ആനന്ദതീർത്ഥൻ
ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യൻ. ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ. ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ചു.
ആനന്ദതീർത്ഥൻ | |
---|---|
ജനനം | 1905 ജനവരി 2 |
മരണം | 1987 നവംബർ 21 |
ദേശീയത | ഇന്ത്യ |
തൊഴിൽ | സാമൂഹ്യപരിഷ്കർത്താവ് |
അറിയപ്പെടുന്നത് | ജാതിവിവേചനത്തിനെതിരായ സമരം |
ബാല്യം,വിദ്യാഭ്യാസം
തിരുത്തുക1905 ജനവരി 2ആം തീയതി തലശ്ശേരിയിലെ രാമചന്ദ്ര റാവുവിന്റെയും ദെവുഭായിയുടെയും അഞ്ചാമത്തെ പുത്രനായി ജനിച്ചു. അനന്ത ഷേണായി എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നും ഫിസിക്സിൽ ഓണേർസ് ബിരുദം നേടി. കോളജിൽ പഠിക്കുന്ന കാലത്ത് ഒരിക്കൽ ഗുരുവായൂരിലെ ഒരു കടയിൽ നിന്നും ശർക്കര വാങ്ങാൻ പോയപ്പോഴും, അമ്പലക്കുളത്തിൽ കുളിക്കാൻ ചെന്നപ്പോഴും ജാതി ചോദിച്ചതും, ജാതി വെളിപ്പെടുത്താൻ വിസമ്മതിച്ചതുകൊണ്ട് മർദ്ദനം ഏൽക്കുന്നതിനും ഇടയായതും അനന്തന്റെ മനസ്സിൽ ജാതി നിർമ്മാർജ്ജനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ ഇടവരുത്തി.
സന്യാസത്തിലേക്ക്
തിരുത്തുകകോളജ് വിദ്യാഭ്യാസ പൂർത്തിയാക്കിയ ഉടൻ തന്നെ ഇദ്ദേഹം സ്വാതന്ത്ര സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വന്നു. ഗാന്ധിജിയിൽ ആകൃഷ്ടനായ അനന്ത ഷേണായി 23ആം വയസ്സിൽ കാൽനടയായ് സബർമതി സന്ദർശിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കുവാൻ തമിഴ് നാട്ടിലെ വേദാരണ്യത്തിലേക്കു പോകുകയും 1930 ജൂൺ മാസം അവിടെ വച്ച് അറസ്റ്റിലാവുകയും ചെയ്തു. വെല്ലൂർ ജയിലിൽ വച്ച് എ.കെ.ജി, കെ.പി.ആർ.ഗോപാലൻ, ജി.രാമചന്ദ്രൻ എന്നിവരുമായി ആശയ വിനിമയം നടത്താൻ സാധിച്ചു. 1931ൽ ജയിൽ മോചിതനായി തലശ്ശേരിയിൽ തിരിച്ചെത്തുകയും ദേശീയ പ്രസ്ഥാന സമരങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. തമിഴ് നാട്ടിൽ വച്ച് ദളിതർ അനുഭവിച്ചുവന്ന ദുരിതങ്ങൾ നേരിൽ കണ്ട ഇദ്ദേഹം ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞു വെക്കാൻ തീരുമാനിച്ചു. ദളിതർക്ക് വിദ്യാഭ്യാസം നൽകി മാത്രമെ ഇതു സാധ്യമാകൂ എന്നും അദ്ദേഹം മനസ്സിലാക്കി. ശ്രീനാരായണഗുരുവിന്റെ സിദ്ധാന്തങ്ങൾ അദ്ദേഹത്തെ ആകർഷിച്ചു. 1928ൽ ശിവഗിരിയിൽ വച്ച് ശ്രീനാരായണഗുരുവിൽ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് സ്വാമി ആനന്ദതീർത്ഥനായി. ശ്രീനാരായണഗുരുവിന്റെ ഇരുപതാ��ത്തെ ശിഷ്യനായിരുന്നു അദ്ദേഹം.
ശ്രീനാരായണ വിദ്യാലയം
തിരുത്തുകഉത്തരകേരളത്തിലെ പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദളിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം അവർക്ക് വിദ്യാഭ്യാസം നൽകലാണെന്ന തിരിച്ചറിവിൽ നിന്നാണ് ശ്രീനാരായണ വിദ്യാലയത്തിന്റെ ആരംഭം. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു ഈ വിദ്യാലയം. 1931 ജനുവരി 21നാണ് വിദ്യാലയം ഉദ്ഘാടനം ചെയ്തത്. സാധാരണ സ്കൂളുകളിൽ താഴ്ന്ന ജാതിക്കാരായ കുട്ടികൾക്ക് പ്രവേശാനുമതി നിഷേധിച്ചതുകാരണം അവർക്ക് പഠിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സ്വാമി ആനന്ദതീർത്ഥൻ ഈ വിദ്യാലയം ആരംഭിച്ചത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുക, ഭക്ഷണം - വസ്ത്രം - പാർപ്പിടം എന്നിവ നൽകുക, അവരിൽ ശുചിത്വബോധവും, സ്വാശ്രയത്വവും വളർത്തുക എന്നിവയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന ലൿഷ്യങ്ങൾ.
ദുരാചാരങ്ങൾക്കെതിരെ
തിരുത്തുകഅയിത്താചാരം മൂലം ദളിതരുടെ മക്കളെ ചേർക്കാൻ വിസമ്മതിച്ച സ്കൂളുകളിൽ അവരെ പ്രവേശിപ്പിക്കുന്നതിനു ആനന്ദതീർത്ഥൻ പരിശ്രമിച്ചു. അക്കാലത്ത് ജാതിയുടെ പേരിൽ ആൾക്കാരെ തിരിച്ചറിയുന്നത് അവരുടെ പേരുകളിൽ നിന്നായിരുന്നു. അത്തരം പേരുകൾ മാറ്റി ഉന്നത ജാതിക്കാർ ഉപയോഗിച്ചു വരുന്ന സുബ്രഹ്മണ്യൻ, വേലായുധൻ, പ്രഭാകരൻ തുടങ്ങിയ പേരുകളും, അവയ്ക്കൊപ്പം നമ്പ്യാർ, ശർമ്മ, പ്രഭു, മാരാർ തുടങ്ങിയ പേരുകളും അവർക്കു നൽകി. അദ്ദേഹം വെള്ളൂര്‍, കണ്ടോത്ത്, കുഞ്ഞിമംഗലം, ഒദയമ്മാടം, ചെറുകുന്ന്, കല്യാശ്ശേരി, പാപ്പിനിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിൽ മേൽ ജാതിക്കാരുടെ വിലക്കുകളും, എതിർപ്പുകളും മറികടന്ന് ദളിത് കുട്ടികൾക്ക് പ്രവേശനം നേടിക്കൊടുത്തു.
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നോടിയായി എ.കെ.ജിയുടെയും, കെ.പി.ഗോപലന്റെയും നേതൃത്വത്തിൽ നടന്ന ജാഥയിൽ സ്വാമി ആനന്ദ തീർത്ഥനും പങ്കെടുക്കുകയുണ്ടായി. ഉത്തരകേരളത്തിൽ സവർണ്ണക്ഷേത്രങ്ങളിലും, അവർണ്ണക്ഷേത്രങ്ങളിലും ദളിതർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും, ആരാധിക്കുന്നതിനും വേണ്ടി നിരവധി പോരാട്ടങ്ങൾക്ക് ആനന്ദതീർത്ഥൻ നേതൃത്വം നൽകി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മാടായിക്കാവ്, പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രം, രാമവില്യം കഴകം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ആരാധനാസ്വാതന്ത്ര്യം ലഭിച്ചു. കുഞ്ഞിമംഗലം അണീക്കര പൂമാലഭഗവതിക്കാവിൽ പ്രവേശിക്കാനെത്തിയ ദളിതരോടൊപ്പം ഉണ്ടായിരുന്ന സ്വാമിക്കും മർദ്ദനമേറ്റു. അക്കാലത്ത് വിവേചനം കേവലം അമ്പലങ്ങളിൽ മാത്രമായിരുന്നില്ല. ജാതിയടിസ്ഥാനത്തിൽ വിവേചനം നിലനിന്നിരുന്ന കുളം, കിണർ, പൊതുവഴി, ചായക്കട, ബാർബർഷോപ്പ് എന്നിവിടങ്ങളിലെല്ലാം അവ അവസാനിപ്പിക്കുവാൻ അദ്ദേഹം പരിശ്രമിച്ചു. ഗുരുവായൂർ ഊട്ടുപുരയിൽ ബ്രാഹ്മണർക്കു മാത്രമായി നൽകിയിരുന്ന സദ്യ എല്ലാ ഹിന്ദുക്കൾക്കും ലഭിക്കുന്നതിനായി സ്വാമി അഞ്ചു ദിവസം സത്യാഗ്രഹമിരുന്നു. അതിന്റെ ഫലമായി ഇപ്പോൾ എല്ലാവർക്കും സദ്യനൽകി വരുന്നു.
കേരളത്തിനു പുറത്ത് കർണ്ണാടകയിലും, തമിഴ്‌നാട്ടിലും ഇദ്ദേഹം അയിത്തോച്ചാടനപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്
ഉപസംഹാരം
തിരുത്തുകയാതൊരു തത്ത്വസംഹിതയുടെയും പിൻബലമില്ലാതെയായിരുന്നു സ്വാമി ആനന്ദതീർത്ഥന്റെ പ്രവർത്തനങ്ങൾ. പ്രവർത്തനങ്ങൾക്കു വേണ്ടി ഒരു സംഘടനയും രൂപവത്കരിച്ചില്ല. വിഗ്രഹാരാധനയിൽ വിശ്വാസിച്ചില്ലെങ്കിലും, അത് തള്ളിപ്പറഞ്ഞുമില്ല. അയിത്തം ഏറ്റവും കൂടുതലുള്ള സ്ഥലം ക്ഷേത്രങ്ങളാണെന്നും, അതു ഉച്ചാടനം ചെയ്യാനാണ് താൻ അവിടം സന്ദർശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബ്രഹ്മണരും മറ്റു ഉന്നത ജാതിക്കാരും ഈഴവരെയും മറ്റും ചൂഷണം ചെയ്തിരുന്നുവെങ്കിൽ, ഈഴവർ പുലയർ, പറയർ തുടങ്ങിയ ദളിത് വിഭാഗത്തെ മാറ്റി നിർത്തുകയും, അവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഈ സത്യം ലോകമറിഞ്ഞത് സ്വാമി ആനന്ദതീർത്ഥന്റെ പ്രവർത്തനങ്ങളിലൂടെയാണ്. എല്ലാത്തരം വിവേചനങ്ങൾക്കുമെതിരെ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി വിദ്യാഭ്യാസം ലഭിച്ച ഒട്ടുമിക്കവരും ഉയർന്ന ഉദ്യോഗസ്ഥരായി തീർന്നു. ഏതൊരു സമൂഹത്തിന്റെയും വിമോചനം വിദ്യാഭ്യാസത്തിലൂടെയാണെന്ന ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. 21.11.1987നു ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യൻ സമാധിയായി.
അവലംബം
തിരുത്തുക- സ്വാമി ആനന്ദർതീർത്ഥൻ - ഇ.എം.അഷ്‌റഫ്
- എന്റെ ജീവിത കഥ - എ.കെ.ഗോപാലൻ
- കണ്ണൂർ കാലത്തിലൂടെ - എഡി. ഡോ.പി.മോഹൻദാസ്