ഇസ്മയിൽ ഖാൻ

(ഇസ്മാഈൽ ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അഫ്ഗാനിസ്താനിൽ സോവിയറ്റ് സേനക്കെതിരെ പോരാടിയ പ്രമുഖ മുജാഹിദീൻ സേനാനായകനും, ഇന്ന് രാജ്യത്തെ ഊർജ്ജമന്ത്രിയുമാണ് ഇസ്മയിൽ ഖാൻ. 1946-ൽ ജനിച്ച ഇദ്ദേഹം പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത്തിൽ നിന്നുള്ള ഒരു താജിക് വംശജനാണ്.[1][2] കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തകർച്ചക്കു ശേഷം അധികാരത്തിൽ വന്ന മുജാഹിദീൻ സർക്കാറീനു കീഴിൽ ഹെറാത്തിലെ ഗവർണറായി ഭരണം നടത്തിയ ഇസ്മായിൽ ഖാൻ, താലിബാൻ ഭരണകാലത്ത്, അവർക്കെതിരെ പോരാടിയ വടക്കൻ സഖ്യത്തിലെ പ്രമുഖ നേതാവുമായിരുന്നു.

ഇസ്മയിൽ ഖാൻ
ജനനം 1946 (1946)

അപരനാമം ഹെറാത്ത് സിംഹം
ജനനസ്ഥലം ഹെറാത്ത്, അഫ്ഗാനിസ്താൻ
പദവി ജനറൽ
യുദ്ധങ്ങൾ അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം,
അഫ്ഗാൻ ആഭ്യന്തരയുദ്ധം,
ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം
പിൽക്കാല
പ്രവർത്തനങ്ങൾ
ഹെറാത്ത് പ്രവിശ്യയുടെ ഗവർണർ
അഫ്ഗാനിസ്താനിലെ ഊർജ്ജ-ജല മന്ത്രി

സോവിയറ്റ് യുദ്ധകാലത്ത് റബ്ബാനിയുടെ ജാമിയത്ത്-ഇ ഇസ്ലാമി കക്ഷിയിൽ പ്രവർത്തിച്ച ഇസ്മായിൽ ഖാൻ, ഇന്ന് റബ്ബാനിയുടെ നേതൃത്വത്തിൽത്തന്നെയുള്ള പുതിയ കക്ഷിയായ യുണൈറ്റഡ് നാഷണൽ ഫ്രണ്ടിന്റെ പ്രമുഖനേതാവുമാണ്.

ഹെറാത്തിന്റെ ഗവർണർ സ്ഥാനത്ത്

തിരുത്തുക

യുദ്ധകാലത്ത് വിവിധ പ്രതിരോധകക്ഷികളുടെ ഏകോപനത്തിൽ മുഖ്യ പങ്കുവഹിച്ച[ക] ഇദ്ദേഹം, യുദ്ധാനന്തരം ഹെറാത്തിന്റെ ഗവർണർ ആയിരുന്ന കാലത്ത് അവിടെ മികച്ച ഭരണം കാഴ്ചവച്ചു. 1992-ൽ കാബൂളടക്കമുള്ള അഫ്ഗാനിസ്താനിലെ മറ്റു പ്രദേശങ്ങൾ‌ മുജാഹിദീൻ കക്ഷികൾ തമ്മിലുള്ള പോരാട്ടം മൂലം അശാന്തിയിലായിരുന്നെങ്കിൽ ഇസ്മയിൽ ഖാന്റെ നിയന്ത്രണത്തിലായിരുന്ന പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ സ്ഥിതി തികച്ചും ശാന്തമായിരുന്നു.

1995-ൽ ഹെറാത്തിന്റെ ഗവർണർ ആയിരിക്കേ, കന്ദഹാർ പിടിച്ചെടുക്കാൻ ഇസ്മയിൽ ഖാൻ ഒരു ശ്രമം നടത്തി. കന്ദഹാർ ഈ സമയത്ത് താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. 1995 ഓഗസ്റ്റിൽ കന്ദഹാറിന് സമീപം വരെ ഇസ്മയിൽ ഖാന് എത്താൻ സാധിച്ചെങ്കിലും തിരിച്ചടിച്ച താലിബാൻ, 1995 സെപ്റ്റംബർ 3-ന് ഷിൻഡൻഡീലെ വ്യോമകേന്ദ്രവും സെപ്റ്റംബർ 5-ന് ഹെറാത്തും പിടിച്ചടക്കി. ഇതോടെ ഇസ്മാഈൽ ഖാൻ ഇറാനിലേക്ക് പലായനം ചെയ്തു.[3]

കുറിപ്പുകൾ

തിരുത്തുക
  • ക. ^ അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന നജീബുള്ള മുന്നോട്ടുവച്ച അനുരഞ്ജനനിർദ്ദേശങ്ങളെപ്പറ്റി ചർച്ചചെയ്യാൻ പ്രതിരോധകക്ഷികളുടെ സേനാനായകരുടെ ഒരു സംയുക്തസമ്മേളനം, 1987 ജൂലൈയിൽ ഗോർ പ്രവിശ്യയിൽ വച്ച് നടന്നു. ഇസ്മയിൽ ഖാൻ ആയിരുന്നു ഈ സമ്മേളനം വിളിച്ചുചേർത്തത്.[4]
  1. http://www.why-war.com/encyclopedia/people/Ismail_Khan/
  2. http://news.bbc.co.uk/hi/english/static/in_depth/world/2001/war_on_terror/after_the_taleban/i_khan.stm
  3. Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 325, 328. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 318–319. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഇസ്മയിൽ_ഖാൻ&oldid=2784419" എന്ന താളിൽനിന്ന് ശേഖരിച്ചത്