അങ്കമാലി പടിയോല
1787 [1] ഫെബ്രുവരി 1-ന് [2][3] അങ്കമാലിയിലെ വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള വലിയ പള്ളിയിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ നേതൃത്വത്തിൽ നടന്ന പള്ളി പ്രതിപുരുഷയോഗത്തിൽ സുറിയാനി കത്തോലിക്കർക്കായി പുറത്തിറക്കിയ ധവളപത്രമായിരുന്നു അങ്കമാലി പടിയോല [4]. കൂനൻ കുരിശുസത്യത്തിനു ശേഷം കത്തോലിക്കാ സഭയോട് വിധേയത്വത്തിൽ തുടർന്ന കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കർമ്മലീത്തരും മറ്റുമായ വിദേശ മിഷനറിമാരുടേയും വൈദികമേലദ്ധ്യക്ഷന്മാരുടേയും ഭരണത്തിൽ കീഴിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ്, തങ്ങളിൽ ഒരുവനെ മാത്രമേ ഇനിയുള്ള കാലം സഭാനേതാവായി സ്വീകരിക്കുകയുള്ളു എന്ന് പള്ളിപ്രതിപുരുഷന്മാർ പടിയോലയിലൂടെ പ്രഖ്യാപിച്ചു . സുറിയാനി കത്തോലിക്കരുടെ ഗോവർണ്ണദോർ എന്ന നിലയിൽ അങ്കമാലിയിലെ യോഗം വിളിച്ചുകൂട്ടുകയും അതിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത തോമ്മാ കത്തനാരെ തന്നെ അവരുടെ മെത്രാപ്പോലീത്തയായി വാഴിച്ചു കാണാനുള്ള അഭിലാഷവും പടിയോല പ്രകടിപ്പിക്കുന്നു. 84 സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ യോഗത്തിൽ പങ്കെടുത്തു. തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന തച്ചിൽ മാത്തൂത്തരകൻ എന്ന ക്രിസ്തീയ നേതാവ് ഈ യോഗം വിളിച്ചുകൂട്ടുന്നതിൽ കാര്യമായ പങ്കുവഹിച്ചു.[2] ഈ യോഗത്തോടനുബന്ധിച്ച് രൂപതയുടെ ഭരണത്തിൽ പാറേമ്മാക്കൽ കത്തനാരെ സഹായിക്കുന്നതിന് കാനോനികൾ (Kaanonists) എന്നറിയപ്പെടുന്ന 12 വൈദികരെ ചുമതലപ്പെടുത്തുകയും ചെയ്തു[5]
പശ്ചാത്തലം
തിരുത്തുകവരാപ്പുഴ അതിരൂപതയുടെ മെത്രാൻ ഫ്ലോറൻസിയൂസിന്റെ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ ചെന്ന സുറിയാനി കത്തോലിക്കാ പ്രതിനിധികൾക്ക് നേരിടേണ്ടിവന്ന അപമാനകരമായ പെരുമാറ്റത്തെ തുടർന്ന്, സുറിയാനി കത്തോലിക്കാ പ്രതിനിധികളായ കരിയാറ്റിൽ മല്പാനും പാറേമ്മാക്കാൽ തോമ്മാക്കത്തനാരും, കർമ്മലീത്തർക്ക് കേരളനസ്രാണികളുടെ മേലുള്ള അധികാരത്തിന് അറുതി വരുത്താൻ അഭ്യർത്ഥിക്കുന്ന നിവേദവുമായി റോമും പോർച്ചുഗലും സന്ദർശിച്ചിരുന്നു. 1778-നും 1786-നും ഇടയിൽ നടന്ന ആ സാഹസയാത്രയുടെ കഥ തോമാക്കത്തനാർ ഭാരതീയ ഭാഷകളിലെ തന്നെ ആദ്യയാത്രാവിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകത്തിൽ പറയുന്നുണ്ട്. അവരുടെ നിവേദനത്തിന്റെ ഫലമായി കരി���ാറ്റിൽ മല്പാൻ പോർത്തുഗലിൽ വച്ച് മാർപ്പാപ്പായുടെ ഉത്തരവോടെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടിരുന്നു.[6] എന്നാൽ മടക്കയാത്രയിൽ ഗോവയിൽ വച്ച് അദ്ദേഹം സംശയാസ്പദമായ സാഹചര്യത്തിൽ മരണമട��്ഞു. ഗോവയിലെ വിദേശസഭാനേതൃത്വം അദ്ദേഹത്തെ വധിച്ചതാണെന്ന് സംശയിക്കപ്പെടുന്നു. തുടർന്ന് കേരളത്തിൽ മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, പരേതനായ മെത്രാപ്പോലീത്തയുടെ അന്തിമ തീരുമാനമനുസരിച്ച് കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണ്ണദോർ (വികാരി ജനറൽ) ആയി ഭരണമേറ്റു. ആ സ്ഥാനത്തിരുന്നാണ് അദ്ദേഹം അങ്കമാലിയിലെ പ്രതിപുരുഷയോഗം വിളിച്ചുകൂട്ടിയത്.
ഉള്ളടക്കം
തിരുത്തുകതുടക്കം
തിരുത്തുകപാശ്ചാത്യമിഷനറിമാരിൽ നിന്ന് സുറിയാനി ക്രിസ്ത്യാനികൾക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ അനുസ്മരണമാണ് പടിയോലയുടെ ഏറിയഭാഗവും. ക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹായിൽ നിന്നുള്ള കേരള ക്രിസ്തീയസഭയുടെ ഉത്ഭവത്തെ അനുസ്മരിച്ചുകൊണ്ടുള്ള തുടക്കം, സുറിയാനി ക്രിസ്ത്യാനികളുടെ ശിഥിലീകരണത്തിൽ കലാശിച്ച കൂനൻ കുരിശുസത്യത്തിന്റെ പശ്ചാത്തലത്തേയും പ്രത്യാഘാതങ്ങളേയും പരാമർശിക്കുന്നു:-
“ | നമ്മുടെ കാർണ്ണവന്മാർ, തോമ്മാശ്ലീഹായുടെ കയ്യാലെ ഈശോമിശിഹാടെ പട്ടാങ്ങയുടെ മാർഗ്ഗം കൈക്കൊണ്ടതിന്റെ ശേഷം 1597-ആം ആണ്ടിൽ അങ്കാമാലി കെഴക്കെപ്പള്ളിയിൽ കാലം ചെയ്ത മാർ അവുറാഹം മെത്രാപ്പോലീത്താടെ കാലത്തോളം കൽദായ സുറിയാനി പട്ടക്കാരര് മലങ്കരെ വാണ നമ്മെ പവിച്ചതിന്റെ ചെഷം, പൗലീസ്ഥക്കാരരുടെ ശക്തികൊണ്ട സുറിയാനിക്കാരരുടെ വരവു മുടക്കി നമ്മുടെ പരുഷക്കാരരെ കീഴടക്കി ഭരിച്ചുവരുമ്പൊൾ, സുറിയാനിക്കാരരിൽ ഒരു മെല്പട്ടക്കാരൻ നമ്മുടെ എടത്ത് വരുവാനായിട്ട കൊച്ചിയിൽ വന്നതിന്റെ ചെഷം കടലിൽ താഴ്ത്തി അവശയപ്പെടുത്തിയ പ്രകാരം ബൊധിക്കകൊണ്ട, നമ്മുടെ കാരണവന്മാര മട്ടാഞ്ചെരിൽ കൂടി പൗലിസ്ത്യക്കാരരെ നാമും നമ്മുടെ അനന്തരവരും കൂടുക ഇല്ലെന്ന സത്യവും ചെയിത ആലങ്ങാട്ട പള്ളിയിൽ കൂടി തൊമ്മ എന്ന അർക്കദ്യാക്കോനെ യൊഗമായിട്ടു പെരുവിളിച്ചു വാഴിച്ചതിന്റെ ചെഷം.....[2] | ” |
ദൗത്യസ്മരണ
തിരുത്തുകതുടർന്ന് സഭയുടെ വിഭജനത്തിന് ശേഷമുണ്ടായ സംഭവങ്ങളെ വിവരിക്കുന്ന പടിയോല, കരിയാറ്റിൽ യൗസേപ്പു മല്പാനും പാറേമ്മാക്കൽ തോമ്മാകത്തനാരും ചേർന്ന് റോമിലേയ്ക്ക് നടത്തിയ ദൗത്യയാത്രയെ പരാമർശിക്കുന്നു. ദൗത്യത്തിനിടെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട കരിയാറ്റിൽ മല്പാൻ, മടക്കയാത്രയിൽ ഗോവയിൽ വച്ച് മരണമടഞ്ഞു. അദ്ദേഹത്തെ മിഷനറിമാർ കൊലചെയ്യുകയായിരുന്നെന്ന് പടിയോല ആരോപിക്കുന്നു:-
“ | ആയതിനാൽ മാർഗ്ഗമില്ലാത്തവരുടെ നിന്ദയും പരിഹാസവും കൊണ്ട നമ്മുടെ പരുഷക്കു വന്നിരിക്കുന്ന കുറവും സങ്കടവും ഉറപ്പുകൊണ്ടു ഇരിക്കെയും ഈ സങ്കടങ്ങളൊക്കെയും ശുദ്ധമാന മാർപ്പാപ്പാടെ തിരുമനപിക്കത്തക്കവണ്ണം ബഹുമാനപ്പെട്ട നമ്മുടെ കരിയാട്ടി മല്പ്പാനച്ചനെയും പാറെമാക്കൽ തൊമ്മൻ കത്തനാരച്ചനെയും എല്ലാവരും കൂടെ അയച്ചതിന്റെ ചെഷം, അവര പ്രത്തുക്കലിലും റൊമായിലും ചെന്നാറെ മെല്പറഞ്ഞ ചത്രുക്കൾ എഴുത്താലെയും വാക്കാലെയും പലകൂട്ടം ചടപ്പകൾ വരുത്തക കൊണ്ട കാലതാമസം വന്നു എങ്കിലും, ഉടയതമ്പുരാന്റെ പ്രത്യെകമുള്ള മനൊഗുണത്താലെ ശുദ്ധമാന മാർപ്പാപ്പയും എത്രയും വിശ്വാസമുള്ള രാജസ്ത്രീയും നമ്മുടെ അവെക്ഷകൾ ഒക്കെയും കൈക്കൊണ്ടെ ....ബഹുമാനപ്പെട്ട കരിയാട്ടിൽ മല്പാനച്ചനെ മലങ്കരെയുടെ മെത്രാപ്പൊലിത്ത ആയിട്ട വാഴിച്ചാറെ അവർ ഗൊവയിൽ വന്നതിന്റെ ചെഷം ചതിയാലെ അപായം വരുത്തുക കൊണ്ടും....[2] | ” |
അപേക്ഷ,നിശ്ചയം
തിരുത്തുകയൂറോപ്യൻ വൈദികമേലദ്ധ്യക്ഷന്മാർക്ക് ഇനി കീഴടങ്ങുകയില്ലെന്ന പ്രഖ്യാപനവും ഗോവർണ്ണദോർ തോമ്മാക്കത്തനാരെ മെത്രാപ്പോലീത്തയായി വാ��ിക്കണമെന്ന അപേക്ഷയും അത് സാധിച്ചു തരാതിരുന്നാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ചുള്ള നിശ്ചയവുമാണ് പടിയോലയുടെ അവസാനത്തോടടുത്ത ഈ ഭാഗത്ത്:-
“ | ഇതിൻ വണ്ണം ഉപദ്രവം ചെയ്യുന്നവരരെ മെല്പ്പട്ടകാരായിട്ട സമ്മതിച്ചവന്നാൽ ഏറിയ സങ്കടങ്ങളും വീക്കങ്ങളും വരുത്തുകയും....ചെയ്യുന്നതല്ലാതെ നമ്മുടെ പരുഷക്ക ഒരു ഗുണവും ഉപകാരവും ഉണ്ടാക ഇല്ലെന്നു തൊന്നുക കൊണ്ടും, മറ്റുള്ള നാടുകളിലും ജാതികളിലും, തന്റെ തന്റെ പരുഷയിലും പെച്ചിലും മെല്പട്ടകാരർ വാഴുന്നപൊലെ നമ്മുടെ പരുഷക്കും മെല്പട്ടകാരര നമ്മിൽ തന്നെ ഉണ്ടാകണമെന്ന റൊമയിലും പ്രത്തുക്കാലിലും ബൊധിക്കകൊണ്ടും, മെലിൽ നമ്മുടെ പരുഷയിൽ തന്നെ മെല്പട്ടക്കാരര് ഉണ്ടായെ കഴിവൂ എന്നു നാം വിശ്വാസിക്ക കൊണ്ടും നമ്മുടെ പരുഷയിൽ മെല്പട്ടക്കാരൻ ഉണ്ടായി വരുന്നതിനകം, ബഹുമാനപ്പെട്ട ഗൊവർണ്ണദൊരിന്റെ കല്പനപൊലെ പട്ടവും സൈത്തും വാങ്ങിക്കുന്നതല്ലാതെ നമുക്ക മെല്പട്ടക്കാരനായിട്ട മറ്റൊരു ജാതിയെ കൈക്കൊള്ള ഇല്ലെന്നും ഇപ്പൊൾ നമ്മുടെ മെൽ ഗുവർണ്ണദൊരായിട്ട വാണിരിക്കുന്ന പാറെമാക്കൽ തൊമ്മൻ കത്തനാരച്ചനെ മെത്രാപ്പൊലിത്തയായിട്ട വാഴിപ്പാൻ എല്ലാവരും കൂടെ നിശ്ചെയിക്ക കൊണ്ടും, ഇപ്രകാരം എത്രയും വിശ്വാസമുള്ള പ്രത്തുക്കാൽ രാജസ്ത്രീയോട അപെക്ഷിച്ചാൽ നമ്മുടെ അപെക്ഷ കൈക്കൊണ്ടില്ലെങ്കിൽ പ്രത്തുക്കാൽ രാജാവിന മലങ്കരെ ഇടവക വഴങ്ങുന്നതിനു മുൻപിൽ നമ്മുടെ കാരണയക്കാരുടെ മാർ യൗസെപ്പ് എന്ന പെരുള്ള പാത്രിയർക്കീസിനെ വഴങ്ങി, അവിടെ നിന്ന മെത്രാന്മാരെ വരുത്തി ബഹുമാനപ്പെട്ട ഗുവർണ്ണദൊരിനെ വാഴിച്ച കൊള്ളുമാറും. ഈ കാര്യത്തിന്റെ തിരുമാനം വരുത്തുന്നതിന മുൻപിൽ ഒരു മുടക്കം വന്നാൽ ആയത അനുസരിക്ക ഇല്ലെന്നും, ഇപ്രകാരം ഒക്കെയും നാം എല്ലാവരും കൂടി നിശ്ചയിച്ചവശം കൊണ്ട....[2] | ” |
മുന്നറിയിപ്പ്, സമാപനം
തിരുത്തുകപ്രതിനിധിസമ്മേളനത്തിന്റെ ഈ തീരുമാനത്തോട് മറുത്തു പ്രവർത്തിക്കുന്നവരെ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പോടെയാണ് പടിയോല സമാപിക്കുന്നത്:-
“ | ഇതിനൊട മറുത്ത പുറപ്പെടുന്നവരെ പള്ളിയിൽ നിന്നും യൊഗത്തിൽ നിന്നും അവരെ പെടാതെ തിരിച്ചിരിക്കുന്നു എന്നും ചെഷം പള്ളിക്കാര എല്ലാവരൊടും കൂടെ ഒര ഗുണദൊഷം ഉണ്ടാക ഇല്ലന്നും മലങ്കരെ....എടവകക്കാരും കൂടി ബാവാടെയും പുത്രന്റെയും റൂഹാദകുദശാടെയും നാമത്തിൽ അങ്കമാലി വലിയ പള്ളിക്കൽ മാർ ഗിവറുഗീസ് സഹദാടെ മുമ്പാഗെ വച്ച സത്യാമാകെ എഴുതി വച്ച പടിയൊല.[2] | ” |
പരിണാമം
തിരുത്തുകസുറിയാനി കത്തോലിക്കർക്ക് അങ്കമാലി പടിയോല അനുസരിച്ചുള്ള സ്വയം ഭരണം നേടിയെടുക്കാൻ ഏറെക്കാലം കത്തിരിക്കേണ്ടി വന്നു. കേരളത്തിലെ കർമ്മലീത്താ വൈദികനേതൃത്വം, പടിയോലയിലെ നിശ്ചങ്ങൾക്കെതിരെ ത്വരിതഗതിയിൽ കരുക്കൾ നീക്കി. കർമ്മലീത്താസഭയുടെ വികാരിജനറൽ പൗലീനോസ് പാതിരി(Paulinus of St. Bartholomew) തിരുവനന്തപുരത്തെത്തി, തിരുവിതാംകൂർ രാജാധികാരത്തിൽ നിന്ന് പടിയോലയിലെ നിശ്ചയങ്ങൾ നടപ്പാക്കുന്നതിനെതിരെ ഉത്തരവു സമ്പാദിച്ചു. പടിയോലയുടെ പേരിൽ നസ്രാണികൾ പിഴയൊടുക്കണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു. കൊച്ചി രാജാവിൽ നിന്നു കൂടി അത്തരമൊരുത്തരവു സമ്പാദിക്കാൻ കർമ്മലീത്തർക്കു കഴിഞ്ഞതോടെ പടിയോലയിലെ നിശ്ചയങ്ങൾ കടലാസ്സിൽ അവശേഷിച്ചു.[7]
പടിയോലയ്ക്കു ശേഷം പന്ത്രണ്ടു വർഷം കൂടി പാറേമാക്കൽ തോമ്മാക്കത്തനാർ ഗോവർണ്ണദോർ പദവിയിൽ തുടർന്നു. എന്നാൽ 1799-ൽ അദ്ദേഹം അന്തരിച്ചതോടെ സുറിയാനി കത്തോലിക്കർ വീണ്ടും വിദേശ ഭരണത്തിൻ കീഴായി. തോമാക്കത്തനാരുടെ മരണത്തെ തുടർന്ന് 1838 വരെ സുറിയാനി ക്രിസ്ത്യാനികളുടെ കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ചത് വിദേശികളായ അഡ്മിനിസ്ട്രേറ്റർമാരായിരുന്നു. 1838-ൽ കൊടുങ്ങല്ലൂർ രൂപത തന്നെ നിർത്തലാക്കപ്പെടുകയും അതിന്റെ കീഴിലായിരുന്ന സുറിയാനി കത്തോലിക്കർ വരാപ്പുഴ രൂപതയിൽ ലത്തീൻ മെത്രാന്മാരുടെ ഭരണത്തിൻ കീഴാവുകയും ചെയ്തു. സുറിയാനി കത്തോലിക്കർക്ക് സ്വന്തമായ രൂപതകൾ ഉണ്ടായത് 1887-ലും നാട്ടുകാരായ മെത്രാന്മാരുണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും മാത്രമാണ്.[8]
അവലംബം
തിരുത്തുക- ↑ "History of Syro-Malabar Catholics in Kerala" (in ഇംഗ്ലീഷ്).
1787ൽ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ നേതൃത്വത്തിൽ പള്ളി പ്രതിപുരുഷയോഗം ചേർന്നതും ഇവിടെയാണ്. സഭാകാര്യങ്ങളിൽ ദേശീയബോധം പ്രകടമാക്കിയ ഈ യോഗം അങ്കമാലി പടിയോല എന്നപേരിൽ പ്രസിദ്ധമാണ്.
- ↑ 2.0 2.1 2.2 2.3 2.4 2.5 അങ്കമാലി സെന്റ് ജോർജ്ജ് ബസിലിക്കായുടെ വെബ്സൈറ്റിൽ പടിയോലയെക്കുറിച്ചുള്ള ലേഖനവും പടിയോലയുടെ പകർപ്പും Archived 2012-07-23 at the Wayback Machine.
- ↑ മാത്യു മടുക്കക്കുഴി എഴുതിയ "പുരാതന ക്രൈസ്തവകേന്ദ്രങ്ങളിലൂടെ" എന്ന പുസ്തകത്തിൽ അങ്കമാലിയെക്കുറിച്ചുള്ള ലേഖനം (പുറം 137)
- ↑ വർഗീസ് അങ്കമാലി (2002). അങ്കമാലി രേഖകൾ. എറണാകുളം, കേരള: മെറിറ്റ് ബുക്സ്.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ "History - St. George Forane Church ('Padinjaara Palli') - Angamaly Diocese" (in ഇംഗ്ലീഷ്). St. George Church Angamaly. Archived from the original (html) on 2010-02-11. Retrieved 2009 ഡിസംബർ 27.
Paaremaakhal Govarnadhor called for a mighty gathering in Angamaly in 1787. All groups of Christians participated in this meeting. They designed a common manifesto for the Christians in this meeting. This manifestos engraved in golden letters of the history of Angamaly and is known as "ANGAMALY PADIYOLA". In this meeting, 12 priests called as "Kaanonists" were selected to assist Govarnadhor in the administration of the diocese.
{{cite web}}
: Check date values in:|accessdate=
(help) - ↑ വർത്തമാനപ്പുസ്തകം, പാറേമാക്കൽ ഗോവർണ്ണദോർ, ഓശാന പ്രസിദ്ധീകരണം(മാത്യു ഉലകം തറയുടെ ആധുനിക ഭാഷ്യം)
- ↑ Stephen Neill, A History of Christianity in India: 1707-1858, The Thomas Christians in Decline and Recovery (പുറം 61)
- ↑ തിരുസഭാചരിത്രസംഗ്രഹം, പാലാ രൂപതയുടെ പാഠപുസ്തകസമിതി 1966-ൽ പ്രസിദ്ധീകരിച്ചത്.(102 മുതൽ 110 വരെ പുറങ്ങൾ)