂനഹദോസ് തുടരാനാകുമോയെന്ന സംശയം ഉയർന്നെങ്കിലും തുടരാമെന്ന് ഒടുവിൽ തീരുമാനമായി. അയ്യായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളം, പാശ്ചാത്യക്രിസ്തീയതയുടെ ചരിത്രത്തിൽ അന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലുതായിരുന്നു. സൂനഹദോസ് 1415 ഏപ്രിൽ 6-ന് പുറപ്പെടുവിച്ച പ്രസ്താവന, വിശ്വാസിസമൂഹത്തിന്റെ അധികാരം മാർപ്പാപ്പാമാർക്കു മേലാണെന്ന 'കൺസിലിയർ' സിദ്ധാന്തത്തിന്റെ ഈ വിധമുള്ള പ്രഘോഷണമായിരുന്നു:

ജോൺ ഇരുപത്തിമൂന്നാമനെതിരെ ആരോപണങ്ങളുടെ ഒരു പരമ്പര ഉന്നയിച്ച സൂനഹദോസ്, അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനായി പ്രഖ്യാപിച്ചു. ഗത്യന്തരമില്ലാതെ സ്ഥാനത്യാഗം ചെയ്ത അദ്ദേഹത്തെ സൂനഹദോസ് സമാപിക്കുന്നതു വരെ ഹീഡൽബർഗ്ഗിലെ കോട്ടയിൽ തടവിലിട്ടു.[3] സൂനഹദോസിന്റെ തീരുമാനത്തിനു വഴങ്ങി റോമിൽ ഗ്രിഗോരിയോസ് പന്ത്രണ്ടാമൻ മാർപ്പാപ്പയും സ്ഥാനത്യാഗം ചെയ്തു. അവിഞ്ഞോൺപക്ഷത്തെ ബെനഡിക്ട് പതിമൂന്നാമൻ മാത്രം അധികാരമൊഴിയാൻ വിസമ്മതിച്ചു. കാര്യമായ പിന്തുണയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജീവിതാവസാനം വരെ അദ്ദേഹം മാർപ്പാപ്പാ ആയി സ്വയം കരുതി. സൂനഹദോസാകട്ടെ, 1417 നവംബർ മാസം, റോമിലെ ഒരു പുരാതനകുടുംബത്തിലെ അംഗമായിരുന്ന കർദ്ദിനാൾ ഒഡോൺ കൊളോണയെ മാർപ്പാപ്പ ആയി തെരഞ്ഞെടുത്തു. അദ്ദേഹം മാർട്ടിൻ അഞ്ചാമൻ എന്ന പേരിൽ അധികാരമേറ്റതോടെ പാശ്ചാത്യശീശ്മ അവസാനിച്ചു. തുടർന്ന്, നഗരം ഭീഷണമായ പ്ലേഗുബാധയുടെ നിഴലിലായിരിക്കെ 1418 ഏപ്രിൽ മാസം കോൺസ്റ്റൻസിലെ സൂനഹദോസ് സമാപിച്ചു.[2]

സൂനഹദോസ് കൈക്കൊണ്ട മറ്റൊരു തീരുമാനം ബൊഹീമിയായിൽ ഇംഗ്ലീഷ് നവീകരണവാദി ജോൺ വിക്ലിഫിന്റെ അനുയായി ആയിരുന്ന ജോൺ ഹസിനു നൽകിയ വധശിക്ഷയാണ്. സുരക്ഷാവാഗ്ദാനം നൽകി കോൺസ്റ്റൻസിൽ വിളിച്ചുവരുത്തിയ ഹസ്സിനെ വാഗ്ദാനം ലംഘിച്ചു ചുട്ടുകൊല്ലുകയാണു ചെയ്തത്. വിക്ലിഫ് നേരത്തേ മരിച്ചു സംസ്കരിക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തെ ശിക്ഷിക്കുക സാദ്ധ്യമല്ലായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അസ്ഥികൾ മാന്തിയ���ടുത്ത് ചുട്ടെരിക്കാനും സൂനഹദോസ് ഉത്തരവിട്ടു.[4]

വിലയിരുത്തൽ

തിരുത്തുക

മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തിലെ സുപ്രധാനസംഭവങ്ങളിലൊന്നാണ് കോൺസ്റ്റൻസിലെ സൂനഹദോസ്. വലിപ്പം മാത്രം പരിഗണിച്ചാലും അത് പാശ്ചാത്യസഭയിൽ അതിനു മുൻപു നടന്ന സൂനഹദോസുകളെയെല്ലാം അതിലംഘിക്കുന്നു. സൂനഹദോസ് നടക്കുമ്പോൾ നഗരത്തിലെ ദിനവൃത്താന്തകൻ (chronicler) ആയിരുന്ന ഉൾറിക്ക് റിച്ചെന്റൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, ഈ സമ്മേളനവുമായി ബന്ധപ്പെട്ട് കോൺസ്റ്റൻസിൽ എത്തിയവരുടെ സംഖ്യ ഏതാണ്ട് ഈവിധമായിരുന്നു:-

  • രണ്ടു മാർപ്പാപ്പാമാർ
  • 5 പാത്രിയർക്കീസുമാർ
  • 33 കർദ്ദിനാളന്മാർ
  • 47 മെത്രാപ്പോലീത്തമാർ
  • 145 മെത്രാന്മാർ
  • 93 സഹായമെത്രാന്മാർ
  • 132 ആശ്രമാധിപന്മാർ
  • 155 പ്രിയോർമാർ
  • 217 വേദപാരംഗതന്മാർ
  • 361 നിയമജ്ഞന്മാർ
  • 5,300 സാധാരണവൈദികർ.

ഇവർക്കൊക്കെ പുറമേ കച്ചവടക്കാരും പീടികക്കാരും പണിക്കാരും പാട്ടുകാരും നടന്മാരുമായി 3000-ൽ ഏറെപ്പേരും, "വാടക കൊടുത്തു താമസിച്ചവരായി തന്നെ 700-ൽ അധികം വേശ്യകളും" സൂഹനദോസ് പ്രമാണിച്ചു കോൺസ്റ്റൻസിൽ എത്തിയെന്നു പറയുന്ന അദ്ദേഹം, വാടക കൊടുക്കാതെ താസിച്ചവരുടെ കണക്കു തിട്ടപ്പെടുത്തുക വയ്യെന്നും പറയുന്നു.[2][5][൨]

സൂനഹദോസിന്റെ ശ്രമഫലമായി പാശ്ചാത്യക്രിസ്തീയതയിലെ ശൈഥില്യം അവസാനിച്ചെങ്കിലും, മാർപ്പാപ്പാമാരുടെ 67 വർഷക്കാലത്തെ അവിഞ്ഞോൺ വാഴ്ചയും 39 വർഷം ദീർഘിച്ച പാശ്ചാത്യശീശ്മയും, മതപരമായ അധികാരസ്ഥാനങ്ങൾക്ക് സാമാന്യജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ബഹുമാന്യത കുറച്ച്, ഒരു നൂറ്റാണ്ടിനു ശേഷമുണ്ടായ പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു വഴിയൊരുക്കി.[6][7] സഭയിലെ വിഭജനം അവസാനിപ്പിക്കുന്നതിൽ സൂനഹദോസ് വിജയിച്ചെങ്കിലും, സഭാസമ്മേളനങ്ങളുടെ അധികാരം മാർപ്പാപ്പായുടെ പരമാധികാരത്തിനു മേലാണെന്ന സൂനഹദോസിന്റെ 'കൺസിലിയർ' വാദത്തെ, കോൺസ്റ്റൻസിൽ തെരഞ്ഞെടുക്കപ്പെട്ട മാർട്ടിൻ അഞ്ചാമൻ മാർപ്പാപ്പായോ അനന്തരഗാമികളോ അംഗീകരിച്ചില്ല. അതിനാൽ ശീശ്മ അവസാനിച്ചപ്പോൾ, മാർപ്പാപ്പായുടെ അധികാരം സൂനഹദോസുകൾക്കു മേലാണെന്ന നില പുനഃസ്ഥാപിക്കപ്പെട്ടു. കോൺസ്റ്റൻസിലെ സഭാപിതാക്കന്മാരിൽ ജീൻ ഗെർസോണെപ്പോലെ വലിയൊരു ഭാഗം 'കൺസിലിയർ' സിദ്ധാന്തത്തെ പിന്തുണച്ചിരുന്നെങ്കിലും, മാർപ്പാപ്പ സ്ഥാനത്തിന്റെ കേന്ദ്രീകൃതസ്വഭാവം പുനഃസ്ഥാപിച്ച അവർ 'കൺസിലിയർ' മുന്നേറ്റത്തിന്റെ അന്ത്യം ഉറപ്പാക്കുകയാണു ചെയ്തത്.

സൂനഹദോസിന്റെ നടപടികളിൽ ഏറ്റവും വിമർശിക്കപ്പെട്ടിട്ടുള്ളത്, ബൊഹീമിയായിൽ ഇംഗ്ലീഷ് നവീകരണവാദി ജോൺ വിക്ലിഫിന്റെ അനുയായി ആയിരുന്ന ജോൺ ഹസ്സിനെ സുരക്ഷാവാഗ്ദാനത്തിൽ വിളിച്ചു വരുത്തി നൽകിയ വധശിക്ഷയാണ്. അതിനകം മരിച്ചിരുന്ന വിക്ലിഫിന്റെ അസ്ഥികൾ കുഴിച്ചെടുത്തു ചുട്ടുകരിക്കാനുള്ള ഉത്തരവും സൂനഹദോസ് നൽകി. കോൺസ്റ്റൻസിലെ 'കൺസിലിയർപക്ഷം' തങ്ങളുടെ യാഥാസ്ഥിതികത ആരും സംശയിക്കാതിരിക്കാനാവാം ഈ അരുംചെയ്തികൾ നടപ്പാക്കിയതെന്ന് ബെർട്രാൻഡ് റസ്സൽ നിരീക്ഷിക്കുന്നു.[4]

കുറിപ്പ്

തിരുത്തുക

^ "The Conciliar Pope was a notorious ruffian."[4]

^ സാധാരണഗതിയിൽ 6000-ത്തിനടുത്ത് ജനസംഖ്യയുള്ള പട്ടണമായിരുന്നു കോൺസ്റ്റൻസ് എന്നു വിൽ ഡുറാന്റ് പറയുന്നു.[3]

  1. കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 666-69)
  2. 2.0 2.1 2.2 Constance and its Aftermath: The Legacy of Conciliar Theory, River Campus Libraries, University of Rochester
  3. 3.0 3.1 വിൽ ഡുറാന്റ്, 'നവോത്ഥാനം', സംസ്കാരത്തിന്റെ കഥ, അഞ്ചാം ഭാഗം (പുറങ്ങൾ 361-67)
  4. 4.0 4.1 4.2 ബെർട്രാൻഡ് റസ്സൽ, "The Eclipse of The Papacy" പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം, (പുറം 483)
  5. Cristoraul.com, MANDELL CREIGHTON, THE COUNCIL OF CONSTANCE (1414-18)[പ്രവർത്തിക്കാത്ത കണ്ണി], (അദ്ധ്യായം I)
  6. ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനം, അദ്ധ്യായം 70 (പുറം 231)
  7. എച്ച്.ജി.വെൽസ്, Recalcitrannt Princes and the Great Schism, എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ് (അദ്ധ്യായം 47)
"https://ml.wikipedia.org/w/index.php?title=കോൺസ്റ്റൻസ്_സൂനഹദോസ്&oldid=3910578" എന്ന താളിൽനിന്ന് ശേഖരിച്ചത്