അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം

പാശ്ചാത്യ യൂറോപ്യൻ ശക്തികൾ അമേരിക്കൻ വൻകരകളിൽ താവളമുറപ്പിച്ചതിന്റെയും ക്രമേണ തദ്ദേശീയർക്കുമേൽ അധികാരം സ്ഥാപിച്ചതിന്റെയും ചരിത്രമാണ് അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം പറയുന്നത്.

1794 ലെ അമേരിക്കകളുടെ രാഷ്ട്രീയ ഭൂപടം
സ്പാനിഷ് കോൺക്വിസ്റ്റഡോറുകളുടെ പടച്ചട്ട

1492 ലാണ് ക്രമാനുഗതമായ യൂറോപ്യൻ കോളനിവത്കരണം ആരംഭിക്കുന്നത്. ഇറ്റാലിയൻ പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസിന്റെ നേതൃത്വത്തിൽ പൂർവേഷ്യയിലേക്ക് ഒരു പുതിയ വ്യാപാരപാത കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച സംഘം അബദ്ധത്തിൽ അമേരിക്കൻ വന്കരകളിലെത്തിച്ചേർന്നു. 1492 ഡിസംബർ 5 നാണ് അവർ ഹിസ്പാനിയോള ദ്വീപിന്റെ വടക്കുഭാഗത്ത് വന്നിറങ്ങിയത്. അമേരിക്കകളിലെ ആദ്യത്തെ യൂറോപ്യൻ താവളമായി അത് മാറി. പശ്ചിമ യൂറോപ്പിന്റെ വൻകിട പര്യവേക്ഷണങ്ങളും, പടയോട്ടങ്ങളും കോളനിവത്കരണവും വൈകാതെ വന്നെത്തി. കൊളംബസിന്റെ ആദ്യ രണ്ടു യാത്രകളിൽ ബഹാമാസും അനേകം കരീബിയൻ ദ്വീപുകളും അവർ സന്ദർശിച്ചു. ഇതിൽ പ്യുർട്ടോ റിക്കോ, ക്യൂബ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 1497 ഇറ്റാലിയൻ പര്യവേക്ഷകൻ തന്നെയായ ജോൺ കാബട്ട് ഇംഗ്ലണ്ടിന് വേണ്ടി വടക്കേ അമേരിക്കൻ തീരത്ത് കാലുകുത്തി. ഒരു വർഷത്തിന് ശേഷം കൊളംബസിന്റെ മൂന്നാം യാത്രയിൽ അവർ തെക്കേ അമേരിക്കയിൽ എത്തിച്ചേർന്നു. കൊളംബസിന്റെ യാത്രകൾക്ക് പണം മുടക്കിയ സ്പെയിൻ ആയിരുന്നു അമേരിക്കകളിലെ വലിയ ഭാഗങ്ങൾ കോളനിവത്കരിച്ച ആദ്യ യൂറോപ്യൻ ശക്തി. വടക്കേ അമേരിക്കയും കരീബിയൻ ദ്വീപുകളും തൊട്ട് തെക്കേ അമേരിക്കയുടെ തെക്കേ അറ്റം വരെ അവരുടെ സ്വാധീനത്തിലായിരുന്നു.

ക്യൂബ, പ്യുർട്ടോറിക്കോ, ഹിസ്പാനിയോള മുതലായ ദ്വീപുകൾ ഉപയോഗിച്ച് കരീബിയനിൽ സ്പെയിൻകാർ അവരുടെ സാമ്രാജ്യത്തിന് വിത്തുപാകി. കോൺക്വിസ്റ്റഡോർ എന്ന് വിളിക്കപ്പെടുന്ന സൈനിക പര്യവേക്ഷണ സംഘത്തിന്റെ പടയോട്ടത്തിൽ വടക്കും തെക്കും അമേരിക്കകളുടെ പ്രധാന ഭാഗങ്ങൾ കീഴടങ്ങി. ഇതിൽ തദ്ദേശീയരായ 8 ദശലക്ഷം ജനങ്ങൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.[1] 1513 ൽ ജുവാൻ പോൺസി ഡി ലിയോൺ ഫ്ലോറിഡ കീഴടക്കി. 1519 മുതൽ 1521 വരെ ഹെർണാൻ കോർറ്റെസ് ആസ്ടെക് സാമ്രാജ്യത്തിനെതിരെ പടനയിച്ചു. ആസ്ടെക് തലസ്ഥാനമായിരുന്ന റ്റെനോക്റ്റിലിയൻ മെക്സിക്കോ സിറ്റിയായി മാറി. സ്പെയിന്കാർ പുതിയ സ്‌പെയിൻ എന്ന് വിളിച്ചിരുന്ന പ്രദേശങ്ങളുടെ പ്രധാന പട്ടണമായി അത് മാറി. 240000 ആസ്ടെക് ജനങ്ങൾ റ്റെനോക്റ്റിലിയൻ പിടിച്ചെടുക്കാനുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു.[2] പിന്നീട് മറ്റ് കോൺക്വിസ്റ്റഡോറുകൾ ഇന്നത്തെ കാലിഫോർണിയ, അരിസോണ, ന്യൂ മെക്സിക്കോ, കൊളറാഡോ, ടെക്സാസ്, മിസോറി, ലൂയിസിയാന, അലബാമ എന്നീ പ്രദേശങ്ങൾ കീഴടക്കി. ഫ്രാൻസിസ്‌കോ പിസാറോ 1530 കളിൽ ഇൻകാ സാമ്ര്യാജ്യത്തെ കീഴടക്കി.

അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ ഭാഗത്ത് നടന്ന ആദ്യ യൂറോപ്യൻ - വടക്കേ അമേരിക്കൻ ഇന്ത്യൻ പോരാട്ടമായിരുന്നു ഡി സോട്ടോ പര്യവേക്ഷണ��. ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട പര്യവേക്ഷണ സംഘം ജോർജിയ, കരോലിനകൾ എന്നിവയിലൂടെ സഞ്ചരിച്ച് മിസിസിപ്പി നദി കടന്ന് ടെക്സാസിലെത്തി. ഡി സോട്ടോ തന്റെ ഏറ്റവും വലിയ പോരാട്ടം അഭിമുഖീകരിച്ചത് 1540 ഒക്ടോബർ 18ന് ഇന്നത്തെ അലബാമയിലെ കോട്ടയാൽ ചുറ്റപ്പെട്ട പട്ടണമായ മലീബയിലായിരുന്നു. സ്പാനിഷ് സംഘത്തിലെ 22 പേർ വധിക്കപ്പെടുകയും 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്പെയിന്കാർ അവകാശപ്പെട്ടത് 2500 റെഡ് ഇന്ത്യൻസ് കൊല്ലപ്പെട്ടു എന്നാണ്. ഇത് ശരിയാണെങ്കിൽ മലീബയിലെ യുദ്ധമാണ് റെഡ് ഇന്ത്യൻസും വെള്ളക്കാരും തമ്മിൽ നടന്നതിൽ വെച്ച് ഏറ്റവും രക്തരൂഷിതമായത്.

മറ്റു യൂറോപ്യൻ ശക്തികളും അമേരിക്കകളിൽ കോളനികൾ സ്ഥാപിച്ചു. ഫ്രാൻസ് വടക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിലും ചില കരീബിയൻ ദ്വീപുകളിലും തെക്കേ അമേരിക്കയുടെ ചില തീരപ്രദേശങ്ങളിലും കോളനികൾ ഉണ്ടാക്കി. പോർച്ചുഗൽ ബ്രസീൽ കോളനിവത്കരിച്ചു. കാനഡയുടെ കിഴക്കൻ തീരങ്ങൾ കീഴടക്കാനും അവർ ശ്രമിച്ചു. കണ്ടുപിടിത്തങ്ങളുടെ യുഗം പല യൂറോപ്യൻ രാജ്യങ്ങളുടെയും സാമ്രാജ്യ വിപുലീകരണത്തിന് തുടക്കമിട്ട കാലഘട്ടമായിരുന്നു. യൂറോപ്പ് അതു വരെ ആഭ്യന്തര കലഹങ്ങളിൽ വ്യാപൃതമായിരുന്നു. ബ്ലാക്ക് ഡെത്ത് മൂലമുണ്ടായ ജനസംഖ്യാശോഷണത്തിൽ നിന്ന് കരകയറി വരുന്ന സമയവുമായിരുന്നു അത്. അതുകൊണ്ട് തന്നെ യൂറോപ്പിന്റെ സമ്പത്തിലും ശക്തിയിലുമുള്ള അഭൂതപൂർണമായ വർധന പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിന്തിക്കാനാവുമായിരുന്നില്ല.[3]

ക്രമേണ പശ്ചിമാർദ്ധഗോളം പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുടെ കീഴിലായി. ഇത് അവിടത്തെ ഭൂപ്രകൃതി, ജനസംഖ്യ, ജീവജാലങ്ങൾ എന്നിവയിൽ ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ 50 ദശലക്ഷത്തിലധികം ജനങ്ങൾ യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. കൊളംബസിന്റെ യാത്രകൾക്ക് ശേഷം 1492 നു ശേഷമുള്ള കാലഘട്ടം കൊളംബിയൻ വിനിമയ കാലം എന്നറിയപ്പെടുന്നു. അന്ന് വൻതോതിൽ ജീവികൾ, ചെടികൾ, സംസ്കാരം, ജനങ്ങൾ, ആശയങ്ങൾ, സാംക്രമികരോഗങ്ങൾ എന്നിവയെല്ലാം അമേരിക്കകളും ആഫ്രോ-യൂറേഷ്യൻ മേഖലയും തമ്മിൽ വിനിമയം ചെയ്യപ്പെട്ടു.

ബാഹ്യ കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ അമേരിക്കകളുടെ യൂറോപ്യൻ കോളനിവത്കരണം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. Forsythe, David P. (2009). Encyclopedia of Human Rights, Volume 4. Oxford University Press. p. 297. ISBN 978-0195334029. {{cite book}}: Invalid |ref=harv (help)
  2. The Essential History of Mexico: From Pre-Conquest to Present.
  3. Taylor, Alan (2001). American Colonies. New York: Penguin Books. ISBN 9780142002100.