കുഞ്ഞാർകുറത്തി
പുലയ സമുദായക്കാർ കെട്ടിയാടുന്ന ഒരു കുറത്തിതെയ്യമാണ് കുഞ്ഞാർ കുറത്തി. ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ചവളാണ് കുഞ്ഞാർകുറത്തിയെന്നാണ് വിശ്വാസം. അപ്പോഴും ഉർവര ദേവതകളിൽ ഒന്നായിട്ടാണ് കുറത്തിതെയ്യത്തെ കണക്കാക്കുന്നത്. കയ്യിൽ മുറവും ചൂലും കത്തിയുമേന്തിയാണ് തെയ്യം നൃത്തം ചെയ്യുന്നത് എന്നതാണിതിന്റെ പ്രത്യേകത. മുഖത്തെഴുതി ഉടുത്ത് കെട്ടി മുടിയണിഞ്ഞുറഞ്ഞ് വരുന്ന കുറത്തിയമ്മയുടെ പുറപ്പാട് കഴിഞ്ഞാൽ പിന്നെ ദേവിക്ക് ഉപവാസസമാപനമാണ്. പാർവ്വതി ദേവിയുടെ അവതാരമായാണ് കുഞ്ഞാർകുറത്തിയമ്മയെ കണക്കാക്കി പോരുന്നത്. വാദ്യസമേതം വീട്ടു മുറ്റത്തെത്തുന്ന കുറത്തിയമ്മയെ വീട്ടിലെ മുതിർന്ന സ്ത്രീ അരിയെറിഞ്ഞെതിരേൽക്കും.[1]
ഐതീഹ്യം
തിരുത്തുകതുളുനാട്ടിലും മലനാട്ടിലും കെട്ടിയാടുന്ന ഒരു തെയ്യക്കോലമാണ് കുറത്തിയമ്മ. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേരിയിലുമുള്ള ചില തറവാടുകളിൽ തുലാമാസം ആരംഭിക്കുന്നതോടെയും ഈ തെയ്യം കെട്ടിയാടുന്നു. ഭൈരവൻ, കുട്ടിശാസ്തൻ, പൊട്ടൻ, കുറത്തി, ഗുളികൻ തുടങ്ങിയ ഭൈരവാദിമന്ത്രമൂർത്തികളിൽ പ്രധാനിയാണീ ദേവത. പെൺ പൈതങ്ങളുടെ ഇഷ്ടദേവതയായ കുറത്തിയമ്മ തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി പല കാവുകളിലും തറവാട്ട് ഭവനങ്ങളിലും ആരൂഢം കൊണ്ടുവെന്നാണ് പറയപ്പെടുന്നത്. വേലൻ, മലയൻ, മാവിലൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായക്കാരാണ് കുറത്തിത്തെയ്യം കെട്ടിയാടുന്നത്. കുഞ്ഞാർ കുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കൻ കുറത്തി, സേവക്കുറത്തി, മാരണക്കുറത്തി, വടക്കൻ കുറത്തി, മുട്ടെക്കുറത്തി, അഗ്നിക്കുറത്തി, വിഷ്ണുക്കുറത്തി, പാളെക്കുറത്തി, അന്തിക്കുറത്തി തുടങ്ങി കുറത്തി തെയ്യങ്ങൾ പതിനെട്ടുതരമുണ്ടെന്നാണ് പറയപ്പെടുന്നത്.[2] മരണമടഞ്ഞ മനുഷ്യരുടെ സങ്കല്പത്തിലുള്ള കുറത്തിയെയും കുറവനെയും തെയ്യാട്ടത്തിന്റെ രംഗത്തു കാണാം. കാർഷിക ദേവതയായ കുറത്തിയമ്മ മഴയിൽ കുടയായും, വെയിലിൽ നിഴലായും, മരം കോച്ചുന്ന തണുപ്പിൽ പുതപ്പായും, കുത്തൊഴുക്കിൽ പിടിവള്ളിയായും ഭക്തരെ രക്ഷിക്കാൻ എത്തുമെന്നാണ് വിശ്വാസം. വിളകാക്കുന്ന തങ്ങളുടെ കുറത്തിയമ്മയ്ക്ക് പത്താമതയ്ക്ക് അതായത് തുലാം പത്തിന്, വെച്ച് വിളമ്പാൻ അരി എടുത്ത് വെച്ചേ കർഷക ഗൃഹങ്ങളിലുള്ളവർ ചിങ്ങത്തിൽ പുത്തരിയുണ്ണൂ. പട്ടാംമ്പരം കെട്ടിയ പള്ളിയറയേക്കാൾ തറവാട്ട് വീട്ടിലെ കൊട്ടിലകമാണ് കുറത്തിയമ്മയ്ക്ക് പ്രിയപ്പെട്ട ഇടമെന്നാണ് പറയുന്നത്.
കുറത്തിയുടെ തോറ്റംപാട്ടിന് നിഴൽക്കുത്ത് പാട്ടിനോട് സാദൃശ്യമുള്ളതായി പറയപ്പെടുന്നുണ്ട്. ഇവയുടെ ഇതിവൃത്തങ്ങൾ തമ്മിലുള്ള ബന്ധമായിരിക്കാം ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. തെയ്യം അരങ്ങിലെത്തുന്നത് മരണമടഞ്ഞ മനുഷ്യരുടെ പ്രതിനിധിയായിട്ടാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. പണവും ധാന്യങ്ങളും വസ്ത്രങ്ങളും നൽകിയാണ് ഭക്തർ കുറത്തിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്നത്. ഉപയോഗിച്ച് അലക്കി വെച്ച വസ്ത്രമാണ് ഈ അമ്മയ്ക്കിഷ്ടമെന്നും, ഗർഭിണിയായ സ്ത്രീകൾ സുഖപ്രസവത്തിനും കുട്ടികളുടെ സർവൈശ്വര്യത്തിനും വേണ്ടി ഇത്തരം സാധനങ്ങൾ ആണ് ഈ തെയ്യത്തിന് നേർച്ച വയ്ക്കുന്നതെന്നും പറയപ്പെടുന്നു.
പ്രത്യേകതകൾ
തിരുത്തുകഉർവര ദേവതകളിൽ ഒന്നായിട്ടാണ് കുറത്തിതെയ്യത്തെ കണക്കാക്കുന്നത്. കയ്യിൽ മുറവും ചൂലും കത്തിയുമേന്തിയാണ് തെയ്യം നൃത്തം ചെയ്യുന്നത്. ചില കുറത്തിത്തെയ്യങ്ങൾ, തെയ്യം കെട്ടിയാടുന്ന സ്ഥലത്തിനോട് ചേർന്നുള്ള വീടുകളിൽ ചക്കരച്ചോറ് ഉണ്ണാൻ ചെല്ലുന്ന വളരെ വൈശേഷീകമായ ഒരു ചടങ്ങുണ്ട്. ഉപവാസം അവസാനിപ്പിച്ചാൽ തെയ്യം വീടുകൾ കയറിയിറങ്ങും. വെല്ലവും ചിരവിയ തേങ്ങയും ഉണക്കലരിയും ചേർത്തുണ്ടാക്കുന്ന കട്ടിയുള്ള പായസമാണ് ചക്കരച്ചോറ്. വാദ്യസമേതം വീട്ട് മുറ്റത്തെത്തുന്ന കുറത്തിയമ്മയെ വീട്ടിലെ മുതിർന്ന സ്ത്രീ അരിയെറിഞ്ഞേതിരേൽക്കുകയും കിണ്ടിയിൽ പാലും ചക്കരചോറും നൽകി സ്വീകരിക്കുകയും ചെയ്യുന്നതാണ് ചടങ്ങ്.
പ്രാദേശികമായി കുറത്തിയമ്മയുടെ ചടങ്ങുകൾ അങ്ങനെ മാറിയും മറിഞ്ഞും ഇരിക്കുന്നു എന്നതാണ് കുറത്തി തെയ്യത്തിന്റെ മറ്റൊരു പ്രത്യേകത. അതിലൊന്നാണ് അവലും മലരും പഴവും വെച്ച് ഇളനീർ കൊത്തികൊടുത്ത് കഴിക്കുന്ന ചടങ്ങ്. തറവാട്ടിലെ മൂത്ത സ്ത്രീ ആദ്യം വെള്ളികിണ്ടിയിൽ പാൽ നൽകും, പിന്നെ വലിയ നാക്കില വെച്ച് ചക്കര ചോറും കുത്തരി ചോറും ഇറച്ചിയും മീനും പച്ചടിയും പുളിശ്ശേരിയും എരിശ്ശേരിയും ഓലനും അച്ചാറും പപ്പടവും തുടങ്ങി 18 കൂട്ടം വിഭവങ്ങൾ വിളമ്പി കുറത്തിയമ്മയെ ഊട്ടുന്ന ഏർപ്പാടുണ്ട് ചിലയിടങ്ങളിൽ.
കുറത്തിയുടെ തോറ്റംപാട്ടിന് നിഴൽക്കുത്ത് പാട്ടിനോട് സാദൃശ്യമുള്ളതായി പറയപ്പെടുന്നുണ്ട്. ഇവയുടെ ഇതിവൃത്തങ്ങൾ തമ്മിലുള്ള ബന്ധമായിരിക്കാം ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. തെയ്യം അരങ്ങിലെത്തുന്നത് മരണമടഞ്ഞ മനുഷ്യരുടെ പ്രതിനിധിയായിട്ടാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. പണവും ധാന്യങ്ങളും വസ്ത്രങ്ങളും നൽകിയാണ് ഭക്തർ കുറത്തിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്നത്. ഉപയോഗിച്ച് അലക്കി വെച്ച വസ്ത്രമാണ് ഈ അമ്മയ്ക്കിഷ്ടമെന്നും, ഗർഭിണിയായ സ്ത്രീകൾ സുഖപ്രസവത്തിനും കുട്ടികളുടെ സർവൈശ്വര്യത്തിനും വേണ്ടി ഇത്തരം സാധനങ്ങൾ ആണ് ഈ തീയ്യത്തിന് നേർച്ച വയ്ക്കുന്നതെന്നും പറയപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ https://malayalam.samayam.com മാർച്ച് 22 ,2022
- ↑ ജന്മഭൂമി മെയ് 4 ,2019