കുതിരാൻമല ധർമ്മശാസ്താക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിൽ കുതിരാൻ മലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കുതിരാൻമല ധർമ്മശാസ്താക്ഷേത്രം. പഴയ തൃശ്ശൂർ-പാലക്കാട് റോഡിന്റെ (ദേശീയപാത 544) തെക്കുവശത്ത് തൃശ്ശൂരിൽ നിന്ന് 18 കിലോമീറ്ററും പാലക്കാട്ടുനിന്ന് 50 കിലോമീറ്ററും ദൂരം മാറി കിഴക്കോട്ട് ദർശനമായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ കുതിരപ്പുറത്ത് ഉപവിഷ്ഠനായ ധർമ്മശാസ്താവാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ പരമശിവനും ഉപദേവതകളായി ഗണപതി, സരസ്വതി, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, മാളികപ്പുറത്തമ്മ, ഭുവനേശ്വരി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, കിരാതമൂർത്തി, കിരാതി എന്നിവരും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ദേശീയപാത വഴി പോകുന്ന ഭക്തർ അപകടങ്ങൾ പറ്റാതിരിയ്ക്കാനും മറ്റുമായി ഇവിടെ തൊഴുകുകയും സാധിയ്ക്കാത്തവർ ക്ഷേത്രത്തിലേയ്ക്ക് നാണയം വലിച്ചെറിയുകയും ചെയ്യുന്നു. ശബരിമല തീർത്ഥാടനകാലത്ത് പാലക്കാട്ടുനിന്നും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയ്ക്ക് പോകുന്ന ഭക്തർ കുതിരാന്മല ശാസ്താവിനെ വണങ്ങി വഴിപാടുകൾ കഴിച്ചശേഷമാണ് യാത്ര നടത്തുന്നത്. മേടമാസത്തിൽ രോഹിണി ആറാട്ടായി നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. മണ്ഡലകാലത്ത് നിത്യവും അയ്യപ്പൻപാട്ട് പതിവുണ്ട്. പാമ്പുംകാട്ടിൽ എന്നുപേരുള്ള ഒരു കുടുംബത്തിന്റെ വകയുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
തിരുത്തുകക്ഷേത്രം ഭാരവാഹികളായ പാമ്പുംകാട്ടിൽ കുടുംബത്തിലെ ഒരു പൂർവ്വികനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. ധർമ്മശാസ്താവിന്റെ പരമഭക്തനായിരുന്ന അദ്ദേഹം ഒരിയ്ക്കൽ സ്വന്തം കുതിരയുടെ പുറത്തുകയറി കുതിരാൻ വഴി യാത്രചെയ്യുകയായിരുന്നു. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിനടുത്തുകൂടെ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷീണിച്ച് അവശനായ അദ്ദേഹം അടുത്തുകണ്ട നീരുറവയിൽ കുളിയ്ക്കാനിറങ്ങി. തന്റെ കുതിരയെ അടുത്തുകണ്ട ഒരു മരത്തിൽ കെട്ടിയിട്ട ശേഷമാണ് അദ്ദേഹം കുളിയ്ക്കാനിറങ്ങിയത്. കുളി കഴിഞ്ഞ് അല്പസമയം വിശ്രമിച്ച അദ്ദേഹം തുടർന്ന് കുതിരയെ മരത്തിൽ നിന്നിറക്കി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും കുതിര ഒരടി അനങ്ങുന്നുണ്ടായിരുന്നില്ല. കുതിര നിന്ന നില്പിൽ തന്നെ ഒരു സ്ഥലത്തേയ്ക്ക് നോക്കിയിരിയ്ക്കുന്നതായാണ് അദ്ദേഹം കണ്ടത്. അവസാനം ഏറെ നേരം ശ്രമിച്ചശേഷമാണ് അദ്ദേഹത്തിന് കുതിരയെ അനക്കാൻ സാധിച്ചത്.
അന്നുരാത്രി കാരണവർക്ക് അശ്വാരൂഢനായ ശാസ്താവിന്റെ സ്വപ്നദർശനമുണ്ടായി. കുതിര നോക്കിയിരുന്ന സ്ഥലത്ത് തന്റെ സാന്നിദ്ധ്യമുണ്ടെന്നും അതുകൊണ്ടാണ് അത് ഒരടി അനങ്ങാതിരുന്നതെന്നും സ്വപ്നത്തിൽ ശാസ്താവ് അരുളിചെയ്തു. പണ്ട്, കേരളസ്രഷ്ടാവായ പരശുരാമൻ, പെരുവനം ഗ്രാമത്തിന്റെ രക്ഷയ്ക്കായി തന്നെ നാലിടത്ത് കുടിയിരുത്തിയെന്നും അവയിൽ കിഴക്കുഭാഗത്തുള്ള സ്ഥലത്തേയ്ക്കാണ് കുതിര നോക്കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിറ്റേന്ന് ഗ്രാമവാസികൾക്കൊപ്പം കാട്ടിലെത്തിയ കാരണവർ, കുതിരയുടെ ദർശനം വന്നുപതിച്ച സ്ഥലത്തെ ഒരു മരത്തിൽ അശ്വാരൂഢശാസ്താവിനെ സങ്കല്പിച്ച് പൂജകൾ നടത്തി. കുതിര കയറാൻ മടിച്ചുനിന്ന മല, കുതിരകേറാമല എന്ന് അറിയപ്പെടാൻ തുടങ്ങി. ഇതാണ് പിന്നീട് കുതിരാൻമല എന്ന് ലോപിച്ചത്. പിൽക്കാലത്ത് ഇവിടെ അശ്വാരൂഢശാസ്താവിന് ക്ഷേത്രം പണിയാൻ പാമ്പുംകാട്ടിൽ കുടുംബത്തിലെ പിന്മുറക്കാർ തീരുമാനിയ്ക്കുകയും അതനുസരിച്ച് ക്ഷേത്രം പണിയുകയുമായിരുന്നു. ഇപ്പോൾ നിത്യേന ആയിരക്കണക്കിന് ഭക്തർ ഇവിടെ വരാറുണ്ട്. ദേശീയപാത വഴി കടന്നുപോകുന്ന ആളുകൾ സാധിയ്ക്കുന്ന പക്ഷം ഇവിടെ കയറി ദർശനം നടത്തിയേ പോകാറുള്ളൂ.
സ്ഥലനാമത്തെക്കുറിച്ച് മറ്റൊരു ഐതിഹ്യമുണ്ട്: സ്വാതന്ത്ര്യത്തിനുമുമ്പ് കൊച്ചി രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും അടക്കമുള്ള പല പ്രമുഖരും പാലക്കാട്ടേയ്ക്കും മറ്റും യാത്രകൾ ധാരാളമായി നടത്തിയിരുന്ന വഴിയായിരുന്നു ഇത്. അധികവും കുതിരപ്പുറത്തായിരിയ്ക്കും അവരുടെ യാത്ര. ആ സമയത്ത് ഇവിടെയെത്തുമ്പോൾ വളരെയധികം ബുദ്ധിമുട്ടിയാണ് കുതിരകൾ മല കയറുകയും ഇറങ്ങുകയും ചെയ്തിരുന്നതത്രേ. ഇതുമൂലം കുതിരകേറാമല എന്നറിയപ്പെട്ട സ്ഥലം, പിന്നീട് കുതിരാൻമല എന്നായി മാറുകയായിരുന്നു.
ക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകക്ഷേത്രപരിസരം
തിരുത്തുകകുതിരാൻമലയുടെ താഴ്വരയിൽ, പഴയ ദേശീയപാതയുടെ തെക്കുവശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എന്നാൽ, വടക്കുവശത്താണ് ക്ഷേത്രകവാടവും മറ്റ് സൗകര്യങ്ങളുമെല്ലാമുള്ളത്. റോഡിൽ നിന്ന് ഉയരെ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് കയറാൻ, അതുമൂലം പടിക്കെട്ടുകൾ പണിതിട്ടുണ്ട്. ശബരിമലയിലേതുപോലെ ഇവിടെയും പതിനെട്ടുപടികൾ തന്നെയാണ് പണികഴിപ്പിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. പടി കയറാൻ തുടങ്ങുന്നതിന് തൊട്ടുമുന്നിലായി ചെറിയൊരു മുഖപ്പിൽ രണ്ട് പ്രതിഷ്ഠകൾ കാണാം. പുലിപ്പുറത്തിരിയ്ക്കുന്ന അയ്യപ്പനും മാളികപ്പുറത്തമ്മയുമാണ് അവ. ക്ഷേത്രത്തിലെത്തുന്ന ഭക്തർ നാളികേരമുടയ്ക്കുന്നതും കാണിയ്ക്കയിടുന്നതും ഇവിടെയാണ്. 2020-21 കാലത്ത് ഇവിടെ വൻ തോതിൽ നവീകരണപ്രവർത്തനങ്ങൾ നടത്തപ്പെടുകയുണ്ടായി. അതനുസരിച്ച് ആകെമൊത്തം മാറിയ രൂപത്തിലാണ് ഇപ്പോൾ ക്ഷേത്രം കാണപ്പെടുന്നത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃകയിൽ പണിതീർത്ത ഭീമാകാരമായ കമാനവും, അതിനോടുചേർന്നുള്ള ഭീമാകാരമായ ദേവരൂപങ്ങളും ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ആകർഷിയ്ക്കുന്നു. മലേഷ്യയിലെ ബാത്തു ഗുഹയിലുള്ള ഭീമാകാരമായ സുബ്രഹ്മണ്യവിഗ്രഹത്തിന്റെ ഒരു തനിപ്പകർപ്പ് ഇവയിൽ ഏറെ ശ്രദ്ധേയമാണ്. കൂടാതെ, നന്ദിയുടെ പുറത്തിരിയ്ക്കുന്ന ശിവൻ, ദുർഗ്ഗാദേവി, അശ്വാരൂഢശാസ്താവ്, ഗണപതി തുടങ്ങിയ ഈശ്വരമൂർത്തികളുടെ രൂപങ്ങളും ഇവിടെ കാണാം.
നാലുഭാഗത്തും മലനിരകളാലും വനഭൂമിയാലും ചുറ്റപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് ക്ഷേത്രപരിസരം. തഴച്ചുവളർന്നുനിൽക്കുന്ന നിരവധി മരങ്ങൾ ക്ഷേത്രപരിസരത്തെ ഹരിതമയമാക്കുന്നു. ക്ഷേത്രത്തിലേയ്ക്ക് കയറുന്ന സ്ഥലത്ത് ഒരു അരയാൽ വൃക്ഷം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും വസിയ്ക്കുന്നു എന്നാണ് സങ്കല്പം. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. നിത്യവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. കൂടാതെ, തേക്ക്, വീട്ടി, മഹാഗണി, പാല തുടങ്ങി നിരവധി മരങ്ങൾ വേറെയും ക്ഷേത്രപരിസരത്ത് തഴച്ചുവളരുന്നുണ്ട്. മലയുടെ കിഴക്കേ ചരിവിലൂടെ മണലിപ്പുഴ ഒഴുകുന്നു. ക്ഷേത്രത്തിൽ നിന്ന് അല്പം തെക്കുമാറിയാണ് ദക്ഷിണേന്ത്യയിലെ ആദ്യ റോഡ് തുരങ്കമായ കുതിരാൻ തുരങ്കം സ്ഥിതിചെയ്യുന്നത്. കുതിരാൻ തുരങ്കം തുറക്കും മുമ്പ് ഗതാഗതക്കുരുക്കുകൾക്കും വാഹനാപകടങ്ങൾക്കും കുപ്രസിദ്ധമായിരുന്നു ക്ഷേത്രപരിസരം. ഇത്തരത്തിൽ പ്രശ്നങ്ങളിൽ പെടുന്നവർ, ക്ഷേത്രത്തിലേയ്ക്ക് നാണയം വലിച്ചെറിയുന്നത് പതിവായിരുന്നു. ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതും ഒരു പ്രശ്നമായിരുന്നു. തുരങ്കം തുറന്നതിനുശേഷം ഇപ്പറഞ്ഞ പ്രശ്നങ്ങൾ ഇല്ലാതായി. എന്നാൽ, ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് തുരങ്കത്തിൽ നിന്ന് അല്പദൂരം മാറി സഞ്ചരിയ്ക്കേണ്ടിവരും. കേരള സർക്കാർ വക സ്ഥാപനമായ വനവിജ്ഞാനകേന്ദ്രം സ്ഥിതിചെയ്യുന്നതും ക്ഷേത്രത്തിനടുത്തുതന്നെയാണ്.
കിരാതമൂർത്തിയും കിരാതിയും
തിരുത്തുകറോഡിന്റെ എതിർവശത്ത് ഒരല്പം താഴേയ്ക്കുമാറി സ്ഥിതിചെയ്യുന്ന തറയിലാണ് സ്വയംഭൂവായ കിരാതമൂർത്തിയുടെയും കിരാതിയുടെയും സാന്നിദ്ധ്യങ്ങൾ. മനുഷ്യരൂപത്തിലല്ലാത്ത വിഗ്രഹങ്ങളാണ് ഇരുവർക്കുമുള്ളത്. ആദിദ്രാവിഡ ആരാധനയുടെ പ്രതീകങ്ങളാണ് ഇവിടെ നടത്തിവരുന്ന ആരാധന എന്ന് പറയപ്പെടുന്നു. ആദ്യകാലത്ത് മലങ്കുറവനും കുറത്തിയുമായി സങ്കല്പിച്ചാണ് ഇവിടെ ആരാധന നടത്തിപ്പോന്നിരുന്നത്. അക്കാലത്തൊരിയ്ക്കൽ ദേശീയപാതയിൽ കുതിരാൻ ഭാഗത്ത് ���ാഹനാപകടങ്ങൾ പതിവായി സംഭവിയ്ക്കുകയും നിരവധി ആളുകൾ മരിയ്ക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ സ്ഥിരമായി ഉണ്ടാകാൻ തുടങ്ങി. ഇതിന് പരിഹാരമായി പ്രശ്നം വച്ചുനോക്കിയപ്പോഴാണ് ഈ മൂർത്തികളെ കിരാതമൂർത്തിയായും കിരാതിയായും സങ്കല്പിച്ച് ആരാധന നടത്തണമെന്ന് വിധിയുണ്ടായത്. അതനുസരിച്ച് ഇവർക്കായി പ്രത്യേകം പൂജാക്രമങ്ങൾ ചിട്ടപ്പെടുത്തിയെടുത്തു. ഇപ്പോൾ ഇരുവർക്കും ശനിയാഴ്ച ദിവസം വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു. കൂടാതെ, ക്ഷേത്രത്തിലെ ആറാട്ടുദിവസമായ മേടമാസത്തിലെ രോഹിണിനാളിൽ ഗുരുതിപൂജയും നടത്തപ്പെടുന്നു. കിരാതമൂർത്തിയുടെയും കിരാതിയുടെയും പൂജകൾ തുടങ്ങിയശേഷമാണ് ഇവിടെ അപകടങ്ങൾ കുറഞ്ഞുതുടങ്ങിയതെന്ന് ഭക്തജനങ്ങൾ വിശ്വസിയ്ക്കുന്നു.
മതിലകം
തിരുത്തുകവളരെ ചെറിയൊരു മതിലകമാണ് കുതിരാൻമല ക്ഷേത്രത്തിനുള്ളത്. അരയേക്കർ മാത്രം വിസ്തീർണ്ണം വരുന്ന ഈ ക്ഷേത്രത്തിന്റെ നാലുവശവും വനഭൂമിയാണ്. പടിക്കെട്ടുകൾ കയറി ക്ഷേത്രത്തിലെത്തുമ്പോൾ ആദ്യം കാണുന്നത് പരമശിവന്റെ ശ്രീകോവിലാണ്. പ്രധാനമൂർത്തിയായ ശാസ്താവിന് നൽകുന്ന അതേ പ്രാധാന്യമാണ് ഇവിടെ ശിവന്നും നൽകുന്നത്. കിഴക്കോട്ട് ദർശനമായി സ്വയംഭൂവായ ഒരു കൊച്ചുശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഈ ശിവലിംഗം ദിവസവും വളർന്നുവരുന്നുണ്ടെന്നാണ് സങ്കല്പം. ആദ്യകാലത്ത് പ്രകൃതിയിൽ തന്നെ ലയിച്ചുവാണിരുന്ന ശിവന് 2008-ലാണ് പുതിയ ശ്രീകോവിൽ പണിതത്. ഇവിടെ പടിക്കെട്ടുകൾ പണിതിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നിത്യവും മൂന്ന് പൂജകളും ധാരയടക്കമുള്ള അഭിഷേകങ്ങളും നിവേദ്യവും ശിവന് നൽകപ്പെടുന്നു. കൂടാതെ പ്രദോഷദിവസം സന്ധ്യയ്ക്ക് വിശേഷാൽ പൂജയും ശിവരാത്രിദിവസം രാത്രി നാല് യാമങ്ങളിലും യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. തിങ്കളാഴ്ചയാണ് ശിവന്റെ പ്രധാന ആരാധനാദിവസം. ശിവനെ തൊഴുത് പ്രദക്ഷിണമായി വരുമ്പോൾ വടക്കുകിഴക്കുഭാഗത്തുള്ള യോഗീശ്വരപ്രതിഷ്ഠ കാണാം. ക്ഷേത്രോത്പത്തിയ്ക്ക് കാരണക്കാരനായ പാമ്പുംകാട്ടിൽ തറവാട്ടിലെ കാരണവരെയാണ് യോഗീശ്വരനായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ''ഗോസായി സ്വാമി'' എന്നൊരു അപരനാമവും ഇവിടെ യോഗീശ്വരന്നുണ്ട്. 2019-ലാണ് ഇവിടെ യോഗീശ്വരനെ പ്രതിഷ്ഠിച്ചത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം. ശൈവ ഉപാസകനായിരുന്ന യോഗീശ്വരനെ ശിവനായി സങ്കല്പിച്ചാണ് പൂജകൾ നടത്തുന്നത്. യോഗീശ്വരന്റെ ശ്രീകോവിലിന് തെക്കുവശത്ത് മേൽക്കൂരയോടുകൂടിയ തറകളിൽ ബ്രഹ്മരക്ഷസ്സിന്റെയും ഭുവനേശ്വരീദേവിയുടെയും പ്രതിഷ്ഠകൾ കാണാം. രണ്ടുപേർക്കും രൂപങ്ങളില്ലാത്ത വിഗ്രഹങ്ങളാണ്. ഇവരെയെല്ലാം തൊഴുതശേഷമാണ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുന്നത്.
കിഴക്കേ നടയിൽ സാമാന്യം വലുപ്പമുള്ള ഒരു നടപ്പുര പണിതിട്ടുണ്ട്. ആദ്യം ആസ്ബസ്റ്റോസിൽ തീർത്ത നടപ്പുരയാണ് ഉണ്ടായിരുന്നത്. 2019-ലാണ് ഇവിടെ കരിങ്കല്ലിൽ തീർത്ത നടപ്പുര പണിതത്. ക്ഷേത്രത്തിൽ ചോറൂൺ, ഭജന, തുലാഭാരം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നത് ഇവിടെ വച്ചാണ്. നടപ്പുരയ്ക്കകത്തുതന്നെയാണ് ഭഗവദ്വാഹനമായ കുതിരയെ ശിരസ്സിലേറ്റുന്ന പിച്ചളക്കൊടിമരവും വലിയ ബലിക്കല്ലും പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. 2000-ലാണ് ഇവിടെ കൊടിമരം പ്രതിഷ്ഠിച്ചത്. അതിനുമുമ്പ് അടയ്ക്കാമരം കൊണ്ടുവന്ന് താത്കാലിക കൊടിമരം പണിതാണ് ഉത്സവം നടത്തിയിരുന്നത്. ഇവിടെ ശ്രീകോവിൽ ചെറുതായതിനാൽ വലിയ ബലിക്കല്ലിനും ഉയരം കുറവാണ്. തന്മൂലം, നടപ്പുരയിൽ നിന്നുതന്നെ ഭഗവദ്വിഗ്രഹം തെളിഞ്ഞുകാണാം. നടപ്പുരയുടെ തെക്കുകിഴക്കുഭാഗത്ത് വഴിപാട് കൗണ്ടർ പണിതിരിയ്ക്കുന്നു. ശബരിമലയിലെപ്പോലെ നെയ്യഭിഷേകം തന്നെയാണ് കുതിരാനിലും പ്രധാന വഴിപാട്. നിരവധി ഭക്തർ ഇവിടെ വന്ന് നെയ്യഭിഷേകം നടത്താറുണ്ട്. പണ്ടുകാലത്ത് ശബരിമലയിൽ പോകാൻ സാധിയ്ക്കാത്ത സ്ത്രീകൾ ഇരുമുടിക്കെട്ടുമായി ഇവിടെ വന്ന് നെയ്യഭിഷേകം കഴിച്ചുപോകാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. കൂടാതെ നീരാജനം, എള്ളുപായസം, നീലപ്പട്ട് ചാർത്തൽ, ശനിയാഴ്ചകളിൽ നടത്തിവരുന്ന ശനീശ്വരപുഷ്പാഞ്ജലിയും ശനീശ്വരഹോമവും തുടങ്ങിയവയും പ്രധാന വഴിപാടുകളിൽ പെടുന്നു.
വഴിപാട് കൗണ്ടറിനും കിഴക്കായി ഊട്ടുപുര പണികഴിപ്പിച്ചിരിയ്ക്കുന്നു. സാമാന്യം വലിയ ഊട്ടുപുരയാണ് ഇവിടെയുള്ളത്. എല്ലാദിവസവും രാവിലെ പതിനൊന്നുമണിയ്ക്ക് ക്ഷേത്രത്തിൽ വിശേഷാൽ അന്നദാനം നടത്തിവരുന്നു. പായസത്തോടുകൂടിയ വിഭവസമൃദ്ധമായ സദ്യയാണ് ഇവിടെ വിളമ്പുന്നത്. ഇത് കഴിയ്ക്കാനായി നിരവധി ഭക്തർ ഇവിടെ എത്തിച്ചേരാറുണ്ട്. ഇതിനടുത്തായി ഒരു ചെറിയ വാട്ടർ ടാങ്കും കാണാം. അത് തെക്കുപടിഞ്ഞാറേമൂലയിൽ ചെറിയൊരു പാലമരത്തിന്റെ തണലിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠ കാണാം. നാഗരാജാവായ വാസുകിയും നാഗയക്ഷിയും ചിത്രകൂടവുമടങ്ങുന്ന ചെറിയൊരു തറയാണ് ഇവിടെ നാഗദൈവങ്ങൾക്കുള്ളത്. നാഗദോഷപ്രീതിയ്ക്കായി ഇവിടെ നിത്യവും നൂറും പാലും നിവേദ്യം നടത്തപ്പെടുന്നുണ്ട്. കൂടാതെ, എല്ലാ മാസവും ആയില്യം നക്ഷത്രത്തിൽ വിശേഷാൽ നാഗപൂജയും കന്നി, തുലാം എന്നീ മാസങ്ങളിലെ ആയില്യത്തിന് സർപ്പബലിയും നടത്തിവരുന്നുണ്ട്.
ശ്രീകോവിൽ
തിരുത്തുകസമചതുരാകൃതിയിൽ നിർമ്മിച്ച ഒരു ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിലേത്. ഒരു നില മാത്രമുള്ള ഈ ശ്രീകോവിൽ പൂർണ്ണമായും കരിങ്കല്ലിൽ കൊത്തിയതാണ്. ഇതിന്റെ മേൽക്കൂര തമിഴ് ശൈലിയിലാണ് കാണപ്പെടുന്നത്. മുകളിൽ ഒരു സ്വർണ്ണത്താഴികക്കുടം കാണാം. ഇതിനകത്ത��� ഒരു മുറിയേയുള്ളൂ. അവിടെയാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം മൂന്നടി ഉയരം വരുന്ന അശ്വരാരൂഢശാസ്താവിന്റെ ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. രണ്ടുകൈകളോടുകൂടിയ ഭഗവാൻ, വലതുകയ്യിൽ അമ്പും ഇടതുകയ്യിൽ വില്ലും പിടിച്ചിരിയ്ക്കുന്നു. ഒരുവശത്തേയ്ക്ക് യാത്രചെയ്യുന്ന രൂപത്തിലാണ് ഭഗവാനെ കാണാൻ സാധിയ്ക്കുന്നത്. കുതിരപ്പുറത്ത് ഇരിയ്ക്കുന്ന ഭാവമായതിനാൽ ശാസ്താവിന്റെ ഒരു കാൽ കാണാൻ സാധിയ്ക്കില്ല. കുതിരയാണെങ്കിൽ മുന്നോട്ട് നടക്കുന്ന രൂപത്തിലാണ് കാണപ്പെടുന്നത്. ഒരു രക്ഷകന്റെ എല്ലാ രൂപഭാവങ്ങളോടും കൂടി കുതിരപ്പുറത്തിരുന്ന് യാത്ര ചെയ്യുന്ന ഭഗവാൻ, ഭക്തർക്ക് ആനന്ദം നൽകി ശ്രീലകത്ത് വാഴുന്നു.
ശ്രീകോവിൽ, തികച്ചും ലളിതമായ നിർമ്മിതിയാണ്. നയനാനന്ദം നൽകുന്ന ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും ഇതിന്റെ ചുവരുകളെ അലങ്കരിയ്ക്കുന്നില്ല. എന്നാൽ, സാധാരണ ശ്രീകോവിലുകളിലേതുപോലുള്ള ചില കരിങ്കൽ രൂപങ്ങൾ ഇവിടെ കാണാം. അകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും പതിവുപോലെ ദ്വാരപാലകരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നേരിട്ട് കയറാൻ പറ്റുന്ന രീതിയിലാണ് ഇവിടെ സോപാനപ്പടികൾ പണിതിരിയ്ക്കുന്നത്. സോപാനപ്പടികളും വാതിൽപ്പാളിയും പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. വടക്കുവശത്ത് ഓവ് കാണാം. അഭിഷേകം ചെയ്യുന്ന ജലം, പാൽ, നെയ്യ് മുതലായ ദ്രവ്യങ്ങൾ ഇതിലൂടെ ഒഴുകിപ്പോകുന്നു.
നാലമ്പലം
തിരുത്തുകശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന ചെറിയൊരു നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ പണിതീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിയ്ക്കുകയാണ്. അകത്തേയ്ക്കുള്ള പ്രവേശനദ്വാരത്തിൽ ശാസ്താവിന്റെ എട്ട് അവതാരരൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നത് കാണാം. ഈ വാതിലുകളും സ്വർണ്ണം പൂശിയാണ് കാണപ്പെടുന്നത്. നാലമ്പലത്തിനകത്തേയ്ക്ക് കടക്കുന്ന വഴിയുടെ തെക്കുവശത്ത് ഹോമപ്പുരയും വടക്കുവശത്ത് വാദ്യപ്പുരയും സ്ഥിതിചെയ്യുന്നു. ഹോമപ്പുരയിൽ വച്ചാണ് വിശേഷാൽ പൂജകളും ഹോമങ്ങളും നടത്തപ്പെടുന്നത്. നിത്യവും രാവിലെയുള്ള ഗണപതിഹോമവും ശനിയാഴ്ചകളിൽ നടക്കുന്ന ശനീശ്വരഹോമവും അടക്കമുള്ള ഹോമങ്ങളിലൂടെ വരുന്ന സുഗന്ധപൂരിതമായ പുക ക്ഷേത്രാന്തരീക്ഷത്തെ മുഴുവൻ ശുദ്ധീകരിയ്ക്കുന്നു. വാദ്യപ്പുര പേര് സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രവാദ്യങ്ങൾ സൂക്ഷിയ്ക്കാനുള്ള സ്ഥലമാണ്. പൂജാസമയത്തൊഴികെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ ഇവിടെ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. ഇവിടെത്തന്നെയാണ് ഭക്തർ കൂട്ടം കൂടിയിരുന്ന് നാമജപം നടത്താറുള്ളതും. ശ്രീകോവിലിന്റെ തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.
നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന രണ്ട് മുറികളിൽ ഗണപതിഭഗവാന്റെയും സരസ്വതീദേവിയുടെയും പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്. കിഴക്കോട്ടാണ് ഇരുവരുടെയും ദർശനം. രണ്ടടി മാത്രം ഉയരം വരുന്ന പഞ്ചലോഹവിഗ്രഹങ്ങളാണ് ഇരുവർക്കും. ഇരുവിഗ്രഹങ്ങളും സാധാരണയായി ഇവരെ കാണുന്ന രൂപത്തിലാണ്. ഇവിടത്തെ സരസ്വതീപ്രതിഷ്ഠയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, കാടാമ്പുഴ, കുമാരനല്ലൂർ തുടങ്ങി കേരളത്തിലെയും തീരദേശ കർണാടകയിലെയും പല ദേവീക്ഷേത്രങ്ങളിലും പ്രധാന ദേവതയെ സരസ്വതിയായി സങ്കല്പിച്ച് പൂജകൾ നടത്താറുണ്ടെങ്കിലും, സരസ്വതിയ്ക്ക് സ്വരൂപത്തോടുകൂടിയ പ്രതിഷ്ഠ അത്യപൂർവ്വമാണെന്നത് ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നു. ഹൈന്ദവവിശ്വാസപ്രകാരം വിദ്യാദേവതയായ സരസ്വതി കുടികൊള്ളുന്ന ക്ഷേത്രമായതിനാൽ, ഇവിടെ ധാരാളം ഭക്തർ വിദ്യാരംഭം കുറിയ്ക്കാനെത്താറുണ്ട്. വടക്കുപടിഞ്ഞാറേമൂലയിലും ഇതുപോലെ രണ്ട് മുറികൾ കാണാം. ഇവയിൽ മഹാവിഷ്ണുവും സുബ്രഹ്മണ്യനുമാണ് പ്രതിഷ്ഠകൾ. ഇവരും കിഴക്കോട്ടാണ് ദർശനം. വിഷ്ണുവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. പ്രധാന ദേവനായ ശാസ്താവും ശിവനും കഴിഞ്ഞാൽ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ദേവൻ ശാസ്താവിന്റെ മാതൃസ്ഥാനം അലങ്കരിയ്ക്കുന്ന മഹാവിഷ്ണുഭഗവാനാണ്. സുബ്രഹ്മണ്യവിഗ്രഹത്തിന് രണ്ടടിയേ ഉയരമുള്ളൂ. ബാലരൂപത്തിലാണ് പ്രതിഷ്ഠ. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനം നൽകി മാളികപ്പുറത്തമ്മയ്ക്കും സാന്നിദ്ധ്യമുണ്ട്. ഐതിഹ്യമനുസരിച്ച് മാളികപ്പുറത്തമ്മ, അയ്യപ്പസ്വാമിയാൽ കൊല്ലപ്പെട്ട മഹിഷിയുടെ പുനർജന്മമാണ്. ചതുർബാഹുവായ ദുർഗ്ഗാദേവിയുടെ രൂപത്തിലാണ് ഇവിടെ വിഗ്രഹമുള്ളത്. ഈ പ്രതിഷ്ഠയ്ക്കും സവിശേഷപ്രാധാന്യമുണ്ട്.
ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേ��്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ബ്രഹ്മാവ്, അനന്തൻ, ദുർഗ്ഗാദേവി, സുബ്രഹ്മണ്യൻ, നിർമ്മാല്യധാരി (ഇവിടെ ഘോഷാവതി) തുടങ്ങിയ ദേവതാസങ്കല്പങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ഇവർ ദേവന്റെ പരിവാരങ്ങളാണെന്ന് സങ്കല്പിച്ചുവരുന്നു. തന്മൂലം, ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ അവയെ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.
ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ
തിരുത്തുകപ്രധാന പ്രതിഷ്ഠകൾ
തിരുത്തുകഅശ്വാരൂഢ ശാസ്താവ്
തിരുത്തുകക്ഷേത്രത്തിലെ ഏറ്റവും മുഖ്യപ്രതിഷ്ഠ. കുതിരപ്പുറത്തിരിയ്ക്കുന്ന ശാസ്താവിനെയാണ് അശ്വാരൂഢ ശാസ്താവ് എന്ന് വിളിയ്ക്കുന്നത്. കേരളത്തിൽ അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന പ്രതിഷ്ഠകളിലൊന്നാണ് അശ്വാരൂഢ ശാസ്താവ് എന്നത് പ്രതിഷ്ഠയുടെ പ്രാധാന്യം വർദ്ധിപ്പിയ്ക്കുന്നു. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശാസ്താവിനെ കുടിയിരുത്തിയിരിയ്ക്കുന്നത്. കുതിരയെയും ഭഗവാനെയും ഒരുമിച്ചാണ് വിഗ്രഹത്തിൽ കാണിച്ചിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. വലതുകയ്യിൽ അമ്പും ഇടതുകയ്യിൽ വില്ലും പിടിച്ച്, ഒരു രക്ഷകന്റെ ഭാവത്തോടെയാണ് ശാസ്താവ് ഇരിയ്ക്കുന്നത്. കുതിരയാണെങ്കിൽ വിനീതമായ മുഖഭാവത്തോടെ നേരെ നോക്കിനിൽക്കുന്നു. കുതിരപ്പുറത്ത് ഇരിയ്ക്കുന്ന ഭാവമായതിനാൽ ഒരു കാൽ കാണാൻ സാധിയ്ക്കില്ല. നെയ്യഭിഷേകം, നീരാജനം, നെയ്വിളക്ക്, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം, എള്ളുപായസം, ശനീശ്വരപൂജ, നീലപ്പട്ട് ചാർത്തൽ തുടങ്ങിയവയാണ് ശാസ്താവിന് പ്രധാന വഴിപാടുകൾ. കൂടാതെ, ശനിയാഴ്ചകളിൽ വിശേഷാൽ ശനീശ്വരപുഷ്പാഞ്ജലിയും ശനീശ്വരഹോമവും നടത്താറുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഇവിടെത്തന്നെയാണ്.
പരമശിവൻ
തിരുത്തുകക്ഷേത്രത്തിലെ രണ്ടാമത്തെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രനാലമ്പലത്തിന് പുറത്ത് വടക്കുഭാഗത്ത് പ്രത്യേകമായി പണിത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശാസ്താവിന്റെ പിതൃസ്ഥാനം അലങ്കരിയ്ക്കുന്ന ശിവൻ കുടികൊള്ളുന്നത്. സ്വയംഭൂവായ ഒരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഇത് നിത്യവും വളർന്നുകൊണ്ടിരിയ്ക്കുന്നുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യകാലത്ത് പ്രകൃതിയിൽ ലയിച്ചുവാണ ശിവന് 2008-ലാണ് ശ്രീകോവിൽ പണിയുന്നത്. നിലവിൽ ശിവലിംഗത്തിന് ഏകദേശം അരയടി ഉയരം വരും. പ്രധാനദേവനായ ശാസ്താവിന് നൽകുന്ന അതേ പ്രാധാന്യമാണ് ശിവന്നും നൽകുന്നത്. ക്ഷേത്രത്തിലേയ്ക്ക് വരുന്ന ഭക്തർ ആദ്യം വന്ദിയ്ക്കുന്നതും ശിവനെയാണ്. ശംഖാഭിഷേകം, ധാര, രുദ്രാഭിഷേകം, ഭസ്മാഭിഷേകം, കൂവളമാല, പിൻവിളക്ക്, ശർക്കരപ്പായസം തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. കൂടാതെ, പ്രദോഷദിവസം സന്ധ്യയ്ക്ക് വിശേഷാൽ പൂജയും ശിവരാത്രിനാളിൽ രാത്രി ഓരോ യാമത്തിലും യാമപൂജയും കലശാഭിഷേകവും പതിവുണ്ട്.
ഉപപ്രതിഷ്ഠകൾ
തിരുത്തുകഗണപതി
തിരുത്തുകക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ ഒരു ചെറിയ മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. രണ്ടടി മാത്രം ഉയരം വരുന്ന ചെറിയൊരു പഞ്ചലോഹവിഗ്രഹമാണ് ഇവിടെ. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന ചതുർബാഹുവായ ഗണപതിയുടെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല, മോദകം തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. വിനായക ചതുർത്ഥിയാണ് പ്രധാന ആണ്ടുവിശേഷം. കൂടാതെ എല്ലാ മാസത്തിലെയും ചതുർത്ഥി, വെള്ളിയാഴ്ച തുടങ്ങിയവയും പ്രധാനമാണ്.
സരസ്വതി
തിരുത്തുകഗണപതിപ്രതിഷ്ഠയുള്ള മുറിയുടെ തൊട്ടടുത്തുള്ള മുറിയിൽ കിഴക്കോട്ട് ദർശനമായാണ് സരസ്വതീദേവിയുടെ പ്രതിഷ്ഠ. സാധാരണയായി കേരളത്തിലെ ക്ഷേത്രങ്ങളിൽ സരസ്വതീസങ്കല്പത്തിൽ ആരാധനയുണ്ടെങ്കിലും സരസ്വതിയ്ക്ക് സ്വരൂപത്തോടുകൂടിയ ഒരു പ്രതിഷ്ഠ അത്യപൂർവ്വമാണ്. ഇതാണ് ഈ പ്രതിഷ്ഠയുടെ പ്രാധാന്യം. രണ്ടടി മാത്രം ഉയരം വരുന്ന ചതുർബാഹുവായ പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. അവയിൽ പുറകിലെ വലതുകയ്യിൽ അക്ഷമാലയും പുറകിലെ ഇടതുകയ്യിൽ വേദഗ്രന്ഥവും കാണാം. മുന്നിലെ രണ്ടുകൈകൾ കൊണ്ട് ദേവി വീണ മീട്ടുകയാണ്. സാരസ്വതപുഷ്പാഞ്ജലി, സാരസ്വതഘൃതം, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് സരസ്വതിയ്ക്ക് പ്രധാന വഴിപാടുകൾ. നവരാത്രിയും അതിനോടനുബന്ധിച്ചുള്ള വിദ്യാരംഭവുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. സരസ്വതീസാന്നിദ്ധ്യമുള്ള ക്ഷേത്രമായതിനാൽ ഇവിടെ വിദ്യാരംഭം കുറിയ്ക്കുന്നത് അതിവിശേഷമാണ്. ബുധൻ, വെള്ളി ദിവസങ്ങളാണ് പ്രധാനം.
മഹാവിഷ്ണു
തിരുത്തുകനാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിൽ ചെറിയൊരു മുറിയിൽ കിഴക്കോട്ട് ദർശനമായാണ് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മൂന്നാമത്തെ പ്രധാനപ്രതിഷ്ഠ ഈ മഹാവിഷ്ണുവാണ്. തന്മൂലം ഇതിന് വിശേഷാൽ പ്രാധാന്യം നൽകിവരുന്നുണ്ട്. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രമാണ് ഇവിടെയുള്ളത്. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. പാൽപ്പായസം, വെണ്ണ, ചന്ദനം ചാർത്തൽ, തുളസിമാല, സഹസ്രനാമാർച്ചന, പുരുഷസൂക്താർച്ചന തുടങ്ങിയവയാണ് മഹാവിഷ്ണുവിന്റെ പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണി, വിഷു, വൈകുണ്ഠ ഏകാദശി തുടങ്ങിയവയാണ് മഹാവിഷ്ണുവിന്റെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ വ്യാഴാഴ്ച, ഏകാദശി തുടങ്ങിയവയും പ്രധാനമാണ്.
സുബ്രഹ്മണ്യൻ
തിരുത്തുകമഹാവിഷ്ണുപ്രതിഷ്ഠയുള്ള മുറിയുടെ തൊട്ടടുത്ത മുറിയിൽ കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. രണ്ടടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന ഭഗവാൻ, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നു. വലത്തെ ചുമലിൽ ആയുധമായ വേൽ കാണാം. പാനകം, പഞ്ചാമൃതം, പാലഭിഷേകം, ഭസ്മാഭിഷേകം, നാരങ്ങാമാല തുടങ്ങിയവയാണ് സുബ്രഹ്മണ്യന്റെ പ്രധാന വഴിപാടുകൾ. സ്കന്ദഷഷ്ഠിയും തൈപ്പൂയവുമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ മാസവും വരുന്ന വെളുത്ത ഷഷ്ഠി, പൂയം നക്ഷത്രം തുടങ്ങിയവ വിശേഷമാണ്.
മാളികപ്പുറത്തമ്മ
തിരുത്തുകനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ കിണറിന് സമീപമുള്ള ഒരു മുറിയിൽ പടിഞ്ഞാറോട്ട് ദർശനമായാണ് മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച് മാളികപ്പുറത്തമ്മ, അയ്യപ്പസ്വാമിയാൽ കൊല്ലപ്പെട്ട മഹിഷിയുടെ പുനർജന്മമാണ്. അതേസമയം, പാണ്ഡ്യദേശത്തിന്റെ അധിദേവതയായ മധുര മീനാക്ഷിയാണെന്നും സങ്കല്പമുണ്ട്. എന്തായാലും ഇവിടെ പൂജ നടക്കുന്നത് ദുർഗ്ഗാസങ്കല്പത്തിലാണ്. മൂന്നടിയോളം ഉയരം വരുന്ന ചതുർബാഹുവായ ദുർഗ്ഗാവിഗ്രഹമാണ് ഇവിടെയുള്ളത്. പുറകിലെ വലതുകയ്യിൽ ശ്രീചക്രം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുന്നിലെ ഇടതുകയ്യിൽ അഭയമുദ്ര, മുന്നിലെ വലതുകയ്യിൽ വരദമുദ്ര എന്നിവ കാണാം. ശബരിമലയിൽ 1951-ൽ പ്രതിഷ്ഠിച്ച മാളികപ്പുറത്തമ്മയുടെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യം ഇതിനുണ്ട്. മഞ്ഞൾപ്പൊടി അഭിഷേകം, പട്ടും താലിയും ചാർത്തൽ, ലളിതാസഹസ്രനാമാർച്ചന തുടങ്ങിയവയാണ് മാളികപ്പുറത്തമ്മയ്ക്ക് പ്രധാന വഴിപാടുകൾ. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളും മണ്ഡലകാലവുമാണ് പ്രധാന വിശേഷദിവസങ്ങൾ.
ഭുവനേശ്വരി
തിരുത്തുകനാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം തീർത്ത ഒരു തറയിലാണ് ഭുവനേശ്വരിയുടെ പ്രതിഷ്ഠ. ദശമഹാവിദ്യകൾ എന്ന പേരിൽ പ്രസിദ്ധരായ പത്ത് ദേവീരൂപങ്ങളിൽ നാലാമത്തേതാണ് ഭുവനേശ്വരി. പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ അഭയമുദ്ര, മുന്നിലെ വലതുകയ്യിൽ വരദമുദ്ര ���ന്നിവ ധരിച്ചാണ് ഭുവനേശ്വരിയെ സാധാരണയായി കാണിയ്ക്കാറുള്ളത്. എന്നാൽ ഇവിടെ ഒരു വാൽക്കണ്ണാടിയുടെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത, ഏകദേശം ഒരടി ഉയരം വരുന്ന ദേവീവിഗ്രഹം, 2019-ലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടത്. നെയ്പ്പായസം, ചെമ്പരത്തിമാല, ചെത്തിമാല, ഭഗവതിസേവ തുടങ്ങിയവയാണ് ഭുവനേശ്വരിയുടെ പ്രധാന വഴിപാടുകൾ.
നാഗദൈവങ്ങൾ
തിരുത്തുകക്ഷേത്രമതിൽക്കെട്ടിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പാലമരച്ചുവട്ടിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പംപാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടത്താറുണ്ട്.
ബ്രഹ്മരക്ഷസ്സ്
തിരുത്തുകഭുവനേശ്വരിയുടെ ശ്രീകോവിലിന് സമീപമുള്ള തറയിലാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. കഷ്ടിച്ച് അരയടി മാത്രം ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണ് ഇവിടെയുള്ളത്. വേദശാസ്ത്രാദികളിൽ പാണ്ഡിത്യമുണ്ടായിരുന്നവരും അപമൃത്യുവിനിരയായവരുമായ ബ്രാഹ്മണരെയാണ് ബ്രഹ്മരക്ഷസ്സ് എന്ന പേരിൽ പ്രതിഷ്ഠിയ്ക്കുന്നത്. 2019-ലാണ് ഇവിടെ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മരക്ഷസ്സ് പൂജയാണ് ഇവിടെ പ്രധാന വഴിപാട്. കൂടാതെ പാൽപ്പായസവും വിശേഷമാണ്.
യോഗീശ്വരൻ (ഗോസായി സ്വാമി)
തിരുത്തുകബ്രഹ്മരക്ഷസ്സിന്റെയും ഭുവനേശ്വരിയുടെയും തറകൾക്ക് വടക്കുഭാഗത്ത്, കൂടുതൽ ഉയരത്തിലുള്ള ഒരു തറയിലാണ് യോഗീശ്വരന്റെ പ്രതിഷ്ഠ. ഗോസായി സ്വാമി എന്ന പേരിലാണ് ഇവിടെ യോഗീശ്വരൻ അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണമായ, പാമ്പുംകാട്ടിൽ തറവാട്ടിലെ കാരണവരെയാണ് ഇവിടെ യോഗീശ്വരനായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, ജടാമകുടങ്ങളോടുകൂടി, താടി നീട്ടിവളർത്തി, ഇരുകൈകളും മടിയിൽ മലർത്തിവച്ചിരുന്ന് ധ്യാനിയ്ക്കുന്ന ഒരു മഹായോഗിയുടെ രൂപത്തിലാണ്. ശൈവ ഉപാസകനായിരുന്ന ഗോസായി സ്വാമിയെ ശിവനായി സങ്കല്പിച്ചാണ് ഇവിടെ ആരാധന നടത്തുന്നത്. യോഗീശ്വരപൂജയാണ് ഇവിടെ പ്രധാന വഴിപാട്.
കിരാതമൂർത്തിയും കിരാതിയും
തിരുത്തുകക്ഷേത്രത്തിന് വടക്കുഭാഗത്ത്, റോഡിന് എതിർവശമുള്ള ഒരു കുഴിയിലാണ് കിരാതമൂർത്തിയുടെയും കിരാതിയുടെയും പ്രതിഷ്ഠകൾ. സ്വയംഭൂവായ രണ്ട് ചെറിയ ശിലകളിലാണ് രണ്ടുപേരെയും ആവാഹിച്ചിരിയ്ക്കുന്നത്. ഏകദേശം അരയടി മാത്രം ഉയരമേയുള്ളൂ ഇവരുടെ വിഗ്രഹങ്ങൾക്ക്. ആദ്യകാലത്ത് ഇവരെ മലങ്കുറനും മലങ്കുറത്തിയുമായി കണ്ടാണ് പൂജിച്ചിരുന്നത്. മൃഗബലിയടക്കമുള്ള പല ചടങ്ങുകളും ഇവർക്കുണ്ടായിരുന്നു. അക്കാലത്ത് ഈ ഭാഗങ്ങളിൽ തുടർച്ചയായ വാഹനാപകടങ്ങൾ നടക്കുമായിരുന്നു. ഇതേത്തുടർന്ന് നടന്ന ദേവപ്രശ്നമനുസരിച്ചാണ് ഇവരെ കിരാതമൂർത്തിയും കിരാതിയുമായി സങ്കല്പിച്ചുതുടങ്ങിയത്. ഇതിനോടനുബന്ധിച്ചുതന്നെ മൃഗബലി നിർത്തുകയും പകരം ഇളനീർ വെട്ടി നേദിയ്ക്കുന്ന ചടങ്ങ് തുടങ്ങുകയും ചെയ്തു. നിലവിൽ ശനിയാഴ്ചകളിലും മറ്റുള്ള വിശേഷദിവസങ്ങളിലും ഇവർക്ക് വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. മലർ, തേൻ, ഇളനീർ, ശർക്കരപ്പായസം, വെള്ളരി എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെ ആറാട്ടുദിവസമായ മേടമാസത്തിലെ രോഹിണിനാളിൽ, ആറാട്ടിനു കൊടിയിറക്കത്തിനും ശേഷം ഇവിടെ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ ഗുരുതിപൂജയും പതിവാണ്.
നിത്യപൂജകൾ
തിരുത്തുകനിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കുതിരാൻമല ധർമ്മശാസ്താക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നിയമവെടിയോടെ ഭഗവാനെ പള്ളിയുണർത്തിയശേഷം നാലരമണിയ്ക്ക് നടതുറക്കുന്നു. ആദ്യത്തെ ചടങ്ങ് നിർമ്മാല്യദർശനമാണ്. തലേന്ന് ചാർത്തിയ അലങ്കാരങ്ങളോടെയുള്ള ദർശനത്തിനുശേഷം അവ നീക്കം ചെയ്ത് അഭിഷേകം തുടങ്ങുന്നു. എണ്ണ, ജലം, വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകത്തിനുശേഷം മലർ, ശർക്കര, കദളിപ്പഴം എന്നിവ ഒരുമിച്ച് നേദിയ്ക്കുന്നു. തുടർന്ന് അഞ്ചരയോടെ ഉഷഃപൂജയും ഗണപതിഹോമവും നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും അതിനുശേഷം ആറരയോടെ ഉഷഃശീവേലിയും നടത്തും. തന്റെ ഭൂതഗണങ്ങൾക്കുള്ള നിവേദ്യം നൽകുന്നത് ഭഗവാൻ നോക്കിക്കാണുന്നു എന്ന സങ്കല്പമാണ് ശീവേലിയ്ക്കുള്ളത്. നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിൽ മേൽശാന്തി ഹവിസ്സ് തൂകുമ്പോൾ കീഴ്ശാന്തി വിഗ്രഹവുമായി പുറകിൽ വരുന്നു. ഏറ്റവും ഒടുവിൽ പ്രധാന ബലിക്കല്ലിലും ബലിതൂകി ശീവേലി അവസാനിയ്ക്കുന്നു. ശീവേലിയ്ക്കുശേഷം രാവിലെ ഏഴരമണിയ്ക്ക് പന്തീരടിപൂജയും അതിനുശേഷം പത്തുമണിയ്ക്ക് ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊ���്നുമണിയോടെ നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ശ്രീകോവിലിനകത്തും പുറത്തുമുള്ള ദീപങ്ങൾ മുഴുവൻ കൊളുത്തിവയ്ക്കുന്ന കാഴ്ച ഈ സമയത്ത് കാണാം. വിഗ്രഹത്തെ കർപ്പൂരം കൊണ്ട് ഉഴിയുന്ന സമയവും ഇതുതന്നെയാണ്. ദീപാരാധനയ്ക്കുശേഷം ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയോടെ അത്താഴശീവേലിയും നടത്തുന്നു. അതിനുശേഷം ഏഴേമുക്കാലോടെ തൃപ്പുക തുടങ്ങുന്നു. ശ്രീകോവിലിനകത്ത് അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. ഭഗവാനെ ഉറക്കുന്നു എന്ന സങ്കല്പത്തിലാണ് തൃപ്പുക നടത്തുന്നത്. തൃപ്പുകയോടനുബന്ധിച്ചുതന്നെ ഹരിവരാസനം പാടുന്ന ചടങ്ങുമുണ്ട്. മേൽശാന്തിയും കീഴ്ശാന്തിമാരും വിഗ്രഹത്തിന് ഇരുവശവുമിരുന്ന്, പുകയ്ക്കുന്ന സമയത്ത് ഓരോ വരിയും പാടുന്നതാണ് ഈ ചടങ്ങ്. ഇതേ സമയം, പുറത്തെ ലൗഡ്സ്പീക്കറിൽ യേശുദാസിന്റെ ശബ്ദത്തിലുള്ള ഹരിവരാസനം വച്ചിട്ടുമുണ്ടാകും. അതിനുശേഷം എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങുകൾ അവസാനിയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ശനിയാഴ്ചകളിൽ നിത്യപൂജകൾക്കൊപ്പം വിശേഷാൽ ശനീശ്വരപൂജയും ശനീശ്വരഹോമവും പതിവാണ്. ഗ്രഹണദിവസങ്ങളിൽ ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, അതുകഴിഞ്ഞ് ശുദ്ധിക്രിയകൾ കഴിഞ്ഞേ തുറക്കൂ. പൂജകൾക്കും ദീപാരാധനയ്ക്കും നടയടച്ചിരിയ്ക്കുന്ന അവസരങ്ങളിൽ ക്ഷേത്രത്തിലെ അടിയന്തിരക്കാരൻ ഇടയ്ക്ക കൊട്ടി അഷ്ടപദി പാടുന്ന പതിവുമുണ്ട്. ഉച്ചപ്പൂജയും ശീവേലിയും കഴിഞ്ഞ് നടയടച്ചാൽ ഇവിടെ വിശേഷാൽ അന്നദാനം നടത്തിവരുന്നു. ദേശീയപാത വഴി പോകുന്നവരെല്ലാം ഇവിടെ വന്ന് ഇത് കഴിച്ചുപോകുന്നത് പതിവാണ്.
ശ്രീനാരായണഗുരുവിന്റെ താന്ത്രികപാരമ്പര്യത്തിൽ പെടുന്ന പറവൂർ കവളമ്പാറ വീട്ടുകാർക്കാണ് ഇവിടെ തന്ത്രാധികാരം. ഈ കുടുംബത്തിൽ പെടുന്ന പ്രസിദ്ധ താന്ത്രികാചാര്യനായിരുന്ന പറവൂർ ശ്രീധരൻ തന്ത്രികൾ ഇവിടെ പുനഃപ്രതിഷ്ഠ കഴിച്ചതിൽ പിന്നെയാണ് ഇവർക്ക് തന്ത്രാധികാരം ലഭിച്ചത്. അദ്ദേഹത്തിന്റെ പുത്രൻ പറവൂർ രാകേഷ് തന്ത്രികളാണ് നിലവിൽ ഇവിടെ തന്ത്രിസ്ഥാനം വഹിയ്ക്കുന്നത്. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ക്ഷേത്രം ട്രസ്റ്റ് വകയാണ്.