ഇന്ത്യയിലെ രണ്ടാമത്തെ ഖിൽജി ചക്രവർത്തിയാണ് അലാവുദ്ദീൻ ഖിൽജി (ഉർദു: علاء الدین الخلجی, പഷ്തു: سلطان علاوالدين غلجی). ഖിൽജി ഗോത്രത്തിൽപ്പെട്ട ജലാവുദ്ദീൻ ഫിറൂസ് കിൽജി (മാലിക്ക് ഫിറൂസ് ഭരണ കാലം 1290-96) സ്ഥാപിച്ച ഖിൽജിവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ചക്രവർത്തിയാണ് അലാവുദ്ദീൻ.

Alauddin Khalji
علاءالدین خِلجی
Sultan
Sikander-e-Sani (Alexander the Second)

A 17th century portrait of Alauddin Khalji
13th Sultan of Delhi
ഭരണകാലം 19 July 1296–4 January 1316
21 October 1296
മുൻഗാമി Jalaluddin Firuz Khalji
പിൻഗാമി Shihabuddin Omar
Governor of Awadh
Tenure c. 1296–19 July 1296
Governor of Kara
Tenure c. 1266–1316
മുൻഗാമി Malik Chajju
പിൻഗാമി ʿAlāʾ ul-Mulk
Amir-i-Tuzuk (equivalent to Master of ceremonies)
Tenure c. 1290–1291
ജീവിതപങ്കാളി
മക്കൾ
രാജവംശം Khalji dynasty
പിതാവ് Shihabuddin Mas'ud (brother of Jalaluddin Khalji)
മതം Sunni Islam

അധികാരത്തിലേക്ക്

തിരുത്തുക

അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം അലിഗുർഷാസ്പ് എന്നായിരുന്നു. ഡെൽഹിയിലെ ചക്രവർത്തിയും ഖിൽജി രാജവംശസ്ഥാപകനുമായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ ജ്യേഷ്ഠപുത്രനായിരുന്നു അലിഗുർഷാസ്പ്. അലഹബാദിനടുത്തുള്ള കാറയിലെ ഗവർണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുർഷാസ്പ് 1296 ജൂലൈ 19-ന് അവിടെവച്ച് സുൽത്താനായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയെ ചതിവിൽ വധി���്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. 'അലാഉദ്-ദുൻയാ-വദ്ദീൻ മുഹമ്മദുഷാ സുൽത്താൻ' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീൻ ഖിൽജി സ്വീകരിച്ചത്. കാറയിൽ വച്ച് സുൽത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാർഗങ്ങളിൽക്കൂടി ഡൽഹിയിലേക്കു തിരിച്ചു. 1296 ഒക്ടോബർ രണ്ടാം വാ��ത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ സിറിയിൽ എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേർന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല. ഡൽഹിയിൽ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേർന്നു. 1296 ഒക്ടോബർ 21-ന് അലാവുദ്ദീൻ ഡൽഹി സുൽത്താനായി സ്ഥാനാരോഹണം ചെയ്തു. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തിൽ പങ്കാളികളാക്കി.

അലാവുദ്ദീന്റെ സാമ്രാജ്യം ചുറ്റും ശത്രുക്കളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരെ നേരിടാനുള്ള മാർഗങ്ങളെപ്പറ്റി ആലോചിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ രണ്ടുവർഷം ചെലവഴിച്ചത്. അന്തരിച്ച സുൽത്താന്റെ കുടുംബാംഗങ്ങളിൽ ശേഷിച്ചവരെ വകവരുത്താനായി ഉലുഗ്ഖാൻ, സഫർഖാൻ എന്നിവരെ വമ്പിച്ച സൈന്യവുമായി മുൾത്താനിലേക്ക് അയച്ചു. അവർ രാജകുടുംബാംഗങ്ങളെ മുഴുവൻ വളയുകയും വകവരുത്തുകയും ചെയ്തു

ആദ്യകാല ആക്രമണങ്ങൾ

തിരുത്തുക

സുലൈമാൻ പർവതനിരകടന്ന് ഇന്ത്യയിലെത്തിയ മംഗോൾസൈന്യം, ഖോക്കാർ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കി. ഉലുഗ്ഖാൻ വമ്പിച്ചൊരു സൈന്യവുമായി 1298 ഫെബ്രുവരി അഞ്ചിനു സത്ലജ് കരയിലെ ജറൻമൻജൂറിലെത്തി. 20,000 വരുന്ന മംഗോൾ പടയെ നശിപ്പിക്കാൻ കദറിൽ വച്ച് ഖിൽജി സൈന്യത്തിന്ക ഴിഞ്ഞു.

ഖ്വാജാഖാദിറിനെ തുടർന്ന് നുസ്രത്ത്ഖാനെ വസീർ ആക്കി. കരായിൽ അലാവുദ്ദീൻ പാർപ്പിച്ചിരുന്ന അലാഉൽ മുൽക്ക് വമ്പിച്ച സൈന്യങ്ങളും സ്വത്തുമായി ഡൽഹിയിൽ എത്തി. ഇദ്ദേഹം ഡൽഹിയിലെ കൊത്ത്വാളായി നിയമിക്കപ്പെട്ടു. സുൽത്താനും മംലൂക്ക് പ്രഭുക്കന്മാരുമായി നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന കലഹമാണ് മംലൂക്ക് ഭരണത്തിന്റെ പതനത്തിനു കാരണമെന്ന് മനസ്സിലാക്കിയിരുന്ന അലാവുദ്ദീൻ അത്തരം കലഹപ്രിയരെ ഉൻമൂലനം ചെയ്യാൻ മുൻകൈയെടുത്തു. തന്റെ സ്ഥാനം സുരക്ഷിതമാക്കിയ സുൽത്താൻ, ജലാലിപ്രഭുക്കന്മാരെയെല്ലാം ഭരണത്തിൽ നിന്ന് ഒഴിവാക്കി.

രാജ്യം വിസ്തൃതമാക്കുന്നതിലായിരുന്നു അലാവുദ്ദീന്റെ അടുത്ത ശ്രദ്ധ പതിഞ്ഞത്. ഗുജറാത്ത് ആദ്യമായി ആക്രമിക്കാൻ തുനിഞ്ഞതിന്റെ കാരണം ചരിത്രകാരന്മാരുടെയിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. ചില രജപുത്രനാടോടിക്കഥകളെ ഇതിന് ഉപോദ്ബലകമായി ചിലർ ഉദ്ധരിക്കുന്നു. കരൻവഘേല എന്ന രാജാവ് മാധവൻ എന്നു പറയുന്ന വ്യക്തിയുടെ അസാന്നിധ്യത്തിൽ അയാളുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിനാൽ മാധവൻ സുൽത്താന്റെ സഹായം അഭ്യർഥിച്ചു എന്നാണ് കഥ. രാസ്മേലയിൽ വിവരിച്ചിരിക്കുന്നത് ഇതിന് അടിസ്ഥാനമായി ചിലർ കണക്കാക്കുന്നു.

 
Copper coin of Alauddin Khilji.

ഉലൂഗ്ഖാൻ, നുസ്രത്ത്ഖാൻ എന്നിവരുടെ സംയുക്ത നേതൃത്വത്തിലുള്ള സൈന്യം 1299 ഫെബ്രുവരിയിൽ ഗുജറാത്ത് ആക്രമിച്ചു. സൈന്യം കരൻവഘേലയെ തോല്പിച്ച് അദ്ദേഹത്തിന്റെ സ്വത്തും പട്ടമഹിഷിയായ കമലാദേവിയെയും തടവുകാരായി ഡൽഹിയിലേക്കു കൊണ്ടുവന്നു. പുതുക്കിപ്പണിത സോമനാഥക്ഷേത്രവും പല നഗരങ്ങളും ആക്രമണത്തിനു വിധേയമായി. സുൽത്താന്റെ സ്യാലനായ ആൽപ്ഖാൻ ഗുജറാത്ത് ഗവർണറായി നിയമിക്കപ്പെട്ടു.

1299-ൽ തന്നെ മറ്റൊരു മംഗോൾ ആക്രമണം സിവിസ്താന് (സിബി) എതിരായി നടന്നു. സാൽഡി എന്ന മംഗോൾ നേതാവ് അവിടത്തെ കോട്ട കീഴടക്കി. ഇവരെ എതിർക്കാനായി അലാവുദ്ദീൻ സഫർഖാനെ അയച്ചു. സമാനാ ഗവർണറായിരുന്ന സഫാർഖാൻ മംഗോൾ സൈന്യത്തെ തോല്പിച്ച്, സാൽഡിയെയും അയാളുടെ സഹോദരനെയും തടവുകാരാക്കി.

സഫർഖാൻ, ഉലുഗ്, നുസ്രത്ത്, ആൽപ് എന്നിവർ അലാവുദ്ദീന്റെ പ്രശസ്ത സൈനികമേധാവികളായിരുന്നു. ഇസ്ലാംമതപ്രവാചകനായ മുഹമ്മദുനബി, തന്റെ ആദ്യത്തെ നാലു ഖലീഫമാരെക്കൊണ്ട് ഇസ്ലാം പടുത്തുയർത്തിയതു പോലെ, അലാവുദ്ദീനും തന്റെ നാലു 'ഖാൻ'മാരുടെ സഹായത്തോടെ പുതിയൊരു മതം സ്ഥാപിക്കുകയും 'പ്രവാചകനാ'യിത്തീരുകയും ചെയ്യാൻ ശ്രമിച്ചുവെന്ന് ബറനി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്തുതന്നെ അദ്ദേഹം രണ്ടാം അലക്സാണ്ടർ (സിക്കന്ദർ-ഇ-സ്സാനി) എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയും അത് നാണയങ്ങളിൽ അച്ചടിപ്പിക്കുകയും വെള്ളിയാഴ്ചകളിലെ ഖുത്തുബായിൽ പരാമർശിക്കുകയും ചെയ്തു.

1299 അവസാനം ട്രാൻസ്-ഓഷ്യാനയിലെ ഖാൻ, തന്റെ പുത്രനായ ഖുത്ത്ലുഗ്ഖ്വാജയെ ഡൽഹി ആക്രമിക്കാൻ അയച്ചു. ഇന്ത്യയെ കീഴടക്കി ഭരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സിന്ധുനദി കടന്നുവന്ന മംഗോൾ സൈന്യത്തെക്കണ്ട് മുൾത്താൻ പട്ടാളം കോട്ടയ്ക്കുള്ളിൽ അഭയം പ്രാപിച്ചു. സഫർഖാൻ ഖുത്ത്ലുഗിനെ ഒരു ദൂതൻ മുഖാന്തരം ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചെങ്കിലും ഖുത്ത്ലുഗ് അതു സ്വീകരിച്ചില്ല. അവസാനം മംഗോൾ സൈന്യം ഡൽഹിക്ക് 10 കിലോമീറ്റർ അകലെ കിലിയിൽ താവളമടിച്ചു. സിന്ധുനദി കടന്നതിനുശേഷമേ അലാവുദ്ദീൻ മംഗോൾ ആക്രമണത്തെക്കുറിച്ച് അറിഞ്ഞുള്ളു. അലാവുദ്ദീന്റെ സൈന്യം സിറിയിൽ യമുനാനദീതീരത്തും താവളമടിച്ചു. ഭക്ഷ്യദൌർലഭ്യവും, സ്വന്തം നാട്ടിൽനിന്നുള്ള വിദൂരതയും മൂലം, മംഗോൾ സൈന്യം പിൻമാറാൻ നിർബന്ധിതമായി.

മംഗോൾ ആക്രമണകാരികളിൽ ചിലർ രന്തംഭോറിലെ ഹാമിർദേവനെ അഭയം പ്രാപിച്ചിരുന്നു. തന്നിമിത്തം ഉലുഗ്, സൈന്യസമേതം രന്തംഭോറിലേക്ക് തിരിച്ചു. വിവരങ്ങളെല്ലാം മനസ്സിലാക്കിയിരുന്ന അലാവുദ്ദീൻ അവധിലെ ഗവർണറായിരുന്നനുസ്രത്ത് ഖാനോട് ഉലുഗിനെ സഹായിക്കുവാൻ നിർദ്ദേശം നല്കി. അവർ രണ്ടു പേരും ചേർന്നു ഝയിൻ പിടിച്ചടക്കുകയും രന്തംഭോർ ഉപരോധിക്കുകയും ചെയ്തു. യുദ്ധത്തിൽ നുസ്രത്ത് വധിക്കപ്പെട്ടു. ഈ അവസരത്തിൽ ഹാമിർദേവൻ കിൽജികളെ എതിർത്തു; ഉലുഗ്ഖാനെ തോല്പിച്ച് ഝയിനിലേക്ക് ഓടിച്ചു.

കലാപങ്ങൾ

തിരുത്തു��
 
Alai Darwaza in the Qutb complex, Delhi, built by Alauddin Khilji in 1311 CE[1].
 
Alauddin's Madrasa, Qutb complex, Mehrauli, which also has his tomb to the south.

ഉദ്യോഗസ്ഥൻമാരെല്ലാം തിൽപ്പത്തിൽ വച്ച് തന്നെ സന്ധിക്കണമെന്ന് അലാവുദ്ദീൻ ആവശ്യപ്പെട്ടു. ഈ സമയം അലാവുദ്ദീൻ വേട്ടയാടാനും ചെലവഴിച്ചു. സഫർഖാന്റെ നിര്യാണത്തെത്തുടർന്നു കിലിയിലെ സൈന്യച്ചുമതല ആക്കത്ത്ഖാനായിരുന്നു. സുൽത്താനും അനുചരന്മാരും കൂടി വിശ്രമിച്ചുകൊണ്ടിരിക്കവേ ആക്കത്ത്ഖാനും മംഗോൾ മുസ്ലിങ്ങളിൽപെട്ട ചില പട്ടാളക്കാരുംകൂടി അവരെ വളഞ്ഞു. തുടർന്നുണ്ടായ കലാപത്തിൽ മുറിവേറ്റ അലാവുദ്ദീൻ വധിക്കപ്പെട്ടുവെന്നു വിശ്വസിച്ച ആക്കത്ത്ഖാൻ പട്ടാളക്യാമ്പിൽ ചെന്നു സുൽത്താനെ താൻ വധിച്ചുവെന്നും താൻ പുതിയ സുൽത്താനായിത്തീർന്നുവെന്നും പ്രഖ്യാപിച്ചു. എന്നാൽ അലാവുദ്ദീൻ കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ ആക്കത്ത്ഖാൻ പ്രാണരക്ഷാർഥം പലായനം ചെയ്തു. രണ്ട് ഉദ്യോഗസ്ഥന്മാർ അയാളെ പിന്തുടർന്നു വധിച്ചു. ഉലുഗ്ഖാനെ സഹായിക്കാൻ വമ്പിച്ച സൈന്യവുമായി അലാവുദ്ദീൻ രന്തംഭോറിലേക്കു തിരിച്ചു. ഈ അവസരത്തിൽ അലാവുദ്ദീന്റെ സഹോദരീപുത്രന്മാരായ മാലിക്ക് ഉമറും (ബദായുൻ ഗവർണർ) മങ്കുഖാനും (അവധ് ഗവർണർ‍) പട്ടാളത്തെ സജ്ജീകരിക്കാനും ഭരണം പിടിച്ചെടുക്കാനും ശ്രമമാരംഭിച്ചു. വിവരമറിഞ്ഞ അലാവുദ്ദീൻ അനുയായികളെ അയച്ച് അവരെ വധിച്ചു.

ഡൽഹിയിലെ കൊത്ത്വാളായ അലാഉൽമുൽക്ക് കിലിയുദ്ധത്തിനുശേഷം അന്തരിച്ചതിനാൽ ആ പദവി ബെയസീദ് തിർമിസിക്കു നല്കിയിരുന്നു. സിറിയിൽ നിർമിച്ചുവന്ന കോട്ടയുടെ കൊത്ത്വാളായി അലാവുദ്ദീൻ ആയാസിനെയും നിയമിച്ചു. ബെയസീദ്, ജനങ്ങൾക്ക് അസ്വീകാര്യനായിരുന്നു. അതിനാൽ ഹാജിമൗല ചില ഉദ്യോഗസ്ഥന്മാരുടെ കൂട്ടുപിടിച്ചു ഡൽഹിയിൽ കലാപം സൃഷ്ടിച്ചു. സുൽത്താൻ രന്തംഭോറിലായിരുന്ന തക്കംനോക്കിയാണിതു സംഭവിച്ചത്. ബെയസീദിനെ വധിച്ച് കോട്ടയും ചുമപ്പുകൊട്ടാരവും മൗല കീഴടക്കി. സുൽത്താൻ ഇൽത്തമിഷി (ഇൽതുത്മിഷ്)ന്റെ പരമ്പരയിൽപ്പെട്ട അലവിയെ ഡൽഹി സിംഹാസനത്തിൽ ഉപവിഷ്ഠനാക്കി. നാലുദിവസം ഹാജിമൗല ഡൽഹി ഭരിച്ചു. കലാപം കഴിഞ്ഞു നാലാം ദിവസം മാലിക്ക് ഹമീദുദ്ദീനും സൈന്യവും ഡൽഹിയിലെത്തി, മൗലയെയും അലവിയെയും വധിച്ച് ഡൽഹി തിരിച്ചുപിടിച്ചു. ഈ വിവരം അലാവുദ്ദീൻ പിന്നീടാണ് അറിഞ്ഞത്. 1301 ജൂലൈ 10-ന് രന്തംഭോർ കോട്ടയും രാജ്യവും അലാവുദ്ദീനു കീഴടങ്ങി.

അലാവുദ്ദീന്റെ സ്ഥാനാരോഹണത്തിനുശേഷം ഒട്ടാകെ മൂന്നു കലാപങ്ങൾ രാജ്യത്തുണ്ടായി. കാരണങ്ങളാരായാനായി രഹസ്യസമിതി (മജ്ലിസ്-ഇ-ഖാസ്) വിളിച്ചുകൂട്ടി. അതിൽനിന്നും നാലു കാരണങ്ങളാണ് വിപ്ലവങ്ങൾക്കുള്ളതെന്നു തെളിഞ്ഞു. ജനങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് രാജാവിനുള്ള അജ്ഞതയായിരുന്നു ഇവയിലാദ്യത്തേത്. ജനങ്ങളുടെ മദ്യപാനം രണ്ടാമത്തെ കാരണമായിരുന്നു. മാലിക്കുകളുടെയും അമീർമാരുടെയും യോജിപ്പും ബന്ധുത്വവും അവരെ ശക്തരാക്കുന്നുവെന്നും സുൽത്താൻ മനസ്സിലാക്കി. പണക്കൊഴുപ്പായിരുന്നു അവസാനത്തെ കാരണമായി കണ്ടുപിടിച്ചത്.

മധ്യകാലനിയമപ്രകാരം പ്രഭുക്കന്മാരുടെ അധികസമ്പത്തു കണ്ടുകെട്ടി, രാജ്യത്തങ്ങോളമിങ്ങോളമുള്ള പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ശക്തമായൊരു ചാരസംഘത്തെ അലാവുദ്ദീൻ രൂപവത്കരിച്ചു. പൊതുവിപണികളിലും പ്രഭുഗൃഹങ്ങളിലും ഈ ചാരസംഘം പ്രവർത്തിച്ചു. മദ്യം വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതു നിരോധിക്കുകയും ചെയ്തു.

മാലിക്കുകൾ, അമീർമാർ‍, കൊട്ടാരം ഉദ്യോഗസ്ഥന്മാർ ആദിയായവർ പൊതുസത്കാരങ്ങളിൽ പങ്കുകൊള്ളുന്നതു നിരോധിച്ചു. തൻമൂലം പ്രഭുക്കന്മാർക്ക് സംഘടിക്കാൻ കഴിയാതായി.

ഹിന്ദുസമുദായത്തിൽപ്പെട്ടവരെ ഉയർന്ന ഉദ്യോഗങ്ങളിൽ നിയമിച്ചു. ഹിന്ദുക്കളുടെ ഇടയിൽ റായികൾ (വലിയ ഭരണാധികാരികൾ), റാണകൾ (ചെറിയ ഭരണാധിപർ), താക്കൂർമാർ (യോദ്ധാക്കൾ‍), സഹാഡ് (ബാങ്കുടമകൾ‍), മേഹ്ത്തമാർ (ഭരണാധിപർ‍), പണ്ഡിറ്റുമാർ (പുരോഹിതർ‍) എന്നിവർ പ്രബലരായ വർഗക്കാരായിത്തീർന്നു.

ഭൂനികുതിവ്യവസ്ഥകൾ

തിരുത്തുക
 
Coin of Alauddin Khilji.

ഭരണാധികാരി വർഗ്ഗമായ 'റായികൾ‍'ക്കു പ്രജകളിൽനിന്നും കരം ഇഷ്ടം പോലെ ഈടാക്കാനുള്ള വ്യവസ്ഥ നിലനിന്നിരുന്നു. കേന്ദ്ര ഭരണാധികാരികളെ ദുർഘടഘട്ടം വരുമ്പോൾ ഇവർ എതിർത്തിരുന്നു. രാജ്യത്തിനകത്ത് അവർ സർവതന്ത്രസ്വതന്ത്രരായി പ്രവർത്തിച്ചു. ഇതിനെതിരായി ഇന്ത്യയിലാദ്യമായി ഒരു ഭൂവ്യവസ്ഥ സംഘടിപ്പിച്ചത് അലാവുദ്ദീനായിരുന്നു. അതിനു രണ്ടു നിയമങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. കൃഷിക്കാർ ഉത്പാദനത്തിന്റെ പകുതി രാജഭണ്ഡാരത്തിൽ ഏല്പിക്കാൻ നിർബന്ധിതരായി. പ്രത്യേക മേച്ചിൽ സ്ഥലം മാറ്റിവയ്ക്കപ്പെട്ടു. ഇതിന്റെ കരം വ്യക്തികളിൽ നിന്നു ഈടാക്കിവന്നു. കർഷകരുടെ തരമനുസരിച്ചു സൂക്ഷിക്കേണ്ട കന്നുകാലികളുടെ എണ്ണംപോലും തിട്ടപ്പെടുത്തിയിരുന്നു. ഈ നിയമങ്ങൾമൂലം രാജാവും ജനങ്ങളും തമ്മിൽ ആദ്യമായി ബന്ധപ്പെടാൻ ഇടയായി.

വാറങ്കൽ‍-ചിത്തോർ ആക്രമണങ്ങൾ

തിരുത്തുക
 
Courts to the east of Quwwat ul-Islam mosque, in Qutb complex added by Khilji in 1300 CE[2].

കാകതീയ രാജാവായിരുന്ന പ്രതാപരുദ്രദേവനായിരുന്നു വാറങ്കൽ ഭരിച്ചിരുന്നത്. ഉലുഗ്ഖാന് വാറങ്കൽ ആക്രമിക്കാൻ സാധിച്ചിരുന്നില്ല. അലാവുദ്ദീൻ ചിത്തോറിലേക്കു യാത്ര തിരിച്ചു; സൈന്യത്തിന്റെ ഒരു വിഭാഗത്തെ വാറങ്കൽ ആക്രമിക്കാനും നിയോഗിച്ചു. ബംഗാളിലൂടെയായിരിക്കണം ഈ സൈന്യം മുന്നേറിയതെന്നു വിശ്വസിക്കപ്പെടുന്നു (അന്ന് മാൾവ അലാവുദ്ദീന്റെ കീഴിലായിരുന്നില്ല). കാലവർഷത്തിന്റെ കെടുതികളിൽപ്പെട്ട് അലാവുദ്ദീന്റെ സൈന്യം വലഞ്ഞു. സുൽത്താൻ അവരെ മടക്കിവിളിച്ചു. വളരെയധികം സൈനികർ സുൽത്താനു നഷ്ടപ്പെട്ടു. രന്തംഭോർ ഒഴിച്ചാൽ ഇന്ത്യയിലെ ഏറ്റവും പ്രബല രജപുത്ര രാജ്യമായിരുന്നു ചിത്തോർ‍. ചിത്തോർ, കോട്ടകൊത്തളങ്ങളാൽ സുരക്ഷിതമായിരുന്നു. അലാവുദ്ദീനും സൈന്യങ്ങളും 1303 ജനുവരി 23-ന് കോട്ടയ്ക്കു സമീപം താവളമടിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ റായി കീഴടങ്ങി. 1303 ഓഗസ്റ്റ് 25-ന് സുൽത്താൻ കോട്ടയ്ക്കകത്തു പ്രവേശിച്ചു. അവിടത്തെ ഭരണം മാലിക്ക്ഷാഹിനെ ഏല്പിച്ചശേഷം സുൽത്താൻ തലസ്ഥാനത്ത് തിരിച്ചെത്തി.

അലാവുദ്ദീൻ ആക്രമണങ്ങൾക്കു പുറപ്പെട്ടപ്പോൾ അതിർത്തിക്കോട്ടകളിലെ സൈന്യങ്ങളിൽ ഒരു വിഭാഗത്തെ പിൻവലിച്ചിരുന്നു. ഈ തക്കംനോക്കി മംഗോൾ നേതാവായ തർഘി ഡൽഹിക്കെതിരെ വമ്പിച്ചൊരു സൈന്യവുമായി നീങ്ങി. മുൾത്താൻ, ദീപാൽപൂർ, സമാന എന്നീവിടങ്ങളിൽ മംഗോൾ സൈന്യത്തെ ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞിരുന്നില്ല. അലാവുദ്ദീൻ ഡൽഹിയിൽ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളു. സിറിയിൽ സുൽത്താനും സൈന്യവും താവളമടിച്ചു. നേരിട്ടൊരു യുദ്ധത്തിന് ഈ പ്രാവശ്യവും അലാവുദ്ദീൻ തയ്യാറായില്ല. മംഗോൾസൈന്യം രണ്ടുമാസം ഡൽഹി ഉപരോധിച്ചശേഷം തിരിച്ചുപോകാൻ നിർബന്ധിതമായി.

സാമ്പത്തികവ്യവസ്ഥകൾ

തിരുത്തുക
 
ഖുതുബ് മിനാറിനേക്കാൾ ഉയരത്തിൽ അലാവുദ്ദീൻ ഖിൽജി, പണിയാനുദ്ദേശിച്ച അലൈ മിനാർ - ഇതിന്റെ ഒന്നാമത്തെ നില മാത്രമേ പൂർത്തിയായുള്ളൂ

സാമ്രാജ്യവിസ്തൃതിക്കുള്ള ശ്രമങ്ങൾ താത്കാലികമായി അലാവുദ്ദീൻ ഉപേക്ഷിച്ചു. സിറിയിൽ കോട്ടകെട്ടി അവിടെ തലസ്ഥാനനഗരി നിർമിച്ചു. സമാനയിലും ദീപാൽപൂരിലും ശക്തമായ സൈന്യത്തെ കാവൽ നിർത്തി. സാമ്പത്തികഭദ്രത കൈവരുത്താനായി നിരവധി നിയമങ്ങൾ സുൽത്താൻ നടപ്പിലാക്കി. എല്ലാ ധാന്യങ്ങളുടെയും വില ക്രമീകരിക്കാൻ ഇദ്ദേഹം ആവിഷ്കരിച്ച നിയമമാണ് ഇതിൽ പ്രാധാന്യമുള്ളത്. വിപണികളിലെ വില നിയന്ത്രിക്കാൻ ഒരു ഉദ്യോഗസ്ഥനെ ഇദ്ദേഹം നിയമിച്ചു. ആവശ്യത്തിലധികംവരുന്ന ധാന്യം കൊട്ടാരത്തിലെ അറകളിൽ സൂക്ഷിച്ചു. പൂഴ്ത്തിവെപ്പുകാരെ സുൽത്താൻ കഠിനമായി ശിക്ഷിച്ചു. കരംപിരിവ് കൃത്യമായി നടത്തി. ഇത്തരം ചില കർശനനിയമങ്ങൾ കാരണം അലാവുദ്ദീന്റെ ഭരണകാലത്ത് രാജ്യത്ത് ക്ഷാമമുണ്ടായില്ല.

അന്ത്യകാലത്തെ ആക്രമണങ്ങൾ

തിരുത്തുക
 
അലാവുദ്ദീൻ ഖിൽജിയുടെ ശവക്കല്ലറ, ഡെൽഹിയിൽ

1305-ൽ മംഗോളിയർ ഇന്ത്യ ആക്രമിച്ചു. ഡൽഹിസൈന്യം 1305 ഡിസംബർ 20-ന് അമ്രോഹജില്ലയിലെ ഒരു സ്ഥലത്തുവച്ച് മംഗോൾ സൈന്യത്തോടേറ്റുമുട്ടി. മംഗോൾ നേതാക്കന്മാർ കീഴടങ്ങി. അവരെയെല്ലാം ഡൽഹിയിൽ കൊണ്ടുവന്നു. അവരെ സുൽത്താൻ ഒരു ഡർബാറിൽവച്ചു സ്വീകരിച്ചു.

അടുത്തവർഷം മംഗോൾസൈന്യം വീണ്ടും ഇന്ത്യയിലെത്തി. അലാവുദ്ദീൻ തന്റെ സൈന്യത്തെ മാലിക്ക് കാഫൂർ സുൽത്താനിയുടെ കീഴിൽ അണിനിരത്തി. ഡൽഹിപട്ടാളം മംഗോൾ സൈന്യത്തെ പരാജയപ്പെടുത്തി. അവരെയെല്ലാം തടവുകാരാക്കി പിടിച്ചു.

ഉത്തരേന്ത്യയിലെ റായികളെല്ലാം അലാവുദ്ദീനു കീഴടങ്ങി. മാൾവമാത്രം കീഴടങ്ങിയിരുന്നില്ല. ഒരു ഡൽഹിസൈന്യം മാൾവ ആക്രമിച്ചു കീഴടക്കി, മാൾവയിലെ മാണ്ഡുകോട്ട, 1305 ഡിസംബർ 24-ന് കീഴടക്കി. സിവാന, ജാലോർ രാജ്യങ്ങളും അലാവുദ്ദീന് അധീനമായി.

1306-07 കാലത്ത് ദക്ഷിണേന്ത്യ ആക്രമിക്കാനുള്ള സജ്ജീകരണങ്ങൾ അലാവുദ്ദീൻ പൂർത്തിയാക്കി. ബഗ്ളാനകുന്നുകൾ ഭരിച്ചിരുന്ന റായികരനെ ബഹിഷ്കരിക്കാൻ ആൽപ്ഖാൻ നിയുക്തനായി. തുടർന്നുണ്ടായ യുദ്ധത്തിൽ പരാജയപ്പെട്ട റായികരൻ വാറങ്കലിൽ അഭയം പ്രാപിച്ചു. മൂന്നുനാലു വർഷമായി കപ്പം മുടക്കിയിരുന്ന ദേവഗിരിയിലെ റായി രാമചന്ദ്രദേവനോടു കപ്പം ഈടാക്കാൻ ഒരു സൈന്യത്തെ അലാവുദ്ദീൻ അയച്ചു. മാലിക്ക് കാഫൂറിനെയാണ് അതിന്റെ നേതാവായി തിരഞ്ഞെടുത്തത്. കാഫൂറിന്റെ സൈന്യം ദേവഗിരിയിലെത്തി, യുദ്ധത്തിൽ കീഴടങ്ങിയ രാ���ചന്ദ്രദേവനെ ഡൽഹിയിലേക്കു കൊണ്ടുവന്നു, രാജോചിതമായി സുൽത്താൻ അദ്ദേഹത്തെ സ്വീകരിച്ചു.

ദേവഗിരിയുദ്ധംമൂലം പ്രശസ്തനായിത്തീർന്ന മാലിക്ക് കാഫൂറിനെ വാറങ്കൽ ആക്രമിക്കാൻ സുൽത്താൻ നിയോഗിച്ചു. 1310 ജനുവരിയിൽ അലാവുദ്ദീന്റെ സൈന്യം വാറങ്കലിലെത്തി. റായിയുമായി യുദ്ധം ചെയ്യേണ്ടിവന്നില്ല; തന്റെ വിലപിടിച്ച എല്ലാ സമ്പത്തും റായി കാഫൂറിനു കാഴ്ചവച്ചു.

മാലിക്ക് കാഫൂറിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ പ്രദേശങ്ങൾ കീഴടക്കാനായി വമ്പിച്ചൊരു സേന സജ്ജമാക്കി. 1310 നവം‌ബറിൽ ഈ സൈന്യം ഡൽഹിയിൽനിന്നു യാത്ര തിരിച്ചു. 1311 ഫെബ്രിവരി 7-ന് ദേവഗിരിയും കടന്നു ഡൽഹി സൈന്യം മഅ്ബറിലെത്തി. അവിടെ വീരപാണ്ഡ്യനും സഹോദരനായ സുന്ദരപാണ്ഡ്യനും തമ്മിൽ കലഹിച്ചു കഴിയുന്ന കാലമായിരുന്നു. അവിടെ ഡൽഹിസൈന്യമെത്തിയപ്പോൾ വീരപാണ്ഡ്യൻ സുൽത്താന്റെ സഹായം ആവശ്യപ്പെട്ടുവെന്നും കാഫൂർ സുന്ദരപാണ്ഡ്യനെ തോല്പിച്ചു രാജ്യം കൈവശപ്പെടുത്തിയെന്നും പറയപ്പെടുന്നു.

1311 ഒക്ടോബറിൽ തിരിച്ചെത്തിയ കാഫൂറിനെ സത്കരിക്കാൻ അലാവുദ്ദീൻ വലിയൊരു വിരുന്നൊരുക്കി. 1315 ഒക്ടോബർ വരെ അലാവുദ്ദീൻ രാജ്യകാര്യങ്ങളിൽ ബദ്ധശ്രദ്ധനായിരുന്നു. ഈ കാലത്ത് മാലിക്ക് കാഫൂറിനെ രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥനായി സുൽത്താൻ നിയമിച്ചിരുന്നു. സുൽത്താന്റെ അന്ത്യകാലത്ത് രാമരായരുടെ പുത്രിയായ ജാത്യപാലിയിൽ അലാവുദ്ദീനു ജനിച്ച ഷിഹാബുദ്ദീൻ ഉമറിനെ രാജ്യാവകാശിയാക്കാൻ മാലിക്ക് കാഫൂർ തീരുമാനിച്ചു. കാഫൂർ റീജന്റായിത്തീരുകയും ചെയ്തു. 1316 ജനുവരി 4-ന് അലാവുദ്ദീൻ കിൽജി അന്തരിച്ചു. മാലിക്ക് കാഫൂർ വിഷംകൊടുത്ത് കൊന്നതാണെന്നും ഒരഭിപ്രായം നിലവിലുണ്ട്. ഡൽഹിയിലെ ജൂമാമസ്ജിദിനു മുന്നിൽ ഇദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു.

  1. Qutub Minar Govt. of India website.
  2. Sajnani, Manohar (2001). Encyclopaedia of Tourism Resources in India. Gyan Publishing House. p. 70. ISBN 8178350149. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
മുൻഗാമി ഡെൽഹിയിലെ സുൽത്താന്മാർ
1296–1316
പിൻഗാമി
ഖിൽജി രാജവംശം
1296–1316
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കിൽജി (1266 - 1316) അലാവുദ്ദീൻ കിൽജി (1266 - 1316) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലാവുദ്ദീൻ_ഖിൽജി&oldid=3819232" എന്ന താളിൽനിന്ന് ശേഖരിച്ചത്